Tuesday, January 8, 2013

എന്തുകൊണ്ട് നടയ്ക്കു നേരെ നിന്ന് തൊഴരുത്?


 ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന ഭക്തര്‍ ശ്രീകോവിലിന് നേരെ നടയില്‍ നിന്ന് തൊഴുതാല്‍ അറിവുള്ളവര്‍ ശാസിക്കാറുണ്ട്.

  മിക്ക അമ്പലങ്ങളിലും ഇതൊഴിവാക്കാനായി വേലി കെട്ടിയിരിക്കുകയാണ് പതിവ്. നടയ്ക്കു നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ നീങ്ങി ഏതാണ്ട് മുപ്പത് ഡിഗ്രി ചരിഞ്ഞ് നിന്ന് വേണം തൊഴാന്‍. ബിംബത്തില്‍ കുടികൊള്ളുന്ന കാന്തികരശ്മി അഥവാ ദേവചൈതന്യം ഭക്തനിലേക്ക് സര്‍പ്പാകൃതിയിലാണ് എത്തിച്ചേരുന്നത്. ഈ സമയം കൈകാലുകള്‍ ചേര്‍ത്ത് ഇരുകൈകളും താമരമൊട്ടുപോലെ പിടിച്ച് കണ്ണടച്ച് ധ്യാനിക്കണമെന്നാണ് വിധി. അങ്ങനെ ചെയ്യുമ്പോള്‍ പരസ്പരം സ്പര്‍ശിക്കുന്ന വിരലുകള്‍ വഴി തലച്ചോറിലെ പ്രാണോര്‍ജ്ജം അതിശക്തിയായി ശരീരമാസകലം വ്യാപിക്കും.

  ഇത്തരത്തില്‍ പ്രാണോര്‍ജ്ജം വ്യാപിക്കുന്ന വഴി ആചാര്യന്മാര്‍ വെളുപ്പെടുത്തിയിട്ടുണ്ട്. പൃഥിശക്തി ചെറുവിരല്‍ വഴിയും ജലശക്തി മോതിരവിരല്‍ വഴിയും അഗ്നിശക്തി നടുവിരല്‍ വഴിയും വായുശക്തി ചൂണ്ടുവിരല്‍ വഴിയും ആകാശശക്തി പെരുവിരല്‍ വഴിയും സൃഷ്ടിക്കപ്പെടുന്നു. പൃഥിശക്തി ശരീരബലം നല്‍കുമ്പോള്‍ ജലശക്തിയാകട്ടെ പ്രാണവികാരബലമാണ് നല്‍കുന്നത്. അഗ്നിശക്തി മനോബുദ്ധിബലം നല്‍കുമ്പോള്‍ വായുശക്തിയാകട്ടെ ബോധബലം നല്‍കുന്നു. ആത്മബലം നല്‍കാന്‍ ആകാശശക്തി ഉപകരിക്കും.

ശനിദോഷം കുറയ്ക്കാന്‍ പ്രത്യേക അനുഷ്ഠാനങ്ങള്‍


 മൂന്ന് പ്രധാന അനുഷ്ഠാനങ്ങള്‍ ശനിദോഷശാന്തിക്കുവേണ്ടി നടത്തിവരുന്നു. അവ ഇവയാണ്.

1). കറുത്തതുണിയില്‍ എള്ളുകെട്ടി നല്ലെണ്ണ ഒഴിച്ച് ദീപം തെളിയിച്ച് വീട്ടില്‍ സന്ധ്യക്ക്‌ ആ ദീപത്തെ വണങ്ങി അയ്യപ്പനെയോ ശാസ്താവിനെയോ ശനീശ്വരനെയോ വന്ദിച്ച് ഇഷ്ടപ്പെട്ട ദേവന്മാരുടെ സ്തോത്രങ്ങള്‍ ചൊല്ലുക.

2). ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഏഴുമണിവരെ ശനിഹോരയാണ്. ഈ സമയത്ത് ചോറില്‍ എള്ളു ചേര്‍ത്ത് കുഴച്ച് ഏഴ് ചെറിയ ഉരുളയുരുട്ടി കാക്കയ്ക്ക് നല്‍കുക.

3). ശനിദോഷമുള്ളവര്‍ ദിവസവും ആഹാരം കഴിക്കും മുമ്പ് ഒരു ഉരുള ചോറ് ശനീശ്വരനെ സങ്കല്‍പ്പിച്ച് കാക്കയ്ക്ക് നല്‍കിയശേഷം ഭക്ഷണം കഴിക്കുക.

   സൂര്യപുത്രനാണ് ശനി, സൂര്യന്‍ പകല്‍ സമയത്ത് വാഴുമ്പോള്‍ ശനി തന്റെ ശക്തി മുഴുവന്‍ പുറത്തു കാണിക്കില്ലത്രേ! രാത്രിയായാല്‍ ശനി ശക്തനായിത്തീരും. ഏഴരശ്ശനി അപകടങ്ങള്‍ രാത്രിയാണ് കൂടുതല്‍ കണ്ടുവരുന്നത്. കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുന്നതാണ് അത്തരക്കാര്‍ക്ക് നല്ലത്. എന്നാല്‍ വ്യാഴം ഇഷ്ടഭാവത്തില്‍ ചാരവശാല്‍ നിന്നാല്‍ ശനിദോഷം താരതമ്യേന കുറയുന്നതാകുന്നു.