Monday, January 7, 2013

നാഗവഴിപാടുകളും ഫലസിദ്ധികളും


വെള്ളരി, ആയില്യപൂജ, നൂറും പാലും         :-  സമ്പല്‍സമൃദ്ധിക്ക് 

പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍   :- വിദ്യക്കും സല്‍കീര്‍ത്തിക്കും

 ഉപ്പ്      :- ആരോഗ്യം വീണ്ടുകിട്ടാന്‍

മഞ്ഞള്‍  :- വിഷനാശത്തിന്

ചേന   :- ത്വക്ക് രോഗശമനത്തിന്

കുരുമുളക്, കടുക്, ചെറുപയറ് തുടങ്ങിയവ :- രോഗശമനത്തിന്

നെയ്യ്  :- ദീര്‍ഘായുസ്സിന്

വെള്ളി, സ്വര്‍ണ്ണം എന്നിവയില്‍ നിര്‍മ്മിച്ച സര്‍പ്പരൂപം, സര്‍പ്പത്തിന്റെ മുട്ട എന്നീ രൂപങ്ങള്‍ :-  സര്‍പ്പദോഷ പരിഹാരത്തിന് 

പാല്, കദളിപ്പഴം, നെയ്യ് പായസ്സം   :-  ഇഷ്ടകാര്യസിദ്ധി

നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി  :- സന്താനലാഭത്തിന്

പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് മുതലായവ :- സര്‍പ്പ ഹിംസാദി ദോഷപരിഹാരത്തിന്.

സാളഗ്രാമപൂജയുടെ പിന്നിലെ രഹസ്യം എന്താണ്?

  സാളഗ്രാമങ്ങള്‍ വൈഷ്ണവ പ്രതീകമാണ്. തീ൪ത്ഥാടന സമയത്താണ് അധികവും ഇവ പൂജിക്കാറുള്ളത്. വീടുകളില്‍ വച്ച് പൂജിക്കുന്നവരും ഉണ്ട്. പ്രത്യേകം പാത്രങ്ങളില്‍ വെള്ളത്തിലാണ് സൂക്ഷിക്കുക. പൂജയ്ക്ക് പൂക്കളും തുളസിയും ഉപയോഗിക്കാറുണ്ട്. ജലാംശം നിശ്ശേഷം വറ്റിപോകരുതെന്ന് വിശ്വാസം.

നേപ്പാളാണ് സാളഗ്രാമത്തിന്റെ ഉറവിടം. നദിയുടെ ശക്തിയായ ഒഴുക്കില്‍പെട്ട് ഉരുളന്‍ കല്ലുകളാകുന്നു. ഒരിനം പ്രാണികള്‍ കല്ലുതുളച്ച്  പലതരം ചക്രങ്ങള്‍ കൊത്തിയുണ്ടാകുന്നു. ചക്രങ്ങളുടെ ആകൃതിക്കനുസരിച്ചും നിറം നോക്കിയും ഓരോ ഈശ്വരനാമങ്ങള്‍ നല്‍കിയിരിക്കുന്നു.

പാന്പും സ്വപ്നഫലങ്ങളും

പത്തി വിടര്‍ത്തിയ പാന്പിനെ സ്വപ്നത്തില്‍ കണ്ടാല്‍ ശത്രുക്കളുടെ ശല്യമുണ്ടാകും. പത്തിവിടര്‍ത്തിയ രണ്ട് പാന്പിനെ സ്വപ്നം കണ്ടാല്‍ ഐശ്വര്യം കൈവരും. പാന്പിനെ കൊല്ലുന്നതായി സ്വപ്നം കണ്ടാല്‍ ശത്രു മൂലമുള്ള ദുരിതം അകലും. പാന്പ് കൊത്തുന്നതായി സ്വപ്നം കണ്ടാല്‍ സമ്പല്‍ സമൃദ്ധിയാണ് ഫലം. പാന്പ് വിരട്ടിയോടിക്കുന്നതായി സ്വപ്നം കണ്ടാല്‍ ദാരിദ്രം. പാന്പ്  കാലില്‍ വട്ടം ചുറ്റുന്നതായി സ്വപ്നം കണ്ടാല്‍ ശനിദശനടക്കുന്നു എന്നാണു ഫലം. പാന്പ് ടിയേറ്റ് ചോര ഒഴുകുന്നതായി സ്വപ്നം കണ്ടാല്‍ ശനിദശ കഴിഞ്ഞു എന്ന് ഫലം. പാന്പ്  കഴുത്തില്‍ വീഴുന്നതായി സ്വപ്നം കണ്ടാല്‍ സമ്പന്നനായി തീരുമെന്നാണ് വിശ്വാസം.

ലക്ഷണമൊത്ത ഒരു ഭവനം ഏതു വിധം


 പൂര്‍ണ്ണലക്ഷണമൊത്ത ഒരു വീടിന് കിഴക്കേ ദിക്കിലേക്കായിരിക്കും ദര്‍ശനമുണ്ടാവുക.

 വടക്കോട്ട്‌ ദര്‍ശനമായാലും നല്ലത് തന്നെ.

  മനുഷ്യന് ശ്വാസോച്ച്വാസം ചെയ്യാന്‍, ആഹാരം കഴിക്കാന്‍, വിസര്‍ജിക്കാന്‍ എന്നിവയ്ക്കായി മൂന്നു ദ്വാരങ്ങള്‍ ഉള്ളതുപോലെ ഉത്തമഗൃഹത്തിനും പുറത്തേക്ക് മൂന്നു വാതിലുകള്‍ ഉണ്ടായിരിക്കണം.

  ലക്ഷണമൊത്ത വീടിന് കണ്ണുകളായി ജനാലകള്‍ ആവശ്യാനുസരണം ഉണ്ടായിരിക്കണം. ലക്ഷണമൊത്ത ഒരു ഭവനത്തിന്റെ കുംഭംരാശിയില്‍ നല്ലൊരു കിണര്‍ നിര്‍മ്മിചിരിക്കണം. മീനം രാശിയിലോ, മേടം രാശിയിലോ, ഇടവം രാശിയിലോ കിണര്‍ ആവാം.

  പുറത്തുനിന്നും വീട്ടുമുറ്റത്തേയ്ക്കുള്ള പ്രവേശനമാര്‍ഗ്ഗം മറ്റ് ദിക്കുകളെ അപേക്ഷിച്ച് കിഴക്കുദിക്കില്‍ നിന്നാകുന്നതാണ് ഉത്തമം.

  നല്ലൊരു വീടിന്റെ മുറ്റത്തോ, പറമ്പിലോ, കാഞ്ഞിരം, സ്വര്‍ണ്ണക്ഷീരി  എന്നീ വൃക്ഷങ്ങള്‍ ഉണ്ടായിരിക്കാനേ പാടില്ല.

ഗൃഹപ്രവേശം, വിവാഹം വലതുകാല്‍ വച്ച് കയറുന്നതിന്റെ സവിശേഷത


ഹൈന്ദവാചാര പ്രകാരം ഗൃഹപ്രവേശം, വിവാഹം മുതലായ ചടങ്ങുകളില്‍ വലതുകാല്‍ വച്ച് കയറുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായി ഏവരും കാണുന്നു. കാര്യവിജയം, ഐശ്വര്യം മുതലായവയ്ക്ക് വേണ്ടി, എവിടേയ്ക്ക് കയറുന്നുവോ അവിടെ വലതുകാല്‍ വച്ച് അകത്ത് കയറണമെന്ന് ഹൈന്ദവവിശ്വാസം നിഷ്കര്‍ഷിക്കുന്നു.

    ഒരു പുരുഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രമുഖമായ സ്ഥാനം അവന്റെ വലതുവശത്തിനും സ്ത്രീയെ സംബന്ധിച്ച് അവളുടെ ഇടതുവശത്തിനുമാണ്. സ്ത്രീയാണെങ്കില്‍ അവളുടെ പാദചലനത്തില്‍ മുന്നോട്ട് വയ്ക്കുന്ന ആദ്യപാദം ഇടത്തേതും പുരുഷനാണെങ്കില്‍ വലത്തേതുമാകണമെന്ന് നിഷ്കര്‍ഷിക്കുന്നു

    പഞ്ചഭൂതങ്ങളില്‍ അഗ്നിതത്ത്വത്തില്‍ കര്‍മ്മേന്ദ്രിയങ്ങളാണ് കാലുകള്‍. ശരീരത്തെ ചലിപ്പിക്കുക എന്നതാണല്ലോ കാലുകളുടെ ധര്‍മ്മം. ഒരു പ്രവര്‍ത്തനത്തെ സഹായിക്കുന്ന ശക്തി ക്രിയാശക്തിയാണ്. പഞ്ചഭൂതങ്ങളില്‍ ക്രിയാശക്തിയെ സൂചിപ്പിക്കുന്നത് അഗ്നിയാണ്. അതുകൊണ്ടാണ് കാലുകള്‍ അഗ്നിതത്ത്വത്തിന്റെ കര്‍മ്മേന്ദ്രിയങ്ങളാണ് എന്ന് പറയുന്നത്. (ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങള്‍).

    അഗ്നിയുടെ രണ്ടു പ്രധാനപ്പെട്ട വകഭേദങ്ങളാണ് സൂര്യനും ചന്ദ്രനും. നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവു സ്വാധീനം ചെലുത്തുന്നവയാണ് നാഡികള്‍. ഇവയില്‍ നട്ടെല്ലിന് ഇരുവശത്തും സ്ഥിതിചെയ്യുന്ന രണ്ടു നാഡികളാണ് പിംഗള നാഡിയും ഇഡാ നാഡിയും. പിംഗളനാഡിയെ സൂര്യനും ഇഡാനാഡിയെ ചന്ദ്രനും സ്വാധീനിക്കുന്നു. ഇതില്‍ സൂര്യന്‍ രജോഗുണമുള്ളതും ക്രിയാത്മകവുമാണ്. സൂര്യസ്വാധീനം ഏറെയുള്ള പിംഗള നാഡിക്ക് ഏറ്റവും പ്രാധാന്യമുള്ളത് പുരുഷനിലാണ്. അതുകൊണ്ട് അവന്‍ ക്രിയാശീലമുള്ളവനും പ്രവര്‍ത്തന നിരതനുമായിരിക്കും. 

    സ്ത്രീയില്‍ ഇടതുവശത്തെ നാഡിയായ ഇഡാനാഡിക്കാണ് പ്രാമുഖ്യം. ഈ നാഡിയെ സ്വാധീനിക്കുന്നത് ചന്ദ്രനാണ്. ചന്ദ്രന്‍ ഇച്ഛാശക്തിയുടെ പ്രതീകവും ശീതളവുമാണ്. അതിനാല്‍ സ്ത്രീകള്‍ ഇച്ഛാശക്തി കൂടുതലുള്ളവരായി കാണുന്നു. ഇപ്രകാരം പുരുഷന്റെ വലതുകാല്‍, വിജയത്തിനുള്ള പരാശക്തിയെ ഉള്‍ക്കൊള്ളുന്നതും സ്ത്രീയുടെ ഇടതുകാല്‍, ഇച്ഛാ പൂര്‍ത്തീകരണത്തിനുള്ള പരാശക്തിയെ ഉള്‍ക്കൊള്ളുന്നതുമാകുന്നു.

    വിവാഹം, ഗൃഹപ്രവേശം മുതലായ ചടങ്ങുകളില്‍ മേല്‍പ്പറഞ്ഞ നാഡീ പ്രവര്‍ത്തനമനുസരിച്ച് പുരുഷന്‍ ഇടതുപാദം പടിക്കെട്ടിലൂന്നി വലതുകാലാണ് ആദ്യം അകത്തേയ്ക്ക് പ്രവേശിപ്പിക്കേണ്ടത്. സ്തീയെ സംബന്ധിച്ചിടത്തോളം അവളുടെ ഇടതുകാലാണ് ദേവീശക്തിയെ ഉള്‍ക്കൊള്ളുന്നത്. അതുകൊണ്ട് സ്ത്രീകള്‍ വലതുകാല്‍ പടിക്കെട്ടിലൂന്നി ഇടതുകാല്‍ ആദ്യം പ്രവേശിപ്പിക്കുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്യുമ്പോള്‍, ഗൃഹത്തില്‍ പുരുഷനിലൂടെ ക്രിയാത്മകതയും സ്ത്രീയിലൂടെ ഇച്ഛാശക്തിയും പ്രവേശിക്കുന്നു. തന്മൂലം കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകുന്നു.

പ്രാര്‍ത്ഥനകളും ജപങ്ങളും

 പ്രാര്‍ത്ഥനകളും ജപങ്ങളും മൂന്നുരീതിയില്‍ ഭക്തര്‍ അനുഷ്ഠിക്കുന്നു. ചുണ്ടുകള്‍ ചലിക്കാതെ മനസ്സുകൊണ്ട് പ്രാര്‍ത്ഥിക്കുന്നതാണ്  ഒന്നാമത്തെ രീതി ഇത് ഉത്തമം. ചുണ്ടുകള്‍ ചലിപ്പിച്ചുകൊണ്ട്  ചെയ്യുന്ന പ്രാര്‍ത്ഥന മാധ്യമം. മറ്റുള്ളവര്‍ കേള്‍ക്കുന്നവിധം ശബ്ദംവച്ചുള്ള പ്രാര്‍ത്ഥന അധമം. ചുണ്ടുകള്‍ ചലിപ്പിക്കാതെ മനസ്സിനുള്ളില്‍ പ്രാര്‍ത്ഥിക്കുന്നതാണ് അത്യുത്തമം.

വിവാഹ മുഹൂര്‍ത്തം


വിവാഹനക്ഷത്രം :-
     അത്തം, മകീര്യം, രോഹിണി, മകം, ചോതി, രേവതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, മൂലം, അനിഴം, ഈ 11 നാളും വിവാഹത്തിന് ഉത്തമമാണ്.  രോഹിണി, മകീര്യം, ചോതി, ഉത്രം നാളുകള്‍ 4 ഉം അത്യന്തം ഉത്തമങ്ങളാണ്. മൂലത്തിനും മകത്തിനും ആദ്യപാദവും, രേവതിക്ക് അന്ത്യപാദവും വര്‍ജിച്ചു ശിഷ്ടം സ്വീകരിക്കണം.

വിവാഹവാരം :-  
     വിവാഹത്തിന് എല്ലാ ദിനങ്ങളും ശുഭമെന്നുണ്ട്. എന്നിരുന്നാലും, ഞായറും ചൊവ്വയും ശനിയും ശോഭനമല്ല. ശുഭാശുഭപ്രധാനങ്ങളാണ്. തിങ്കളും ബുധനും വ്യാഴവും വെള്ളിയും അത്യുത്തമങ്ങളാണ്. വിവാഹം രാത്രി കാലത്താണെങ്കില്‍ വാരദോഷം ചിന്തനീയമല്ല.

മുഹൂര്‍ത്തലഗ്നം :-
        വിവാഹമുഹൂര്‍ത്തത്തിന് മേടം രാശി ഒരിക്കലും ശുഭമല്ല. പ്രാശ്ചിത്തം ചെയ്തും സ്വീകരിക്കാന്‍ കൊള്ളാവുന്നതല്ല. വൃശ്ചികം രാശി നിന്ദ്യമാണ്. ശേഷം 10 രാശിയും വിവാഹ മുഹൂര്‍ത്തലഗ്നത്തിനു  സ്വീകരിക്കാം. കന്നി, തുലാം, മിഥുനം രാശികള്‍ വിവാഹമുഹൂര്‍ത്തലഗ്നത്തിന്നു  അത്യുത്തമമാണ്. കര്‍ക്കിടകം, മീനം, ധനു, ഇടവം രാശികള്‍ മാധ്യമമാണ്. എന്നാല്‍ ശുഭഗ്രഹം നില്‍ക്കുന്നുണ്ടെങ്കില്‍ ഈ രാശികളും ഉത്തമം തന്നെ. വ്യാഴം നില്‍ക്കുന്ന ചിങ്ങം രാശിസമയം ഉത്തമമാണ്. ഇങ്ങനെ രാശികളുടെ ബലാബലംനോക്കി സമയത്തിനൊത്ത് മുഹൂര്‍ത്ത ലഗ്നം നിശ്ചയിക്കപ്പെടണം.

ഗ്രഹസ്ഥിതി :-
     വിവാഹമുഹൂര്‍ത്തലഗ്നത്തില്‍ ചന്ദ്രനും, അഷ്ടമത്തില്‍ രാഹുകുജന്മാരും നില്‍ക്കരുത്. എഴില്‍ ഒരു ഗ്രഹവും ഉണ്ടാകാന്‍ പാടുള്ളതല്ല. എഴാമിടം ശുദ്ധമായിരിക്കണം. നിത്യദോഷദളത്തിലും ഗ്രഹസ്ഥിതിദോഷദളത്തിലും ലഗ്നത്തില്‍ ആദിത്യന്‍ നില്‍ക്കുന്നത് വര്‍ജിക്കണമെന്നുപറഞ്ഞിട്ടുണ്ട്. 

വിവാഹമാസങ്ങള്‍ :-
        മീന 15 തിയതി മുതല്‍ മീനം കഴിയുവോളവും, കര്‍ക്കിടകം, കന്നി, കുംഭം, ധനുമാസങ്ങളും വിവാഹം നടത്താന്‍ ഉത്തമങ്ങളല്ല. ഉത്തരായനകാലം ശ്രേഷ്ഠവും ദക്ഷിണായനകാലം മധ്യമവുമാണ്. ഇവയില്‍ മേല്‍പറഞ്ഞ മാസങ്ങള്‍ വര്‍ജിക്കുകതന്നെ വേണം.

വരജനിഭം :-
   വരന്റെ ജന്മനക്ഷത്രം, വിവാഹ മുഹൂര്‍ത്തത്തിനു ആ നക്ഷത്രം വര്‍ജിക്കണം. അനുജന്മനക്ഷത്രങ്ങള്‍ വര്‍ജിക്കണമെന്നില്ല. വധുവിന്റെ ജന്മനക്ഷത്രവും അനുജന്മനക്ഷത്രവും വര്‍ജിക്കേണ്ടതില്ല.

നിശാമധ്യം :-
    വിവാഹം രാത്രിയാണെങ്കില്‍ രാത്രി മധ്യം രണ്ടുനാഴിക - അഷ്ടമമുഹൂര്‍ത്തം - സര്‍വ്വത്ര നിന്ദ്യമാണ്. വിവാഹത്തിന് അതിനിന്ദ്യമാണ്. 

ജന്മാസ്തഖേടന്മാര്‍ :-
      ജനിച്ച നക്ഷത്രകൂറിന്റെ - സ്ത്രീയുടെയും പുരുഷന്റെയും - ഏഴില്‍ ചാരവശാല്‍ ഗ്രഹങ്ങള്‍ നില്‍ക്കുന്ന സമയം വിവാഹം നടത്തരുത്. പ്രത്യേകിച്ച് ആദിത്യനും ചൊവ്വയും നില്‍ക്കുമ്പോള്‍ വിവാഹം അരുത്. സപ്തമത്തില്‍ നിന്ന് ഗ്രഹങ്ങള്‍ പകര്‍ന്നുപോകാന്‍ കാലതാമസം വരുമെന്നുകണ്ടാല്‍ ശുഭഗ്രഹയോഗമോ ശുഭദൃഷ്ടിയോ സപ്തമത്തിനുണ്ടായാല്‍ പ്രാശ്ചിത്തം ചെയ്തു നടത്താമെന്നുണ്ട്. ആദിത്യകുജന്മാര്‍ ജന്മരാശിക്കൂറിന്നേഴില്‍ ഉണ്ടായിരിക്കാന്‍ പാടില്ല. ഇവര്‍ നിന്നാല്‍ പ്രാശ്ചിത്തവും പരിഹാരവും ചെയ്തു വിവാഹം വിധിക്കരുത്.

   "ജാമിത്രശുദ്ധി സ്ത്രീണാം തു വിശേഷേണനിരീക്ഷ്യതെ" എന്നുള്ളതിനാല്‍ വധുവിന്റെ ജന്മരാശിയുടെ ഏഴാം ഭാവം പരിപൂര്‍ണ്ണമായും ശുദ്ധമായിരിക്കണം എന്നു സിദ്ധാന്തിക്കുന്നതിനാല്‍ പ്രാശ്ചിത്തം ബാധകമാകുന്നത് പുരുഷജന്മ രാശിക്കൂറിന്റെ ഏഴിലെ ഗ്രഹയോഗത്തിനു മാത്രമാണ്.

കൃഷ്ണാഷ്ടമി :-
    നിത്യദോഷത്തില്‍ പൂര്‍വ്വാപരപക്ഷങ്ങളിലെ അഷ്ടമികള്‍ വര്‍ജിക്കണമെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിവാഹത്തിന് കൃഷ്ണാഷ്ടമി വര്‍ജിക്കേണ്ടതില്ല. ശുക്ലാഷ്ടമി വര്‍ജിക്കുകയും വേണം.

അഭിജിത് മുഹൂര്‍ത്ത മഹിമ :-
     അഭിജിത് മുഹൂര്‍ത്തം വിവാഹാദി ശുഭകര്‍മ്മങ്ങള്‍ക്ക് ഏറ്റവും വിശേഷമാണ്. തിഥി വാരാദി ഏതെങ്കിലും ദോഷമുണ്ടെങ്കില്‍ത്തന്നെയും ആ ദോഷശക്തിയെ ഇല്ലാതാക്കുന്നതും നന്മയെ പ്രദാനം ചെയ്യുന്നതുമായ ഒന്നാണ് അഭിജിത് "മുഹൂര്‍ത്തം"

      ആദിത്യന്‍ നേരെമുകളില്‍ വരുമ്പോള്‍ ഉണ്ടാകുന്ന മദ്ധ്യാഹ്നം 4 - മിനിട്ടുകഴിച്ച് മുന്‍പ് പിന്‍പുമുള്ള 45 - വിനനാഴികളെയാണ് അഭിജിത് മുഹൂര്‍ത്തം എന്നു പറയുന്നത്. ഇതില്‍ മദ്ധ്യാഹ്നത്തിന് മുമ്പുള്ള സമയം ഏറ്റവും ശ്രേയസ്കരമാണ്.

      അഭിജിത് മുഹൂര്‍ത്തത്തില്‍ ഉല്‍പാദം, വിഷ്ടി, വ്യതിപാദം മുതലായ എല്ലാ ദോഷങ്ങളെയും ഹനിക്കപ്പെടുന്നു. തെക്കേ ദിക്ക് ഒഴിച്ച് മറ്റു ദിക്കുകളിലേക്ക് അഭിജിത് മുഹൂര്‍ത്ത സമയം യാത്ര പുറപ്പെട്ടാല്‍ കാര്യസാദ്ധ്യം ഉണ്ടാകുകയും ചെയ്യും. "ചന്ദ്രാത്മജ സ്യാത ഭിജിന്‍ മുഹൂര്‍ത്തം" വര്‍ജ്ജ്യമെന്ന് അടുത്ത പദ്യത്തില്‍ സൂചിപ്പിക്കുന്നു. അതായത് ബുധനാഴ്ച മാത്രം ഗുളിക നാഴികയും മദ്ധ്യാഹ്നത്തിനു ശേഷം രാഹുകാലവും വരുന്നതിനാലായിരിക്കണം ബുധനാഴ്ച അഭിജിത് മുഹൂര്‍ത്തം വര്‍ജ്ജ്യമെന്ന് പറയാന്‍ കാരണം.