Wednesday, April 27, 2016

നക്ഷത്ര വിശകലനം വിശാഖം നക്ഷത്രം

ഈ നക്ഷത്രജാതരില്‍ മിക്കവര്‍ക്കും മാതൃഗുണവും പിതൃഗുണവും കുറവായിരിക്കും. മാതൃവേര്‍പാട്‌ ഫലമെങ്കിലും ജാതകത്തില്‍ മാതൃഭാവം പുഷ്‌ടമായിരുന്നാല്‍ അധികം ദോഷമുണ്ടാകില്ല.
എങ്കിലും മാതാവുമൊന്നിച്ചുള്ള ജീവിതവും മാതാവില്‍നിന്നുള്ള സുഖാനുഭവങ്ങളും താരതമ്യേന കുറവായിരിക്കും. പിതാവിനെക്കുറിച്ച്‌ പലതും അഭിമാനിക്കാനുണ്ടാകാമെങ്കിലും ശരിയായ പ്രയോജനവും ലഭിച്ചില്ലെന്ന്‌ വരാം.
ഈഷ്യുര്‍ല്ലുബ്‌ധോ ദ്യുതിമാന്‍
വചനപടുഃ കലഹകൃദ്വിശാഖാസു (ഹോരാ)

സാരം:

വിശാഖം നക്ഷത്രത്തില്‍ ജനിച്ചവര്‍ ഇര്‍ഷ്യയോടു കൂടിയവരും, ലുബ്‌ധരും തേജസ്വികളും വാക്‌സാമര്‍ത്ഥ്യമുള്ളവരും, കലഹത്തെ ഉണ്ടാക്കുന്നവരായും ഭവിക്കുന്നു.
ഗര്‍വ്വീദാരവശോ ജിതാരി-
രധികക്രോധീ വിശാഖോത്ഭവഃ (ജാതകപാരിജാതം)

സാരം:

വിശാഖം നക്ഷത്രത്തില്‍ ജനിച്ചവന്‍ ഗര്‍വ്വിഷ്‌ഠനായും ഭാര്യാവശഗനായും ശത്രുക്കളെ ജയിക്കുന്നവനായും വളരെ കോപമുള്ളവനായും ഭവിക്കും.
അതിലുബ്‌ധോ തി മാനീ ച
നിഷ്‌ഠുരഃ കലഹപ്രിയഃ
വിശാഖായാം നരോ ജാതോ
വേശ്യാജന രതോ ഭവേല്‍ (മാനസാഗരി)

സാരം:

വിശാഖം നക്ഷത്രത്തില്‍ ജനിക്കുന്നവന്‍
വലിയ പിശുക്കനും വലിയ അഭിമാനിയും കഠിനത, കലഹത്തില്‍ അഭിരുചി, വേശ്യാസ്‌ത്രീകളില്‍ താല്‌പര്യം എന്നിവയെല്ലാം ഉള്ളവനാകുകയും ചെയ്യും.
ഈര്‍ഷ്യുര്‍വ്വിദേശനിരതോ
ലുബ്‌ധോദ്യുതിമാന്‍ ധനാന്ന്വിതഃ ഖ്യാതഃ
യുദ്ധോത്സുകശ്‌ച നിപുണൊ
ദുഷ്‌പ്രേഷ്യോ ജായതേ വിശാഖായാം. (ബൃഹജ്‌ജാതകപദ്ധതി)

സാരം:

വിശാഖം നക്ഷത്രത്തില്‍ ജനിക്കുന്നവന്‍ ഈര്‍ഷ്യയും അന്യദേശവാസവും പിശുക്കും കാന്തിയും ധനവും പ്രസിദ്ധിയും ഉള്ളവനായും യുദ്ധത്തില്‍ ഉത്സാഹമുള്ളവനായും സമര്‍ത്ഥനായും നികൃഷ്‌ടമായ ഭൃത്യവേലയെ ചെയ്യുന്നവനായും ഭവിക്കും.
ഇപ്രകാരമുള്ള പ്രമാണപ്രകാരമെല്ലാം ചിന്തിക്കുന്ന സമയത്തില്‍ വിശാഖം നക്ഷത്രത്തില്‍ ജനിച്ചവര്‍ പൊതുവേ നീതിമാന്മാരും അസാധാരണ മേധാശക്‌തിയുള്ളവരുമായിരിക്കും.
തേജസ്വികളും സൗന്ദര്യവാന്മാരുമായ ഇവരിലധികം പേര്‍ക്കും വട്ടമുഖമായിരിക്കും. ഉറപ്പും, ആരോഗ്യവുമുള്ള ഇവരുടെ ശരീരത്തില്‍ അത്ര പെട്ടെന്നൊന്നും രോഗങ്ങള്‍ക്ക്‌ പ്രവേശനമുണ്ടാകില്ല.
അസാമാന്യമായ പുഷ്‌ടിയും നീളവും ഉള്ളതോ അല്ലെങ്കില്‍ നീളവും വണ്ണവും തീരെ കുറഞ്ഞതോ ആയ ശരീരപ്രകൃതിയായിരിക്കും വിശാഖം നാളുകാരുടേത്‌. സിംഹമാണ്‌ ഇവരുടെ മൃഗമെന്നതിനാല്‍ തന്നെ ആ ഒരു രാജകീയകല ഇവരിലുമുണ്ടാകും.
സാധാരണയില്‍ കവിഞ്ഞ മേധാശക്‌തിയും പ്രായോഗികബുദ്ധിയും കൈമുതലായുള്ള ഇവര്‍ ഏതു പ്രതിസന്ധിയേയും കൂസലില്ലാതെ നേരിടാന്‍ ഒരുക്കമാകും. തത്ത്വവവും പ്രയോഗവും സമന്വയിപ്പിക്കുവാന്‍ യാതൊരു വിഷമവുമില്ലാത്തവരാണ്‌ ഇവര്‍.
ഇന്ദ്രനും അഗ്നിയുമാണ്‌ ഈ നക്ഷത്രത്തിന്റെ ദേവതകള്‍. അതിനാലാകാം ആദര്‍ശത്തേയും അതിന്റെ പ്രയോഗത്തേയും ഏകീഭവിപ്പിക്കുവാന്‍ ഇവര്‍ക്ക്‌ സാധിക്കുന്നത്‌. നക്ഷത്രദേവതയും മൃഗവും രാജചിഹ്നത്തെ സൂചിപ്പിക്കുന്നതുപോലെ തന്നെ ഇവര്‍ക്ക്‌ ജന്മനാ രാജകലയുണ്ടായിരിക്കും.
കുട്ടിക്കാലം മുതല്‍തന്നെ സ്വാശ്രയശീലവും സ്വതന്ത്രചിന്താഗതിയും ഇവരില്‍ രൂഢമൂലമാകുന്നു. സംഭാഷണങ്ങളില്‍ കുശലതയും പ്രവൃത്തികളില്‍ സാമര്‍ത്ഥ്യവും സര്‍വ്വോപരി മിതമായി ചെലവു ചെയ്യുന്ന സ്വഭാവവും ഇവരുടെ പ്രത്യേകതകളാണ്‌.
ഈ നക്ഷത്രജാതരില്‍ മിക്കവര്‍ക്കും മാതൃഗുണവും പിതൃഗുണവും കുറവായിരിക്കും. മാതൃവേര്‍പാട്‌ ഫലമെങ്കിലും ജാതകത്തില്‍ മാതൃഭാവം പുഷ്‌ടമായിരുന്നാല്‍ അധികം ദോഷമുണ്ടാകില്ല.
എങ്കിലും മാതാവുമൊന്നിച്ചുള്ള ജീവിതവും മാതാവില്‍നിന്നുള്ള സുഖാനുഭവങ്ങളും താരതമ്യേന കുറവായിരിക്കും. പിതാവിനെക്കുറിച്ച്‌ പലതും അഭിമാനിക്കാനുണ്ടാകാമെങ്കിലും ശരിയായ പ്രയോജനവും ലഭിച്ചില്ലെന്നു വരാം.
ഏതെങ്കിലും തരത്തില്‍ പൊതുജന പ്രീതിയാര്‍ജ്‌ജിച്ചവരായിരിക്കും ഇവരുടെ പിതാക്കന്മാര്‍. പക്ഷേ, ഇവരുമായി ഇടയ്‌ക്കിടെ അഭിപ്രായ ഭിന്നതയും കലഹങ്ങളുമൊക്കെഉണ്ടായെന്നും വരും. ഏതായാലും മാതാവിനെക്കൊണ്ടും പിതാവിനെക്കൊണ്ടുമുള്ളതായ ഗുണം താരതമേന്യേന കുറവായിട്ടായിരിക്കും ഇവര്‍ക്ക്‌ ലഭിക്കുക.
അതിനാലാകാം ഇവര്‍ വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തം കാര്യം നോക്കുന്നവരും പരിശ്രമശീലരും ആയി മാറുന്നത്‌. ഈ ശീലത്താലിവര്‍ക്ക്‌ ലുബ്‌ധരെന്ന പേരും, സ്വാര്‍ത്ഥരെന്നും തന്‍കാര്യം മാത്രം നോക്കുന്നവരെന്ന പേരും ലഭിച്ചേക്കാം.
എന്നാല്‍ നല്ല കാര്യങ്ങള്‍ക്കാണെന്ന്‌ ബോധ്യം വന്നാലോ, നല്ല വ്യക്‌തികള്‍ക്ക്‌ വേണ്ടിയാണെങ്കിലോ തന്റെ സര്‍വ്വസ്വവും നല്‍കാനുമിവര്‍ തയ്യാറായേക്കും. ജീവിതത്തിലധികവും സ്വജനങ്ങളില്‍നിന്ന്‌ അകന്നു കഴിയാനാവും യോഗം.
സഹോദരന്മാരുമായും കലഹങ്ങളുണ്ടായേക്കാം. ആത്മനിയന്ത്രണം ഇവരില്‍ വളരെ കുറവാണ്‌. സ്വന്തം വാക്കുകളും കര്‍മ്മങ്ങളും ചിലപ്പോളിവര്‍ക്ക്‌ ശത്രുക്കളെ സമ്മാനിക്കുന്നു. മറ്റുള്ളവരുടെ മനോഭാവത്തെപ്പറ്റി ചിന്തിക്കാതെ ഓരോന്നു പ്രവര്‍ത്തിക്കും.
തന്റെ പ്രവര്‍ത്തനങ്ങള്‍ അന്യരെ ഏതു രീതിയില്‍ ബാധിക്കുമെന്ന്‌ ചിന്തിക്കാതെ തോന്നുന്ന രീതിയില്‍ പ്രവര്‍ത്തിക്കുമെന്നതിനാല്‍ അടുത്ത ബന്ധുക്കളുടെ അതൃപ്‌തിക്കുപോലും ഇവര്‍ പാത്രമാവും. ഈ വിഷയത്തിലല്‌പം ശ്രദ്ധ പുലര്‍ത്താന്‍ വിശാഖം നക്ഷത്രക്കാര്‍ ശ്രമിക്കേണ്ടതാണ്‌.
എല്ലാം കൃത്യമായും ചിട്ടയായും നടക്കണമെന്നും സുഖസൗകര്യങ്ങള്‍ക്ക്‌ യാതൊരു കുറവും വരരുതെന്നും നിര്‍ബന്ധമുള്ളവരാണിവര്‍. ആര്‍ക്കുവേണ്ടിയും അധികമായി ത്യാഗം സഹിക്കാന്‍ തയ്യാറാകാത്ത ഇവര്‍ ആരുടേയും കീഴില്‍ നില്‍ക്കാനും ഇഷ്‌ടപ്പെടുകയില്ല.
പക്ഷേ, തന്‍കാര്യം സാധിക്കാനായി വിനീതവിധേയ ഭൃത്യന്റെ വേഷം കെട്ടാനുമിവര്‍ക്ക്‌ മടിയുണ്ടാകില്ല. അന്ധമായ മതവിശ്വാസങ്ങളോ, ആചാരങ്ങളോ അതേപടി വിശ്വസിക്കുവാന്‍ ഇവര്‍ തയ്യാറല്ല. ദൃഢമായ ഈശ്വരവിശ്വാസം, സമസൃഷ്‌ടി സ്‌നേഹം സത്യധര്‍മ്മാദികളില്‍ താല്‌പര്യം എന്നിവ ഇവരിലുണ്ടായിരിക്കും.
കാഴ്‌ചയില്‍ ഇവര്‍ അല്‌പം അവിനീതന്മാരായി തോന്നുമെങ്കിലും വിനയാദി ഗുണങ്ങളും മിതസ്വഭാവവുംകൊണ്ട്‌ അനുഗൃഹീതരാണ്‌ ഇവരെന്നതില്‍ സംശയമില്ല.
ഇവരുടെ ജാതകത്തില്‍ സന്ന്യാസയോഗമുണ്ടായിരുന്നാല്‍ ലോകത്തിലെ സമുന്നതരായ പരിവ്രാജകന്മാരായി ഇവര്‍ ആരാധിക്കപ്പെടും. വിശാഖം നക്ഷത്രത്തിന്റെ ആദ്യ മൂന്നുപാദങ്ങള്‍ തുലാം രാശിയിലാണല്ലോ. ഇവര്‍ പൊതുവേ കലാഹൃദയമുള്ളവരും.
കച്ചവടക്കാരുമായിരിക്കും. സുഖഭോഗങ്ങളനുഭവിക്കാനും യോഗമുള്ളവരായിരിക്കുമിവര്‍. വിശാഖം നാലാം പാദത്തില്‍ ജനിച്ചവര്‍ വൃശ്‌ചികക്കൂറിലാണ്‌ പെടുക. ഈ രാശിയുടെ നാഥന്‍ ചൊവ്വയാണ്‌. അതിനാല്‍ തന്നെ ഇവര്‍ പുരുഷ പ്രകൃതികളായിരിക്കും.
ഇവിടെ പ്രത്യേകമൊരു കാര്യം എടുത്തു പറയേണ്ടത്‌ മനോകാരകനായ ചന്ദ്രന്‍ വിശാഖം നാലാം പാദത്തിലാണ്‌ പരമനീചത്തെ പ്രാപിക്കുന്നത്‌. വൃശ്‌ചികക്കൂറുകാരുടെ ഭാഗ്യനാഥനായ ചന്ദ്രന്‍ അതിനീചാവസ്‌ഥയെ പ്രാപിക്കുന്നത്‌ വിശാഖം നാലാം പാദത്തിലാകയാല്‍ ഇവര്‍ക്ക്‌ ഭാഗ്യപുഷ്‌ടി കുറവാകാം. ഒപ്പം മനോബലവും കുറഞ്ഞിരിക്കും.
കര്‍ത്തവ്യനിഷ്‌ഠയുള്ള ഇവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുകയെന്നല്ലാതെ അതിന്റെ ഫലത്തെപ്പറ്റി അധികമൊന്നും ചിന്തിക്കുന്നവരല്ല. വ്യാപാരത്തിലും ഉദ്യോഗത്തിലും ചിട്ടി, ബാങ്കിംഗ്‌ മുതലായ സാമ്പത്തിക സ്‌ഥാപനങ്ങളിലും ശാസ്‌ത്രീയരംഗത്തും ഇവര്‍ക്ക്‌ കൂടുതല്‍ കഴിവു തെളിയിക്കാന്‍ സാധിക്കും.
പാകതയും സംസ്‌ക്കാരവും കൊണ്ട്‌ ജനങ്ങളുടെ മനസ്സില്‍ സ്‌ഥാനം പിടിച്ച്‌ കര്‍മ്മ മേഖലയില്‍ ഉയരുവാനും ഇവര്‍ക്ക്‌ കഴിയുന്നതാണ്‌.

ഭാര്യയോടും കുട്ടികളോടും വളരെ സ്‌നേഹമുള്ള പ്രകൃതക്കാരാണിവര്‍. പക്ഷേ, അതിരുകടന്ന വിഷയാസക്‌തിയും സുഖജീവിത താല്‌പര്യവും ഇവരുടെ ജീവിതത്തെ കരണ്ടുതിന്നുന്ന രണ്ടു ശത്രുക്കളായിരിക്കും.
തികച്ചും കര്‍ത്തവ്യബോധമുള്ളവരാണ്‌ ഇവരെങ്കില്‍ക്കൂടിയും ചിലര്‍ക്ക്‌ പരസ്‌ത്രീകളെ പ്രാപിക്കുന്നതിലും മദ്യസേവയിലും ആസക്‌തിയുണ്ടായിരിക്കും. എങ്കിലും അവയൊന്നും ബാഹ്യദൃഷ്‌ടിക്ക്‌ അപവാദകരമായ സംഭവങ്ങളില്‍ ഇവരെ കൊണ്ടുചെന്നെത്തിക്കുകയില്ല.
വിശാഖം നാളുകാര്‍ ഏറ്റവും ഭയപ്പെടേണ്ടത്‌ വാതരോഗത്തേയും ശ്വാസകോശസംബന്ധമായ രോഗങ്ങളേയുമാണ്‌. ഇവ ഇവരെ എളുപ്പത്തില്‍ ബാധിച്ചേക്കാം.
ഈ നക്ഷത്രത്തില്‍ ജനിച്ച സ്‌ത്രീകള്‍ക്ക്‌ മുകളില്‍ പറഞ്ഞ ഫലങ്ങളില്‍ മിക്കതും യോജിക്കുമെങ്കിലും ചില പ്രത്യേകഫലങ്ങള്‍ കൂടി വിവരിക്കാം.

വിശാഖം - സ്‌ത്രീകള്‍ പ്രത്യേകഫലം

ഭവേത്‌ വിശാഖാസു സുവാക്യകോമളാ
സുകോമളാംഗീ വിഭവൈസ്സമേതാ
തീര്‍ത്ഥാനുരക്‌താ വ്രതകര്‍മ്മ ദക്ഷാ
രാമാ ഭവേദ്‌ ബാന്ധവ വല്ലഭാ ച.

സാരം:

വിശാഖം നക്ഷത്രത്തില്‍ ജനിച്ച സ്‌ത്രീ മനോഹരമായ സംഭാഷണശൈലിയുടെ ഉടമയാകും. സൗന്ദര്യം, ധനസ്‌ഥിതി എന്നിവയുമുണ്ടാകും. തീര്‍ത്ഥാടനത്തിലും വ്രതാനുഷ്‌ഠാനങ്ങളിലും ശ്രദ്ധയുള്ള ഇവള്‍ ബന്ധുക്കളില്‍ പ്രധാനിയായും ഭവിക്കും.
അതിയായ രൂപഭംഗിയും ബുദ്ധിശക്‌തിയും കൊണ്ട്‌ അനുഗ്രഹീതരായ ഇവരുടെ സംഭാഷണങ്ങളും അനുവര്‍ത്തനങ്ങളും ആകൃതി തന്നെയും ഹൃദ്യമായിരിക്കും.
പതിഭക്‌തി നല്ലപോലെയുള്ള ഇവര്‍ക്ക്‌ തനിക്കു താന്‍പോന്ന സ്വഭാവം അശേഷമുണ്ടാകില്ല. ഈശ്വര വിശ്വാസികളായ ഇവര്‍ വ്രതങ്ങളും മറ്റും അനുഷ്‌ഠിക്കുന്നതിലും പുണ്യതീര്‍ത്ഥാടനങ്ങളിലും താല്‌പര്യമുള്ളവരാണ്‌.
അലങ്കാരങ്ങളോ, ആഭരണങ്ങളോ കൊണ്ട്‌ തങ്ങളുടെ സൗന്ദര്യത്തിനെ മാറ്റു കൂട്ടുന്നതിലിവര്‍ക്ക്‌ താല്‌പര്യമുണ്ടാകില്ല. കുലീനത വിളിച്ചറിയിക്കുന്ന മുഖശ്രീകൊണ്ട്‌ ഇവരിലധികംപേരും അനുഗൃഹീതരുമായിരിക്കും. കുടുംബഭരണത്തിലായാലും ഔദ്യോഗിക മണ്ഡലത്തിലായാലും ശരി ഇവര്‍ വളരെയധികം പ്രശോഭിക്കും.
(കൃഷ്‌ണകഥയിലെ അനശ്വരപ്രേമ നായികയായ രാധ ഈ നാളുകാരിയാണത്രേ. രാധയുടെ പ്രേമം ഭംഗമായതുപോലെ ഇവരുടെ പ്രേമവും വൈവാഹിക ജീവിതവും പൂവണിയുന്നില്ലായെന്നും ചില ആചാര്യന്മാര്‍ പറയുന്നുണ്ട്‌. വിശാഖത്തിന്‌ രാധ എന്നൊരു പേരും കൂടിയുണ്ടെന്നതും ഇവിടെ പ്രത്യേകം സ്‌മരിക്കേണ്ടതാണ്‌.)

പാദഫലങ്ങള്‍

വിശാഖം- ഒന്നാംപാദം

ദൈവജ്‌ഞഃ കൃതവദ്വേഷീ ക്രയവിക്രയകൃല്‍ സദാ;
ദുഷ്‌ടചാര്യഃ കുകര്‍മ്മീ ച വിശാഖദൗ തു ജായതേ.

സാരം:

വിശാഖത്തിന്റെ ഒന്നാം പാദത്തില്‍ ജനിച്ചവന്‍ ജ്യോതിഷിയായും ഉപകാരം ചെയ്‌തവരെ ദ്വേഷിക്കുന്നവനായും ക്രയവിക്രയങ്ങളില്‍ നിയമേന പ്രവൃത്തനായിട്ടും ദുഷ്‌ടനായും നിന്ദ്യകര്‍മ്മത്തെ ചെയ്യുന്നവനായും ഭവിക്കുന്നു.

വിശാഖം: രണ്ടാം പാദം

അദീര്‍ഘഃ കുശലോ മന്ത്രീ നീതിജ്‌ഞഃ പാരദാരികഃ
ഇംഗീതജ്‌ഞസ്സദാരോഗീ ദ്വിതീയാംശേ തു ജായതേ.

സാരം:

വിശാഖത്തിന്റെ രണ്ടാം പാദത്തില്‍ ജനിച്ചവന്‍ നീളം കുറഞ്ഞ ശരീരത്തോടുകൂടിയവനും സമര്‍ത്ഥനും രാജമന്ത്രിയും നീതിശാസ്‌ത്രത്തെ അറിയുന്നവനും പരസ്‌ത്രീസക്‌തനും അന്യന്റെ ഹൃദയത്തിലുള്ളതിനെ അറിയുന്നവനും സദാ രോഗപീഡയാല്‍ വിഷമിക്കുന്നവനുമായും ഭവിക്കും.

വിശാഖം-മൂന്നാംപാദം

ബലവാന്‍ സുഭഗോ വാഗ്മീ കുബ്‌ജദേഹസ്സുദാരുണഃ
ഗണിതജ്‌ഞസ്സു ശുദ്ധാത്മാ തൃതീയാംശേ തു ജായതേ.

സാരം:

വിശാഖത്തിന്റെ മൂന്നാംപാദത്തില്‍ ജനിച്ചവന്‍ ബലവാനും ഐശ്വര്യവാനും നല്ല വാക്കോടുകൂടിയവനും കുടിലമായിരിക്കുന്ന ദേഹത്തോടുകൂടിയവനും ഏറ്റവും ശുദ്ധമായിരിക്കുന്ന മനസ്സോടു കൂടിയവ നുമായി ഭവിക്കുന്നു.

വിശാഖം-നാലാം പാദം

സുഭഗോ ധര്‍മ്മവാന്‍ വാഗ്മീ ശുദ്ധചേതാ മഹാമതിഃ
മഹാത്മാ ചിത്രലേഖീ ച വിശാഖാന്ത്യേതു ജായതേ.

സാരം:

വിശാഖത്തിന്റെ നാലാം പാദത്തില്‍ ജനിച്ചവന്‍ സുഭഗത്വമുള്ളവനും, വളരെ ധര്‍മ്മത്തോടുകൂടിയവനും നല്ല വാചാലതയുള്ളവനും ശുദ്ധമായ മനസ്സോടും വലുതായ ബുദ്ധിയോടും കൂടിയവനായും മഹാത്മാവായും ചിത്രലേഖനത്തിങ്കല്‍ സാമര്‍ത്ഥ്യത്തോടു കൂടിയവുമായും ഭവിക്കും.

ജീവിതചക്രം

വിശാഖം നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ക്ക്‌ ഏകദേശം 8 വയസ്സുവരെയുള്ള സമയം ബാലാരിഷ്‌ടതകള്‍ നിറഞ്ഞ കാലമായിരിക്കും. ശേഷം 27 വയസ്സുവരെ ഗുണദോഷമിശ്രമായ കാലഘട്ടമാണ്‌. ഈ സമയത്ത്‌ വിദ്യാതടസ്സം ഉണ്ടായേക്കാനിടയുണ്ട്‌.
തൊഴില്‍പരമായ ഗുണം, സ്‌ഥാനലബ്‌ധി, സാമ്പത്തികാഭിവൃദ്ധി തുടങ്ങിയ ഗുണങ്ങളും അനുഭവമാകും. സ്‌ത്രീകള്‍ക്ക്‌ ഇത്‌ വിവാഹസമയം കൂടിയാണ്‌. 27 വയസ്സു മുതല്‍ 44 വയസ്സുവരെ ഏറ്റവും മെച്ചമായ സമയമാണ്‌.
ദാമ്പത്യസൗഖ്യം, ഗൃഹം, വാഹനം എന്നിവയാല്‍ ഗുണം. സജ്‌ജന ബഹുമാന്യത, സല്‍ക്കീര്‍ത്തി തുടങ്ങിയ ഗുണങ്ങള്‍ അനുഭവമാകും. 44 മുതല്‍ 51 വരെ ഗുണദോഷമിശ്രത്തില്‍ ദോഷാധിക്യമായ സമയമാണ്‌.
ബന്ധുജനവിരോധം, പലവിധ രോഗപീഡ, കാര്യതടസ്സം എന്നിവയുണ്ടാകും. 51 വയസ്സുമുതല്‍ 71 വയസ്സുവരെയുള്ള സമയം ഐശ്വര്യപ്രദമായ കാലഘട്ടമാണ്‌. 71 വയസ്സിന്‌ ശേഷം ശാന്തപൂര്‍ണ്ണമായ ജീവിതം നയിക്കുവാന്‍ ശ്രമിക്കണം.

പ്രതികൂല നക്ഷത്രങ്ങള്‍

തൃക്കേട്ട, പൂരാടം, തിരുവോണം എന്നീ നക്ഷത്രങ്ങളും, വിശാഖം, തുലാക്കൂറ്‌= ഇടവം രാശിയിലുള്‍പ്പെട്ട കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2, വിശാഖം വൃശ്‌ചികക്കൂറ്‌- മിഥുനം രാശിയിലുള്‍പ്പെട്ട മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 എന്നിവയും പ്രതികൂല നക്ഷത്രങ്ങളാണ്‌.
പ്രസ്‌തുത നക്ഷത്രങ്ങളില്‍ ജനിച്ചവരുമായി കൂട്ടുബിസിനസ്സില്‍ ഏര്‍പ്പെടുന്നതും അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുന്നതും ദോഷത്തില്‍ കലാശിക്കുമെന്നാണ്‌ വിശ്വാസം.
ഈ നക്ഷത്രക്കാരുമായുള്ള കൂട്ടുകെട്ടും അത്രകണ്ട്‌ ഗുണം ചെയ്യില്ല. മേല്‌പറഞ്ഞ പ്രതികൂല നക്ഷത്രങ്ങളില്‍ ശുഭകാര്യങ്ങള്‍ ചെയ്യാതിരിക്കാനും വിശാഖം നക്ഷത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം.

അനുഷ്‌ഠിക്കേണ്ട കാര്യങ്ങള്‍

വിശാഖം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക്‌ ബുധന്റേയും ശുക്രന്റേയും ചന്ദ്രന്റേയും ദശാകാലങ്ങള്‍ പൊതുവേ ദോഷപ്രദമായ കാലമാകയാല്‍ ഈ സമയങ്ങളില്‍ വിധിപ്രകാരമുള്ള പരിഹാരകര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കേണ്ടതാണ്‌.
(ജാതകവശാല്‍ ഒരുപക്ഷേ, ഈ ദശാകാലങ്ങള്‍ ഗുണപ്രദമാകാനുമിടയുണ്ട്‌). വിശാഖം, പൂരൂരുട്ടാതി, പുണര്‍തം എന്നീ ജന്മാനുജന്മ നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും മറ്റു പുണ്യകര്‍മ്മങ്ങള്‍ക്കും ശുഭകരമാണ്‌.
നക്ഷത്രാധിപനായ വ്യാഴനെ പ്രീതിപ്പെടുത്താനായി ശ്രീവിഷ്‌ണു സഹസ്രനാമ സ്‌തോത്രജപം, ഗുരുപൂജ, വിഷ്‌ണുക്ഷേത്രദര്‍ശനം തുടങ്ങിയ ചെയ്യാവുന്നതാണ്‌. വിശാഖവും വ്യാഴാഴ്‌ചയും ചേര്‍ന്നുവരുന്ന ദിവസങ്ങളില്‍ സവിശേഷ പ്രാധാന്യത്തോടെ വ്രതജപം തുടങ്ങിയ കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കാം.
വിശാഖം തുലാക്കൂറില്‍ ജനിച്ചവര്‍ അന്നപൂര്‍ണ്ണേശ്വരി, മഹാലക്ഷ്‌മി തുടങ്ങിയ സാത്വിക ദേവികളെ ആരാധിക്കാം. ലളിതാ സഹസ്രനാമജപം, ദേവീസ്‌തോത്രാലാപനം തുടങ്ങിയവയും ഗുണകരമാണ്‌. വൃശ്‌ചികക്കൂറില്‍ ജനിച്ചവര്‍ ഭദ്രകാളിയേയാണ്‌ പ്രാര്‍ത്ഥിക്കേണ്ടത്‌.

നക്ഷത്രവൃക്ഷാദികള്‍

1. നക്ഷത്രവൃക്ഷം- വയ്യംങ്കത

വയ്യംങ്കതയില്‍ പുളിപ്പും മധുരവും കലര്‍ന്ന ഫലങ്ങള്‍ വിളയുന്നു. ഇതൊരു മുള്ളുള്ള വൃക്ഷമാണ്‌. മാനസികരോഗങ്ങള്‍, മഞ്ഞപ്പിത്തം, പ്രമേഹം, ശ്വാസതടസ്സം എന്നിവയ്‌ക്ക് മരുന്നായി ഇതിന്റെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കുന്നു.
ങ്ങഗ്മത്സന്ഥനുത്സന്റ്യനുന്റ്യ എന്ന കുടുംബത്തിലെ കുറ്റിച്ചെടികളുടെ ജനുസില്‍പ്പെടുന്ന ചെറുവൃക്ഷമാണ്‌ വയ്യംങ്കത. ഈ ജനുസില്‍പ്പെട്ട വൃക്ഷങ്ങള്‍ ഏഷ്യയിലും അമേരിക്കയിലും കാണപ്പെടുന്നുണ്ട്‌. ഇതിന്റെ പൂക്കള്‍ ഉഭയലിംഗത്തില്‍പ്പെട്ടതാണ്‌.

2. നക്ഷത്രമൃഗം- സിംഹം

മൃഗങ്ങളുടെ രാജാവായി കണക്കാക്കുന്ന സിംഹത്തെയറിയാത്തവരായി ആരുമുണ്ടാകില്ല. സസ്‌തനികളിലെ ഫെലിഡേ കുടുംബത്തിലെ പാന്തറ ജനുസില്‍പ്പെട്ട ഒരു വന്യജീവിയാണ്‌ സിംഹം.
വലിയ പൂച്ചകള്‍ എന്നറിയപ്പെടുന്ന നാലു ജീവികളില്‍ ഒന്നാണ്‌ സിംഹം. 272 കിലോഗ്രാം വരെ ഭാരം വയ്‌ക്കുന്ന സിംഹങ്ങള്‍ കടുവയ്‌ക്കുശേഷം മാര്‍ജ്‌ജാര വര്‍ഗ്ഗത്തിലെ രണ്ടാമത്തെ വലിയ ജീവിയാണ്‌.
ചില ആചാര്യന്മാര്‍ വിശാഖത്തിന്റെ മൃഗം വ്യാഘ്രമെന്ന അഭിപ്രായക്കാരാണ്‌. ഒരര്‍ത്ഥത്തില്‍ ഇത്‌ ശരിയാണുതാനും. ജനിതകപരമായി മറ്റുള്ള പാന്തറ ജനുസ്സ്‌ മൃഗങ്ങളായ കടുവ, ജാഗ്വര്‍, പുലി എന്നിവ സിംഹത്തിന്റെ അടുത്ത ബന്ധുക്കളാണ്‌.
ജനിതക പഠനത്തിലൂടെ ഈ ആധുനിക മൃഗങ്ങളില്‍ ആദ്യം ഉരുത്തിരിഞ്ഞത്‌ കടുവ (വ്യാഘ്രം) എന്ന്‌ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. അതിനുശേഷം ഏകദേശം 1.9 ദശലക്ഷം വര്‍ഷം മുമ്പ്‌ ജാഗ്വര്‍ ഉരുത്തിരിഞ്ഞു.
സിംഹവും പുലിയും ഉരുത്തിരിഞ്ഞത്‌ 1.25 ദശലക്ഷം വര്‍ഷം മുമ്പാണ്‌. പാന്തറ ലിയോ വര്‍ഗ്ഗം മുമ്പ്‌ 1 ദശലക്ഷം വര്‍ഷത്തിനും 80,000 വര്‍ഷങ്ങള്‍ക്കും ഇടയില്‍ ആഫ്രിക്കയിലാണ്‌ ഉരുത്തിരിഞ്ഞത്‌.
70, 000 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇവ പാന്തര ലിയോ ഫോസിലസ്‌ എന്ന ഉപവര്‍ഗ്ഗമായി യൂറോപ്പിലെത്തി. ഇവയില്‍നിന്നും ഗുഹാസിംഹം പാന്തറ ലിയോ സ്‌പെലിയെ ഉടലെടുക്കുകയും ചെയ്‌തു...

3. നക്ഷത്രപക്ഷി- കാക്ക

നമ്മുടെ നാട്ടില്‍ ധാരാളമായി കാണപ്പെടുന്ന പക്ഷിയാണ്‌ കാക്ക. പൊതുവെ മനുഷ്യനെ ആശ്രയിച്ചു ജീവിക്കാന്‍ താല്‌പര്യമുള്ള പക്ഷിയാണ്‌ കാക്കയെന്ന്‌ പറയാം. ലോകത്തില്‍ മിക്ക രാജ്യങ്ങളിലും കാക്കയുണ്ട്‌.
ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമാണ്‌ ഇവയെ കൂടുതലായും കാണുന്നത്‌. മനുഷ്യവാസമില്ലാത്ത സ്‌ഥലങ്ങളില്‍ കാക്കയുടെ സാന്നിധ്യം അപൂര്‍വ്വമാണ്‌. ലോകത്തില്‍ നിരവധിതരം കാക്കകള്‍ ഉണ്ടെങ്കിലും കേരളത്തില്‍ രണ്ടുതരമേയുള്ളൂ.
ബലിക്കാക്കയും പേനക്കാക്കയും. പേനക്കാക്ക വലിപ്പം കുറഞ്ഞതാണ്‌. ഇതിന്റെ കഴുത്തും മാറിടവും ചാരനിറത്തില്‍ കാണപ്പെടുന്നു. ബലിക്കാക്കയുടെ ദേഹമാസകലം കറുപ്പുനിറമാണ്‌.
ഹിന്ദുക്കളുടെ വിശ്വാസപ്രകാരം ശ്രാദ്ധങ്ങളിലും മരണാനന്തര ചടങ്ങുകളിലും പിതൃക്കള്‍ക്കായി അര്‍പ്പിക്കുന്ന ബലിച്ചോറ്‌ അവര്‍ക്കായി കൊണ്ടെത്തിക്കുന്നത്‌ കാക്കകളാണ്‌.
അതിനാലാണ്‌ ഇവയ്‌ക്ക് ബലിക്കാക്ക എന്ന പേര്‌ വന്നത്‌. ശനി ഭഗവാന്റെ വാഹനമാണ്‌ കാക്കയെന്നും വിശ്വാസമുണ്ട്‌. ബുദ്ധമതഗ്രന്ഥങ്ങളിലും കാക്കകളെ പരാമര്‍ശിക്കുന്നുണ്ട്‌.
അവലോകിതേശ്വരന്റെ പുനര്‍ജന്മമാണെന്നും കരുതുന്നു. ദലൈലാമയെ കുഞ്ഞുന്നാളില്‍ സംരക്ഷിച്ചത്‌ രണ്ടു കാക്കകളായിരുന്നുവെന്ന്‌ ടിബറ്റന്‍ ബുദ്ധാനുയായികള്‍ വിശ്വസിച്ചുവരുന്നു. നോര്‍ദ്ദിക പുരാണങ്ങളിലും കാക്കളെപ്പറ്റി ധാരാളം പരാമര്‍ശങ്ങളുണ്ട്‌. ബുദ്ധിശാലിയായൊരു പക്ഷിയാണ്‌ കാക്ക.

4. നക്ഷത്രഗോത്രം- വസിഷ്‌ഠ

സപ്‌തര്‍ഷിമാരിലൊരാളാണ്‌ വസിഷ്‌ഠ മഹര്‍ഷി. ബ്രഹ്‌മാവിന്റെ മാനസപുത്രനായ വസിഷ്‌ഠ മുനി സൂര്യവംശത്തിന്റെ ഗുരുവുമാണ്‌.

5. നക്ഷത്രയോനി-പുരുഷന്‍

മനുഷ്യരില്‍ പ്രായപൂര്‍ത്തിയെത്തിയ ആണ്‍വിഭാഗത്തെയാണ്‌ പുരുഷനെന്ന്‌ പറയുക. (വിവാഹപൊരുത്ത ചിന്തനയില്‍ ഇതിന്‌ നല്ല പ്രാധാന്യമുണ്ട്‌. യോനിപ്പൊരുത്തം എന്നാണതിനെ പറയുക.

6. നക്ഷത്രഗണം- അസുരന്‍

ബ്രഹ്‌മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കാശ്യപന്‌ ദക്ഷപ്രജാപതിയുടെ പുത്രിയായ ദിതിയിലുണ്ടായ പുത്രന്മാരാണ്‌ അസുരന്മാര്‍. അദിതി പുത്രന്മാരായ ദേവന്മാരുടെ ശത്രുക്കളാണ്‌ അസുരന്മാര്‍.
ഇവര്‍ തിന്മയുടെ പ്രതിരൂപങ്ങളാണ്‌. എങ്കിലും ഇവരിലും നല്ലവരുണ്ടായിട്ടുണ്ട്‌. മഹാബലി, പ്രഹ്‌ളാദന്‍ തുടങ്ങിയവര്‍ അതിനുദാഹരണം.

അസുരഗണഫലം

ഉന്മാദീ ഭീഷണാകാരഃ സര്‍വ്വദാ കലിവല്ലഭഃ
പുരുഷോദുഃ സഹം ബ്രൂതോ പ്രമേഹീരാക്ഷസേ ഗണേ

സാരം:

രാക്ഷസഗണത്തില്‍ ജനിക്കുന്നവന്‍ ഉന്മാദമുള്ളവനും ഭയങ്കരനും കലഹപ്രിയനും അനിഷ്‌ടങ്ങളായ വാക്കുകളെ പറയുന്നവനും പ്രമേഹരോഗിയും ആയിരിക്കും.

7. നക്ഷത്രദേവത - ഇന്ദ്രാഗ്നി (ഇന്ദ്രനും അഗ്നിയും)

വിശാഖം നക്ഷത്രത്തിന്റെ പ്രത്യേകതയാണ്‌ ഈ ദ്വിദേവതാത്വം. മറ്റുള്ള നക്ഷത്രങ്ങള്‍ക്കെല്ലാം ഒരു ദേവതയാണ്‌ അതിന്റെ അധിപനെങ്കില്‍ വിശാഖത്തിനു മാത്രം രണ്ടു ദേവതകളാണ്‌.
ദേവന്മാരുടെ രാജാവാണ്‌ ഇന്ദ്രന്‍. വജ്രായുധമാണ്‌ ആയുധം. മഴയുടേയും ഇടിമിന്നലിന്റേയും ദേവനായി കണക്കാക്കുന്ന ഇന്ദ്രന്‍ അഷ്‌ടദിക്‌ പാലകന്മാരില്‍ ഒരാളാണ്‌.
സ്വര്‍ഗ്ഗത്തിലെ അമരാവതിയെന്ന കൊട്ടാരത്തില്‍ ഭാര്യയോടും ദേവന്മാരോടും കൂടി വസിക്കുന്നു. ഐരാവതം എന്ന ആനയും ഉച്ചൈശ്രവസ്സ്‌ എന്ന കുതിരയും ഇന്ദ്രന്റെ വാഹനങ്ങളാണ്‌.
വേദങ്ങളില്‍ പ്രതിപാദിക്കപ്പെടുന്ന ഒരു ദേവനാണ്‌ അഗ്നി. അഷ്‌ടദിക്‌ പാലകന്മാരില്‍ ഒരാളായ അഗ്നിക്ക്‌ തെക്ക്‌ കിഴക്കിന്റെ ആധിപത്യമാണുള്ളത്‌. എല്ലാത്തരം അശുദ്ധതകളേയും എരിച്ച്‌ ശുദ്ധമാക്കുന്ന അഗ്നിക്ക്‌ അശുദ്ധി ബാധിക്കാറില്ലായെന്നത്‌ പഞ്ചഭൂതങ്ങളില്‍വച്ച്‌ മുഖ്യത്വം അഗ്നിക്ക്‌ കൈവരുത്തുന്നു.
യാഗാംശങ്ങളെ ദേവന്മാര്‍ക്ക്‌ എത്തിച്ചുകൊടുക്കുന്നവന്‍, ദേവന്മാരുടെ സന്ദേശഹരന്‍, ദേവന്മാരുടെ മുഖം എന്നെല്ലാം വര്‍ണ്ണിക്കപ്പെടുന്ന അഗ്നി സാരാംശത്തില്‍ ഒരു ഗൃഹദേവതയാണ്‌. പരമപുരുഷന്റെ മുഖത്തുനിന്നുമാണ്‌ അഗ്നി ജനിച്ചതെന്ന്‌ ഋഗ്വേദത്തില്‍ പറയുന്നു.
''അഗ്നിമീളേ പുരോഹിതം'' എന്നു തുടങ്ങുന്ന മന്ത്രത്തോടുകൂടിയാരംഭിക്കുന്ന ഋഗ്വേദത്തില്‍ 200-ല്‍പ്പരം സൂക്‌തങ്ങള്‍കൊണ്ട്‌ അഗ്നിയുടെ മഹത്വം വര്‍ണ്ണിക്കുന്നുണ്ട്‌.
മേല്‍പ്പറഞ്ഞ പക്ഷിമൃഗാദികളെ വിശാഖം നക്ഷത്രക്കാര്‍ യാതൊരു കാരണവശാലും ഉപദ്രവിക്കുവാന്‍ പാടുള്ളതല്ല.
കഴിയുമെങ്കില്‍ അവയെ പരിരക്ഷിക്കുന്നത്‌ ഗുണകരവുമാണ്‌. നക്ഷത്രവൃക്ഷമായ വയ്യംങ്കതയെ നട്ടുവളര്‍ത്തുന്നത്‌ ആയുസ്സിന്‌ ഗുണകരമാണ്‌. നക്ഷത്രദേവതകളായ ഇന്ദ്രനേയും അഗ്നിയേയും ആരാധിക്കുന്നതും ജീവിതപുരോഗതിക്ക്‌ ഏറ്റവും ഉത്തമമാണ്‌.

മന്ത്രം:

1. ഓം ഇന്ദ്രാഗ്നിഭ്യാം നമഃ
2. ഓം ഇന്ദ്രാഗ്നീ ആഗതം സുതം ഗീര്‍ഭിര്‍നമോ
വരേണ്യം അസ്‌പാതം ധീയേഷിതാ
ഭാഗ്യനിറം - കറുപ്പ്‌
ഭാഗ്യദിക്ക്‌ - പടിഞ്ഞാറ്‌
ഭാഗ്യദിവസം - വ്യാഴം
ഭാഗ്യസംഖ്യ - 3
ഭാഗ്യരത്നം - പുഷ്യരാഗം
ജാതകവിശകലനത്തിനുശേഷം മാത്രമേ ഭാഗ്യരത്ന നിര്‍ണ്ണയം നടത്താവൂ.