Showing posts with label ക്ഷേത്രങ്ങള്‍ & പ്രധാനവഴിപാടുകള്‍.. Show all posts
Showing posts with label ക്ഷേത്രങ്ങള്‍ & പ്രധാനവഴിപാടുകള്‍.. Show all posts

Tuesday, August 23, 2016

ഏത്തമിടല്‍ എങ്ങനെ

മഹാഗണപതിയെ വന്ദിക്കുമ്പോള്‍ മാത്രം ചെയ്യുന്ന ഒന്നാണ് ഏത്തമിടല്‍, മറ്റൊരു ദേവതയ്ക്കും ഏത്തമിടല്‍ പറഞ്ഞിട്ടില്ല. ആചാര്യന്മാര്‍ നിര്‍ദേശിച്ചവിധം ഏത്തമിട്ടാലെ ഫലം കിട്ടുകയുള്ളൂ.

ഭക്തന്‍ ഇടതുകാലിന്മേല്‍ ഊന്നിനിന്നിട്ട് വലതുകാല്‍ ഇടതുകാലിന്ടെ മുന്പില്‍കൂടി കൊണ്ടുവന്ന്‍ ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി നില്‍ക്കണം. ശേഷം ഇടതു കൈയുടെ ചൂണ്ടാണി വിരലും നടുവിരലുംകൊണ്ട് വലത്തെ ചെവിയിലും, വലതുകൈ ഇടതുകൈയുടെ മുന്പില്‍ കൂടി കൊണ്ടുവന്നു മുന്‍പറഞ്ഞപോലെ ചൂണ്ടാണി വിരലും നടുവിരലും കൊണ്ട്  ഇടത്തെ ചെവിയിലും പിടിക്കണം. എന്നിട്ട് ശരീരത്തിന്റെ  നടുഭാഗം വളച്ചു കുനിഞ്ഞ്‌ ഇരുകൈമുട്ടുകളും താഴേക്ക് കൊണ്ടുവരികയും നിവര്‍ന്നു മുകളിലേക്ക് വന്നു പൂര്‍വസ്ഥിതിയില്‍ നില്‍ക്കുകയും ചെയ്യുക. ഏത്തമിടല്‍ ചെയ്യേണ്ടത് ഇങ്ങനെയാണ്. ഏത്തമിടലിന്ടെ ഏറ്റവും കുറഞ്ഞ എണ്ണം മൂന്നാണ്. ശരീരശാസ്ത്രമനുസരിച്ച്  ഏത്തമിടല്‍കൊണ്ട് വളരെയേറെ ഗുണങ്ങള്‍ ഉണ്ട് . അഞ്ച്, ഏഴ്, പന്ത്രണ്ട് എന്നിങ്ങനെ ഏത്തമിടലിന്ടെ സംഖ്യ വര്‍ധിപ്പിക്കാവുന്നതാണ്.

Wednesday, August 21, 2013

മംഗല്യസിദ്ധിക്ക് - തിരുവഞ്ചിക്കുളം ശിവക്ഷേത്രം


തൃശൂര്‍ ജില്ലയില്‍ മേത്തല പഞ്ചായത്തിലാണ്‌ ചിരപുരാതനവും പ്രസിദ്ധവുമായ തിരുവഞ്ചിക്കുളം ശിവക്ഷേത്രം. ഭാരതത്തിലെ ഇരുന്നൂറ്റി എഴുപത്തിനാല്‌ ശൈവതിരുപ്പുകളില്‍ ഒന്നാമത്തേതെന്ന്‌ പ്രസിദ്ധിയാര്‍ജിച്ച ക്ഷേത്രം.

ശ്രീകോവിലില്‍ തിരുവഞ്ചിക്കുളത്തപ്പന്‍ കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. ദേവന്‌ സദാശിവഭാവം. നാലമ്പലത്തില്‍ ഗണപതിയും ഗണപതിയുടെ അടുത്തായി ചേരമാന്‍ പെരുമാളും സുന്ദരമൂര്‍ത്തി നായരും അതേ കോവിലിലുണ്ട്‌. ഭംഗീരടി, ഭഗവതി, ശക്തി പഞ്ചാക്ഷരി, പാര്‍വതീപരമേശ്വരന്മാര്‍, നടരാജപ്രദോഷ നൃത്തവും സപ്തമാതൃക്കളും ഋഷഭവും മണ്ഡപത്തില്‍ ദേവന്‌ അഭിമുഖമായിട്ടുണ്ട്‌. ഉമ്മിത്തേവര്‍, ചണ്ഡികേശന്‍ എന്നിവര്‍ തെക്കോട്ടും നാലമ്പലത്തിന്‌ പുറത്ത്‌ നടയ്ക്കല്‍ ശിവന്‍, കൊട്ടാരത്തില്‍തേവര്‍, സുബ്രഹ്മണ്യന്‍, ദുര്‍ഗ്ഗ, ഗംഗാഭഗവതി, കൊന്നയ്ക്കല്‍ ശിവന്‍, ദക്ഷിണാമൂര്‍ത്തി, അയ്യപ്പന്‍, ഹനുമാന്‍, നാഗരാജാവ്‌, നാഗയക്ഷി, പശുപതി, ഗോപുരത്തില്‍ തേവര്‌ എന്നീ ഉപദേവന്മാരുമുണ്ട്‌. ഇത്രയേറെ ഉപദേവന്മാരെ മേറ്റ്വിടെയും കണ്ടേക്കാനിടയില്ല. ശൈവസന്യാസിമാരായി അറിയപ്പെടുന്ന പെരുമാളേയും നായനാരേയും അമ്പലത്തിനകത്ത്‌ പ്രതിഷ്ഠിച്ചിരിക്കുന്നത്‌ ആരിലും അത്ഭുതമുളവാക്കും. അവര്‍ രണ്ടുപേരും ഇവിടെ വച്ച്‌ സ്വര്‍ഗാരോഹണം ചെയ്തുവെന്നും വിശ്വാസം. ചേരമാന്‍ പെരുമാളിന്റെ കാലത്താണ്‌ ക്ഷേത്രം നിര്‍മിച്ചതെന്നും കരുതുന്നു.

പണ്ട്‌ ഇവിടം വെറും പുഞ്ചപ്പാടമായിരുന്നുവെന്നും പാടത്ത്‌ പുല്ലറുത്ത സ്ത്രീയുടെ അരിവാള്‌ തട്ടി ചോര കണ്ട്‌ ഉണ്ടായ സ്വയംഭൂ ശിവലിംഗം കിട്ടിയെന്നും ഐതിഹ്യം. അത്‌ ഒരു കൊന്നച്ചുവട്ടില്‍വച്ച്‌ പൂജിച്ചുപോന്നു. പിന്നീട്‌ അവിടം മൂലസ്ഥാനമായി അറിയപ്പെട്ടു. ആ സ്ഥാനത്താണ്‌ കൊന്നയ്ക്കല്‍ ശിവന്‍. നാലമ്പലത്തിന്‌ പുറത്ത്‌ വടക്കുവശത്തായി കൊന്ന കാണാം. ഈ കൊന്നകള്‍ ഋതുഭേദമില്ലാതെ പൂക്കുന്നുവെന്നതും വിസ്മയാവഹം.

അഞ്ചുപൂജയുള്ള മഹാക്ഷേത്രം. രാവിലെ അഭിഷേകം കഴിഞ്ഞാല്‍ മലര്‍നേദ്യത്തോടും വെള്ളനേദ്യത്തോടും കൂടി പൂജ തുടങ്ങും. ശംഖാഭിഷേകം പ്രധാന വഴിപാടാണ്‌. നിത്യവും നവകവുമുണ്ട്‌. രാത്രി എട്ടുമണിക്കുള്ള പള്ളിയറപൂജ വിശേഷം. മംഗല്യഭാഗ്യത്തിന്‌ വഴിപാടായി നടത്തപ്പെടുന്ന ഈ പൂജ ദമ്പതിപൂജ എന്ന പേരിലും പ്രസിദ്ധാണ്‌. ഇതുകഴിഞ്ഞാല്‍ അര്‍ദ്ധരാത്രിയില്‍ ദേവന്മാരെത്തി പൂജിക്കുന്നുവെന്ന്‌ സങ്കല്‍പ്പം. പള്ളിയറ കാവിന്‌ മുന്നിലുള്ള അപൂര്‍വ വിഗ്രഹമാണ്‌ ശക്തിപഞ്ചാക്ഷരീപ്രതിഷ്ഠ. ശിവന്റെയും പാര്‍വതിയുടെയും ആ ലോഹവിഗ്രഹം ഇമ്മട്ടിലാണ്‌. ഭഗവാന്റെ ഇടതു തുടയില്‍ പാര്‍വതിയെ ഇരുത്തി ഇടതുകൈയാല്‍ മുലക്കണ്ണ്‌ തലോടി പുണരുന്ന വിഗ്രഹം.

കുംഭമാസത്തിലെ കറുത്തവാവ്‌ ആറാട്ടായി എട്ടുദിവസത്തെ ഉത്സവം. ഇവിടെ നിന്നും എട്ട്‌ കി.മീ. അകലെയുള്ള അഴീക്കോട്‌ കടലിലാണ്‌ ആറാട്ട്‌. ഉത്സവകാലത്തെ പറഎഴുന്നെള്ളിപ്പിനുമുണ്ട്‌ വിശേഷം. ക്ഷേത്രത്തില്‍നിന്നും രണ്ടു കി.മീ. തെക്കുഭാഗത്തുള്ള ചേരമാന്‍ പെരുമാളിന്റെ കോട്ടയ്ക്കകത്താണ്‌ ഇന്നും ആദ്യത്തെ പറ. പിന്നെ വടക്കോട്ട്‌ പോയി കൊച്ചി രാജാവിന്റെ പറ സ്വീകരിക്കും. അതുകഴിഞ്ഞാല്‍ വടക്കേ ഇല്ലത്തെ പറയാണ്‌. പിന്നെ ഓരോ ഭക്തന്റേയും പറകള്‍ സ്വീകരിക്കും. ആനയോട്ടം ഉത്സവാഘോഷത്തില്‍ അറിയപ്പെടുന്ന ഒരിനമാണ്‌. പണ്ട്‌ മുതലുള്ള ഈ ചടങ്ങ്‌ ഇന്നും തുടരുന്നു. ശിവരാത്രിനാളില്‍ രാത്രി പന്ത്രണ്ട്‌ മണിക്ക്‌ കിഴക്കുവശത്ത്‌ നിന്നും എഴുന്നെള്ളിച്ച്‌ പടിഞ്ഞാറുവശത്ത്‌ എത്തുമ്പോള്‍ ഭഗവാന്റെ തിടമ്പ്‌ തലയില്‍ വച്ചുള്ള നൃത്തമുണ്ടാകും. പിന്നീട്‌ ആനപ്പുറത്തുനിന്നും ചാടിയിറങ്ങി മൂന്നുപ്രാവശ്യം ഭിക്ഷ ചോദിക്കും. അപ്പോള്‍ ഭക്തജനങ്ങള്‍ വലിയ കാണിക്കയര്‍പ്പിക്കും. ഈ സമയം പിന്നിലായി ആനപ്പുറത്ത്‌ പാര്‍വതീ ദേവിയുമുണ്ടാകും. ദേവിയും ഭഗവാന്റെ നൃത്തം കാണുന്നുവെന്ന്‌ വിശ്വാസം. ഒടുവില്‍ ഓട്ടപ്രദക്ഷിണത്തോടെ അകത്തേക്ക്‌ പ്രവേശിക്കുന്നു. ഭക്തിദായകമായ ഉത്സവച്ചടങ്ങുകള്‍ക്ക്‌ സാക്ഷിയാകാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുപോലും ആയിരക്കണക്കിന്‌ ജനങ്ങളെത്തും.

തലമുടി സമൃദ്ധമായി വളരുന്നതിന്‌ - കല്ലില്‍ ഭഗവതി ക്ഷേത്രം


എറണാകുളം ജില്ലയിലെ അശമന്നൂര്‍ പഞ്ചായത്തിലാണ്‌ ചിരപുരാതനമായ കല്ലില്‍ ഭഗവതി ക്ഷേത്രം. കേരളത്തിലെ ഗുഹാക്ഷേത്രങ്ങളുടെ പട്ടികയില്‍പ്പെട്ടതുമാണ്‌. സഹസ്രാബ്ദങ്ങളോളം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ഭക്തജനങ്ങളെപ്പോലെ വിനോദ സഞ്ചാരികളും എത്താറുണ്ട്‌.

കല്ലില്‍ ജംഗ്ഷനില്‍ ക്ഷേത്രകമാനം കാണാം. ചെറുകയറ്റം കയറിക്കഴിഞ്ഞാല്‍ സമതലപ്രദേശം. അവിടെ നിന്നുള്ള കാഴ്ച ചേതോഹരമാണ്‌. ഏതാണ്ട്‌ 28 ഏക്കറോളം സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന കുന്നുകളും മേടുകളും. ഇവിടെ ഊട്ടുപുരയും കുളവുമുണ്ട്‌. അവിടെ നിന്നാല്‍ ക്ഷേത്രത്തിലെ കല്ല്‌ കാണാന്‍ കഴിയില്ല. കരിങ്കല്‍പ്പടികള്‍ കയറിയെത്തുമ്പോള്‍ ആനപ്പന്തല്‍. പാറ തുരന്നുണ്ടാക്കിയ ശ്രീകോവില്‍. ശ്രീകോവിലിന്‌ മുകളില്‍ എടുത്തുവച്ചതുപോലെ വലിയ പാറ. നിലംതൊടാത്ത ഭീമാകാരമായ ശില, പാറയ്ക്കകത്ത്‌ കൗതുകമുണര്‍ത്തുന്ന ഒരു വിറകുപുരയും കാണാം. ശ്രീകോവിലിലെ പ്രധാനദേവി ദുര്‍ഗ. ഭഗവതി കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. ശാന്തസ്വരൂപിണി. ശ്രീകോവിലിന്റെ ഇടതുഭാഗത്തായി ശിവന്‍, വിഷ്ണു, ഗണപതി, ശാസ്താവ്‌ കൂടാതെ ബ്രഹ്മാവുമുണ്ട്‌. ശ്രീകോവിലിന്‌ പുറത്ത്‌ ഭഗവതി, വലതുവശത്ത്‌ നാഗയക്ഷി, സര്‍പ്പം എന്നീ പ്രതിഷ്ഠകളുണ്ട്‌. ശ്രീകോവിലിനുമുന്നില്‍ മണ്ഡപം. കരിങ്കല്‍ത്തൂണുകളില്‍ തീര്‍ത്തിരിക്കുന്ന ഈ മണ്ഡപം താഴ്‌ന്നിരിക്കുന്നത്‌ ഇവിടത്തെ മാത്രം പ്രത്യേകതയാണ്‌. കരിങ്കല്‍ കോവണിയിലൂടെ കയറിയാണ്‌ ബ്രഹ്മാവിന്‌ പൂജ ചെയ്യുന്നത്‌.

രാവിലെ മാത്രം നട തുറക്കാറുള്ള ഈ ക്ഷേത്രത്തില്‍ രാവിലെ മാത്രമേ പൂജയുള്ളൂ. വൈകുന്നേരത്തെ പൂജ കല്ലില്‍ പിഷാരത്തെ തറവാട്ടിലാണ്‌.

ചൂല്‍ നടയ്ക്കുവയ്ക്കുന്നത്‌ ഇവിടത്തെ വിശേഷ വഴിപാടാണ്‌. 41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെയാണ്‌ സ്ത്രീകള്‍ ചൂല്‌ നടയ്ക്കുവയ്ക്കുന്നത്‌. തലമുടി സമൃദ്ധമായി വളരുന്നതിന്‌ വേണ്ടിയുള്ള വഴിപാടാണിത്‌
.
ഒരിക്കല്‍ ദേവി ആകാശത്തിലൂടെ സഞ്ചരിക്കവെ ഈ പ്രദേശത്തിന്റെ മനോഹാരിത ഇഷ്ടപ്പെടുകയും ഇവിടെ ഇറങ്ങുകയും ചെയ്തു. സന്തോഷാധിക്യത്താല്‍ ഇവിടെ കണ്ട മൂന്നു പാറകള്‍ എടുത്ത്‌ ദേവി അമ്മാനമാടാന്‍ തുടങ്ങി. മല വര്‍ഗക്കാരനായ ഒരാള്‍ അത്‌ കാണുകയും “അയ്യോ, കല്ലേ, ദേവീ…” എന്ന്‌ ഉറക്കെ വിളിക്കുകയും ചെയ്തു. അതുകേട്ടപ്പോള്‍ ദേവി കൈയിലിരുന്ന കല്ലുകള്‍ കളയുകയും അവിടിരുന്ന വലിയ കല്ലിനുള്ളില്‍ കയറി ഒളിക്കുകയും ചെയ്തുവെന്ന്‌ വിശ്വസിക്കുന്നു. പിന്നീട്‌ പരമശിവന്റെ സാന്നിധ്യം ഉണ്ടാവുകയും മലവേടന്‍ അറിയിച്ചതും പ്രകാരം ആള്‍ക്കാരെത്തി ആരാധന തുടങ്ങിയെന്നുമാണ്‌ ഐതിഹ്യം.

വൃശ്ചികമാസത്തിലാണ്‌ ഉത്സവം. കാര്‍ത്തികയ്ക്ക്‌ കൊടിയേറി എട്ടാം ദിവസം ആറാട്ട്‌. അന്ന്‌ എല്ലാ ദിവസവും പൂജകളുണ്ടാകും. അതുപോലെ വൈകിട്ട്‌ നട തുറന്നുമിരിക്കും. ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്തുള്ള കല്ലില്‍ പിഷാരത്തേക്ക്‌ ആന എഴുന്നെള്ളത്തുമുണ്ടാകും. ഉത്സവത്തിന്‌ പിടിയാന വേണമെന്ന നിര്‍ബന്ധവുമുണ്ട്‌. എന്നാല്‍ പതിവ്‌ തെറ്റിച്ച്‌ ഒരിക്കല്‍ കൊമ്പനാനയെ എഴുന്നെള്ളിച്ചുവെന്നും എഴുന്നെള്ളത്ത്‌ പോകുന്നമാര്‍ഗേ ആന കല്ലായിത്തീര്‍ന്നുവെന്നും പഴമക്കാര്‍. ആനയുടെ ആകൃതിയിലുള്ള കല്ല്‌ സന്ദര്‍ശകര്‍ക്ക്‌ വിസ്മയമായി നില്‍ക്കുന്നത്‌ കാണാം. ക്ഷേത്രത്തില്‍നിന്നും ഒരു കി.മീ. അകലെയാണിത്‌.

മംഗല്യസിദ്ധിക്ക് - അരിയന്നൂര്‍ ശ്രീഹരികന്യകാക്ഷേത്രം


തൃശ്ശൂര്‍ ജില്ലയില്‍ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലാണ്‌ പുരാതനവും പ്രസിദ്ധവുമായ അതിയന്നൂര്‍ ശ്രീ ഹരി കന്യകാക്ഷേത്രം. ഹരി കന്യാകാ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രവുമാണിത്‌. തൃശൂരില്‍ നിന്നും ഗുരുവായൂരിലേയ്ക്കുള്ള യാത്രയില്‍ കുന്നംകുളം റൂട്ടില്‍ ചുണ്ടന്‍ വഴി അരിയന്നൂരിലെത്താം. ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട്‌ ഇരുന്നൂറ്‌ മീറ്റര്‍ പോയാല്‍ കിഴക്കേ നട. ഇടവഴിക്കു നേരെ ഉയരത്തിലാണ്‌ ക്ഷേത്രം. ഒരു കുന്നിന്‍ മുകളിലെന്നേ തോന്നൂ. പടികള്‍ കയറി എത്തുന്നിടത്ത്‌ കിഴക്കേഗോപുരവും തറയും. പുരാതനകാലത്തെ പെരുമ വിളിച്ചറിയിക്കുന്നതാണ്‌. കരിങ്കല്ലുകൊണ്ടുള്ള കട്ടിളപ്പടിയിലെ മുഴക്കോല്‍- ഇത്‌ പെരുന്തച്ഛന്റെ കുസൃതി. പെരുന്തച്ചന്‍ നിര്‍മ്മിച്ച ക്ഷേത്രവുമാണ്‌. വലിയ ബലിക്കല്ലും ബലിക്കല്‍പ്പുരയുമാണ്‌. നമസ്ക്കാരമണ്ഡപത്തിന്റെ തൂണിലും മച്ചിലും അര്‍ത്ഥഗര്‍ഭവും മനോമോഹനവുമായ ചിത്രങ്ങള്‍. വലിയയമ്പലത്തിന്റെ മുഖപ്പിലെ ശില്‍പവും വടക്കു പടിഞ്ഞാറേ കല്‍ത്തൂണിലെ കാളിയമര്‍ദ്ദനശില്‍പ്പവും ശ്രീകോവിലിന്റെ ഭിത്തിയിലും ബലിക്കല്‍പ്പുരയിലും കാണുന്ന ആനയുടെ രൂപങ്ങളുമെല്ലാം ക്ഷേത്രത്തിലെ കഥ പറയുന്ന കരിങ്കല്‍ ശില്‍പങ്ങളാണ്‌. ക്ഷേത്രത്തിലെ വലിയ കിണര്‍. അതിന്റെ വട്ടവും ആഴവും നിര്‍മിതിയുമെല്ലാം ആരിലും അത്ഭുതം ജനിപ്പിക്കും
.
ശ്രീകോവിലില്‍ കിഴക്കോട്ട്‌ ദര്‍ശനമായി ശ്രീ ഹരികന്യക. അഞ്ചടിയിലധികം ഉയരമുള്ള വിഗ്രഹം. പഞ്ചലോഹം പൊതിഞ്ഞ്‌ ഗോളകയിറക്കിയ അഞ്ജനശില. ശിവനെ മോഹിച്ച കന്യക ചതുര്‍ബാഹു. കന്യകാ സങ്കല്‍പമായതുകൊണ്ട്‌ ഓട്ടംതുള്ളലോ കൂടിയാട്ടമോ പോലുള്ള കിരീടംവച്ച കലകള്‍ ഇവിടെ പാടില്ല. നാലമ്പലത്തിനുള്ളില്‍ രാജാക്കന്മാര്‍ക്ക്‌ പ്രവേശനമില്ല. കൊമ്പനാന പാടില്ല. കരിമരുന്നുപ്രയോഗം പാടില്ല. ശ്രീകോവിലില്‍ തന്നെ. അയ്യപ്പന്റെ സാന്നിധ്യവും. കന്നിമൂലയില്‍ ഗണപതിയും തെക്കുപടിഞ്ഞാറേ മൂലയില്‍ കിഴക്കോട്ട്‌ ദര്‍ശനമായി ഭദ്രകാളിയുമുണ്ട്‌. നാലുപൂജയും മൂന്നുശിവേലികളുമുള്ള ക്ഷേത്രത്തില്‍ രാത്രി ശീവേലിക്ക്‌ നാല്‌ വിളക്കുവേണം. മുന്‍പിലും പിന്‍പിലും രണ്ടു വിളക്കുവീതം സ്ത്രീകളാണ്‌ പിടിക്കുക എന്നതും കന്യകാസങ്കല്‍പത്തിന്റെ പ്രത്യേകതയാണ്‌. അയ്യപ്പന്റെ അകമ്പടിയില്ലാതെ ദേവിയെ ക്ഷേത്രത്തിനു പുറത്ത്‌ എഴുന്നെള്ളിക്കാറില്ല. പ്രധാന വഴിപാട്‌ അടയാണ്‌. ഇത്‌ അപൂര്‍വ നിവേദ്യമായും അറിയപ്പെടുന്നു.

മണ്ഡലകാലത്ത്‌ മുപ്പതുദിവസം ഇവിടെ വിശേഷമാണ്‌. എല്ലാ ദിവസവും നവകവും മുപ്പതാം ദിവസം കളകാഭിഷേകവും നടക്കും. അന്നിവിടെ ചടങ്ങുകള്‍ തീര്‍ന്നാല്‍ പിന്നെ പതിനൊന്നുദിവസം ചൊവ്വല്ലൂരിലാണ്‌. വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക വിശേഷമാണ്‌. എല്ലാ മാസവും കാര്‍ത്തികനാളില്‍ വാരം. കാര്‍ത്തിക നാള്‍ ഭഗവതിയുടെ ജന്മനക്ഷത്രം അന്നാണ്‌ വിശേഷമായ ഈ വാരം. വാരം ഇരിക്കലും വാരസദ്യയുമാണ്‌ മുഖ്യചടങ്ങുകള്‍. ഇവ രണ്ടും വാവുദിവസം വൈകുന്നേരമാണ്‌ നടക്കുക. ഋഗ്വേവേദം ചൊല്ലലും ജപവുമാണ്‌ വാരം ഇരിക്കല്‍. ഈ ചടങ്ങ്‌ പകലാണ്‌. എന്നാല്‍ വാരസദ്യ രാത്രിയിലും മേടത്തിലെ വിഷുവും എടവത്തിലെ അനിഴം പ്രതിഷ്ഠാദിനവും കര്‍ക്കടകമാസം രാമായണമാസമായും ആചരിച്ചുവരുന്നു. തിരുവോണവും നവരാത്രിയും പ്രധാനമാണ്‌. മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച വിശേഷമാണ്‌ ഈ മുറപ്പെട്ട്‌ എന്നറിയപ്പെടുന്നു. അന്ന്‌ അഖണ്ഡനാമജപവും തന്ത്രി പൂജയുമുണ്ട്‌. തന്ത്രി നടത്തുന്ന ഈ ഉഷപൂജ തന്ത്രി പുഷ്പാഞ്ജലി എന്ന നിലയില്‍ പ്രസിദ്ധവുമാണ്‌.

ക്ഷേത്രത്തിലെ ഉത്സവത്തിന്‌ അത്യപൂര്‍വ്വമായ താന്ത്രികാനുഷ്ഠാനങ്ങള്‍ ഉണ്ടെന്നുള്ളത്‌ പ്രസിദ്ധമാണ്‌. പഠാദി, ധ്വാജാദി, അങ്കുരാദി ഉത്സവങ്ങള്‍ സമ്മേളിക്കുന്ന പതിനഞ്ചുദിവസത്തെ ഉത്സവാഘോഷങ്ങള്‍ മീനമാസത്തിലെ മകയിരം നാളില്‍ തുടങ്ങും. ഏഴാം നാള്‍ പൂരം വരണം. ഉത്രത്തിന്‌ കൊടിയേറ്റ്‌. ഏഴുദിവസം ആറാട്ട്‌. ആറാട്ടുദിവസം പാണന്മാരുടെ പാട്ട്‌ ഉണ്ടാകും. അതുപോലെ ഉത്സവത്തോടനുബന്ധിച്ച്‌ മണ്ണാന്മാരുടെ പാട്ടും പറയര്‍ വേലയുമുണ്ടാകും. മണ്ണാന്മാരുടെ പാട്ടിനൊത്ത്‌ ഭഗവതിക്ക്‌ ചരടുവയ്ക്കുക എന്നൊരു ചടങ്ങുണ്ട്‌. പാട്ടിനൊടുവില്‍ നെല്ലും മലരും പൂവും. എല്ലാം കന്യകാസങ്കല്‍പത്തിലുള്ള അനുഷ്ഠാനങ്ങള്‍. കന്യകാസങ്കല്‍പത്തിലുള്ള ചിട്ടകളെല്ലാം പാലിക്കുന്നതുകൊണ്ട്‌ ഇന്നാട്ടിലെ കന്യകമാര്‍ സുന്ദരികളായിരിക്കുമെന്നും അവിവാഹിതരായി നില്‍ക്കേണ്ടിവരില്ലെന്നും പറയപ്പെടുന്നു.

Saturday, August 17, 2013

വഴിപാടുകള്‍

വഴിപാടുകളില്‍ മുഖ്യമായത് കാണിക്കയാണ്. കൊടിമരമുള്ള ക്ഷേത്രങ്ങളില്‍ കൊടിമരച്ചുവട്ടിലാണ് കാണിക്കയര്‍പ്പിക്കേണ്ടത്. കൊടിമരമില്ലാത്ത ക്ഷേത്രത്തില്‍, ക്ഷേത്രത്തിനുള്ളില്ലേക്കുകടക്കുന്ന വാതിലിന്ടെ പടിയില്‍ കാണിക്കയര്‍പ്പിക്കണം.കാണിക്കയര്‍പ്പിക്കുന്നതിലൂടെ ഭക്തന്‍ ഭൌതികജീവിതമോഹം വെടിയുകയും അതിലൂടെ ദേവദര്‍ശനത്തിന് അനുമതി നേടുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. കാണിക്ക കഴിഞ്ഞാല്‍ വിളക്ക് (എണ്ണ നല്‍കല്‍), മാല, പുഷ്പാഞ്ജലി (അര്‍ച്ചന), അഭിഷേകം, പായസം എന്നിവയാണ് പൊതുവേയുള്ള വഴിപാടുകള്‍.

        എന്നാല്‍ ശിവന് പുറകില്‍ വിളക്കും ഭസ്മം, ജലം, ക്ഷീരം എന്നിവകൊണ്ടുള്ള ധാരയും പ്രത്യേക വഴിപാടുകളാണ്. ഗണപതിക്ക്‌ ഒറ്റയപ്പവും മോദകവും മഹാവിഷ്ണുവിനും ശ്രീകൃഷ്ണനും പാല്‍പ്പായസവും വിശിഷ്ട വഴിപാടുകളാണ്. ദേവിക്ക് കൂട്ടുപായസവും സുബ്രഹ്മണ്യന് പഞ്ചാമൃതവും വിശേഷാല്‍ വഴിപാടുകളാണ്. ശാസ്താവിന് നീരാജനം പ്രത്യേക വഴിപാടായി കഴിക്കുന്നു. മഹാവിഷ്ണുവിന് കളഭം, പാല് ഇവകൊണ്ടും മുരുകന് പഞ്ചാമൃതം, പനിനീര്‍ ഇവകൊണ്ടുമുള്ള ധാരയും വിശേഷമാണ് .

    വഴിപാടുകള്‍ കഴിക്കുന്നത്‌ ദേവപ്രീതിക്കും അതുവഴി ആയുരാരോഗ്യവര്‍ധനയ്ക്കും ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കും അതുപോലെയുള്ള മറ്റു ഫലങ്ങള്‍ക്കുമാണ്.

            യഥാശക്തി വഴിപാട് എന്നാണു പ്രമാണം. അത് കാണിക്ക, വിളക്ക്, മാല തുടങ്ങിയവായില്‍ ഒതുങ്ങുന്നു. എന്നാല്‍ കാലദോഷമകറ്റുന്നതിനും മറ്റുമായി ജ്യോതിഷപണ്ഡിതന്മാര്‍ വിശേഷാല്‍ വഴിപാടുകള്‍ കഴിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. അവ അതതുകാലങ്ങളില്‍ മാത്രം കഴിച്ചാല്‍ മതിയാകും.

Friday, July 26, 2013

മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം - മീനങ്ങാടി, വയനാട്‌


മത്സ്യാവതാര പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക മഹാക്ഷേത്രമാണ് വയനാട്‌ ജില്ലയിലെ മീനങ്ങാടി പഞ്ചായത്തിലുള്ള മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം.ക്ഷേത്രമുറ്റത്തായി പന്തൽ. പന്തലിനുള്ളില്‍ ബലിക്കല്ല്‌. ശ്രീകോവിലില്‍ ചതുര്‍ബാഹുവായ മഹാവഷ്ണു കിഴക്കോട്ട്‌ ദര്‍ശനമരുളുന്നു. അയ്യപ്പൻ ഗണപതി, ദുര്‍ഗ എന്നിവർ ഉപദേവതകൾ. 

പണ്ട് ഇതുവഴി പോയ ഒരു മഹർഷി സമീപത്തുള്ള ജലാശയത്തില്‍ ദേഹശുദ്ധി വരുത്താനിറങ്ങി. മഹർഷി കുളിക്കുന്നതിനിടയില്‍ ഒരു മത്സ്യം പലതവണ വായുവിൽ നൃത്തമാടി കുളത്തിലേക്ക്‌ താഴ്‌ന്നുപോയി. അതോടെ മഹാവിഷ്ണുവിന്റെ സാന്നിധ്യം ഇവിടെയുണ്ടെന്ന്‌ മഹർഷിക്കു വ്യക്തമായി. ഉടനെ അദ്ദേഹം ജലാശയത്തിനു പടിഞ്ഞാറുമാറി ഉയര്‍ന്നസ്ഥലത്ത്‌ മത്സ്യാവതാര സങ്കല്‍പത്തില്‍ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. മഹർഷിയുടെ നിർദ്ദേശപ്രകാരം നാട്ടുമുഖ്യന്മാർ അവിടെ ഒരു ക്ഷേത്രം നിര്‍മ്മിച്ചു. അന്ന്‌ മീനാടിയ സ്ഥലമാണത്രേ ഇന്നത്തെ മീനങ്ങാടി.അന്ന്‌ നിര്‍മ്മിച്ചക്ഷേത്രം ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ അഗ്നിക്കിരയായി. വീണ്ടും പുതുക്കിപ്പണിക്ഷേത്രമാണ് ഇപ്പോഴുള്ളത്.പാല്‍പ്പായസവും നെയ്പായസവും പുഷ്പാഞ്ജലിയുമാണ് പ്രധാനവഴിപാടുകൾ. 

കുംഭമാസത്തിലെ പൂരുട്ടാതി, ഉത്രട്ടാതി നാളുകളിലാണ്‌ ഉത്സവം. ആദിവാസികൾ അവതരിപ്പിക്കുന്ന തോറ്റം, പട്ടക്കളി, കോല്‍ക്കളി എന്നിവയും ഉത്സവപരിപാടിക്ക്‌ മാറ്റുകൂട്ടുന്നു. ആയിരക്കണക്കിന് ആദിവാസികളാണ് ഇവിടുത്തെ ഉത്സവത്തിൽ പങ്കെടുക്കുന്നത്.

ശ്രീരാമ-സീതാ ക്ഷേത്രം -നൂല്‍പ്പുഴ,വയനാട്‌


വയനാട്‌ ജില്ലയിലെ നൂല്‍പ്പുഴ പഞ്ചായത്തിലാണ്‌ പുരതാനമായ ശ്രീരാമ-സീതാ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രണ്ടുനിലയുള്ള ശ്രീകോവിലാണ് ഇവിടുത്തെ പ്രത്യേകത. ഒറ്റപ്പീഠത്തില്‍ നാല്‌ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്നുവെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.സീതാക്ഷേത്രത്തിന്‌ പിന്നില്‍ കുളമുണ്ട്. ദേവിയുടെ കണ്ണീര്‍ വീണുണ്ടായ കുളമാണിതെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിലേക്ക് നേര്‍ച്ചയായി ധാരാളം പശുക്കളെ കിട്ടാറുണ്ട്. അതിനാൽ ഇവിടെ നല്ലൊരു ഗോശാലയുമുണ്ട്. 

ശ്രീരാമന്‌ വെണ്ണനിവേദ്യവും സീതാദേവിക്ക്‌ രക്തപുഷ്പാ‌ഞ്ജലിയുമാണ് പ്രധാന വഴിപാടുകൾ. ഗണപതിക്ക്‌ കറുകമാല, സുബ്രഹ്മണ്യന്‌ പഞ്ചാമൃതം ദുര്‍ഗാദേവിക്ക്‌ പട്ടുചാര്‍ത്തൽ, അയ്യപ്പന്‌ നീരാജനം, ഗോശാല കൃഷ്ണന്‌ സഹസ്രനാമാര്‍ച്ചന, ഹനുമാന്‌ വെറ്റിലമാല ദക്ഷിണാമൂര്‍ത്തിക്ക്‌ കൂവളമാല എന്നിവയാണ്‌ മറ്റ്‌ വഴിപാടുകൾ.കുംഭം എട്ടിനാണ്‌ ഉത്സവം. മലദൈവങ്ങള്‍ക്ക്‌ വെള്ളാട്ടമുണ്ട്‌. രാത്രിയിലാണ്‌ തിറ. കര്‍ക്കടത്തിലെ കറുത്തവാവിന്‌ ഇവിടെ പിതൃതര്‍പ്പണം പ്രധാനമാണ്.

ദേവതകളും പ്രധാന വഴിപാടുകൾ & നൈവേദ്യവും


ഗണപതിയുടെ ഇഷ്ടപുഷ്പം കറുകപ്പുല്ലാണ്. പ്രിയപ്പെട്ട നിവേദ്യം മോദകമാണ്. ഹോമങ്ങളിൽ പ്രധാനം അഷ്ടദ്രവ്യ ഗണപതിഹോമമാണ്. പ്രധാന അർച്ചന അഷ്‌ടോത്തരവും ഗണപതി സൂക്താർച്ചനയുമാണ്. ഗണപതിക്കായി വഴിപാടുകൾ നടത്തുന്നത് പ്രതിബന്ധങ്ങൾ നീങ്ങിക്കിട്ടുന്നതിനാണ്. അതുപോലെ വിദ്യാവിജയവും സിദ്ധിക്കും. പ്രതിബന്ധങ്ങൾ നീക്കാൻ ഗണപതിക്കായി നാളികേരമുടയ്ക്കുന്നതും പ്രത്യേക വഴിപാടായി നടത്താറുണ്ട്.

സരസ്വതിയുടെ പ്രിയപുഷ്പം താമരയാണ്. പഞ്ചാമൃതം, പഴം, ത്രിമധുരം എന്നിവയൊക്കെ സരസ്വതിക്ക് നിവേദിക്കാറുണ്ട്. സാരസ്വതസൂക്ത പുഷ്പാഞ്ജലിയാണ് പ്രധാന അർച്ചന. വിദ്യാർത്ഥികൾക്ക് വിജയവും സാഹിത്യകാരന്മാർക്ക് കവിത്വസിദ്ധിയുമാണ് ഇവയുടെ ഫലങ്ങൾ.

മഹാവിഷ്ണുവിന് ഇഷ്ടപുഷ്പം തുളസിയാണ്. എന്നാൽ തെച്ചി, മന്ദാരം തുടങ്ങിയവയും വിഷ്ണുപൂജയ്ക്ക് ഉപയോഗിക്കാം. ഭാഗ്യസൂക്തം, വിഷ്ണുസൂക്തം, വിഷ്ണുസഹസ്രനാമം എന്നിവകൊണ്ടെല്ലാം മഹാവിഷ്ണുവിന് അർച്ചന നടത്താം. സുദർശന ഹോമമാണ് മഹാവിഷ്ണുവിനായി നടത്തുന്ന പ്രധാന ഹോമം. 

വരാഹമൂർത്തിയുടെ ഇഷ്ടപുഷ്പം തുളസിയാണ്. നിവേദ്യം അപ്പവും നെയ്പായസവും. വരാഹമൂർത്തിക്ക് നിവേദ്യം കഴിക്കുന്നതിലൂടെ വിദ്യാവിജയവും വേദപാണ്ഡിത്യവും ഉണ്ടാകുമെന്നാണ്.

ഗർഭരക്ഷാംബിക ശിവക്ഷേത്രം-കുംഭകോണo, തമിഴ്‌നാട്‌

തമിഴ്‌നാട്ടിൽ കുംഭകോണത്തിനടുത്ത് തിരുക്കരുകാവൂരിൽ ശില്പകലാ സൗന്ദര്യം നിറഞ്ഞ ഗോപുരത്തോടു കൂടിയ ഒരു ശിവക്ഷേത്രമുണ്ട്. ഈ ശിവക്ഷേത്രം പക്ഷേ പ്രസിദ്ധമായിരിക്കുന്നത് ദേവിയുടെ പേരിലാണ്. 'കരുകാക്കും നായകി' എന്നാണ് ദേവിക്കു പ്രസിദ്ധി. ഗർഭിണികൾ സുഖപ്രസവമുണ്ടാകാനും, സന്താനങ്ങളില്ലാത്തവർ സന്താനലാഭത്തിനായും ഇവിടെയെത്തി പ്രാർത്ഥിക്കുന്നതിനാൽ ഈ ശിവക്ഷേത്രം ഗർഭരക്ഷാംബിക ക്ഷേത്രം എന്ന പേരിലാണ് പ്രശസ്തമായിരിക്കുന്നത്. ധാരാളം മുല്ലക്കൊടികൾ ക്ഷേത്ര പരിസരത്തുണ്ട്. അതിനാൽ ഇവിടെ ശിവൻ അറിയപ്പെടുന്നത് മുല്ലവന നാഥൻ, മാധവീവനേശ്വരൻ എന്നൊക്കെയാണ്. ക്ഷേത്രത്തിന് മുല്ലവനം, മാധവീവനം, കരുകാവൂർ, ഗർഭപുരി എന്നുമൊക്കെ പേരുകളുണ്ട്. ഉളി തൊടാതെ നിർമ്മിച്ച വിഗ്രഹമാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം. ശിവനും, അംബികയ്ക്കും പുറമേ ഗണപതി, സുബ്രഹ്മണ്യൻ, ദുർഗ്ഗ, ചണ്ഡികേശ്വരൻ, നാൽവർ തുടങ്ങിയ ദേവിദേവന്മാരുടെ പ്രതിഷ്ഠകളുമുണ്ട്. ക്ഷേത്രത്തിന്റെ ഈശകോണിലായി ഒരു ലിംഗ പ്രതിഷ്ഠയുമുണ്ട്. ഈ പ്രതിഷ്ഠ നടത്തിയത് ഗൗതമ മഹർഷിയാണെന്നാണ് വിശ്വാസം. അപ്പർ, ജ്ഞാനസംബന്ധർ, സുന്ദരമൂർത്തി നായനാർ തുടങ്ങിയവരുടെ തേവാരപ്പാട്ടുകളിൽ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്.

Thursday, July 25, 2013

മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രം - ചേർത്തല, ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ തണ്ണീര്‍മുക്കം പഞ്ചായത്തിലാണ്‌ മരുത്തോര്‍വട്ടം ധന്വന്തരിക്ഷേത്രം. അഞ്ചാറു നൂറ്റാണ്ടുകളുടെ പഴക്കം കണക്കാക്കാം ഈ മഹാക്ഷേത്രത്തിന്‌...ക്ഷേത്രത്തിന്‌ കിഴക്കും പടിഞ്ഞാറും വാതിലുകളുണ്ടെങ്കിലും ദര്‍ശനവശം പടിഞ്ഞാറാണ്‌..വലിയ കുളത്തിനെതിര്‍വശത്ത്‌ ദേവീക്ഷേത്രം. പടിഞ്ഞാറേ വാതിലിലൂടെ അകത്തുകടക്കുമ്പോള്‍ വിശാലമായ ആനക്കൊട്ടില്‍. അതിന്റെ തൂണുകള്‍ക്കുമുണ്ട്‌ ശില്‍പ്പചാതുരി. കഥകളി നടക്കുന്നത്‌ ഇവിടെയാണ്‌. ഉത്സവത്തിന്‌ എല്ലാ ദിവസവും കഥകളി നടക്കാറുള്ള ഈ ക്ഷേത്രാങ്കണത്തില്‍ സ്റ്റേജ്‌ കെട്ടി ആട്ടം നടത്താറില്ല. സ്വര്‍ണക്കൊടി മരവും ചെമ്പുകൊടി മരവും കണ്ടിട്ടുള്ളവര്‍ക്ക്‌ പഞ്ചലോഹംകൊണ്ടുള്ള ഇവിടത്തെ ധ്വജംകാഴ്ചയ്ക്ക്‌ ഇമ്പമേറും. മഹാക്ഷേത്രങ്ങളിലെപ്പോലുള്ള ബലിക്കല്‍പ്പുര. വടക്കുവശത്ത്‌ നീളത്തില്‍ ഊട്ടുപുര. തെക്കുപടിഞ്ഞാറായി ദേവസ്വം ഓഫീസ്‌. തൊട്ടടുത്ത്‌ ഇളംപ്രായത്തില്‍ ഒരു കണിക്കൊന്ന. താഴെ കരിങ്കല്ലും മുകള്‍ ഭാഗത്ത്‌ വെട്ടുകല്ലുംകൊണ്ടുനിര്‍മിച്ച ശ്രീകോവില്‍ ചെമ്പുമേഞ്ഞിരിക്കുന്നു. വൃത്താകാരമായ ശ്രീകോവിലിന്റെ ഭിത്തിയില്‍ ചന്തമുള്ള ചുവര്‍ചിത്രങ്ങള്‍. കാലപ്പഴക്കം അതിന്റെ ശോഭയില്‍ നിഴല്‍പ്പാടുകള്‍ വീഴ്ത്തിയെങ്കിലും ശ്രീകൃഷ്ണാവതാരവും പാഞ്ചാലീ സ്വയംവരവുമൊക്കെ ആ ഭിത്തിയില്‍ ഇന്നും മികവോടെ നില്‍ക്കുന്നു. ഗര്‍ഭഗൃഹത്തില്‍ ധന്വന്തരി മൂര്‍ത്തിയുടെ രണ്ടടിയോളം പൊക്കമുള്ള മനോഹരവിഗ്രഹം. ആയുര്‍വേദാചാര്യനായ ഭഗവാന്റെ നില്‍ക്കുന്ന രൂപത്തിലുള്ള ശിലാപ്രതിമ. ശംഖ്‌, ചക്രം, ജ്ജളുകം, അമൃതകുംഭം ഇവ ചതുര്‍ബാഹുക്കളിലായുള്ള ശ്രീ ധന്വന്തരിമൂര്‍ത്തി ഭഗവാന്‍ ശ്രീഹരിയുടെ അവതാരം. പാലാഴി മഥന സമയത്ത്‌ ആയുര്‍വേദ ശാസ്ത്ര ഉപജ്ഞാതാവായ ശ്രീ ധന്വന്തരിമൂര്‍ത്തി പൊന്തിവന്നു. മഞ്ഞപ്പട്ടുടുത്ത്‌ മണിമാലയും കിരീടവും ചാര്‍ത്തി ഭക്തരെ അനുഗ്രഹിച്ച്‌ ഭഗവാന്‍ ഇവിടെ മരുവുന്നു. തുലാമാസത്തിലെ കൃഷ്ണപക്ഷ ദ്വാദശിനാളിലാണ്‌ ധന്വന്തരിമൂര്‍ത്തിയുടെ അവതാരമെന്ന്‌ ഭാഗവതം ഉദ്ഘോഷിക്കുന്നു. വര്‍ഷന്തോറും ഈ ദിവസം ധന്വന്തരി ജയന്തിയായി ആഘോഷിച്ചുവരുന്നു. നാലമ്പലത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്തായി ശിവന്റെയും ഗണപതിയുടെയും പ്രതിഷ്ഠകളുണ്ട്‌. വടക്കുഭാഗത്ത്‌ ഭദ്രകാളി, മഞ്ഞാടി ഭഗവതിയെ കൂടാതെ ഉപദേവന്മാരായി ശാസ്താവുമുണ്ട്‌. മൂന്നു പൂജകളുണ്ട്‌. കടിയക്കോല്‍ നമ്പതൂരിയാണ്‌ ഇവിടെ തന്ത്രി.

പ്രധാനവഴിപാടുകൾ

താൾക്കറി
ഔഷധവശിപാടുകളിൽ ഏറ്റവും പുരാതനവും ഏറെ പ്രശസ്തവുമയിട്ടുള്ളത് താൾക്കറിയാണ്. തൊട്ടാൽ ചൊറിയുന്ന കാട്ടുച്ചേമ്പിന്റെ താ‍ൾ കഴുകിയരിഞ്ഞ്, മല്ലിയും മുളകും വറുത്ത്പൊടിച്ചുചേർത്ത് ക്ഷേത്രഊട്ടുപുരയുടെ അടുക്കളയി തയ്യാറാക്കുന്ന താൾക്കറി ഉദരരോഗനിവാരണത്തിന് ഉത്തമമാണ്. താൾക്കറി തയ്യാറാക്കുനത് പ്രദേശത്തെ പാചക        
വിദഗ്ദ്ധരിൽ പ്രധാനിയായ രാധാക്രിഷണൻ നായരുടെ നേത്രുത്വത്തിലാണ്.
വൈഷണവാംശമായ ശ്രീധന്വന്തരീമൂർത്തിക്ക്, പിത്ര് പ്രീത്യർത്ഥം ഭക്തർ നടത്തുന്ന നമസ്കാര വഴിപാടിനോടൊപ്പമാണ് താൾക്കറി വിതരണം ചെയ്യുന്നത്. കർക്കടകം, തുലാം, കുംഭം മാസങ്ങളിലെ കറുത്തവാവി(അമാ‍വാസി)ന് മാത്രമാണ് താൾക്കറി വിതരണമുള്ളത്. ഈ ദിവസങ്ങളിൽ ദേശദേശന്തരങ്ങളിൽ നിന്നയി ഭക്തസഹസ്രങ്ങൾ ഇവിടെയെത്തും.

മുക്കുടി
പച്ചമരുന്നുകൾ മോരിലരച്ചുകലക്കി തയ്യാറാക്കി, ഭഗവൽ സന്നിധിയിൽ പൂജിച്ച് ഭക്തർക്ക് വിതരണം ചെയ്യുന്ന മുക്കുടി ഉദരരോഗശമനത്തിനുള്ള മറ്റൊരൗഷധമാണ്. എല്ലാ മലയാള മാസങ്ങളിലേയും ആദ്യ വ്യാഴാഴ്ച്ചകളിൽ പന്തീരടി പൂജയ്ക്ക് ശേഷമാണ് മുക്കുടി വിതരണം. വഴിപാടുകൾ മുൻ കൂട്ടി രസീതാക്കിയിരിക്കണം.
 
അട്ടയും കുഴമ്പും
ആയുർവേദത്തിലെ സഹസ്രയൊഗത്തിലെ നാരായണതൈലം ദേവസന്നിധിയിൽ പുജിച്ച് നൽകുന്നതാണ് അട്ടയും കുഴമ്പും. ഉണങ്ങാത്ത വ്രണങ്ങളും വറ്റാത്തനീരും ഭേദമാകുന്നതിന് തൈലത്തിലിട്ട് ശുദ്ധിചെയ്ത ആട്ട (ജളുകം) യെ പിടിപ്പിക്കുന്നത് ആയുർവേദത്തിലാണ്. അട്ടയും കുഴമ്പും വഴിപാടുകളും മുൻപേ ബുക്ക്ചെയ്യുന്നവർക്ക് മലയാളമാസത്തിലെ ആദ്യ വ്യാഴാഴ്ചകളിൽ മുക്കുടിയോടൊപ്പം തന്നെ വിതരണം ചെയ്യുന്നു

കർക്കടക മരുന്നു കഞ്ഞി
കർക്കടക മാസത്തിലെ മരുന്നു സേവയ്ക്ക്, ധന്വന്തരി ഭക്തർക്കുള്ള മരുന്നുകഞ്ഞി ക്ഷേത്രത്തിൽ തന്നെ തയാറാക്കി ഊട്ടുപുരയിൽ വിളമ്പുന്നു. എല്ലാ വർഷവും കർക്കടകം ഒന്നു മുതൽ ഒരുമാസം മുഴുവൻ സേവയ്ക്കവസരമുണ്ട്.
അന്നദാനം
ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ എല്ലാ വ്യാഴാഴ്ച്ചകളിലും, തിരുവോണം നക്ഷത്രത്തിലും ഉച്ച്പൂജയ്ക്ക് ശേഷം അന്നദാനം നൽകിവരുന്നു. ഭക്തജനങ്ങളുടെ വക വഴിപാടായി മറ്റ് ദിവസങ്ങളിലും അന്നദാനം നൽകാറുണ്ട്. അന്നദാനനിധിയിലേയ്ക്ക് സംഭാവനകളും സ്വീകരിക്കും.
സന്താനഗോപാലം കഥകളിയും തിരുവോണം പൂജയും
മംഗല്യത്തിനു ശേഷം ദീർഘകാലം കഴിഞ്ഞും സന്താനഭാഗ്യം കൈവരാത്ത ഭക്തർ ഭഗവൽ സന്നിധിയിൽ തിരുവോണം നക്ഷത്രത്തിൽ തിരുവോണ പൂജ വഴിപാടു നടത്തി അന്നെദിവസം ക്ഷേത്രദർശനവും ഉച്ചപൂജവരെ ഉപവാസവും അനുഷ്ഠിക്കുന്നു. ഭഗവാന്റെ ഉച്ചപൂജ നിവേദ്യപ്രസാദം സ്വീകരിച്ച് ഉപവാസം വിടുന്നു.               
ഇഷ്ടസന്താന ലബ്ധിക്കായി സന്താനഗോപാലം കഥകളി വഴിപാടായി സമർപ്പിക്കുന്നവരുടെ എണ്ണം വർഷം തോറും വർദ്ധിച്ച് വരുന്നു. ഫല സിദ്ധിക്ക് ശേഷം വഴിപാട് നടത്തിയാൽ മതിയെന്നത് വിശ്വാസ്യതക്ക് ആക്കം കൂട്ടുന്നു.
ഒൻപതു പുത്രന്മാരേയും ജനിച്ച മാത്രയിൽ തന്നെ നഷ്ടപ്പെട്ട സാധു ബ്രാഹ്മണന്റെ പത്താമത്തെ പുത്രനെ ഭഗവാന്റെ വൈഭവത്താൽ പാർത്ഥൻ രക്ഷിച്ച് നൽകുകയും, പത്തു പുത്രന്മാരിൽ പത്താമനായി വഴിപാട് നേർന്നുണ്ടാകുന്ന കുട്ടിയെ ബ്രാഹ്മണൻ ഏറ്റുവാങ്ങി കുട്ടിയുടെ മാതാവിനു നൽകുകയും ചെയ്യുന്ന രീതിയാണു ഇവിടെ അനുവർത്തിച്ച് വരുന്നത്. നെടുമംഗല്യത്തിനു രുഗ്മിണീസ്വയംവരവും, ദാരിദ്രമോചനത്തിനു കുചേലവൃത്തവും, വിദ്യാഭിവൃത്തിക്ക് ഗുരുദക്ഷിണയും വഴിപാട് കഥകളിയായി ആടാറുണ്ട്.
മഹാനിവേദ്യം
ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടാണ് 'മഹാനിവേദ്യം' തന്നെയാണ്. മഹാ നിവേദ്യമെന്നാൽ പ്രത്യേകം നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അളവിൽ പാൽ, ഉണക്കലരിനുറുക്ക്, പഞ്ചസാര തുടങ്ങിയ ചേർത്തുണ്ടാക്കുന്ന 'പാൽപ്പായസമാണ്' - ദേവന്റെ ഏറ്റവും പ്രിയപ്പെട്ട വഴിപാട് - ഏതൊരു കാര്യത്തിനും ഏതൊരു ധന്വന്തരിഭക്തന്റെ മനസ്സിലും, നാവിലും ആദ്യം വന്നെത്തുന്ന പ്രർത്ഥന 'ഭഗവാനെ ഞാനൊരു പാൽപ്പായസം കഴിച്ചെക്കാമെ' എന്നാണ്. ഒരു കുടം പാലിന്റെ പാൽപ്പായസത്തെയാണ് 'മഹാനിവേദ്യം' എന്ന് വിവക്ഷിക്കുന്നത്. പൂർണ്ണമായി മഹാനിവേദ്യം കഴിക്കാൻ കഴിവില്ലാത്ത ഭക്തർക്കും മഹാനിവേദ്യത്തിന്റെ അംശകങ്ങളായി പാല്‍പ്പായസം കഴിക്കുവാനുള്ള സംവിധാനമുണ്ട്. ഒരു കുടം പാല്‍പ്പായസം മുൻകൂറായി ബുക്ക്ചെയ്താൽ മാത്രമേ നടത്താനാവൂ. അതിനുവേണ്ടതായ പാൽ തുടങ്ങിയ വസ്തുക്കൾ സംഭരിക്കേണ്ടതിനാലാണ് ഇത്. ഭക്തജാനങ്ങൾ ഈ മഹാനിവേദ്യം മുൻകൂറായി ശീട്ടാക്കാറുണ്ട്

പന്തിരുനാഴി
പലഭക്തന്മാരും ഭഗവങ്കൽ നേരിടുന്ന ഔ വഴിപാടാണ് പന്തിരുനാഴി വഴിപാട്. 12 1/2 ഇടങ്ങഴി ഉൺക്കലരിയും 4 കൂട്ടം കൂടാനും ഭഗവാന്റെ തിടപ്പള്ളിയിൽ തയ്യാറാക്കുകയും ഉഷപൂജയോടനുബന്ധിച്ചുള്ള പ്രസന്നപൂജയും ഉത്തമബ്രാഹ്മണർ ക്ധേത്രമണ്ഡപത്തിലിരുന്ന് സഹസ്രനാമം ജപിച്ച ശേഷം ഭഗവാന്റെ പ്രസാദം ഭക്ഷിക്കുകയും, ദക്ഷിണ സ്വീകരിക്കുകയും ചെയ്യുന്നു. ഭഗവാൻ ഈ ഭോജ്യവസ്തുക്കൾ സ്വീകരിച്ച് ഭക്ഷിക്കുന്നു എന്ന് സങ്കല്‍പ്പം. ഈ വഴിപാട് നടത്തുന്ന ഭക്തൻ, ഭഗവത് ഭക്ഷണത്തിനുശേഷം ലഭിക്കുന്ന നിവേദ്യങ്ങൾ പ്രസാദമായി ക്ഷേത്രമതിൽകെട്ടിനകത്തിരുന്ന് ഭക്ഷിക്കുന്ന ഒരു വഴിപാടാണ് പന്തിരുനാഴി. തലമുറകളായി പല കുടുബങ്ങളും ഈ വഴിപാട് മുടക്കാതെ നടത്തിവരുന്നു. അത്താഴം ഇതേ സ്വഭാവത്തിൽ നടത്തുന്ന ചടങ്ങാണ്. ഉത്സവദിനത്തിൽ ഈ ദേശത്തെ പലകുടുംബക്കാരും അത്താഴം സ്ഥിരമായി നടത്താറുണ്ട്.

കയറ്റേൽ വാണം
മരുത്തോർവട്ടം ക്ഷേത്രത്തിന്റെ മറ്റൊരാകർഷണമാണ്കയറ്റേൽ വാണം വഴിപാട്. ക്ഷേത്രമൈതാനത്ത് ഇരുവശങ്ങളിലേയ്ക്കും വലിച്ചുകെട്ടുന്ന വടത്തിലൂടെ ഇരമ്പിപ്പായുന്ന കയറ്റേൽ വാണം കളവ് മുതൽ വീണ്ടു കിട്ടുന്നതിനും, വലിവുരോഗം മാറുന്നതിനും മറ്റുമായി ഭക്തർ വഴിപാടായി സമർപ്പിക്കുന്നു.
തിരുവുത്സവകാലത്തു മാത്രമാണ് കയറ്റേൽ വാണം വഴിപാട്.

ശ്രിധന്വന്തരി ജയന്തി
ശകവർഷം കാർത്തികമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയിൽ ധന്വന്തരീമൂർത്തി അവതരിച്ച ദിനം മരുത്തോർവട്ടം ക്ഷേത്രത്തിൽ വിവിധ ചടങ്ങുകളൊടെ ശ്രിധന്വന്തരി ജയന്തി ആയി ആഘോഷിക്കുന്നു. ഈ ദിവസം ഭഗവാന്റെ തിടമ്പേറ്റി എഴുന്നള്ളത്തും കളഭാഭിഷേകവും, ഭക്തർക്ക് അന്നദാനവും മറ്റും നടത്തിവരുന്നു.

ധന്വന്തരി ജയന്തി, വ
ർഷംതോറും വിപുലമായി ആഘോഷിക്കുന്ന ഏക ക്ഷേത്രം മരുത്തോർവട്ടം ശ്രിധ്വന്തരീക്ഷേത്രമാണ്.

കളഭാഭിഷേകവും ഉത്സവബലിയും
വിദ്യാഭ്യാസബിജയം, ഉദ്യോഗലബ്ധി തുടങ്ങി അഭിഷ്ടസിദ്ധിക്കായി ഭക്തർ സമർപ്പിക്കുന്ന വഴിപാടാണ് കളഭാഭിഷേകം. ശുദ്ധമായ ചന്ദനം അരച്ച് കളഭം തയ്യാറാക്കി കലശങ്ങളിൽ നിറച്ച് താന്ത്രിക വിധിപ്രകരം ചെയ്യുന്ന കളഭാഭിഷേകവും വർഷംതോറും വർദ്ധിച്ചുവരുന്ന വഴിപാടണ്.

തിരുവുത്സവത്തിന്റെ തൃക്കൊടിയേറ്റ് തിരുവാറാട്ട് എന്നീ ദിനങ്ങളിൽ ഒഴികെ നടക്കുന്ന ഉത്സവബലിയും വഴിപാടുകളീൽ പ്രധാനമാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ് ഉത്സവബലി വഴിപാട് നടത്തുന്നതിനായി ഭക്തർക്ക് വ്വേണ്ടിവരുന്നത്.


...........
ആയുര്‍വേദാചാര്യനായ ഒരു ദേവന്‍. ധന്വന്തരിയുടെ ഉദ്ഭവത്തെക്കുറിച്ച് വാത്മീകിരാമായണത്തില്‍ ഇപ്രകാരം പറയുന്നു: ദേവന്മാരും അസുരന്മാരും അമൃതിനുവേണ്ടി പാലാഴി കടഞ്ഞുകൊണ്ടിരുന്നപ്പോള്‍ ആയിരം വര്‍ഷങ്ങള്‍ക്കുശേഷം പാലാഴിയില്‍നിന്ന് ഒരു ദേവന്‍ ഉയര്‍ന്നുവന്നു. ഒരു കൈയില്‍ കമണ്ഡലവും മറുകൈയില്‍ ദണ്ഡുമായി ഉയര്‍ന്നുവന്ന ആ ദേവനാണ് ധന്വന്തരി.
ധന്വന്തരി പാലാഴിയില്‍നിന്നു ജനിച്ചതിനെ ഹരിവംശം 29-ാം അധ്യായത്തില്‍ വര്‍ണിക്കുന്നു: ഐശ്വര്യസമ്പൂര്‍ണനായ ധന്വന്തരി ജലപ്പരപ്പില്‍ ഉയര്‍ന്നുവന്ന് മഹാവിഷ്ണുവിന്റെ മുമ്പില്‍ തൊഴുകൈയോടെ നിന്നു. വിഷ്ണു ധന്വന്തരിക്ക് അബ്ജന്‍ എന്ന പേരു നല്കി. അബ്ജന്‍ വിഷ്ണുവിനോട് തനിക്ക് യജ്ഞഭാഗം നിശ്ചയിക്കുന്നതിന് അഭ്യര്‍ഥിച്ചു. മഹാവിഷ്ണു ഇപ്രകാരം പറഞ്ഞു. യജ്ഞഭാഗങ്ങളെല്ലാം ദേവന്മാര്‍ക്കു നിശ്ചയിച്ചുപോയി. നീ ദേവന്മാര്‍ക്കു പിന്നാലെ ജനിച്ചതിനാല്‍ ഈശ്വരനല്ല. നിനക്ക് ലോകത്തില്‍ ഒരു രണ്ടാം ജനനം ഉണ്ടാകും. അന്നു നീ സുപ്രസിദ്ധനായിത്തീരും. രണ്ടാം ജന്മത്തില്‍ നിനക്കു ഗര്‍ഭകാലം മുതല്ക്കേ അണിമ, ഗരിമ മുതലായ സിദ്ധികള്‍ ഉണ്ടായിരിക്കും. അതിനാല്‍ അന്നു നീ ശരീരത്തോടുകൂടിത്തന്നെ ദേവനായിത്തീരും. നീ അവിടെവച്ച് ആയുര്‍വേദത്തെ എട്ട് ഭാഗമാക്കി രചിക്കും. ദ്വാപരയുഗത്തിലാണ് നിന്റെ രണ്ടാം ജന്മം. ഇത്രയും പറഞ്ഞതിനുശേഷം വിഷ്ണു മറഞ്ഞു.

 ധന്വന്തരിമൂര്‍ത്തി
ധന്വന്തരി വീണ്ടും ജനിച്ചതിനെക്കുറിച്ച് ഹരിവംശം 29-ാം അധ്യായത്തില്‍ വിവരിക്കുന്നു. രണ്ടാം ദ്വാപരയുഗത്തില്‍ കാശിരാജാവായിരുന്ന സുഹോത്രന് ശലന്‍, ഗൃത്സമദന്‍ എന്നീ രണ്ട് പുത്രന്മാര്‍ ജനിച്ചു. ഗൃത്സമദന്റെ പുത്രനാണ് ശുനകന്‍. ശലന്റെ പുത്രനായി ആര്‍ഷ്ടിഷേണന്‍ ജനിച്ചു. ആര്‍ഷ്ടിഷേണനില്‍നിന്നു കാശനുണ്ടായി. കാശനില്‍നിന്ന് ദീര്‍ഘതപസ്സ്(ധന്വന്‍)ജനിച്ചു. ധന്വന് വളരെ നാളത്തേക്ക് സന്താനങ്ങള്‍ ലഭിച്ചില്ല. അദ്ദേഹം വനത്തില്‍ പോയി അബ്ജദേവനെ ധ്യാനിച്ചുകൊണ്ട് തപസ്സിരുന്നു. അബ്ജദേവന്‍ (ധന്വന്തരി) പ്രസന്നനായി ദീര്‍ഘതപസ്സിന്റെ പുത്രനായി ജനിച്ചു. അവിടെവച്ച് ധന്വന്തരി ആയുര്‍വേദത്തെ എട്ടായി വിഭജിച്ച് ശിഷ്യന്മാരെ പഠിപ്പിച്ചു. ധന്വന്തരിയുടെ പുത്രനായി കേതുമാനും കേതുമാന്റെ പുത്രനായി ഭീമരഥനും ഭീമരഥന്റെ പുത്രനായി ദിവോദാസനും ജനിച്ചു.
തക്ഷകനെന്ന ഉഗ്രനായ സര്‍പ്പം പരീക്ഷിത്തു രാജാവിനെ ദംശിക്കുന്നതിനു പോയപ്പോള്‍ പരീക്ഷിത്തിനെ രക്ഷിക്കുന്നതിനുവേണ്ടി ഒരു വിഷഹാരി പോവുകയും അയാള്‍ തക്ഷകന്റെ വാദമുഖങ്ങളില്‍ സന്തുഷ്ടനായി തിരികെപ്പോവുകയും ചെയ്തതായ കഥ പുരാണങ്ങളില്‍ കാണുന്നുണ്ട്. ഈ വിഷഹാരി കശ്യപനാണെന്നും ധന്വന്തരിയാണെന്നും ഭിന്നമായ പ്രസ്താവനകള്‍ പുരാണങ്ങളില്‍ കാണുന്നു.
വൈദ്യവിദ്യാസമ്പന്നനായ ധന്വന്തരിയെയും സര്‍പ്പദേവതയായ മനസാദേവിയെയും സംബന്ധിച്ച ഒരു കഥ ബ്രഹ്മവൈവര്‍ത്തപുരാണം കൃഷ്ണജന്മഖണ്ഡത്തില്‍ കാണുന്നു: ഒരിക്കല്‍ ധന്വന്തരി തന്റെ ശിഷ്യന്മാരുമൊത്ത് കൈലാസത്തിലേക്കു പോവുകയായിരുന്നു. മാര്‍ഗമധ്യേ തക്ഷകന്‍ അവരെ ആക്രമിക്കുന്നതിനു തുനിഞ്ഞു. ഉടനെ ശിഷ്യന്മാരിലൊരാള്‍ തക്ഷകന്റെ ശിരസ്സിലിരുന്ന രത്നം എടുത്ത് ഭൂമിയിലേക്കെറിഞ്ഞു. ഈ വിവരമറിഞ്ഞ് സര്‍പ്പരാജാവായ വാസുകി അനേകായിരം ഉഗ്രവിഷമുള്ള സര്‍പ്പങ്ങളെ ദ്രോണന്‍, പുണ്ഡരീകന്‍, ധനഞ്ജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ധന്വന്തരിയുടെ അടുത്തേക്കയച്ചു. നാഗങ്ങളുടെ ശ്വാസോച്ഛ്വാസത്താല്‍ വിഷപൂര്‍ണമായ വായു ശ്വസിച്ച് ധന്വന്തരിയുടെ ശിഷ്യന്മാരെല്ലാം മൂര്‍ച്ഛിതരായി നിലംപതിച്ചു. ഉടനെ ധന്വന്തരി വനസ്പതിജന്യമായ ഔഷധംകൊണ്ട് അവരെ സചേതനരാക്കിയതോടൊപ്പം നാഗങ്ങളെ അചേതനരാക്കുകയും ചെയ്തു. വിവരമറിഞ്ഞ വാസുകി ഉടനെതന്നെ ശിവന്റെ ശിഷ്യയായ മനസാദേവിയെ സമീപിച്ച് ധന്വന്തരിയെ നേരിടുവാനായി അയച്ചു. മനസാദേവിയും ഗഡുരനും ശിവഭക്തരായിരുന്നു. ധന്വന്തരി ഗഡുരന്റെ ഒരു അനുയായിയുമാണ്. മനസാദേവി ആദ്യം ധന്വന്തരിശിഷ്യന്മാരില്‍ വിഷവ്യാപനം നടത്തി അവരെ മൂര്‍ച്ഛിതരാക്കിയെങ്കിലും ധന്വന്തരി തന്റെ വിഷവിദ്യാപാടവംകൊണ്ട് ഞൊടിയിടയില്‍ അവരെ ബോധവാന്മാരാക്കി. വിഷപ്രയോഗംകൊണ്ട് ധന്വന്തരിയെയോ ശിഷ്യന്മാരെയോ പരാജയപ്പെടുത്തുക സാധ്യമല്ലെന്നു കണ്ടപ്പോള്‍ മനസാദേവി ശിവദത്തമായ ത്രിശൂലം ധന്വന്തരിയുടെ നേര്‍ക്കു പ്രയോഗിക്കുവാന്‍ ഒരുങ്ങി. ഉടനെ ശിവനും ബ്രഹ്മാവും പ്രത്യക്ഷപ്പെട്ട് രംഗം ശാന്തമാക്കി എല്ലാവരെയും അനുഗ്രഹിച്ച് അവരവരുടെ സ്ഥാനത്തേക്ക് അയച്ചു.

Tuesday, July 23, 2013

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രം - ആലപ്പുഴ

കേരളത്തിലെ പുരാതന ക്ഷേത്രത്തിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയ്യുന്നസുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ സുബ്രഹ്മണ്യൻആണ്. കൂടാതെ ധാരാളം ഉപദേവതകളും ഉണ്ട്. കിഴക്കോട്ട് ദർശനമായി ശിവന്റെയും മഹാവിഷ്ണുവിന്റെയും ചൈതന്യത്തോടെ എട്ടടി പൊക്കമുള്ള ശിലാവിഗ്രഹത്തിലാണ് സുബ്രഹ്മണ്യൻ വാഴുന്നത്. നാലുവശവും ഗോപുരങ്ങളുണ്ട്. കിഴക്കുഭാഗത്ത് സ്വർണക്കൊടിമരവും ബലിക്കൽപ്പുരയും കാണാം. ഉപദേവതകളായി ദക്ഷിണാമൂർത്തി, ഗണപതി, തിരുവമ്പാടി കൃഷ്ണൻ, ശാസ്താവ്, നാഗദൈവങ്ങള്‍, കീഴ്തൃക്കോവിൽ സുബ്രഹ്മണ്യൻ, ഭഗവതി എന്നിവർ കുടികൊള്ളുന്നു. ആദ്യ സങ്കൽപം വിഷ്ണുവായിരുന്നു. വേലായുധൻ എന്നാണ് ഇപ്പോൾ സങ്കൽപമെങ്കിലും മൂർത്തിയെ വിഷ്ണുവായും ശിവനായും സങ്കൽപിച്ചുകൊണ്ടുള്ള ഉത്സവം ക്ഷേത്രത്തിൽ നടത്താറുണ്ട്. ഇങ്ങനെയുള്ള ഏക ക്ഷേത്രമാണ് ഹരിപ്പാട്. ക്ഷേതത്തിന്റെ ശ്രീകോവിൽ വൃത്താകൃതിയിലാണ് പണികഴിയിപ്പിച്ചിട്ടുള്ളത്. കൂടാതെ ചെമ്പുമേഞ്ഞ താണ് ശ്രീകോവിൽ. ക്ഷേത്ര വളപ്പിൽ കൂത്തമ്പലമുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ക്ഷേത്രത്തിന് രണ്ടു കുളങ്ങളുണ്ട്.

മയിൽ വാഹനനായ സുബ്രഹ്മണ്യന്റെ പേരിലുള്ള ഈ ക്ഷേത്രത്തിൽ സംരക്ഷിച്ചുവളർത്തപ്പെട്ടിരിക്കുന്ന മയിലുകൾ ഇവിടെയെത്തുന്നവർക്കൊരു വിശേഷ കാഴ്ചയാണ്.പ്രധാനമായും അഞ്ചു പൂജയാണ് ഉള്ളത്. ക്ഷേത്ര ആചാര പ്രകാരം പൂജയ്ക്ക് പുലൂർ ഗ്രാമസഭക്കാരൻ വേണമെന്ന് നിർബന്ധമുണ്ട്.

ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ് പ്രധാന വഴിപാടുകൾ. കൂടാതെ അഭിഷേകങ്ങളും ധാരാളമുണ്ട്.