Monday, January 4, 2016

ജനിച്ച ആഴ്‌ചയുടെ ഗുണങ്ങള്‍

ഞായര്‍:

ഞായറാഴ്‌ച ജനിച്ചവരുടെ ജീവിതത്തില്‍ 19-ാം വയസ്സു മുതല്‍ 9 വര്‍ഷത്തിലൊരിക്കല്‍ ഏറ്റവും നല്ലൊരു കാലമുണ്ടാവും. ഇക്കാലത്ത്‌ സമ്പത്തും മറ്റ്‌ ഐശ്വര്യങ്ങളും വന്നുചേരും. ഞായറാഴ്‌ച ദിവസം ജനിച്ചവര്‍ തങ്ങളുടെ വാക്കിന്‌ വില കല്‍പ്പിക്കുന്നവരായിരിക്കും. ബന്ധുക്കളുടേയും സ്വജനങ്ങളുടേയും കാര്യത്തില്‍ വളരെ സ്‌നേഹപൂര്‍വ്വവും താല്‌പര്യപൂര്‍വ്വവും പെരുമാറും.
ഒരു കാര്യത്തിന്‌ ഇറങ്ങിത്തിരിച്ചാല്‍ പ്രതിപത്തിയോടുകൂടി പ്രവര്‍ത്തിച്ച്‌ അതില്‍ വിജയം വരിക്കും. ദുഃഖദുരിതങ്ങളനുഭവിക്കുന്നവരോട്‌ സഹതാപമുള്ള ഇവര്‍ സ്വമനസ്സാലെ അവരെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന സ്വഭാവക്കാരായിരിക്കും.

തിങ്കള്‍:

ഇരുപതു വയസ്സുമുതല്‍ 9 വര്‍ഷത്തിലൊരിക്കല്‍ ഇവരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങളുണ്ടാവും. സാവധാനം മാത്രം ജീവിതത്തിന്റെ ഉന്നതിയിലെത്തുകയും ജീവിതത്തില്‍ ചില പ്രധാന സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്യും. ചെയ്യുന്ന തൊഴിലിലും ഉദ്യോഗത്തിലും നല്ല ലാഭം ലഭിക്കും.
സുഖലോലുപരായ തിങ്കളാഴ്‌ചക്കാര്‍ എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്നവരായിട്ടാണ്‌ കണ്ടുവരുന്നത്‌. വലിയവന്‍, ചെറിയവന്‍ എന്ന ഭേദമില്ലാതെ ചുറ്റും നടക്കുന്ന നന്മതിന്മകളെ നിരീക്ഷണം നടത്തി സംസാരിക്കുന്നവരാണീക്കൂട്ടര്‍. ഇവര്‍ 2, 7, 11, 16, 20, 25, 29 എന്നീ തീയതികളില്‍ ചെയ്യുന്ന കാര്യങ്ങള്‍ വിജയകരമാവും.

ചൊവ്വ:

ഇവര്‍ ഏര്‍പ്പെടുന്ന കാര്യങ്ങള്‍ വിജയപ്രദമാവണമെങ്കില്‍ 9, 18, 27 എന്നീ തീയതികളില്‍ അവ ആരംഭിക്കേണ്ടിയിരിക്കുന്നു. ഈ തീയതികള്‍ ബുധനാഴ്‌ചയാണെങ്കില്‍ അതിവിശിഷ്‌ടം. ചൊവ്വാഴ്‌ച ജനിച്ചവര്‍ക്ക്‌ ജീവിതത്തില്‍ ഉന്നതിയും സമ്പത്തും ഭാഗ്യകാലങ്ങളുമുണ്ടാവും. പതിനെട്ടു വയസ്സുമുതല്‍ ഒമ്പതുവര്‍ഷത്തിലൊരിക്കല്‍ മാറ്റം അനുഭവപ്പെടും.
അല്‌പം കര്‍ശന സ്വഭാവക്കാരായിരിക്കുമിവര്‍. ഗൃഹനിര്‍മ്മാണം, ഭൂമിവാങ്ങല്‍, പുതിയ തൊഴില്‍ തുടങ്ങാന്‍, പുതിയ സുഹൃത്തുക്കളെ കാണാന്‍, പുതിയ കരാറുകളില്‍ ഒപ്പിടാന്‍ മേല്‍പ്പറഞ്ഞ തീയതികള്‍ ശുഭകരമാകുന്നു.

ബുധന്‍:

ബുധനാഴ്‌ച ജനിച്ചവര്‍ ഏതുകാര്യത്തില്‍ പ്രവേശിച്ചാലും അതില്‍ വിജയം വരിക്കുന്നവരായിരിക്കും. 5, 10, 14, 23 എന്നീ തീയതികള്‍ ഇവര്‍ക്ക്‌ വിജയം പ്രദാനം ചെയ്യുന്നവയായിരിക്കും. ഇരുപത്തിമൂന്നു വയസ്സു മുതല്‍ 9 വര്‍ഷത്തിലൊരിക്കല്‍ നല്ല കാലഘട്ടമുണ്ടാവും. ഏതു പദവിയിലിരുന്നാലും ഉയരങ്ങളിലെത്തും.
ഡോക്‌ടര്‍, എഞ്ചിനീയര്‍, ജഡ്‌ജിമാര്‍ എന്നിവര്‍ മിക്കവരും ബുധനാഴ്‌ചക്കാരായിരിക്കും. സൂക്ഷ്‌മ ബുദ്ധിക്ക്‌ ഉടമകളായ ഇവര്‍ ഊഹംകൊണ്ടുതന്നെ ഏതുരഹസ്യവും പെട്ടെന്ന്‌ മനസ്സിലാക്കും. എങ്ങനെ വരുമാനം ഉയര്‍ത്താം എന്നതിന്‌ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. മറ്റുള്ളവരോട്‌ ചാതുര്യത്തോടെ സംസാരിച്ച്‌ കാര്യം നേടാനുള്ള സാമര്‍ത്ഥ്യവും ബുധനാഴ്‌ച ജനിച്ചവര്‍ക്കുണ്ട്‌.

വ്യാഴം:

3, 6, 9, 12, 15, 18, 21, 24, 27, 30 എന്നീ തീയതികളിലും വെള്ളിയാഴ്‌ചയും ഏറ്റെടുക്കുന്ന കാര്യം വിജയപ്രദമാവും. പതിനെട്ടു വയസ്സുമുതല്‍ മൂന്നുവര്‍ഷങ്ങള്‍ക്കൊരിക്കല്‍ ജീവിതത്തില്‍ ഭാഗ്യകരമായ മാറ്റങ്ങള്‍ അനുഭവപ്പെടും. മറ്റുള്ളവര്‍ വിശ്വാസവഞ്ചന കാണിച്ചാലും അവരോട്‌ ശാന്തവും സ്‌നേഹപൂര്‍വ്വവുമുള്ള സമീപനം പ്രകടിപ്പിച്ചുകൊണ്ട്‌ അവരെ നേര്‍വഴിക്ക്‌ കൊണ്ടുവരാന്‍ ശ്രമിക്കും.
നീതിയും സത്യസന്ധ്യതയും പുലര്‍ത്തുന്ന ഇക്കൂട്ടര്‍ ആ നിയന്ത്രണരേഖയ്‌ക്ക് അപ്പുറത്തേക്ക്‌ പോകില്ല. ആര്‌ ദുഃഖമനുഭവിക്കുന്നുണ്ടെങ്കിലും അവര്‍ക്ക്‌ സഹായഹസ്‌തവും സാന്ത്വനവും നല്‍കും. എല്ലാവരേയും സ്‌നേഹിക്കയും ബഹുമാനിക്കയും ചെയ്യുന്ന വ്യാഴാഴ്‌ചക്കാര്‍ പിടിവാശിക്കാരായിരിക്കും.

വെള്ളി:

ഇവര്‍ തത്വപരമായേ സംസാരിക്കയുള്ളൂ. പ്രകൃതിദത്തമായി/സ്വാഭാവികമായി സ്‌ത്രീകളെ പെട്ടെന്ന്‌ മയക്കിവശീകരിക്കാനുള്ള ഇവരുടെ കഴിവ്‌ അപാരമാണ്‌. എല്ലാം അറിയുന്നവരെപ്പോലെ സംസാരിക്കുന്ന സാമര്‍ത്ഥ്യശാലികളായിരിക്കും. ഇവര്‍ക്ക്‌ ഇരുപത്തിരണ്ടു വയസ്സുമുതല്‍ നാലുവര്‍ഷത്തിലൊരിക്കല്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ അനുഭവപ്പെടും.
4, 8, 13, 17, 26, 31 തീയതികളില്‍ പുതിയ കാര്യങ്ങള്‍ തുടങ്ങിയാല്‍ വിജയപ്രദമാവും. ഈ തീയതികള്‍ തിങ്കളാഴ്‌ചയാണെങ്കില്‍ അതിവിശിഷ്‌ടങ്ങളാണ്‌. പറഞ്ഞവാക്ക്‌ ഏത്‌ ദുര്‍ഘടാവസ്‌ഥയിലും പിന്‍വലിക്കില്ല. അതിന്റെ ലാഭ നഷ്‌ടങ്ങളെക്കുറിച്ചും വ്യാകുലചിത്തരായിരിക്കില്ല.

ശനി:

ശനിയാഴ്‌ച ജനിച്ചവര്‍ ഗുരുഭക്‌തിയുള്ളവരും മുതിര്‍ന്നവരെ ബഹുമാനിക്കുന്നവരുമായിരിക്കും. 22 വയസ്സുമുതല്‍ 26, 31, 35, 40, 44, 53, 62, 67 എന്നീ പ്രായങ്ങള്‍ ഏറെ വിശേഷപ്പെട്ട ഭാഗ്യകാലമാകുന്നു. 4, 8, 13, 17, 26, 31 എന്നീ തീയതികളില്‍ ഏത്‌ നല്ല കാര്യവും ആരംഭിക്കാം. ഈ തീയതികള്‍ വ്യാഴാഴ്‌ചകളിലാണെങ്കില്‍ വിജയം സുനിശ്‌ചിതം. ഇവര്‍ സമൂഹത്തില്‍ പ്രധാനികളായിരിക്കും.
സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്കായി എന്തുത്യാഗം സഹിക്കാനും സന്നദ്ധരായിരിക്കും. അനാവശ്യമായ വിശ്രമം, അലസത എന്നിവയൊന്നും ഇവരെ അലട്ടുകയില്ല. ഏതുകാര്യവും ഉടന്‍ ചെയ്‌തു തീര്‍ക്കുന്ന ഉത്സാഹമതികളാണിവര്‍. സ്‌നേഹിച്ചാല്‍ അങ്ങേയറ്റംവരെ സ്‌നേഹം തിരിച്ചു നല്‍കുന്നവരായിരിക്കുമിവര്‍.

Wednesday, December 16, 2015

സന്താന രക്ഷയ്‌ക്കായി ഷഷ്‌ഠിസ്‌തുതി

വെളുത്തപക്ഷ ഷഷ്‌ഠിയാണ്‌ വ്രതം അനുഷ്‌ഠിക്കുന്നതിന്‌ ഉത്തമം. തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്‌ഠി സ്‌ക്കന്ദഷഷ്‌ഠിയെന്ന്‌ അറിയപ്പെടുന്നു. അന്നു മുതല്‍ തുടങ്ങി എല്ലാ മാസത്തിലെയും ഷഷ്‌ഠിനാളില്‍ വ്രതം അനുഷ്‌ഠിക്കുന്നത്‌ വളരെ ഉത്തമം.

കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഒരു കുഞ്ഞിക്കാലു കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരേപോലെ ജപിക്കാവുന്ന ഒരു സ്‌തുതിയാണിത്‌.
ഷഷ്‌ഠിവ്രതം അനുഷ്‌ഠിക്കുന്നത്‌ സുബ്രഹ്‌മണ്യപ്രീതിക്കുവേണ്ടിയാണെന്ന്‌ ഏവര്‍ക്കും അറിയാവുന്നതാണ്‌. കുഞ്ഞുങ്ങള്‍ക്ക്‌ നന്മ വരുന്നതിലേക്കായി മാതാപിതാക്കള്‍ അനുഷ്‌ഠിക്കുന്ന വ്രതമാണ്‌ ഷഷ്‌ഠിവ്രതം.
ആദ്യമായി ഷഷ്‌ഠിവ്രതം അനുഷ്‌ഠിച്ചത്‌ ശ്രീപാര്‍വ്വതീ ദേവിയാണെന്നും ദേവാസുര യുദ്ധത്തില്‍ സര്‍പ്പരൂപിയായി മറഞ്ഞ മകന്‍ സുബ്രഹ്‌മണ്യനെ തിരികെ സ്വരൂപത്തില്‍ കാണുന്നതിനായി ദേവി 108 ഷഷ്‌ഠിവ്രതം അനുഷ്‌ഠിച്ചെന്നും പറയപ്പെടുന്നു.
വെളുത്തപക്ഷ ഷഷ്‌ഠിയാണ്‌ വ്രതം അനുഷ്‌ഠിക്കുന്നതിന്‌ ഉത്തമം. തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്‌ഠി സ്‌ക്കന്ദഷഷ്‌ഠിയെന്ന്‌ അറിയപ്പെടുന്നു. അന്നു മുതല്‍ തുടങ്ങി എല്ലാ മാസത്തിലെയും ഷഷ്‌ഠിനാളില്‍ വ്രതം അനുഷ്‌ഠിക്കുന്നത്‌ വളരെ ഉത്തമം.


ഷഷ്‌ഠിദേവി

മൂലപ്രകൃതിയായ ദേവിയുടെ ഷഷ്‌ഠാംശം ആയതിനാല്‍ ഷഷ്‌ഠിദേവിയെന്ന്‌ വിളിക്കുന്നു. ബ്രഹ്‌മാവിന്റെ മാനസപുത്രിയാണ്‌. ദേവസേന എന്ന്‌ പേര്‌. സുബ്രഹ്‌മണ്യസ്വാമിയുടെ പത്നിയാണ്‌. സുബ്രഹ്‌മണ്യ ക്ഷേത്രങ്ങളില്‍ ഭഗവാന്റെ ഇടതുവശത്തായി സ്‌ഥാനം.
വലതുവശത്ത്‌ വള്ളീദേവിയും ഇടതുവശത്ത്‌ ദേവസേനയും (ഭഗവാന്‌ രണ്ടു പത്നിമാര്‍ ആണല്ലോ). ദേവി മാത്രമായി ക്ഷേത്രം ഉള്ളതായി അറിയില്ല. കുട്ടികളുടെ അധിഷ്‌ഠാന ദേവതയാണ്‌. കുട്ടികള്‍ക്ക്‌ ആയുസ്സും ആരോഗ്യവും സല്‍ബുദ്ധിയും നല്‍കുന്ന ദേവിയെ പ്രാര്‍ത്ഥിച്ചാല്‍ ഉറപ്പായും ഫലം ലഭിക്കും.


ഷഷ്‌ഠിസ്‌തുതി

ശ്രീ മഹാദേവീ ഭാഗവതത്തില്‍ 46-ാം അദ്ധ്യായം. ഷാഷ്‌ഠ്യുപഖ്യാനം എന്ന ഭാഗത്ത്‌ സുബ്രഹ്‌മണ്യപത്നിയായ ദേവസേനാ ദേവിയുടെ ചരിത്രവും സ്‌തോത്രവും ഷഷ്‌ഠി ദേവിയുടെ പൂജാവിധികളും അനു്രഗഹശക്‌തിയും വിവരിക്കുന്നുണ്ട്‌.
സ്വയംഭൂമനുവിന്റെ പുത്രനായ പ്രിയവ്രതന്‍ സ്‌തുതിക്കുന്നതാണ്‌ ഈ സ്‌തുതി.
നമോദേവി മഹാദേവി!
സിദ്ധേ ശാന്തേ നമിച്ചിടാം ശ്രദ്ധയ്‌ക്കായ്‌ ദേവസേനയ്‌ക്കായ്‌ ഷഷ്‌ഠിക്കായ്‌ ഞാന്‍ നമിച്ചിടാം
വരദയ്‌ക്കായ്‌ പുത്രദയയ്‌ക്കായ്‌ ധനദയയ്‌ക്കായ്‌ നമിച്ചിടാം.
സുഖമോക്ഷദയാം ഷഷ്‌ഠീദേവിക്കായ്‌ ഞാന്‍ നമിച്ചിടാം.
സൃഷ്‌ടേ ഷഷ്‌ഠാംശ രൂപേ! നല്‍സിദ്ധേ! നിന്നെ നമിച്ചിടാം
സിദ്ധയോഗിയിനിയാം മായേ! ഷഷ്‌ഠിദേവീ! നമിച്ചിടാം
സാരയ്‌ക്കായ്‌ ശാരദയ്‌ക്കായും പരയ്‌ക്കായും നമിച്ചിടാം
ബാലാധിഷ്‌ഠാ തൃദേവിക്കായ്‌ ഷഷ്‌ഠിദേവിക്കിതാ നമഃ കല്യാണിദായി കല്യാണി.
കര്‍മ്മത്തില്‍ ഫലദായിനി! പ്രത്യക്ഷേ ഭക്‌തരായോര്‍ക്കു ഷഷ്‌ഠീദേവി നമിച്ചിടാം
കര്‍മ്മങ്ങളില്‍ പൂജ്യമാകും സ്‌കന്ദകാന്തേ നമിച്ചിടാം
ദേവന്മാരെ രക്ഷ ചെയ്‌ത ഷഷ്‌ഠീദേവി നമിച്ചിടാം
ശുദ്ധ്വ സത്വസ്വരൂപയ്‌ക്കായ്‌ വന്ദിതയ്‌ക്കായ്‌ സദാനൃണാം ഹിംസാക്രോധങ്ങളില്ലാത്ത ഷഷ്‌ഠിക്കായ്‌ ഞാന്‍ നമിച്ചിടാം.
ധനം ഭാര്യാ (ഭര്‍ത്തൃ) പുത്രരേയുമെനിക്കേകണമീശ്വരീ!
മാനം ജയം ശത്രുനാശമതും നല്‍കണമംബികേ!
യശസ്സും ധര്‍മ്മവും; ഷഷ്‌ഠീദേവിക്കായ്‌ നമിച്ചിടാം!
വിദ്യയും പ്രജയും ഭൂവും നല്‍കണം നീ സുപൂജിതേ!
കല്യാണവും നല്‍കീടേണം ഷഷ്‌ഠീദേവീ! നമിച്ചിടാം


ഫലം :-

ഏവം പ്രിയവ്രതന്‍ വാഴ്‌ത്തി കീര്‍ത്തിമാനായ പുത്രനെ ലഭിച്ചാല്‍ ഷഷ്‌ഠിയാം ദേവി പ്രസാദിക്കും.
ഒരു വത്സരമീ ഷഷ്‌ഠിസ്‌തോത്രം ഭക്‌ത്യാ പഠിപ്പവര്‍ പ്രാപിക്കുമായുസ്സേറീടും ശ്രേഷ്‌ഠനായുള്ള പുത്രനെ ഒരുവര്‍ഷം പൂജ ചെയ്‌തീ സ്‌തോത്രത്തെ കേട്ടിടുന്നവള്‍ പ്രസവിക്കും പാപമെല്ലാം പോയ്‌ മഹാവന്ധ്യയെങ്കിലും വിദ്വാനായ്‌ വീരനായ്‌ കീര്‍ത്തിമാനായ്‌ സല്‍ഗുണവാനുമായ്‌ ദീര്‍ഘായുസ്സായ സുതനെ ദേവി തന്‍ കൃപ മൂലമായ്‌ മൃതവത്സാ കാകവന്ധ്യയായിട്ടുള്ളൊരു നാരിയും വത്സരം കേള്‍ക്കുകില്‍ പുത്രനുണ്ടാം ദേവീ കൃപാ ബലാല്‍ബാലന്‌ രോഗമുള്ളപ്പോള്‍ പിതാക്കള്‍ കേട്ടുവെങ്കിലും മാസം കൊണ്ടാ രോഗനാശം വരും ഷഷ്‌ഠീകൃപാ ബലാല്‍.
തുടര്‍ന്ന്‌ സുബ്രഹ്‌മണ്യസ്വാമിയെ സ്‌തുതിക്കുക.
ഷണ്‍മുഖം ച ഗണാധീശം
സാംബം ച പരമേശ്വനും
മമ സര്‍വ്വദുഃഖ വിനാശായ
സന്തതം ചിന്തയാമ്യഹം.
ഷഡാനനം കുങ്കുമരക്‌തവര്‍ണ്ണം
മഹാമതിം ദിവ്യ മയൂരവാഹനം
രുദ്രസ്യ സൂനം സുരസൈന്യനാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ.
ഈ സ്‌തുതി നിത്യവും പ്രഭാതത്തിലോ, സന്ധ്യയ്‌ക്കോ രണ്ടുനേരമോ കുളിച്ച്‌ ശുദ്ധമായി നിലവിളക്ക്‌ കൊളുത്തി പ്രാര്‍ത്ഥിക്കുക. വള്ളീദേവയാനീ സമേതനായ സുബ്രഹ്‌മണ്യനെ മനസ്സില്‍ ധ്യാനിച്ച്‌ പ്രാര്‍ത്ഥിച്ച്‌ മക്കള്‍ക്ക്‌ വേണ്ടി അപേക്ഷിക്കുക. തീര്‍ച്ചയായും ഫലം ലഭിക്കും. എല്ലാ നന്മകളും ഉണ്ടാകട്ടെ.