Tuesday, July 23, 2013

കൂടല്‍മാണിക്യം ക്ഷേത്രം -തൃശ്ശൂർ

കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ് ഇരിഞ്ഞാലക്കുടയിലെ കൂടല്മാണിക്യം ക്ഷേത്രം. തൃശൂരില്നിന്ന് ഇരുപത്തൊന്നു കി.മീ തെക്ക് കൊടുങ്ങല്ലൂര് റൂട്ടില് ഇരിങ്ങാലക്കുട നഗരം കേന്ദ്രമായി കൂടല്മാണിക്യം ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഗ്രാമ ക്ഷേത്രമായാണ് ഇവിടം കരുതപ്പെടുന്നത്.

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ക്ഷേത്രം അഗ്നിക്കിരയായി. അതിനുശേഷം വീണ്ടും നിര്മിച്ചതാണ് ഇന്നു കാണുന്ന ക്ഷേത്രം. വിഗ്രത്തിനും ശ്രീകോവിലിനും കാര്യമായ കേടൊന്നും അന്ന് പറ്റിയിട്ടില്ലെന്ന് പഴമക്കാര് പറയുന്നു.

മഹാവിഷ്ണുവിന്റെ അംശാവതാരവും ശ്രീരാമന്റെ സഹോദരനുമായ ഭരതനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഭരതന്റെ പ്രതിഷ്ഠ മറ്റ് എവിടേയും ഉള്ളതായിട്ടറിവില്ല. അംശാവതാരമായതു കൊണ്ടാവാം മഹാവിഷ്ണുവിന്റേതാണ് പൂജ. ക്ഷേത്രത്തില് ഉപക്ഷേത്രങ്ങള് ഇല്ല.

കിഴക്കോട്ടു ദര്ശനം. മൂന്നു പൂജ. ഉഷപ്പൂജയും, പന്തീരടിപ്പൂജയുമില്ല. എതിര്ത്ത പൂജ, ഉച്ചപ്പൂജ, അത്താഴപൂജ. തുലാമാസത്തിലെ തിരുവോണനാളില് തൃപ്പുത്തരിദിവസം മാത്രം പുത്തിരിപ്പൂജ കൂടിയുണ്ടാകും

ത്യാഗത്തിന്റെയും ആത്മബലിയുടേയും സഹോദര സ്നേഹത്തിന്റെയും ഉത്തമപ്രതീകമാണ് ഭരതന്. പത്ത് ഏക്കര് സമചതുരമായ സ്ഥലത്താണ് ക്ഷേത്രം. രണ്ടുനില വട്ടശ്രീകോവില്. രണ്ടു നാലമ്പലമുണ്ട്. പൂജ വിഷ്ണുവിനാണെങ്കിലും നാലമ്പലത്തില് ശിവക്ഷേത്രങ്ങളിലേതുപോലെ അപൂര്ണ്ണ പ്രദക്ഷിണം.

ഭഗവാന് ആഡംബരപ്രിയനല്ല. മനസു മുഴുവന് ശ്രീരാമചന്ദ്രനും ഭഗവാന്റെ പാദങ്ങളുമാണ്. എല്ലാം ഭഗവാനില് സമര്പ്പിച്ച് തപസ് അനുഷ്ഠിക്കുന്ന ഭാവത്തിലാണ് പ്രതിഷ്ഠ. വിഗ്രഹത്തിന് ഏകദേശം ഒരാള് പൊക്കമുണ്ട്. ചതുര്ബാഹുവാണ്. കോദണ്ഡവും അഭയമുദ്രയും ചക്രവും ശംഖും ധരിച്ചിരിക്കുന്നു.

കിരീടവും കുറച്ച് ആഭരണങ്ങളും ധരിച്ച് കനത്തില് വലിയൊരു പുഷ്പമാല ചാര്ത്തിയിരിക്കുന്നു. അത് കിരീടത്തിന്റെ മുകളിലൂടെ രണ്ടു വശത്തേക്കുമായി പാദംവരെ നീണ്ടുകിടക്കുന്നു. താമരപ്പൂമാല ഭഗവാന് കൂടുതല് പ്രിയമാണെന്ന് പറയുന്നു. താമരമാല ചാര്ത്തി പ്രാര്ഥിച്ചാല് സകലവിഘ്നങ്ങളും മാറിക്കിട്ടുമെന്നാണ് വിശ്വാസം.

ക്ഷേത്രത്തില് ഉപദേവതകളില്ലെങ്കിലും തിടപ്പള്ളിയില് ഹനുമാനും വാതില്മാടത്തില് തെക്കും വടക്കും ദുര്ഗ്ഗയും, ഭദ്രകാളിയും ഉണ്ടെന്നു സങ്കല്പം. തിടപ്പള്ളിയില് അവിലും പൂവന്പഴവും നിവേദ്യമുണ്ട്. ദുര്ഗ്ഗയ്ക്കും, ഭദ്രകാളിയ്ക്കും ഉത്സവക്കാലത്തുമാത്രം നേദ്യം. താമരയും, തെച്ചിയും, തുളസിയും മാത്രമെ ക്ഷേത്രത്തില് ഉപയോഗിക്കൂ

ആറു തന്ത്രിമാരുള്ള കേരളത്തിലെ ഏക ക്ഷേത്രമാണിത്. കുറുമ്പ്രനാട്ടില്നിന്നും വന്ന പുത്തിരില്ലത്തിന് കാരാണ്മയാണ് മേല്ശാന്തിസ്ഥാനം. നേരത്തെ പുലാക്കുട്ടി ഇല്ലത്തിനായിരുന്നു എന്നു പഴമ. പുറപ്പെടാശാന്തിയാണ് ഇവിടെയുള്ളത്.

അണിമംഗലം, നടുവം, പാറപ്പുറം, കുന്നം എന്നിവര്ക്കാണ് കീഴ്ശാന്തി കാരാണ്മ. നടുവം അന്യം നിന്നതിനാല് എടശ്ശേരിക്കു കിട്ടി. മണക്കാടാണ് പരികര്മ്മി. മൂത്തതുമാര്: കോളോം, കിട്ടത്ത്, ചിറയത്ത് പട്ടോല, തുരുത്തിക്കാട്ടുമേനോന് എന്ന് പഴയ ക്രമം.

ആദ്യം രണ്ടു തന്ത്രിമാരായിരുന്നു. തരണനെല്ലൂരും അണിമംഗലവും. ഓതിക്കോനായിരുന്ന വേളൂക്കര നകരമണ്ണിനും പിന്നീടു തന്ത്രിസ്ഥാനം കിട്ടി. തരണനെല്ലൂര് ഇല്ലം നാലായതിനാല് (നെടുമ്പള്ളി തരണനെല്ലൂര്, വെളുത്തേടത്ത് തരണനെല്ലൂര്, കിടങ്ങശ്ശേരി തരണനെല്ലൂര്, തെക്കിനിയടത്ത് തരണനെല്ലൂര്) ഇപ്പോള് ആറു തന്ത്രമാരാണ്.

ആണ്കുട്ടികളുണ്ടാകുന്നതിന് കൂട്ടുപായസവും പെണ്കുട്ടികളുണ്ടാകുന്നതിന് വെള്ളനേദ്യവും, ഉദരരോഗത്തിന് വഴുതന നേദ്യവും, അംഗുലിയാംഗം കൂത്തും വഴിപാടുകള്. കൂത്തിനവകാശം അമയന്നൂരിനാണ്. ഇടവത്തില് ഉത്രാടം മുതല് 40 ദിവസമാണ് കൂത്ത്. 28 ദിവസം പ്രബന്ധവും 12 ദിവസം അംഗുലീയാംഗവും.

മൂലക്കുരുവിനും അര്ശ്ശസ്സിനും ഇവിടെ നെയ്യാടി സേവകഴിക്കും.മഴ പെയ്യാനും പെയ്യാതിരിക്കാനും താമരമാല വഴിപാടും. തൃപ്പുത്തരിക്കു പൈറ്റ് ദിവസം കൂട്ടഞ്ചേരി മൂസ്സ് കൊണ്ടുവരുന്ന മുക്കുടിനേദ്യമുണ്ട് ക്ഷേത്രത്തില്. ഇതു പ്രസിദ്ധമായ ഒരു മരുന്നാണ്. മുക്കുടിക്ക് വലിയ തിരക്കുണ്ടാവും .

കേരളത്തില് 32 ഗ്രാമങ്ങളായിട്ടാണ് ബ്രാഹ്മണര് താമസമാരംഭിച്ചത്. അതില് എന്തുകൊണ്ടും പ്രാധാന്യമര്ഹിക്കുന്ന ഒരു ഗ്രാമമാണ് ഇരിങ്ങാലക്കുട. കുലീപതി മഹര്ഷിയോഗം യാഗം ചെയ്ത് ഇവിടം പുണ്യഭൂമിയാക്കിത്തീര്ത്തു. പിന്നീട് അവിടെ സ്ഥാപിച്ച യജ്ഞദേവന്റെ ക്ഷേത്രം ജൈനബൗദ്ധമതവും നമ്പൂതിരിമാരും ശൈവ വൈഷ്ണവ സംഘര്ഷങ്ങളും മൂലം ഒരു സംഘര്ഷഭൂമിയായി.

കാലം കടന്നുപോയി. ആഭിചാര പൂജകള് ചെയ്തു മൂര്ത്തിയുടെ ശക്തിക്ഷയം വരെ ഉണ്ടായി. അക്കാലത്ത് ചൈതന്യം വര്ദ്ധിപ്പിക്കാന്, പുനഃപ്രതിഷ്ഠ നടത്താന് ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു. സമുദ്രത്തില് മീന്പിടിക്കാന് പോയ മുക്കുവന്മാര്ക്ക് നാലു ദിവ്യവിഗ്രഹങ്ങള് ലഭിച്ചതു വായ്ക്കല് കയ്മളുടെ പക്കല് ഉണ്ടെന്ന വാര്ത്ത അപ്പോഴാണ് ക്ഷേത്ര ഭരണയോഗക്കാര് അറിഞ്ഞത്.

നാടുവാഴികളും യോഗക്കാരും ചേര്ന്ന് അതിലൊരു വിഗ്രഹം കൊണ്ടുവന്ന് യഥാവിധി ക്ഷേത്രത്തില് ഇന്നു കാണുന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചു. വിഗ്രഹം ഭരതന്റേതായിരുന്നു. ശ്രീരാമവിഗ്രഹം തൃപ്രയാറും ലക്ഷ്മണന്റെ മൂഴിക്കുളത്തും ശത്രുഘ്നനെ പായമേലും പ്രതിഷ്ഠിച്ചു.

ജലപ്രവാഹം ഇരുകൈവഴികളായി പ്രവഹിച്ചിരുന്നതിന്റെ മദ്ധ്യത്തില് മണല് വന്നുകൂടിയുണ്ടായ ഞാല്നിലങ്ങളുടെ അല്ലെങ്കില് ഇരുചാലുകളുടെ ഇടയില് ക്ഷേത്രനിര്മാണം ചെയ്തു ദേവപ്രതിഷ്ഠ കഴിച്ചതുകൊണ്ടാണ് ക്ഷേത്രത്തിന് ഇരുഞ്ഞാല്കിട (ഇരുചാല്ക്കിടാ) എന്നു പേരുണ്ടായത്. (കൂനേഴത്ത് പരമേശ്വര മേനോന് ലേഖനം). എന്നാല് ഇന്ന് ക്ഷേത്രമേയുള്ളൂ. ഒന്നിടവിട്ട വര്ഷങ്ങളല് കുറുമാലിപുഴയിലും ചാലക്കുടിപുഴയിലും ദേവനെ ആറാടിക്കുന്നു.

പുനപ്രതിഷ്ഠയ്ക്കുശേഷം വിഗ്രഹത്തില് ദിവ്യജ്യോതിസ് കാണപ്പെട്ടു. മാണിക്യ കാന്തിയാണെന്ന് സംശയം തോന്നിയ ക്ഷേത്രഭരണക്കാര് കായം കുളം രാജാ!വിന്റെ പക്കലുള്ള മാണിക്യവുമായി ഒത്തുനോക്കാന് തീരുമാനിച്ചു . ഭരണാധികാരികള് കായംകുളം രാജാവിനെ സമീപിച്ച് വിവരം ഉണര്ത്തിച്ച് മാണിക്യം കേടുകൂടാതെ തിരിച്ചു നല്കാമെന്ന കരാറില് രത്നം വാങ്ങി.

പുജാരി മാണിക്യം വിഗ്രഹത്തോട് ചേര്ത്തുപിടിച്ച് പ്രകാശങ്ങള് തമ്മിലൊത്തുനോക്കി. എന്നാല് നിമിഷനേരം കൊണ്ട് മാണിക്യക്കല്ല് വിഗ്രഹത്തില് ലയിച്ചു ചേര്ന്നു. മാണിക്യരത്നം വിഗ്രഹത്തോട് കൂടിച്ചേര്ന്നതുകൊണ്ട് അതിനുശേഷം ഇരിങ്ങാലക്കുടക്ഷേത്രം കൂടല്മാണിക്യം ക്ഷേത്രമെന്ന പേരില് അറിയപ്പെട്ടു

മകരമാസത്തിലെ പുണര്തമാണ് പ്രതിഷ്ഠ ദിവസമായി ആചരിക്കുന്നത്. മേടത്തില് ഉത്രം കൊടികയറി പതിനൊന്നു ദിവസത്തെ ഉത്സവം ഗംഭീരമായി ആഘോഷിക്കുന്നു. അണിഞ്ഞൊരുങ്ങിയ പതിനഞ്ചാനപ്പുറത്താണ് ദിവസവും എഴുന്നള്ളിപ്പ്.

എഴുന്നള്ളിക്കുന്ന ആനയുടെ രണ്ടു പുറത്തും കുട്ടി ആനകളെ എഴുന്നള്ളിക്കുന്ന പതിവുണ്ട്. പഞ്ചാരിമേളമാണ് പ്രധാനം. രാവിലേയും രാത്രിയും എഴുന്നള്ളിപ്പും മേളവും ഗംഭീരമാണ്. പള്ളി വേട്ട ആഘോഷദിവസം രാത്രി അങ്ങ് അകലെ കിഴക്കുള്ള ആല്ത്തറയില് ആണ് പള്ളിവേട്ടച്ചടങ്ങ് പതിവുള്ളത്. അതിനു ശേഷം അഞ്ച് ആനയുമായി പഞ്ചവാദ്യത്തോടെ ക്ഷേത്രത്തിലേയ്ക്ക് മടങ്ങും. കുട്ടന്കുളത്തിന് അടുത്ത് എത്തിയാല് പഞ്ചവാദ്യം കവിഞ്ഞ് വെടിക്കൊട്ടും തുടര്ന്ന് പാണ്ടിമേളവും ഉണ്ടായിരിക്കും.

ക്ഷേത്രത്തില് മടങ്ങി എത്തിയാല് പള്ളിക്കുറുപ്പോടെ ചടങ്ങ് അവസാനിക്കുന്നു. പിറ്റേന്നാണ് ആറാട്ട്. കൊടിയിറക്കുന്നതിന് മുമ്പായി കൊടിക്കല്പ്പറ നിറക്കുന്നത് ഭക്തജനങ്ങള് പുണ്യമായി കരുതുന്നു.


ഏറ്റുമാനൂർ മഹാദേവക്ഷേത്രം -കോട്ടയം

കേരളത്തിലെ പ്രധാനപ്പെട്ടശിവ ക്ഷേത്രങ്ങളില് ഒന്നാണ് ഏറ്റുമാനൂര് മഹദേവ ക്ഷേത്രം.
കുംഭത്തിലെ തിരുവാതിര ആറാട്ടായി പത്തു ദിവസത്തെ ഉത്സവം. അപസ്മാരത്തിന് നെയ്യും പഞ്ചഗവ്യവും സേവിച്ച് ക്ഷേത്രത്തില് ഭജനമിരിക്കാറുണ്ട്. ശ്രീകോവിലിന്റെ താക്കോല് ഇപ്പോഴും കൈസ്ഥാനികളായ മൂസ്സതു കുടുംബക്കാരുടെ (വലിയിടത്തില്ലം, പാടകശ്ശേരി ഇല്ലം, തെക്കില്ലം, ചിറ്റേഴത്തില്ലം) കൈവശം.

കൊല്ലവര്ഷം 720 ല് ഭഗവാന് സ്വയം കൊളുത്തിയെന്നു വിശ്വസിക്കപെടുന്ന വിളക്ക് പിന്നെ ഇതു വരെ അണഞ്ഞിട്ടില്ല. ഇതിലേക്ക് എണ്ണ നിറക്കുന്നത് ഇവിടത്തെ ഒരു പ്രധാന വഴിപാടാണ്.

പുന്നയ്ക്കല്, അയ്യങ്ങണിക്കല്, ചിറക്കര, പുളിന്താനം, പട്ടമന, മംഗലം, ചെന്തിട്ട, എട്ടൊന്നശ്ശേരി ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു.

ഇവരില് പുന്നയ്ക്കലാണ് ശ്രീകോവില് പണിയിച്ചത്. ചെങ്ങന്നൂര് വാഴൂര് പൊന്നുരുട്ടി മഠത്തില് പണ്ഡാരത്തിന് എട്ടാം ഉത്സവ ദിവസം ഏഴരപ്പൊന്നാന ദര്ശനസമയത്ത് പ്രത്യേകം അവകാശമുണ്ട്. നായര് കുടുംബങ്ങളായ താഴത്തെ കൂറ്റ്, കുഴിക്കോട്ട, താഴത്തുരുത്തി വീട്ടുകാര്ക്കും ക്ഷേത്രവുമായി എന്തോ ബന്ധമുണ്ട്.

ക്ഷേത്രത്തിന്റെ ഊരാളന്മാരായ എട്ടു മനക്കാര് ഉണ്ടായിരുന്നതുകൊണ്ട് സ്ഥലത്തിന് എട്ടുമനയൂര് എന്ന പേരുവന്നു എന്ന് ഐതിഹ്യം. ഇതു ശരിയാകാന് വഴിയില്ല.
നന്പൂതിരി ഗ്രാമക്ഷേത്രമായിരുന്നു ഏറ്റുമാനൂര്. ഗ്രാമത്തിലെ എല്ലാ ഇല്ലക്കാര്ക്കും ക്ഷേത്രത്തില് ഊരാളസ്ഥാനം. ഒരുപക്ഷേ ശേഷിച്ചത് എട്ടുമനക്കാരാകാം. ഇവിടത്തെ ശിവന് കൊടികുത്തിമലയിലായിരുന്നു എന്ന് ഒരു ഐതിഹ്യമുണ്ട്.

108 ശിവാലയങ്ങളില് ഒന്നായതിനാല് പരശു രാമപ്രതിഷ്ഠ എന്നും ഐതിഹ്യം. ഖരന് ചിദംബരത്തുനിന്നും കൊണ്ടുവന്ന മൂന്നു ലിംഗങ്ങളില് ഒന്നാണ് ഇവിടെ പ്രതിഷ്ഠിച്ചത് എന്നാണ് മറ്റൊരു ഐതിഹ്യം.
താപസശാപത്താല് കാടുപിടിച്ചു കിടന്നിരുന്ന ക്ഷേത്രം വില്വമംഗലമാണ് പുനഃപ്രതിഷ്ഠിച്ചത് എന്നാണ് മറ്റൊരു പുരാവൃത്തം. വില്വമംഗലം വൈഷ്ണവനായതിനാല് ശിവനെ പ്രതിഷ്ഠിക്കാന് സാദ്ധ്യത തീരെയില്ല. വേദവ്യാസന് താമസിച്ചിരുന്ന വേദഗിരിയിലാണ് ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്നും ഒരു വിശ്വാസമുണ്ട്.
അവിടെ കുംഭത്തിലെയും കര്ക്കിടകത്തിലെയും കറുത്തവാവുകള്ക്ക് ബലിതര്പ്പണത്തിനു ഭക്തര് പോകാറുമുണ്ട്. കാടുപിടിച്ചു കിടന്നിരുന്ന ക്ഷേത്രം വില്വമംഗലത്തിന്റെ കാലത്ത് പുനരുദ്ധരിച്ചതാകാം. ലിംഗം ചിദംബരത്തുനിന്നും അക്കാലത്ത് കൊണ്ടുവന്നതാകാനാണ് സാധ്യത.

ചിദംബരം ക്ഷേത്രത്തില്നിന്നും ലിംഗങ്ങള് കൊണ്ടുവന്നു പ്രതിഷ്ഠിക്കുക കേരളത്തിലെ ഒരു കീഴ്വഴക്കമായിരുന്നു. തിരുവഞ്ചിക്കുളം ക്ഷേത്രം തകര്ത്തപ്പോള് പുനഃപ്രതിഷ്ഠയ്ക്ക് ലിംഗം കൊണ്ടുവന്നത് ചിദംബരത്തുനിന്നാണ്. ശൈവവൈഷ്ണവ സംയോജനസങ്കല്പം അക്കാലത്ത് ഉടലെടുത്തതിനാല് വില്വമംഗലം കീഴ്തൃക്കോവിലില് ശ്രീകൃഷ്ണനെയും പ്രതിഷ്ഠിച്ചു എന്നു കരുതാം.
ശിവനെ ശത്രുസംഹാരഭാവത്തില് പ്രതിഷ്ഠിക്കാന് കാരണം ശത്രുക്കളുടെ ഉന്മൂലനാശനമായിരിക്കണം. നരസിംഹത്തിന്റെ കോപമടക്കിയ ഭാവമാണ് 'സരഭന്'. റോഡുനിരപ്പില്നിന്നും ഒന്നര മീറ്ററോളം താഴ്ചയിലാണ് ക്ഷേത്രം. ക്ഷേത്രക്കുളത്തിന് കുലച്ച വില്ലിന്റെ ആകൃതി. 'വില്ലുകുളം.' ക്ഷേത്രത്തില് ഒരു പ്രത്യേക പൂജയുണ്ട്.

മാധവിപ്പിള്ള പൂജ (ഉഷപ്പൂജ). സാമൂതിരിയുടെ ഭാഗിനേയി മാധവിത്തന്പുരാട്ടിയുടെ തലയില് വ്രണം വന്നപ്പോള് ക്ഷേത്രത്തില് പ്രാര്ത്ഥന നടത്തിയെന്നും മാറിയപ്പോള് സാമൂതിരി ഏര്പ്പെടുത്തിയതാണ് അഭിഷേകം കഴിഞ്ഞാല് നടത്തുന്ന പൂജയെന്നുമാണ് പഴമ.

ഇതിന് 336 പറ നിലവും ഏഴര മുറി പുരയിടവും ക്ഷേത്രത്തിനു നല്കിയിരുന്നു. കൊല്ലവര്ഷം 929ല് തിരുവിതാംകൂര്, വടക്കുംകൂര് രാജ്യം ആക്രമിച്ചപ്പോള് മാധവിപ്പിള്ള മഠവും ശത്രുവായ സാമൂതിരി ക്ഷേത്രത്തിനു നല്കിയ സ്ഥലവും നശിപ്പിച്ചു.ഇതിന്റെ പ്രായശ്ഛിത്തച്ചാര്ത്തനുസരിച്ച് നടയ്ക്കല്വെച്ചതാണ് ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാന. രണ്ടടി പൊക്കം വരുന്ന പ്ളാവിന്റെ കാതല് കൊണ്ടു നിര്മ്മിച്ച ഏഴ് ആനകള്. ഓരോ ആനയും ഓരോ തുലാം സ്വര്ണ്ണംകൊണ്ടും ഒരടിപ്പൊക്കത്തിലുള്ള അരയാന അര തുലാം സ്വര്ണ്ണംകൊണ്ടും പൊതിഞ്ഞതാണ്.കൂടാതെ 96.5 കഴഞ്ച് സ്വര്ണ്ണംകൊണ്ടു നിര്മ്മിച്ച പഴുക്കാക്കുലയും ഏഴു കഴഞ്ച് കൊണ്ടുണ്ടാക്കിയ തോട്ടിയും വളരും. 934 ഇടവം 12 വെള്ളിയാഴ്ചയാണ് നടയ്ക്കല് വെച്ചത്. അനിഴം തിരുനാള് മാര്ത്താണ്ഡവര്മ്മയാണ് പ്രായശ്ഛിത്തം കഴിക്കാന് ചാര്ത്ത് അനുസരിച്ചു നേര്ന്നതെങ്കിലും അദ്ദേഹം മരിച്ചതിനാല് കാര്ത്തിക തിരുനാളാണ് നേര്ച്ച നടയ്ക്കല് വെച്ചത്.

ക്ഷേത്രത്തിലെ എട്ടാം ഉത്സവത്തിന് ഏഴരപ്പൊന്നായെ തണ്ടിലേറ്റി എഴുന്നള്ളിക്കും.ഇതുകൂടാതെ മാണിക്കം ദേശത്ത് 168 പറ നിലവും 23.5 മുറി പുരയിടവും ഒരു മാവും ക്ഷേത്രത്തിന് ദാനമായും തിരുവിതാംകൂര് നല്കിയിരുന്നു. ചണ്ഡലഭാസ്കരന് എന്ന പാണ്ഡ്യരാജാവ് ഒരു പരദേശബ്രാഹ്മണനെ വധിച്ച പാപം തീരാന് ക്ഷേത്രത്തില് 36 ബ്രാഹ്മണര്ക്കു നമസ്കാരം ഏര്പ്പെടുത്തിയിരുന്നായും ഒരു ഐതിഹ്യമുണ്ട്.ക്ഷേത്രത്തില് രണ്ടു വൃഷഭമുണ്ട്. ഇതില് ഒന്ന് ഏറ്റുമാനൂരപ്പനെ ഭജിച്ച് വയറുവേദന മാറിയ ചെന്പകശ്ശേരി രാജാവ് കൊല്ലവര്ഷം എട്ടാംനൂറ്റാണ്ടില് ക്ഷേത്രത്തില് സമര്പ്പിച്ചതാണെന്നു കരുതുന്നു. ഇതിനകത്തുള്ള നെല്ലെടുത്ത് 'ഉദരത്തില് ചെന്നെല്ല് വിത്ത്' ഭക്ഷിച്ചാല് ഉദരവ്യാധി മാറുമെന്ന് വിശ്വാസമുണ്ട്.സാമൂതിരിയുടെ ഭാഗിനേയി മാധവിപ്പിള്ളയും ചെന്പകശ്ശേരിയും അസുഖം മാറി വഴിപാടുകള് നേര്ന്ന ക്ഷേത്രം അക്കാലത്ത് അസുഖങ്ങള് മാറാന് പ്രസിദ്ധിപെറ്റതായിരിക്കണം. ക്ഷേത്രത്തില് വലംപിരിശംഖുമുണ്ട്.ക്ഷേത്രനിര്മ്മാണം കൊല്ലവര്ഷം 717 കുംഭം 21ന് തുടങ്ങി 720 മീനം 20ന് ദ്രവ്യകലശം നടത്തിയെന്ന് ക്ഷേത്രത്തിന്റെ മുകള്ഭാഗത്തെ ഭിത്തിയില് രേഖപ്പെടുത്തിയിട്ടുണ്ട്. സമയത്ത് ചിദംബരത്തുനിന്നായിരിക്കാം ലിംഗം കൊണ്ടുവന്നത്.

ക്ഷേത്രത്തിലെ വലിയ ബലിക്കല്ലിനു പടിഞ്ഞാറുഭാഗത്തുള്ള വലിയ വിളക്കും പ്രസിദ്ധമാണ്. വിളക്കിലെ എണ്ണമഷികൊണ്ടു കണ്ണെഴുതിയാല് നേത്രരോഗം മാറുമെന്ന് പഴമ. ഒരു നീലകണ്ഠനാചാരി നടയ്ക്കല് വെച്ച കരിങ്കല് നാദസ്വരവും ക്ഷേത്രത്തിലെ തെക്കെ ഭിത്തിയിലെ അഘോരമൂര്ത്തിയുടെയും വടക്കെ ഭിത്തിയിലെ അനന്തശയനത്തിന്റെയും ചിത്രങ്ങള് പ്രസിദ്ധിപെറ്റതാണ്.
ക്ഷേത്ര ഊരാളന്മാരായ നന്പൂതിരിമാര് തമ്മില് മത്സരം മൂത്തതിനെത്തുടര്ന്ന് കാര്യസ്ഥനായ മൂത്തത് ക്ഷേത്രഭരണം ചെങ്ങന്നൂര് പൊന്നുരുട്ടി പിന്തരോട്ട പണ്ടാരത്തിലേക്ക് ഒഴിഞ്ഞുകൊടുത്തിരുന്നു. അദ്ദേഹം ചെങ്ങന്നൂരിലെ എട്ട് ഇല്ലക്കാരെ ഊരാളന്മാരാക്കി എന്നും പറയുന്നുണ്ട്.


929ല് തിരുവിതാംകൂറിനു നല്കി. പിടിച്ചെടുത്തു എന്നും ഒഴിഞ്ഞുകൊടുത്തു എന്നും അഭിപ്രായങ്ങള്. അക്കൊല്ലമായിരുന്നു വടക്കുംകൂറിനെതിരെ യുദ്ധം. കൊല്ലവര്ഷം 987 മുതല് തിരുവിതാംകൂര് സര്ക്കാരിന്റെ കീഴിലാണ് ക്ഷേത്രം. ഇപ്പോള് തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ കീഴില്.