Friday, September 16, 2016

വാസ്തുവിന് അടുക്കളയില്‍

ആധുനിക യുഗത്തില്‍ സ്ഥലത്തിനും സമയത്തിനും പരിധിയും പരിമിതികളും ധാരാളമാണ്. എന്നാല്‍, ഈ കുറവുകള്‍ ഗൃഹ നിര്‍മ്മാണത്തിനെ ബാധിച്ചാല്‍ സുഖമുള്ള ജീവിതത്തെ നാം തന്നെ നിഷേധിക്കുകയായിരിക്കും. 
 
വീട് വയ്ക്കുമ്പോള്‍ സൌകര്യമുള്ളത് ആയിരിക്കുന്നതിനൊപ്പം വാസ്തു ശാസ്ത്രത്തെ അനുകൂലിക്കുന്നതും ആയിരിക്കാ‍ന്‍ ശ്രദ്ധിക്കണം. ഇതില്‍ അടുക്കളയുടെ സ്ഥാനമാണ് ഏറ്റവും പ്രധാനം.
 
വീടിന്‍റെ തെക്ക് കിഴക്ക് മൂലയാണ് അടുക്കളയ്ക്ക് ഏറ്റവും യോജിച്ചത്. ഇത് അഗ്നിദേവന്‍റെ ദിക്കായതിനാലാണിത്. വടക്ക് പടിഞ്ഞാറ് മൂലയും അടുക്കളയ്ക്ക് അനുയോജ്യമാണെന്ന് വാസ്തു ശാസ്ത്രകാരന്‍‌മാര്‍ അഭിപ്രായപ്പെടുന്നു. അടുക്കളയില്‍ കിഴക്ക് ദിക്കിന് അഭിമുഖമായി നിന്ന് പാചകം ചെയ്യാനുള്ള സൌകര്യം ഒരുക്കുകയും വേണം.
 
അടുക്കള തെക്ക് പടിഞ്ഞാറ് നിര്‍മ്മിച്ചാല്‍ അത് വാസ്തുപുരുഷന് ദോഷകരമായും വടക്ക് കിഴക്ക് ആയാല്‍ അത് കുടുംബത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നുമാണ് വാസ്തുവിദ്യാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചുരുക്കി പറഞ്ഞാല്‍, തെക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ദിശകളില്‍ മാത്രമാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്ന രീതിയില്‍ അടുക്കള നിര്‍മ്മിക്കേണ്ടത്.
 
അടുക്കളയുടെ വാതില്‍ കിഴക്ക്, വടക്ക് കിഴക്ക് അല്ലെങ്കില്‍ വടക്ക് ഭാഗത്തായിരിക്കാന്‍ ശ്രദ്ധിക്കണം. അത്യാവശ്യ സാമഗ്രികള്‍ വയ്ക്കാന്‍ തെക്ക് അല്ലെങ്കില്‍ വടക്ക് ദിക്കാണ് നല്ലത്.
 
പാചകം ചെയ്യുന്ന സ്ഥലം വീടിന്‍റെ പ്രധാന ഭിത്തികളോട് ചേര്‍ന്നാവരുത്. പാചകം ചെയ്യുന്ന സ്ഥലത്തിന് തൊട്ട് മുകളിലായി ഷെല്‍ഫുകള്‍ വയ്ക്കുന്നതും വാസ്തുശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നില്ല. 
 
ഫ്രിഡ്ജ് വടക്ക് പടിഞ്ഞാറ് മൂലയില്‍ വയ്ക്കുന്നതാണ് ഉത്തമം. ഗ്യാസ് സ്റ്റൌ വയ്ക്കാന്‍ ഏറ്റവും അനുയോജ്യം അടുക്കളയുടെ തെക്ക് കിഴക്ക് മൂലയാണ്. അവന്‍, മറ്റ് ഹീറ്ററുകള്‍ തുടങ്ങിയവ വയ്ക്കാനും ഈ ദിക്ക് തന്നെയാണ് ഉത്തമം.
 
വാട്ടര്‍ ഫില്‍റ്റര്‍ സ്ഥാപിക്കാന്‍ വടക്ക് കിഴക്ക് മൂലയാണ് ഏറ്റവും ഉത്തമം. അതേപോലെ, സിങ്ക് അടുക്കളയുടെ വടക്ക് ഭാഗത്തായിരിക്കണമെന്നും വാസ്തു ശാസ്ത്രകാരന്‍‌മാര്‍ ഉപദേശിക്കുന്നു.
 
അടുക്കളയ്ക്ക് വെള്ളയോ കറുപ്പോ നിറം നല്‍കുന്നത് അനുയോജ്യമല്ല. മഞ്ഞ, ഓറഞ്ച്, റോസ്, ചോക്കളേറ്റ് എന്നീ നിറങ്ങള്‍ അടുക്കളയ്ക്ക് അനുയോജ്യമാണ്. 
 
വാസ്തു ശാസ്ത്രപരമായി ഭക്ഷണ മുറിക്കും ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. വാസ്തു അനുസരിച്ച് ഭക്ഷണ മുറിയും ഊണ് മേശയും ക്രമീകരിക്കുന്നത് ഭക്ഷണത്തില്‍ നിന്നുള്ള ഊര്‍ജ്ജം ശരിയായി സ്വാംശീകരിക്കാന്‍ സഹായിക്കും. ഇനിപറയുന്ന കാര്യങ്ങള്‍ ഭക്ഷണ മുറിയില്‍ ആരോഗ്യകരമായ ഊര്‍ജ്ജത്തെ നിലനിര്‍ത്തും.
 
വീടിന് പടിഞ്ഞാറ് ഭാഗത്ത് വേണം ഭക്ഷണ മുറി നിര്‍മ്മിക്കേണ്ടത്. ഭക്ഷണ മുറിയും അടുക്കളയും അടുത്ത് അടുത്തും ഒരേ തറനിരപ്പിലും ആയിരിക്കാനും നിഷ്കര്‍ഷ വേണം. ഭക്ഷണ മുറിയും ഭക്ഷണ മേശയും സമചതുരം അല്ലെങ്കില്‍ ദീര്‍ഘ ചതുരാകൃതിയില്‍ ആയിരിക്കുന്നതാണ് ഉത്തമം. ഭിത്തിക്ക് പിങ്ക് അല്ലെങ്കില്‍ ഓറഞ്ച് നിറം നല്‍കുന്നതാണ് ഉത്തമം.
 
ഭക്ഷണ മേശ ഒരിക്കലും ഭിത്തിയോട് ചേര്‍ത്തിടരുത്. ഫ്രിഡ്ജ് തെക്ക് കിഴക്ക് ഭാഗത്ത് വയ്ക്കാന്‍ ശ്രദ്ധിക്കുക. വാഷ്‌ബേസിന്‍ വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്ത് ആയിരിക്കാനും ശ്രദ്ധിക്കണം. ഗൃഹനാഥന് അല്ലെങ്കില്‍ ഏറ്റവും മുതിര്‍ന്ന മകന് ഭക്ഷണ മേശയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ഉത്തമ സ്ഥാനം.

Wednesday, August 31, 2016

വിദ്യാരാജഗോപാല യന്ത്രം: കുട്ടികളുടെ പഠന മികവിന്

വിഷ്ണു - ഗോപാല ശിവപൂജയില്‍ പ്രാവീണ്യമുള്ള കര്‍മ്മിയാകണം യന്ത്രം തയാറാക്കേണ്ടത്. അപസ്മാര രോഗത്തിന് പ്രതിവിധിയായി ഈ യന്ത്രം നിര്‍ദ്ദേശിക്കുമ്പോള്‍ രോഗി മരുന്നു കഴിക്കുന്നത് നിര്‍ത്തരുത്

മക്കള്‍ പഠിച്ചു മിടുക്കരായി നല്ല ജോലി സമ്പാദിക്കണമെന്നാണ് എല്ലാ മാതാപിതാക്കളുടേയും ആഗ്രഹം. എന്നാല്‍ പല കുട്ടികളും രക്ഷാകര്‍ത്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് പഠനനിലവാരം കാഴ്ചവയ്ക്കുന്നില്ല. ഉന്മേഷക്കുറവും, പുസ്തകമെടുത്താലുടന്‍ ഉറക്കം വരുന്നതുമെല്ലാം വിദ്യാര്‍ത്ഥികളുടെ പഠനത്തെ സാരമായി ബാധിക്കും.മാത്രമല്ല വിദ്യാര്‍ത്ഥിയുടെ ബുദ്ധികൂര്‍മ്മതയില്‍ അസൂയ തോന്നി മറ്റൊരാള്‍ പറയുന്ന 'നെഗറ്റീവ് എനര്‍ജി' വാക്കുകള്‍ (ശാപം, കണ്ണുവയ്ക്കല്‍) പലപ്പോഴും കുട്ടികളിലെ പഠന നിവാരണത്തിന് കാരണമാകാറുണ്ട്. വൈഷ്ണവ യന്ത്രങ്ങളില്‍ പ്രമുഖസ്ഥാനത്തുള്ള യന്ത്രമാണ് വിദ്യാരാജ ഗോപാലയന്ത്രം.

വിദ്യാരാജഗോപാലം എന്ന പേരുകൊണ്ടുതന്നെ വിദ്യയിലൂടെ രാജസമാനമായ നിലയിലേക്കുയര്‍ത്താന്‍ പ്രാപ്തിയുള്ള യന്ത്രം എന്ന് ഗ്രഹിക്കാം.

യന്ത്രങ്ങളില്‍ രാജപദവി അലങ്കരിക്കുന്ന യന്ത്രം കൂടിയാണിത്. യന്ത്രവിധികള്‍ യഥാക്രമം പാലിച്ചു തയാറാക്കുന്ന വിദ്യാരാജഗോപാല യന്ത്രംകൊണ്ട് ഉന്മേഷവും ഉത്സാഹവും കെട്ടടങ്ങി സദാ മൂകനെപ്പോലെ കാണപ്പെടുന്നവനെക്കൂടി ചുരുങ്ങിയ കാലംകൊണ്ട് ഊര്‍ജ്ജസ്വലനാക്കി മാറ്റുവാന്‍ സാധിക്കും.

പഠന വൈകല്യങ്ങള്‍ക്കും തൊഴിലന്വേഷകര്‍ക്ക് ബുദ്ധിനിലവാരം മെച്ചപ്പെടുത്തി ഏതു പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം സാധ്യമാക്കാനും ഈ യന്ത്രം മുഖേന സാധിക്കുന്നതാണ്. ഭാഗ്യവും സമ്പത്തും വര്‍ദ്ധിച്ച് രാജസമാനമായ ജീവിതപഥത്തിലേക്ക് കടക്കുവാന്‍ ഈ യന്ത്രം വളയെധികം സഹായകമാകുന്നു.

യന്ത്രപരിപാലനം ഈ വിശിഷ്ട യന്ത്രം അരയില്‍ ധരിക്കാന്‍ പാടില്ലാത്തതും നേരിട്ട് ഭൂസ്പര്‍ശം ഏല്‍ക്കാന്‍ പാടില്ലാത്തതുമാകുന്നു. ശൈവ ശാക്‌തേയ യന്ത്രങ്ങള്‍ക്കൊപ്പവും ഇതണിയാന്‍ പാടില്ല.

യന്ത്രം ധരിച്ച് ചൊല്ലേണ്ടുന്ന മന്ത്രങ്ങള്‍ പഠന വിഷമതകള്‍ മാറാന്‍: വിദ്യാരാജ ഗോപാലയന്ത്രം ധരിച്ച് പുലര്‍ച്ചേ സൂര്യോദയത്തിന് മുമ്പും അസ്തമയത്തിന് ശേഷവും 'ഓം വിദ്യാരാജഗോപാലമൂര്‍ത്തയേ സിദ്ധി ബുദ്ധി പ്രദായ' എന്ന മന്ത്രം 108 ഉരു ജപിക്കുകയും ശേഷം ജലം കുടിക്കുകയും ചെയ്യുക. പഠന വിഷമതകള്‍ അകലും.

മത്സരപരീക്ഷകളില്‍ ശോഭിക്കാന്‍: പുലര്‍ച്ചെ സൂര്യോദയ സമയത്ത് കദളിപ്പഴത്തില്‍ നെയ്യ് തൊട്ട് വലതുകൈയിലെ മോതിരവിരല്‍കൊണ്ട് പഴം സ്പര്‍ശിച്ച് 'ഓം രാജഗോപാലമൂര്‍ത്തയേ സിദ്ധിബുദ്ധിപ്രദായ' എന്ന മന്ത്രം 18 ഉരു ജപിച്ച് കദളിപ്പഴം ഭക്ഷിക്കുക. ഇത് നിത്യവും തുടര്‍ന്നാല്‍ മത്സര പരീക്ഷകളില്‍ ഉന്നതവിജയം നേടാം

അലസത അകലാന്‍ 'ഓം വിദ്യാവര്‍ദ്ധനൈ്യനമഃ' 'ഓം വിദ്യാ വിശാരദായ നമഃ' 'ഓം രാജപ്രഭായനമഃ' 'ഓം വേദരൂപായനമഃ' 'ഓം ഉത്ഘര്‍ഷേ നമഃ' വിദ്യാരാജഗോപാലയന്ത്രം ധരിച്ച് മേല്‍പ്പറഞ്ഞ മന്ത്രങ്ങള്‍ നിത്യം 18 ഉരു വീതം ജപിക്കുക. പഠനത്തിനുമേലുള്ള അലസത മാറിക്കിട്ടും.