Thursday, January 10, 2013

ഇരുന്നുവേണമോ ഭക്ഷണം കഴിക്കാന്‍?


 വൈദേശിക ഭക്ഷണസംസ്ക്കാരം ഉള്‍കൊണ്ട മലയാളി പോലും ഇന്ന് നടന്നും നിന്നുമൊക്കെയാണ് ആഹാരം കഴിക്കുന്നതും കുട്ടികളെ കഴിപ്പിക്കുന്നതും. എന്നാല്‍ ചാണകം മെഴുകിയ തറയില്‍ പനയോല തടുക്കില്‍ ചമ്രം പടിഞ്ഞിരുന്ന് മുന്നിലെ തൂശ്ശനിലയില്‍ ഭക്ഷണം കഴിക്കാനാണ് ആദ്യമേ ശീലിച്ചത്. കൂടാതെ പലകയിട്ട് അതില്‍ ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കാനും മലയാളിക്കേറെ താല്‍പ്പര്യമായിരുന്നെന്നു.അതിന് പിന്നില്‍ ശാരീരികഗുണകരമായ ചില നാട്ടറിവുകള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം. പക്ഷേ സുഖഭോഗങ്ങളുടെ നടുക്കടലില്‍ അലഞ്ഞ് ദൈവം നല്‍കിയ ജീവിതമാണ് തങ്ങള്‍ തുലയ്ക്കുന്നതെന്ന് ആധുനിക കാലത്തിനറിയില്ല.

   നാം ഭക്ഷണം കഴിക്കുന്ന സമയത്ത് ശരീരത്തിലെ സന്ധികള്‍ക്ക് കാര്യമായ ചലനം അനുഭവപ്പെടുന്നുവെന്ന് ആധുനികള്‍ വൈദ്യശാസ്ത്രം വെളിപ്പെടുത്തുന്നു. ഈ ചലനം സന്ധികള്‍ക്ക് അധികഭാരമുണ്ടാക്കും. ഇരുന്നാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ഈ അധികഭാരത്തെ കുറയ്ക്കാന്‍ കഴിയും. മാത്രമല്ല നിന്ന് ഭക്ഷണം കഴിച്ചാല്‍ അമിതഭക്ഷണം കഴിക്കാനുള്ള സാഹചര്യവും ഉണ്ടാവുകയാണ്. അമിതഭക്ഷണം ആരോഗ്യത്തിന് ഗുണം ചെയ്യില്ലെന്നും ശാസ്ത്രം പറയുന്നു. മുഴുവയര്‍ കഴിക്കാതെ ശീലിക്കുന്നവര്‍ക്ക് സ്വാഭാവിക അസുഖങ്ങളും കുറഞ്ഞിരിക്കുമെന്ന് ആരോഗ്യസംഘടനകളുടെ പ്രതിവാര കുറിപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു.

Wednesday, January 9, 2013

കറിവേപ്പില കൈയില്‍ കൊടുക്കാമോ?

 കറിക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായാണ് മലയാളി കറിവേപ്പിലയെ കണക്കാക്കി വരുന്നത്. കറിയോടൊപ്പം എല്ലാപേരും കറിവേപ്പില കഴിക്കില്ലെങ്കിലും അതു കറി പാകം ചെയ്യാന്‍ അനിവാര്യം തന്നെ. എന്നാല്‍ കറിവേപ്പില കയ്യില്‍ കൊടുക്കുന്നതിനെ അനുവദിച്ചിട്ടില്ല. കറിവേപ്പില കയ്യില്‍ കൊടുത്താല്‍ കൊടുക്കുന്ന ആളും വാങ്ങുന്ന ആളും തമ്മില്‍ താമസിയാതെ പിണങ്ങുമത്രേ!. ആര്‍ക്കും ആരോടും അങ്ങനെയങ്ങ് പിണങ്ങാന്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ടായിരിക്കാം കറിവേപ്പില സാധാരണ കയ്യില്‍ കൊടുക്കാറുമില്ല. എന്നാല്‍ കറിവേപ്പില വെന്തുകഴിഞ്ഞാല്‍ ഗുണമാണെങ്കിലും പച്ച കറിവേപ്പിലയില്‍ നിന്ന് വിപരീതോര്‍ജ്ജം പ്രസരിക്കുന്നുണ്ടത്രേ!. അതുകൊണ്ടാണ് അതു കയ്യില്‍ കൊടുക്കരുതെന്ന് പറയുന്നത്. ഇത് പറയുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ചെമ്പരത്തി, മുല്ല, തുളസി തുടങ്ങിയ ചെടികളില്‍ നിന്നും അനുകൂല ഊര്‍ജ്ജം പ്രസരിക്കുന്നുവെന്നാണ്. അതുകൊണ്ടാണ് ഇവ വീട്ടുമുറ്റത്ത് തന്നെ വച്ചുപിടിപ്പിച്ചിരുന്നതും. പക്ഷേ, ഓര്‍ക്കിഡ്, ആന്തൂറിയം തുടങ്ങിയവയില്‍ നിന്നും പ്രതികൂല ഊര്‍ജ്ജമാണ് പ്രസരിച്ചുകൊണ്ടിരിക്കുന്നതും. ആധുനിക അലങ്കാരസസ്യസ്നേഹികള്‍ ക്ഷമിക്കുക.