Thursday, December 6, 2012

ഭൂമിയെ തൊടും മുമ്പേ ഭൂമിപൂജ


ഒരു വീടുവയ്ക്കാന്‍ തുടങ്ങുമ്പോള്‍ എന്തെല്ലാം പ്രശ്നങ്ങള്‍! ഭൂമി വാങ്ങണം, വീടുപണിയുടെ കൂടെനില്‍ക്കണം. അല്ലെങ്കില്‍, സ്വന്തം ആശയങ്ങള്‍ കടുകിടെ തെറ്റാതെ നടപ്പാക്കുന്ന ഒരു കരാറുകാരനെ കണ്ടെത്തണം എന്നു വേണ്ട പലമാതിരി കാര്യങ്ങളാണ്. ഇത്രയൊക്കെ ചെയ്യുന്ന ആളുകള്‍ക്ക് വാസ്തു ശാസ്ത്രത്തെ അല്‍പ്പം പരിഗണിച്ചാല്‍ സുഖ സുന്ദരമായി താമസിക്കാന്‍ കഴിയുന്ന സ്വര്‍ഗ്ഗ സമാനമായ വീടുകള്‍ സ്വന്തമാക്കാമെന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്.

വീടുപണി തുടങ്ങുന്നതിനു തൊട്ട് മുമ്പ്, അതായത് നിര്‍മ്മാണത്തിനായി ഭൂമിയെ തൊടും മുമ്പ്, നടത്തേണ്ട പ്രധാന സംഗതിയാണ് ഭൂമി പൂജ.

നല്ലൊരു പ്ലോട്ട് തെരഞ്ഞെടുത്ത ശേഷം നിര്‍മ്മാണം തുടങ്ങുന്നതിനു മുമ്പ് ഭൂമീ പൂജ നടത്തേണ്ടതുണ്ട്. ഒരു ജ്യോതിഷിയുടെ സഹായത്തോടെ പൂജയ്ക്ക് നല്ല സമയം നോക്കാവുന്നതാണ്. ഭൂമിയുടെ വടക്ക് കിഴക്ക് മൂലയിലായിരിക്കണം പൂജാസ്ഥാനമൊരുക്കേണ്ടത്.

തിങ്കളാഴ്ച സ്ഥാപന ചടങ്ങുകള് നടത്തുന്നത് കുടുംബത്തിന്റെ സമ്പത്തിനെ മാത്രമല്ല ആരോഗ്യനിലയെയും പ്രതികൂലമായി ബാധിക്കും 

ഭൂമിപൂജയ്ക്ക് മുമ്പ് പ്ലോട്ടിലെ മാലിന്യങ്ങള്‍ നീകം ചെയ്യേണ്ടതുണ്ട്. സ്ഥലത്ത് മുള്‍ ചെടികള്‍ ഉണ്ടെങ്കില്‍ അവ വേരോടെ പിഴുതെടുത്ത് നശിപ്പിക്കണം. പൂജയിലും അതിനു ശേഷമുള്ള തറക്കല്ലിടലിനും ഗര്‍ഭിണികള്‍ പങ്കെടുക്കേണ്ടെന്നാണ് ശാസ്ത്രം.

മേടം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ രാശികളില്‍ സൂര്യനെത്തുമ്പോഴും തൃതീയ, പഞ്ചമി, സപ്തമി, ദശമി, ത്രയോദശി എന്നീ തിഥികളും പൂജയ്ക്കും സ്ഥാപന ചടങ്ങുകള്‍ക്കും ഉത്തമമാണ്. എന്നാല്‍, ആദിത്യന്‍ മകരം രാശിയിലെത്തുന്ന സമയം അശുഭകരമാണെന്ന് വാസ്തു വിദഗ്ധര്‍ നിസംശയം പറയും.

തിങ്കളാഴ്ച സ്ഥാപന ചടങ്ങുകള്‍ നടത്തുന്നത് കുടുംബത്തിന്‍റെ സമ്പത്തിനെ മാത്രമല്ല ആരോഗ്യനിലയെയും പ്രതികൂലമായി ബാധിക്കും. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങള്‍ അത്യുത്തമങ്ങളായി കരുതുന്നു.

അശ്വതി, മകയിരം, പുണര്‍തം, പൂയം, മകം, ഉത്രം, അത്തം, ചോതി, അനിഴം, ഉത്രാടം, തിരുവോണം, ചതയം, രേവതി എന്നീ നക്ഷത്രങ്ങളും ഭൂമിപൂജയ്ക്ക് ഉത്തമങ്ങളാണെന്ന് വാസ്തുവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.


വാസ്തുദോഷമകറ്റാന്‍ മത്സ്യ യന്ത്രം


വാസ്തു എന്ന സംസ്കൃത പദത്തെ പ്രകൃതി എന്ന് വ്യാഖ്യാനിക്കാം. ശാസ്ത്രമെന്ന് പറയുന്നത് സംവിധാനമെന്നും മനസ്സിലാക്കാം. ചുരുക്കിപ്പറഞ്ഞാല്‍, പ്രകൃതിയുമായുള്ള സൌഹാര്‍ദ്ദപരമായ ബന്ധമാണ് വാസ്തു ശാസ്ത്രം ലക്‍ഷ്യമിടുന്നത്.


വീടുകള്‍ക്കായാലും ഓഫീസുകള്‍ക്കായാലും വാസ്തു ശാസ്ത്രപരമായ പൂര്‍ണത ലഭിക്കണമെന്നില്ല. അവസരത്തില്‍, വാസ്തു പൂര്‍ണത ലഭ്യമാക്കാനായി വാസ്തു യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. 


ഓഫീസുകളിലായാലും വീടുകളിലായാലും മത്സ്യയന്ത്രം ധനാഗമനത്തെ അനുകൂലിക്കും

മത്സ്യം കുളം ശുദ്ധിചെയ്യുമ്പോലെ വാസ്തു ദോഷങ്ങളെ അതിജീവിക്കാന്‍ മത്സ്യ യന്ത്രം സഹായിക്കുമെന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. ഓഫീസുകളിലായാലും വീടുകളിലായാലും മത്സ്യ യന്ത്രം ധനാഗമനത്തെ അനുകൂലിക്കും. ഭഗവാന്‍ മഹാ വിഷ്ണുവിന്‍റെ മത്സ്യാവതാരത്തെയാണ് മത്സ്യ യന്ത്രം ഓര്‍മ്മിപ്പിക്കുന്നത്.

മത്സ്യാവതാരം പൂണ്ട വിഷ്ണു മഹാപ്രളയത്തില്‍ മുങ്ങിപ്പോവാതെ വേദങ്ങളെ സംരക്ഷിച്ച കൂട്ടത്തില്‍ വാസ്തു ശാസ്ത്രവും ഉണ്ടായിരുന്നു എന്നാണ് വിശ്വാസം. അതിനാല്‍ തന്നെ വാസ്തു ശാസ്ത്രത്തില്‍ മത്സ്യ യന്ത്രത്തിനുള്ള സ്ഥാനവും വളരെ ഉയര്‍ന്നതാണ്.

മത്സ്യ യന്ത്രം വാഹനങ്ങളില്‍ സൂക്ഷിക്കുന്നതും ഉത്തമമാണ്. കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യവും സമ്പല്‍ സമൃദ്ധിയും പ്രദാനം ചെയ്യാനും മത്സ്യ യന്ത്രത്തിന്‍റെ സാന്നിധ്യം ഉപയോഗപ്രദമാവുമെന്ന് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.