Friday, December 14, 2012

ചന്ദനം കുങ്കുമം പ്രസാദം തുടങ്ങിയവ ധരിക്കേണ്ടത്‌.


ദേവീതത്ത്വത്തിന്റെ പ്രതീകമാണ് കുങ്കുമം. കുങ്കുമപ്പൂവ് ഉണക്കിപ്പൊടിച്ചാണ് കുങ്കുമം തയ്യാറാക്കുക. കുങ്കുമം കൊണ്ട് പൊട്ടാണ് ധരിക്കേണ്ടത്. ചന്ദ്രന്, ചൊവ്വ, ശുക്രന്, കേതു എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളില് കുങ്കുമംകൊണ്ട് പതിവായി തിലകം ധരിക്കാം. അതാത് ഗ്രഹങ്ങളുടെ അധിദേവതകളുടെ മന്ത്രങ്ങള് ജപിച്ചുകൊണ്ട് തിലകധാരണമാവാം. ദേവതകളുടെ ക്ഷേത്രങ്ങളില് കുങ്കുമാര്ച്ചന, കുങ്കുമാഭിഷേകം തുടങ്ങിയവ നടത്തി കുങ്കുമംകൊണ്ടും
നിത്യേന തിലകമണിയാം.

ഗണപതിഹോമത്തിന്റെ കരിപ്രസാദം കേതുദശാകാലത്ത് നിത്യേന ധരിക്കാം. അതുപോലെ രാഹുദശാകാലത്ത നാഗക്ഷേത്രങ്ങളില് നിന്നും ലഭിക്കുന്ന മഞ്ഞള്പ്രസാദവും പതിവായി ധരിക്കുന്നത് ദോഷശാന്തിപ്രദമാണ്. ദാരുവിഗ്രഹപ്രതിഷ്ഠയുള്ള ഭദ്രകാളീക്ഷേത്രങ്ങളില് നടക്കുന്ന ഒരു വഴിപാടാണ് ചാന്താട്ടം, ചാന്ത് കുജദശാകാലത്തും ചന്ദ്രദശാകാലത്തും ധരിക്കാം. കുറിതൊടുന്നതിനു ഉപയോഗിക്കുന്ന മറ്റൊരു വസ്തുവാണ് കളഭക്കൂട്ട്. അകില്, ചന്ദനം, ഗുല്ഗുലു, കുങ്കുമം, കൊട്ടം,ഇരുവേലി, രാമച്ചം, മാഞ്ചി എന്നീ എട്ടു സുഗന്ധദ്രവ്യങ്ങള് ചേര്ത്താണ് കളഭക്കൂട്ട് തയ്യാറാക്കുന്നത്. മഞ്ഞള് നേര്മ്മയായി പൊടിച്ച് അതില് നാരങ്ങാനീര് കലര്ത്തി ഉണക്കിയെടുക്കുന്ന സിന്ദൂരം. കസ്തൂരി മൃഗത്തില് നിന്നു ലഭിക്കുന്ന കസ്തൂരി, പശുവിന്റെ പിത്തനീരില് നിന്നും എടുക്കുന്ന ഗോരോചനം, പച്ചരിയും ചൗവരിയും കൂടി കരിച്ചെടുത്ത് ചെമ്പരത്തിപ്പൂനീരില് ചേര്ത്ത് തിളപ്പിച്ചുകുറുക്കി തയ്യാറാക്കുന്ന ചാന്ത്, കസ്തൂരി, കര്പ്പൂരം, അകില്, ചന്ദനം ഇവ അരച്ചു തയ്യാറാക്കുന്ന കുറികൂട്ട് എന്നിവയൊക്കെയും സ്ത്രീകള് കുറി തൊടാനായി ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്ക് അനുഷ്ഠാനപരമായ പ്രാധാന്യത്തെക്കാളുപരി സൗന്ദര്യസംവര്ദ്ധക വസ്തുക്കള് എന്ന നിലയിലാണ് പ്രാധാന്യമുള്ളത്.

വശീകരണം തുടങ്ങിയ കാര്യസാദ്ധ്യങ്ങള്ക്ക് തിലകം ധരിക്കുന്ന രീതി മന്ത്രപ്രയോഗങ്ങളില് ധാരാളമുണ്ട്. അവ നിപുണനായ ഒരു മാന്ത്രികന്റെ സഹായത്തോടെ മാത്രം ചെയ്യേണ്ടതാണ്. രക്തചന്ദനം, കച്ചൂരികിഴങ്ങ്, മാഞ്ചി, കുങ്കുമം, ഗോരോചനം, ചന്ദനം, അകില്, കര്പ്പൂരം എന്നീ അഷ്ടഗന്ധങ്ങള് അരച്ച് മാതംഗീ മന്ത്രത്താല് ശക്തിവരുത്തി അണിഞ്ഞാല് അവന് ഏവര്ക്കും പ്രിയങ്കരനാകും. ഇതൊരു ഉദാഹരണം മാത്രം. ഇത്തരത്തില് നിരവധി കര്മ്മങ്ങള് മന്ത്രവാദ ഗ്രന്ഥങ്ങളില് കാണാന് കഴിയും.

വിളക്ക്‌ കൊളുത്തുന്ന ദിക്കുകളും തിരികളുടെ എണ്ണവും


ഒരു തിരിയായി വിളക്ക് കൊളുത്തരുത്. കൈ തൊഴുതു പിടിക്കുന്നതുപോലെ രണ്ടു തിരികള് കൂട്ടിയോജിപ്പിച്ച് ഒരു ദിക്കിലേക്കിട്ട് ദീപംകൊളുത്താം. പ്രഭാതത്തില് ഒരു ദീപം കിഴക്കോട്ട്, വൈകിട്ട് രണ്ടു ദീപങ്ങള് കിഴക്കോട്ടും പടിഞ്ഞാറോട്ടും ഇതാണ് ഗൃഹത്തില് ദീപം തെളിക്കുന്നതിനുള്ള സാമാന്യവിധി. താന്ത്രിക പൂജാദികര്മ്മങ്ങള്, ദീപ പ്രശ്നം തുടങ്ങിയവയിലാണ് സാധാരണ മറ്റു രീതികളില് തിരിയിടുക. മൂന്ന്, അഞ്ച് എന്നിങ്ങനെയും ഗൃഹങ്ങളില് ദീപം കൊളുത്താം. മൂന്നാണെങ്കില് കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിക്കുകളിലേക്കാണ് തിരിയിടേണ്ടത്. വടക്കിനു പകരം വടക്കുകിഴക്ക് എന്നു പക്ഷാന്തരവുമുണ്ട്. അഞ്ചുതിരിയിട്ടാല് അവ നാലുദിക്കുകളിലേക്കും അഞ്ചാമത്തേത് വടക്കുകിഴക്ക് ദിക്കിലേക്കും ആവാം. ഏഴു തിരിയിടുമ്പോള് നാലു ദിക്കുകളിലേക്കും വടക്കുകിഴക്ക്, തെക്കു കിഴക്ക്, വടക്കുപടിഞ്ഞാറ് ദിക്കുകളിലേക്കും തിരിയിടാം. തെക്കു ദിക്കിലേക്ക് തിരി കൊളുത്താന് പാടില്ല.

കൂടുതല് തിരികള് ഇട്ടുകൊടുക്കുമ്പോള് വടക്കുനിന്നും ആരംഭിച്ച് പ്രദക്ഷിണമായി വേണം കൊളുത്തേണ്ടത്. അവസാന തിരി കത്തിച്ചുകഴിഞ്ഞാല് പ്രദക്ഷിണം പൂര്ത്തിയാക്കാതെ തിരിച്ചുവരണം. അതിനുശേഷം കത്തിക്കാന് ഉപയോഗിച്ച ദീപം കെടുത്തി വെക്കണം.

വിളക്കുകളില് നെയ്യ് വിളക്കിനാണ് ഏറ്റവും മഹത്വമുള്ളത്. പഞ്ചമുഖനെയ് വിളക്കിനുമുമ്പിലിരുന്ന് അഭീഷ്ടസിദ്ധിക്കായി ജപം തുടങ്ങിയവ നടത്തിയാല് ക്ഷിപ്രഫലം ഉണ്ടാകുമെന്നാണ് വിശ്വാസിക്കപ്പെടുന്നത്. നെയ് വിളക്ക് മറ്റ് എണ്ണ കൊണ്ടുള്ള തിരിയില് നിന്നോ വിളക്കില് നിന്നോ കൊളുത്തരുത്. ശുദ്ധമായ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവയും ഗൃഹ ദീപത്തിനുപയോഗിക്കാം. ചിലയിടങ്ങളില് മരണാനന്തര കര്മ്മങ്ങള്ക്കു മാത്രമേ എള്ളെണ്ണ ഉപയോഗിക്കാറുള്ളൂ. മറ്റ് എണ്ണകള് ഉപയോഗിച്ച് വിളക്ക്കൊളുത്തരുതെന്നാണ് സങ്കല്പം. കരിംപുക അധികം ഉയരുന്ന എണ്ണകള് ഉപയോഗിക്കുന്നത് അശ്രീകരമാണ്.

പ്രശ്നമാര്ഗ്ഗത്തില് എണ്ണയെ ശരീരമായും തിരിയെ ആത്മാവായും ജ്വാലയെ ആയുസ്സായും വിളക്കിനെ ഭവനമായും സൂചിപ്പിച്ചിട്ടുണ്ട്. ദീപം ഇടത്തുവശത്തേക്ക് തിരിഞ്ഞുകത്തുക, മലിനമായി തോന്നുക, മങ്ങിയും ചെറുതായും ഇരിക്കുക, പൊരികള് പുറപ്പെടുക, പൊട്ടുക, അകാരണമായി കെടുക, ആളിക്കത്തുക, ഇരട്ട ജ്വാലകള് ഉണ്ടാകുക, വിറയാര്ന്നു കത്തുക തുടങ്ങിയവയൊക്കെ അശുഭലക്ഷണമാണ്. പതിവായി ഇവ ഭവനങ്ങളിലും സംഭവിച്ചാല് ദോഷപരിഹാരാര്ത്ഥം ഈശ്വരഭജനം തുടങ്ങിയവ അനുഷ്ഠിക്കേണ്ടതാണ്. സ്വര്ണ്ണനിറത്തില് പ്രകാശത്തോടും ചായ്വില്ലാതെ നേരെ ഉയര്ന്ന് പൊങ്ങുന്നതുമായ ജ്വാല ഐശ്വര്യത്തെ സൂചിപ്പിക്കുന്നു. വായ്കൊണ്ട് ഊതി നിലവിളക്ക് അണയ്ക്കരുത്. തിരി പിന്നിലേക്കെടുത്ത് എണ്ണയില് മുക്കിയോ അല്പം എണ്ണ ദീപത്തില് വീഴ്ത്തിയോ അണയ്ക്കാം. ദീപം കരിന്തിരി കത്തി അണയരുതെന്നാണ് വിശ്വാസം.

ദീപം കൊളുത്തുമ്പോള് എണ്ണ, തിരി, വിളക്ക് എന്നിവ തികച്ചും ശുദ്ധമായിരിക്കണം. ശരീരം, മന:ശുദ്ധിയോടെ വേണം വിളക്കുകൊളുത്തേണ്ടത്. മംഗല്യവതികളായ സ്ത്രീകള് നിലവിളക്കു കൊളുത്തുന്നത് മംഗളപ്രദമാണ്. ഒരുപിടി പൂവ് വിളക്കിന് മുന്പില് അര്പ്പിക്കുക. വിളക്കില് ചന്ദനം തുടങ്ങിയവ ചാര്ത്തുക. പൂമാലചാര്ത്തുക, സമീപം ചന്ദനത്തിരി കൊളുത്തുക തുടങ്ങിയവയും സൗകര്യപൂര്വ്വം അനുഷ്ഠിക്കാം. വിളക്ക് കൊളുത്തിയ ശേഷം കുടുംബാംഗങ്ങള് ഒന്നിച്ചിരുന്ന് നാമം ജപിക്കുന്നതിന് ഇവയെക്കാളൊക്കെ മഹത്വമുണ്ടെന്ന് അറിയുക.

കാര്ത്തിക നക്ഷത്രത്തിന്റെ ദേവത അഗ്നിയാണ്. കാര്ത്തിക നക്ഷത്രം തോറും ഗൃഹത്തില് പഞ്ചമുഖ നെയ് വിളക്ക് കൊടുത്തുന്നത് ഐശ്വര്യപ്രദമാണ്.



കുട്ടികളുടെ വിദ്യാഗുണത്തിന്



കുട്ടികള്‍ ജനിച്ച ഉടന്‍ വയമ്പും സ്വര്‍ണ്ണവും ഉരച്ച്‌ തേനില്‍ ചാലിച്ച്‌ നാവില്‍ തേച്ചു കൊടുക്കാറുണ്ട്‌. അവരുടെ നാവിലെ കഫാംശം മാറി അക്ഷരസ്ഫുടതയും വാഗ്വിശുദ്ധിയും ലഭിക്കാനാണ്‌ ഇതു ചെയ്യുന്നത്‌. ശുഭമുഹൂര്‍ത്തത്തില്‍, പ്രത്യേകിച്ച്‌ സാരസ്വതയോഗമുള്ളപ്പോള്‍ ഇതു ചെയ്യുന്നത്‌ കൂടുതല്‍ ഫലപ്രദമാണ്‌.

കുട്ടിയുടെ ജാതകത്തിലെ അഞ്ചാം ഭാവം, രണ്ടാം ഭാവം, ഒന്‍പതാം ഭാവം തുടങ്ങിയവ പരിശോധിച്ച്‌ വിദ്യാനൈപുണി, ബുദ്ധി തുടങ്ങിയവയെ വിലയിരുത്താം. അഞ്ചാം ഭാവാധിപനു വിധിച്ചിട്ടുള്ള ലഘുമന്ത്രങ്ങളോ നാമങ്ങളോ പതിവായി കുട്ടി ജപിക്കുന്നത്‌ ഒരു ശീലമാക്കുക. ചെറുപ്പത്തില്‍ത്തന്നെ ജപം ശീലിക്കുന്നത്‌ അതീവഫലപ്രദമാണ്‌. ഇതുമൂലം ഏകാഗ്രത, ബുദ്ധിക്കു തെളിച്ചം, മനോശുദ്ധി തുടങ്ങിയവ കൈവരുന്നു. സന്ധ്യക്ക്‌ നാമം ജപിക്കുന്നത്‌ നിര്‍ബന്ധമാക്കണം. ലഘുമന്ത്രങ്ങള്‍ ജപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ത്തന്നെ ഹരേരാമ…. എന്നു തുടങ്ങുന്ന നാമം പതിവായി ജപിക്കാവുന്നതാണ്‌. അതിന്റെ ശുഭഫലം അനുഭവിച്ചുതന്നെ അറിയുക.

അഞ്ചില്‍ ശനി അശുഭഫലദാതാവായി നിന്നാല്‍ മനോജഢത, ആലസ്യം തുടങ്ങിയവ അനുഭവപ്പെടാം. ഇതുപോലെ വിദ്യാതടസ്സം, ബുദ്ധിക്കു മൗഢ്യം തുടങ്ങിയവ ഉണ്ടാക്കുന്ന ഗ്രഹസ്ഥിതികള്‍ പലതുണ്ട്‌. ആ ഗ്രഹത്തെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ കുട്ടിയുടെ ജന്മനക്ഷത്രത്തില്‍ ചെയ്യുന്നതു നന്നായിരിക്കും. പ്രസ്തുത പുജയോ ഹോമമോ കഴിച്ചശേഷം വിധിപ്രകാരം മന്ത്രശുദ്ധി വരുത്തിയ സാരസ്വതഘൃതം, ബ്രഹ്മീഘൃതം തുടങ്ങിയവയിലേതെങ്കിലും കുട്ടികള്‍ക്ക്‌ കൊടുക്കാവുന്നതാണ്‌. ദോഷപ്രദനായ ഗ്രഹത്തെ വ്യാഴം വീക്ഷിക്കുകയോ വ്യാഴയോഗം വരികയോ ചെയ്യുന്ന കാലത്ത്‌ (ഗോചരാല്‍) ഈ ഘൃതസേവ, പുജ തുടങ്ങിയവ നടത്തുന്നത്‌ കൂടുതല്‍ ഫലപ്രദമായിരിക്കും. വിദ്യാരാജ ഗോപാലയന്ത്രം, താരായന്ത്രം തുടങ്ങിയവ വിധിപ്രകാരം എഴുതി കുട്ടിയുടെ കഴുത്തിലണിയിക്കുന്നതും ഫലപ്രദമാണ്‌. വര്‍ഷത്തിലൊരിക്കല്‍ ജന്മനക്ഷത്രത്തിലോ മറ്റേതെങ്കിലും വിശിഷ്ടദിനത്തിലോ മൂകാംബികയിലോ അതുപോലെ മറ്റേതെങ്കിലും സരസ്വതീക്ഷേത്രത്തിലോ കുട്ടിയുമായി ദര്‍ശനം നടത്തി ത്രിമധുരം കഴിച്ച്‌ സേവിക്കുന്നത്‌ നന്നായിരിക്കും. ആണ്ടുപിറന്നാള്‍ തോറും സരസ്വതീപുജയും നടത്താവുന്നതാണ്‌.

കുട്ടികളുടെ ബുദ്ധി, സ്വഭാവം തുടങ്ങിയവയെ ഭക്ഷണരീതി വലിയ അളവില്‍ സ്വാധീനിക്കുന്നുണ്ട്‌. ജാതകത്തില്‍ അഞ്ചില്‍ ശനി, ചൊവ്വ, രാഹു, ദുര്‍ബലനോ രാഹു, കേതു യോഗമുള്ളതോ ആയ ചന്ദ്രന്‍ എന്നീ ഗ്രഹങ്ങളിലേതെങ്കിലുമോ ഒന്നിലധികമോ നിന്നാല്‍ കുട്ടിയുടെ മാനസികമായ വളര്‍ച്ചയ്ക്കും സ്വഭാവരൂപീകരണത്തിനും ശ്രാദ്ധാപൂര്‍വ്വമായ പരിരക്ഷ ശീലിപ്പിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. പ്രത്യേകിച്ച്‌ ചൊവ്വയെപ്പോലെ ഒരു ഗ്രഹം അനിഷ്ടനായി അഞ്ചില്‍ നിന്നാല്‍ കുട്ടി തീവ്രമായ മനോഘടനയോടുകൂടിയവനാകും. ഈ ഘട്ടത്തില്‍ മാംസാഹാരം എരിവും പുളിയും കൂടുതലുള്ള ആഹാരം തുടങ്ങിയവ ശീലിക്കുന്നത്‌ ആ തീവ്രത വര്‍ദ്ധിപ്പിക്കുവാനേ ഉതകൂ. സൂര്യന്‍, കേതു എന്നീ ഗ്രഹങ്ങള്‍ അനിഷ്ടരായി അഞ്ചില്‍ നിന്നാലും മുന്‍പു സൂചിപ്പിച്ച ഭക്ഷണരീതി ഒഴിവാക്കുന്നതു നന്നായിരിക്കും. ശമനി, രാഹു എന്നി ഗ്രഹങ്ങള്‍ അനിഷ്ടരായി അഞ്ചില്‍ നിന്നാല്‍ മനോജഢത, മാന്ദ്യം തുടങ്ങിയവ അനുഭവത്തില്‍ വരാം. ഈ കുട്ടികള്‍ക്ക്‌ പഴകിയതും തണുത്തതുമായ ഭക്ഷണങ്ങള്‍ കൊടുക്കുന്നത്‌ പ്രസ്തുത ദോഷങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാകും. ദുര്‍ബലനായ ചന്ദ്രന്‍ അഞ്ചില്‍ നിന്നാല്‍ ഭയം, മനോദൗര്‍ബല്യം, ലജ്ജാശീലം തുടങ്ങിയവ അനുഭവത്തിവരും. ചന്ദ്രന്‍ ജാതകത്തില്‍ ദുര്‍ബലനായും രാഹു, കേതു യോഗത്തോടുകൂടിയും ഏതുഭാവത്തില്‍ നിന്നാലും മനോദൗര്‍ബല്യം, മനോരോഗങ്ങള്‍ എന്നിവയ്ക്കു സാധ്യതയുണ്ട്‌. അഞ്ചില്‍ നിന്നാം പ്രത്യേകിച്ചു ഈ ഘട്ടത്തില്‍ കൂട്ടിയെ ചെറുപ്പത്തില്‍ത്തന്നെ യോഗ പരിശീലിപ്പിക്കുന്നത്‌ തികച്ചും ഫലപ്രദമാണ്‌. ജാതകപരിശോധനയ്ക്കു ശേഷം യോജിച്ചതായാല്‍ ഈ കുട്ടി മുത്ത്‌ ധരിക്കുന്നതും നന്നായിരിക്കും. പൊതുവെ പറഞ്ഞാല്‍ അഞ്ചില്‍ അശുഭഗ്രഹയോഗമുള്ള കുട്ടികളെ സാത്ത്വികഭക്ഷണം ശീലിപ്പിക്കുന്നതുതന്നെയാണ്‌ അവരുടെ മാനസികവും ബുദ്ധിപരവുമായ ആരോഗ്യത്തിന്‌ ഉത്തമം. ഈശ്വരഭജനം, ക്ഷേത്രദര്‍ശനം, ജപം തുടങ്ങിയവയില്‍ ഇവര്‍ക്ക്‌ ആഭിമുഖ്യം വളര്‍ത്തുന്നതും നന്നായിരിക്കും