Tuesday, August 6, 2013

കര്‍ക്കിടക വാവ്‌ ബലി

കാലഗണനയ്‌ക്ക് നിരവധി ഏകകങ്ങളുണ്ട്‌. അതില്‍ ഒട്ടും അപ്രധാനമല്ലാത്ത ഒന്നാണ്‌ സൂര്യന്റെ അയനത്തെ അഥവാ സൂര്യന്റെ സഞ്ചാരത്തെ അടിസ്‌ഥാനമാക്കിയുള്ള രീതി. ഉത്തരായനവും ദക്ഷിണായനവും ഇപ്രകാരം ഉണ്ടായിട്ടുള്ളതാണ്‌. ആദിത്യന്‍ ഭൂമിയുടെ ഉത്തരാര്‍ദ്ധ ഭാഗത്തുകൂടി സഞ്ചരിക്കുന്ന കാലമാണ്‌ ഉത്തരായനമെന്ന ആറുമാസം. മകരം ഒന്നു മുതല്‍ മിഥുനം അവസാനം വരെയാണിത്‌. ഉത്തരായനം ദേവ ദിനമാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. കര്‍ക്കിടകത്തില്‍ ദക്ഷിണായനം ആരംഭിക്കും. ഒപ്പം ദേവരാത്രിയും. പിതൃലോകം തുറക്കുന്നത്‌ അഥവാ പിതൃലോകദിനം ആരംഭിക്കുന്നത്‌ കര്‍ക്കിടകം മുതലാണത്രേ.

ജ്യോതിഷത്തിലെ രാശിചക്രങ്ങളില്‍ മേടം തുടങ്ങി നാലാമത്തെ രാശിയാണ്‌ കര്‍ക്കിടകം. നാലാമിടം മാതാവിന്റെയും കുടുംബത്തിന്റെയും സ്‌ഥാനമാണ്‌. കര്‍ക്കിടകരാശിയുടെ അധിപനായ ചന്ദ്രനാണ്‌ മാതൃകാരകത്ത്വവും. മാതൃകാരകനായ ചന്ദ്രന്റെ ക്ഷേത്രത്തില്‍ പിതൃകാരകനായ ആദിത്യന്‍ എത്തിച്ചേര്‍ന്ന്‌ അവര്‍ യോഗം ചെയ്യുമ്പോള്‍ അമാവാസിയായി. ഈ ദിനമാണ്‌ കര്‍ക്കിടകവാവ്‌.

ഭൂമിയില്‍ ജന്മമെടുക്കുവാന്‍ ഓരോരുത്തര്‍ക്കും തേജസ്സായും പിണ്ഡമായും സഹായിച്ച നമ്മുടെ മാതാപിതാക്കളെ സ്‌മരിക്കുവാനും അവര്‍ക്കും അവരുടെ പൂര്‍വ്വികര്‍ക്കും ബലി നല്‍കി തൃപ്‌തരാക്കുവാനും അപ്രകാരം സ്വന്തം കടമ നിര്‍വ്വഹിക്കുവാനും ഇതിനെക്കാള്‍ ചേര്‍ന്ന ദിവസമില്ല. പിതൃകര്‍മ്മത്തിന്‌ പറയുന്ന പേരുതന്നെ 'ബലി'യെന്നാണ്‌. ബലിയെന്നാല്‍ ആത്മസമര്‍പ്പണം. സര്‍വ്വം അഥവാ അവനവനെത്തന്നെ സമര്‍പ്പിക്കുന്നതാണ്‌ ആത്മസമര്‍പ്പണം. ഈശ്വരന്റെ സൃഷ്‌ടിയില്‍ ഏറ്റവും മഹത്തരമായ മനുഷ്യജന്മത്തില്‍ നമ്മള്‍ ചരിക്കുന്നത്‌ ധര്‍മ്മം, സത്യം, ദയ, നീതി എന്നീ പാതകളിലൂടെയാണെന്ന്‌ തിരിച്ചറിയാനുള്ള അവസരം കൂടിയാണ്‌ പിതൃബലി. ആധുനികശാസ്‌ത്രം കണ്ടെത്തിയ സത്യമനുസരിച്ച്‌ മനുഷ്യരില്‍ ഏകദേശം നാല്‌പതു തലമുറ മുമ്പുവരെയുള്ളവരുടെ ഗുണദോഷങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നിലനില്‍ക്കുമത്രേ. അങ്ങനെ വരുമ്പോള്‍ അത്രയും തലമുറകള്‍ക്കുവേണ്ടിയുള്ള ആരാധന കൂടിയാണ്‌ പിതൃബലിയിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്‌.

സ്വപിതാവിനെ 'പുത്‌' എന്ന നരകത്തില്‍ പതിക്കാതെ ത്രാണനം ചെയ്യുന്നവനാണ്‌ പുത്രന്‍. ആണ്‍-പെണ്‍ സൃഷ്‌ടികള്‍ രണ്ടും ദൈവത്തിന്റെതായതുകൊണ്ട്‌ പുത്രനൊപ്പം പ്രാധാന്യം ഇക്കാര്യത്തില്‍ പുത്രിക്കും ഉണ്ട്‌. അതായത്‌ സ്വപിതാവിന്റെ (മാതാവിന്റെ) മോക്ഷത്തില്‍ പുത്രനുള്ളത്രയും തന്നെ ഉത്തരവാദിത്തം പുത്രിക്കുമുണ്ടെന്നുസാരം. പൗരാണിക കാലം മുതല്‍ യാഗകര്‍മ്മാദികളില്‍ നിലനിന്നിരുന്ന പുരുഷപ്രാധാന്യം പിതൃകര്‍മ്മാദികളില്‍ തുടര്‍ന്നുവന്നതാകാം പുത്രന്‌ ഇക്കാര്യത്തില്‍ മുന്‍കൈയെന്ന്‌ ചിന്തിക്കാം.

ഹൈന്ദവ വിശ്വാസമനുസരിച്ച്‌ ഓരോ അമാവാസിനാളിലും മരണമടഞ്ഞവരുടെ ആത്മാക്കള്‍ അന്നപാനാദിക്കള്‍ക്കായി സന്തതികള്‍ക്കു മുന്നിലെത്തും. ഇവരെ പിണ്ഡമൂട്ടേണ്ട കടമ സന്തതികള്‍ക്കുണ്ട്‌. അപ്രകാരം ചെയ്യാത്ത സന്തതികളെ പിതൃക്കള്‍ ശപിക്കുമെന്ന്‌ ഗരുഡപുരാണത്തില്‍ പരാമര്‍ശമുണ്ട്‌. ഓരോ അമാവാസിക്കും പിണ്ഡമൂട്ടാന്‍ കഴിയാത്തവര്‍ കര്‍ക്കിടകത്തിലെ അമാവാസിക്കു ബലിയിട്ടാല്‍ പരിഹാരമാകും. ബലിയിടാന്‍ തയ്യാറെടുക്കുന്നവര്‍ തലേന്ന്‌ വ്രതമനുഷ്‌ഠിക്കണം. ഒരിക്കലൂണേ പാടുള്ളൂ. ഉള്ളി, ഉഴുന്ന്‌, മത്സ്യം, മാംസം, മദ്യം, ലഹരിപദാര്‍ത്ഥങ്ങള്‍ ഇവ വര്‍ജ്‌ജിക്കുക. ബ്രഹ്‌മചര്യം പാലിക്കണം. പകലറുക്കം വെടിയുക. ഏതെങ്കിലും തീര്‍ത്ഥഘട്ടങ്ങളിലോ, ബലി തര്‍പ്പണാദികള്‍ അനുഷ്‌ഠിക്കുന്ന ക്ഷേത്രത്തിലോ ബലിയിടാം.

അനവധി യജ്‌ഞങ്ങളുള്ളതില്‍ പിതൃക്കളുടെ സായൂജ്യ പ്രാപ്‌തിക്കായി അനുഷ്‌ഠിക്കുന്ന യജ്‌ഞത്തിനാണു പ്രാധാന്യമുള്ളത്‌. ''സര്‍വയജ്‌ഞ പ്രധാനം ച പിതൃയജ്‌ഞം സുചിന്തിതം'' എന്ന വചനമനുസരിച്ച്‌ ദേവാരാധനകള്‍ പോലെ സുപ്രധാനമാണ്‌ പൂര്‍വ പരമ്പരയ്‌ക്കുവേണ്ടി ചെയ്യുന്ന പിതൃയജ്‌ഞങ്ങളും. സര്‍വമതങ്ങളിലും വംശപരമ്പരയുടെ പ്രാധാന്യവും നിയോഗവും എടുത്തു പറയുന്നുണ്ട്‌. കഴിഞ്ഞുപോയ തലമുറയുടെ കര്‍മഫലങ്ങളും ചിന്താതരംഗങ്ങളും പിന്നീടുള്ള വംശപരമ്പരയെ സ്വാധീനിക്കുന്നതായി ശാസ്‌ത്രങ്ങള്‍ അനുശാസിക്കുന്നു. ജ്യോതിഷത്തില്‍ പൂര്‍വ കര്‍മഫലങ്ങള്‍ക്കു വളരെ പ്രാധാന്യം കല്‌പിക്കുന്നു. ''അനേക ജന്മാര്‍ജിതം കര്‍മം ശുഭം വായദിവാശുഭം തസ്വ പംക്‌തി ഗ്രഹാസ്സര്‍വേ സൂചയന്തി ഇഹ ജന്മനി'' അനവധി ജന്മജന്മാന്തരങ്ങളിലെ കര്‍മഫലങ്ങള്‍ ഈ ജന്മത്തിലെ അനുഭവങ്ങളെ സ്വാധീനിക്കുന്നു എന്നതാണ്‌ ആചാര്യന്മാര്‍ പറയുന്നത്‌. അതിനാല്‍ ഈ ജന്മത്തിലെ ദോഷകരമായ അനുഭവങ്ങള്‍ മാറുന്നതിന്‌ പൂര്‍വ കര്‍മശാന്തത ഉണ്ടാകണം. അതിനാണ്‌ കര്‍ക്കടവാവു തര്‍പണം പോലെയുള്ള സായൂജ്യ ക്രിയകള്‍ വിധിച്ചിരിക്കുന്നത്‌. കര്‍ക്കടക വാവുബലി നടത്താന്‍ പറ്റാതെ വരുന്നത്‌ നിര്‍ഭാഗ്യകരമാണ്‌. എന്നാല്‍ യാദൃശ്‌ചികമായി അസൗകര്യങ്ങളാല്‍ അതിനു കഴിയാതെ വന്നാല്‍, മറ്റു ദിവസങ്ങളില്‍ ചില പ്രത്യേക കര്‍മങ്ങള്‍ ചെയ്‌ത് ഇതിനു പ്രതിവിധി കാണാം. സത്യനാരായണബലി, പിതൃ തത്ത്വ ഹവനം തുടങ്ങിയവയാണ്‌ ആ ക്രിയകള്‍. എന്തായാലും ഏതെങ്കിലും വിധത്തില്‍ വാവുതര്‍പ്പണമോ മറ്റു ക്രിയകളോ ചെയ്‌ത് പൂര്‍വാചാര ശുദ്ധി വരുന്നതാണ്‌ ഉത്തമം.

പ്രധാന ബലിഘട്ടങ്ങള്‍

തിരുനെല്ലി, വര്‍ക്കല പാപനാശം, തിരുന്നാവായ, ശ്രീസുന്ദരേശക്ഷേത്രം (കണ്ണൂര്‍ ), തൃക്കുന്നപ്പുഴ (ആലപ്പുഴ ജില്ല), തിരുവില്വാമല, തിരുവനന്തപുരം ശംഖുമുഖം, തിരുവല്ലം, തിരുമൂലവാരം, ആലുവ ചേലാമറ്റം എന്നിവയാണ്‌ പ്രധാന ബലിഘട്ടങ്ങള്‍. പുരുഷന്മാര്‍ക്കൊപ്പം സ്‌ത്രീകള്‍ക്കും ബലിയിടാം. ബലിയിടുന്ന ദിവസം ബലി കഴിയുന്നതുവരെ ജലപാനം വെടിയുന്നതാണുത്തമം. എന്നാല്‍ ജീവിതശൈലീരോഗങ്ങളും മറ്റും വലയ്‌ക്കുന്നവര്‍ പാനീയ ഭക്ഷണം വെടിഞ്ഞുനില്‍ക്കുന്നത്‌ യഥാരോഗ്യസ്‌ഥിതിയനുസരിച്ചുവേണം. സ്വന്തം പിതൃപരമ്പരയ്‌ക്ക് മോക്ഷം നല്‍കാന്‍; അവരുടെ ആത്മാക്കളെ തൃപ്‌തിപ്പെടുത്താന്‍ നമുക്കു ലഭിക്കുന്ന അവസരമാണ്‌ അമാവാസി. മനുഷ്യജന്മത്തില്‍ അനുഷ്‌ഠിക്കേണ്ട കര്‍മ്മങ്ങളില്‍ പ്രമുഖവും.


Wednesday, July 31, 2013

പിറന്നാൾ ദിനത്തിൽ (ജന്മനക്ഷത്രദിനത്തില്‍ ) അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍

ഒരു വ്യക്തി ജനിച്ച സമയത്തെ നക്ഷത്രമാണ്‌ ആ വ്യക്തിയുടെ ജന്മനക്ഷത്രം.

360ഡിഗ്രി വരുന്ന രാശിചക്രത്തെ 27 ആയി വിഭജിച്ചതില്‍ ഒരു ഭാഗമാണ്‌ ഒരു നക്ഷത്രം. ഓരോ മേഖലയിലെയും പ്രധാന നക്ഷത്രത്തിന്റെ പേരാണ്‌ ആ മേഖലയ്ക്കു നല്‍കിയിരിക്കുന്നത്‌. ആ മേഖലയില്‍ ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ്‌ ആ നക്ഷത്രമായി നാം കണക്കിലെടുക്കുക. 

ജനനസമയത്ത്‌ ചന്ദ്രന്‍ തിരുവാതിര നക്ഷത്രത്തിന്റെ മേഖലയിലാണെങ്കില്‍ ആ വ്യക്തി തിരുവാതിര നക്ഷത്രജാതനാകുന്നു. ഏകദേശം 27 ദിവസങ്ങള്‍ കൊണ്ടാണ്‌ രാശിചക്രത്തില്‍ ഒരു ദിവസം പൂര്‍ത്തിയാക്കുന്നത്‌. ഒരുദിവസം ഒരു നക്ഷത്രത്തില്‍ എന്ന കണക്കില്‍ 27 ദിവസംകൊണ്ട്‌ 27 നക്ഷത്രങ്ങളിലൂടെ ചന്ദ്രന്‍ സഞ്ചരിക്കുന്നു. അങ്ങനെ 27 ദിവസത്തിലൊരിക്കല്‍ ഒരു വ്യക്തിയുടെ നക്ഷത്രത്തില്‍ കൂടി ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ്‌ ആ വ്യക്തിയുടെ നക്ഷത്രം.

ചന്ദ്രനും നക്ഷത്രങ്ങളും ഭാരതീയ ജോതിഷത്തില്‍ അതീവ പ്രധാന്യമാണുള്ളത്‌. ഒരു വ്യക്തിയുടെ ദശകാലനിര്‍ണ്ണയം ഇവയെ അടിസ്ഥാനമാക്കിയാണ്‌. ജനനസമയത്തെ നക്ഷത്ര, ചന്ദ്രസ്വഭാവമനുസരിച്ചാണ്‌ ഒരു വ്യക്തിയുടെ ജീവിതം. അവന്റെ മാനസികവും ശാരീരികവുമായ തലങ്ങള്‍, യോഗഫലങ്ങള്‍, ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ തുടങ്ങിയവയെല്ലാം പ്രധാനമായും രൂപപ്പെടുന്നത്‌. അതുകൊണ്ടുതന്നെ താന്‍ ജനിച്ച നക്ഷത്രമേഖലയില്‍ ചന്ദ്രന്‍ വീണ്ടുമെത്തുന്ന ജന്മനക്ഷത്രദിവസത്തിന്‌ അനുഷ്ഠാനപരമായും ഗ്രഹദോഷപരിഹാര കര്‍മ്മങ്ങളുടെ മേഖലയിലും അതിയായ പ്രധാന്യമുണ്ട്‌. ദശാകാലത്തിന്റെ അടിസ്ഥാനം തന്നെ നക്ഷത്രവും ചന്ദ്രനുമാണെന്നിരിക്കെ, വ്യക്തി ജനിച്ച നക്ഷത്രമേഖലയില്‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തെ ഊര്‍ജ്ജസ്വഭാവത്തിന്‌ ആ വ്യക്തിയുമായി ഒരു താദാത്മ്യം കാണുമെന്നത്‌ യുക്തിസഹമാണ്‌. അതുകൊണ്ടുതന്നെ ആ ദിനത്തില്‍ പ്രസ്തുത വ്യക്തി അനുഷ്ഠിക്കുന്ന ഗ്രഹദോഷ പരിഹാരകര്‍മ്മങ്ങള്‍ക്ക്‌ കൂടുതല്‍ ഫലദാനശേഷി കൈവരുന്നു. 

മാസംതോറും വരുന്ന ജന്മനക്ഷത്രത്തില്‍ ശാന്തികര്‍മ്മങ്ങളും പൗഷ്ടിക കര്‍മ്മങ്ങളും ചെയ്യണമെന്ന്‌ പറയുന്നതിന്റെ അടിസ്ഥാനം ഇതുതന്നെ. ആട്ടപ്പിറന്നാളാകട്ടെ ജനിച്ച നക്ഷത്രത്തില്‍്ര‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തോടൊപ്പം സൂര്യന്‍ ജനനസമയത്രെ സൂര്യാസ്ഥിത രാശിയില്‍തന്നെ വീണ്ടും എത്തുന്ന ദിവസവുമാണ്‌. അതുകൊണ്ടുതന്നെ അതിന്‌ കൂടുതല്‍ പ്രാധാന്യം നാം കല്‍പ്പിക്കുന്നു. ഇങ്ങനെ 60 വര്‍ഷം കഴിയുമ്പോള്‍ ഏറെക്കുറെ എല്ലാ ഗ്രഹങ്ങളും വ്യക്തിയുടെ ജനനസമയത്തെ ഗ്രഹനിലയിലെത്തുന്നു. അതാണ്‌ ഷഷ്ടിപൂര്‍ത്തിയുടെ പ്രധാന്യം. ഇത്തരത്തില്‍ ചിന്തിച്ചാല്‍ മാസംതോറുമുള്ള ജന്മനക്ഷത്രത്തിന്‌ അനുഷ്ഠാനപരമായി നാം പ്രധാന്യം കല്‍പ്പിക്കേണ്ടതാണെന്ന്‌ മനസ്സിലാക്കാം. ആട്ടപ്പിറന്നാളിന്‌ സവിശേഷമായ പ്രധാന്യവും കല്‍പ്പിക്കേണ്ടതുണ്ട്‌. പതിവായി ജന്മനക്ഷത്രം തോറും വിധിപ്രകാരമുള്ള അനുഷ്ഠനങ്ങള്‍ നടത്തികൊണ്ടുപോയാല്‍ അത്‌ ഗ്രഹപ്പിഴകള്‍ ബാധിക്കാതിരിക്കാനുള്ള ഏറ്റവും നല്ല കര്‍മ്മം തന്നെയാണ്‌. സാമാന്യമായി ഗണപതിഹോമം, ഭവഗതിസേവ എന്നിവ ജന്മനാള്‍തോറും നടത്തുന്നതുകൊണ്ടുതന്നെ പൊതുവായ ദോഷങ്ങള്‍ പരിഹരിക്കപ്പെടുന്നതായാണ്‌ അനുഭവം.പ്രത്യേകവും കഠിനവുമായ ഏതെങ്കിലും ദശകാലദോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതിനു പരിഹാരമായ കര്‍മ്മങ്ങളും ഗണപതിഹോമം, ഭഗവതിസേവ എന്നിവയോടൊപ്പം നടത്താം. ദശാനാഥനായ ഗ്രഹത്തിനുള്ള പൂജകൂടി ജന്മനാള്‍തോറും നടത്തുന്നതും ഉത്തമം തന്നെ.

ജന്മനക്ഷത്രദിവസം അതികാലത്തുണരുക, പ്രഭാതസ്നാനം സ്വാത്ത്വിക ജീവിതരീതി, അംഹിസ, വ്രതശുദ്ധി തുങ്ങിയവ ശീലിക്കേണ്ടതാണ്‌. എണ്ണതേച്ചുകുളി, ക്ഷൗരം, മൈഥുനം, ശ്രാദ്ധം, ചികില്‍സ, യാത്രാരംഭം, വിവാഹം, ശസ്ത്രക്രിയ, ഉപനയനം, സീമന്തം, വാഹനാരോഹണം, പ്രേതക്രിയകള്‍, സാഹസകര്‍മ്മങ്ങള്‍, യുദ്ധം, മാംസ മദ്യാദിസേവ, ഔഷധസേവ തുടങ്ങിയവയൊന്നും ജന്മനക്ഷത്രദിവസം പാടില്ല എന്നാണ്‌ വിധി. ക്ഷേത്രദര്‍ശനം, പുണ്യകര്‍മ്മങ്ങള്‍, പൂജാദികാര്യങ്ങള്‍, പുതുവസ്ത്രാഭരണാദി ധാരണം, പുത്തരിയൂണ്‌, തുടങ്ങിയവ ജന്മനക്ഷത്രത്തില അനുവദിക്കപ്പെട്ടിട്ടുണ്ട്‌. എന്തായാലും ഗ്രഹപ്പിഴാകാലങ്ങളില്‍ ജന്മനക്ഷത്രദിവസം തോറും വ്രതശുദ്ധിയോടെയും സ്വാത്ത്വിക ജീവിതരീതിയോടെയും കഴിയുന്നതാണ്‌ ഉത്തമം.

ആണ്ടുപിറന്നാളിന്‌ സവിശേഷപ്രധാന്യത്തോടെ ഗണതിഹോമം, ഭവഗതിസേവ, പിറന്നാള്‍ ഹോമം, വിഷ്ണുപൂജ തുടങ്ങിയവ നടത്തുന്നത്‌ ദോഷശാന്തിക്കും ആയുരാരോഗ്യസൗഖ്യത്തിനും ഉത്തമമാണ്‌. വ്യക്തിയുടെ ദശാകാലം മറ്റുഘടകങ്ങള്‍ എന്നിവയനുസരിച്ച്‌ യുക്തിപൂര്‍വ്വം കര്‍മ്മങ്ങള്‍ തിരഞ്ഞെടുത്ത്‌ ചെയ്യാവുന്നതാണ്‌. ഉദാഹരണമായി ജാതകന്‍ വിദ്യാര്‍ത്ഥിയാണെങ്കില്‍ ആണ്ടുപിറന്നാളിന്‌ സരസ്വതീപൂജയോ, വിദ്യാഗോപാലമന്ത്രാര്‍ച്ചനയോ നടത്താം. ജാതകത്തില്‍ ആയുര്‍ദോഷമുള്ളവരും മറ്റു ഗ്രഹപ്പിഴകളുള്ളവരും ആണ്ടുപിറന്നാള്‍തോറും മൃത്യൂഞ്ജയഹോമം നടത്തുന്നത്‌ അതീവ ഫലപ്രദമാണ്‌. അനിഷ്ടസ്ഥാനത്ത്‌ നില്‍ക്കുന്നതോ മാരകത്വമുള്ളതോ ആയ ഗ്രഹങ്ങളുടെ ദശാകാലമാണെങ്കില്‍ ആണ്ടുപിറന്നാളിനെങ്കിലും മൃത്യൂഞ്ജയഹോമം പതിവായി ചെയ്യേണ്ടതാണ്‌. മൃത്യൂഞ്ജയഹോമം വിധിപ്രകാരം കര്‍മ്മപുഷ്ടിയുള്ള കര്‍മ്മിചെയ്താല്‍ അത്ഭുതകരമായ ഫലം ലഭിക്കുന്നതാണ്‌.

ആണ്ടുപിറന്നാളിന്‌ ദാനം ഒരു പ്രധാനകര്‍മ്മമാണ്‌. അതില്‍ അന്നദാനം തന്നെ ഏറ്റവും വിശിഷ്ടം. അര്‍ഹതയുള്ളവര്‍ക്കേ ദാനം കൊടുക്കാവൂ എന്നുണ്ട്‌. എന്നാല്‍ അന്നദാനമാകട്ടെ സകല മനുഷ്യര്‍ക്കും, പക്ഷിമൃഗാദികള്‍ക്കും നല്‍കാം. ദശാനാഥന്‌ വിധിച്ചിട്ടുള്ള വസ്തുക്കള്‍, വസ്ത്രം തുടങ്ങിയവയും ഈ ദിവസം വിധിപ്രകാരം ദാനം ചെയ്യുന്നത്‌ ഉത്തമമാണ്‌.

ഏതു വ്യക്തിയുടേയും ദശാസന്ധികാലത്ത്‌ അപകടങ്ങളോ അശുഭഫലങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ഒരുദശാകാലം തുടങ്ങുന്നതിന്‌ 6മാസം മുന്‍പുമുതല്‍ തുടങ്ങി 6 മാസക്കാലം വരെയുള്ള ഒരുവര്‍ഷം ശ്രദ്ധാപൂര്‍വ്വമുള്ള ജീവിതം, ഈശ്വരഭജനം എന്നിവ ആവശ്യമാണ്‌. ഇക്കാലത്ത്‌ വരുന്ന ജന്മനക്ഷത്രങ്ങളില്‍ അതാത്‌ ദശാനാഥന്മാരെ പൂജിക്കുന്നത്‌ നന്നായിരിക്കും. ഈ ഒരു വര്‍ഷക്കാലത്തുതന്നെ ആട്ടപ്പിറനാളുകളിലും ഗണപതിഹോമം, ഭഗവതിസേവ, ദശാനാഥന്‌ പൂജ തുടങ്ങിയവ സവിശേഷപ്രാധാന്യത്തോടെ നടത്തേണ്ടതാണ്‌. മാരകത്വം, അഷ്ടമബന്ധം, മറ്റു അശുഭത്വങ്ങള്‍ എന്നിവയുള്ള ദശാകാലങ്ങളുടെ സന്ധിയാണെങ്കില്‍ ഇക്കാലത്ത്‌ ജന്മനക്ഷത്രത്തില്‍ മൃത്യൂഞ്ജയ ഹോമവും നടത്തേണ്ടതാണ്‌.ദശാനാഥന്റെ ആഴ്ചദിവസവും ജന്മനക്ഷത്രദിവസവും ചേര്‍ന്നുവരുന്ന ദിവസത്തിന്‌ അനുഷ്ഠാനപരമായി കൂടുതല്‍ പ്രധാന്യമുണ്ട്‌. ഉദാഹരണത്തിന്‌ ശനിദശാകാലത്ത്‌ ഒരു വ്യക്തിയുടെ പിറന്നാള്‍ ശനിയാഴ്ച വന്നാല്‍ ആ ദിവസം അനുഷ്ഠിക്കുന്ന ഗ്രഹശാന്തികര്‍മ്മങ്ങള്‍ക്ക്‌ കൂടുതല്‍ ഫലദാനശേഷിയുണ്ടായിരിക്കും.

ദോഷഫലങ്ങള്‍ പരിഹരിക്കുന്നതിനായി പിറന്നാള്‍ ദിവസം ആഴ്ചയുടെ അധിപനായ ഗ്രഹത്തെക്കൂടി പൂജിക്കുക. ഞായറാണെങ്കില്‍ സൂര്യനെയും തിങ്കളെങ്കില്‍ ചന്ദ്രനെയു ചൊവ്വയെങ്കില്‍ കുജനെയും ബുധനെങ്കില്‍ ബുധനെയും വ്യാഴമെങ്കില്‍ ഗുരുവിനെയും വെള്ളിയെങ്കില്‍ ശുക്രനെയും ശനിയെങ്കില്‍ ശനിയെയും പൂജിക്കുന്നത്‌ ഉത്തമമാണ്‌..

ജന്മനക്ഷത്രദിവസം നക്ഷത്രത്തിന്റെ മൃഗം, പക്ഷി എന്നിവയ്ക്ക്‌ ആഹാരം കൊടുക്കുന്നതും വൃക്ഷം നട്ട്‌ വളര്‍ത്തുകയും പലിപാലിക്കുകയും ചെയ്യുന്നതും ഐശ്വര്യവും ആയുസ്സും കൈവരുന്നതിന്‌ ഫലപ്രദം. ഈ ദിവസം നക്ഷത്രാധിപനെ ഭജിക്കുന്നതും ദോഷശാന്തിക്ക്‌ ഉത്തമമാണ്‌. പിറന്നാള്‍ ദിനത്തില്‍ കേക്കുമുറിക്കുക, മെഴുകുതിരി ഊതിക്കെടുത്തുക തുടങ്ങിയ നിരര്‍ത്ഥക അനുഷ്ഠാനങ്ങള്‍ക്കുപകരം ജപം, പൂജ തുടങ്ങിയവ അനുഷ്ഠിക്കുന്നതാണ്‌ ഐശ്വര്യപ്രദം.