Wednesday, September 16, 2015

ദാനം മഹാപുണ്യം , പ്രധാനമായും നാലുവിധത്തിലുണ്ട്‌

ദാനം പ്രധാനമായും നാലുവിധത്തിലുണ്ട്‌. നിത്യദാനം, നൈമിത്തിക ദാനം, കാമ്യദാനം, വിമലാദാനം എന്നിവയാണ്‌.

ഫലാപേക്ഷ കൂടാതെ ദയയോടുകൂടി ചെയ്യുന്ന ദാനമാണ്‌ നിത്യദാനം. നിത്യദാനം ഒഴിച്ച്‌ മറ്റുമൂന്നും ഫലേച്‌ഛയോടെ ചെയ്യുന്നതാണ്‌.

പാപപരിഹാരാര്‍ത്ഥം ചെയ്യുന്നത്‌ നൈമിത്തികദാനം, ഫലേച്‌ഛയോടെ ചെയ്യുന്നത്‌ കാമ്യദാനം. ഈശ്വര പ്രീതിക്കുവേണ്ടി ചെയ്യുന്നത്‌ വിമലാദാനവുമാണ്‌.

ഏതു കര്‍മ്മത്തിന്റേയും അവസാനം ദാനവും ദക്ഷിണയും നല്‍കുകയെന്നത്‌ പൗരാണിക സങ്കല്‌പമനുസരിച്ച്‌ അനിവാര്യമാണ്‌. പൂജയുടേയോ കര്‍മ്മത്തിന്റേയോ ഫലം പൂര്‍ണ്ണമാകണമെങ്കില്‍ ദക്ഷിണ നല്‍കണം. 'ദക്ഷിണ' എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്‌; സല്‍ക്കര്‍മ്മങ്ങള്‍ സമ്പൂര്‍ണ്ണമാകുന്ന അവസ്‌ഥയെയാണ്‌.

അത്‌ നാമൊരു ചടങ്ങിലൂടെ പ്രകടിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ദക്ഷിണയ്‌ക്ക് സാധാരണ ഉപയോഗിക്കുന്നത്‌ വെറ്റിലയാണ്‌. വെറ്റില ത്രിമൂര്‍ത്തീസ്വരൂപവും ലക്ഷ്‌മീ പ്രതീകവുമാണ്‌. ധനം ദക്ഷിണാസ്വരൂപമാണ്‌. അതായത്‌ മഹാലക്ഷ്‌മിയുടെ പ്രതീകമാണ്‌.

ദാനം മഹാപുണ്യമാണ്‌. ഇത്‌ ശാസ്‌ത്രവചനമാണ്‌. ദാനം മഹാധര്‍മ്മങ്ങളില്‍ ഒന്നാണ്‌. ജലം ദാനമായി നല്‍കുന്നവന്‌ സംതൃപ്‌തിയും വസ്‌ത്രം നല്‍കുന്നവന്‌ ചന്ദ്രലോകവും കുതിര നല്‍കുന്നവന്‌ അശ്വിനി ദേവലോകവും കാളദാനം ചെയ്യുന്നവന്‌ സൂര്യലോകവും പ്രാപിക്കാന്‍ കഴിയുന്നു.

ആഹാരം ദാനം ചെയ്യുന്നവന്‍ അനശ്വരമായ സുഖവും, ഭൂമി ദാനം ചെയ്യുന്നവന്‍ ഭൂരണവും, സ്വര്‍ണ്ണം നല്‍കുന്നവന്‍ ദീര്‍ഘായുസ്സും നേടുമെന്ന്‌ മനുസ്‌മൃതിയില്‍ പറയുന്നു.

വെളളി നല്‍കിയാല്‍ സൗന്ദര്യവും വിളക്ക്‌ നല്‍കിയാല്‍ രോഗശൂന്യമായ ചക്ഷുസ്സും നിലം നല്‍കിയാല്‍ അഭീഷ്‌ട സന്താനവും ഗൃഹം നല്‍കിയാല്‍ ശ്രേഷ്‌ഠ ഗൃഹങ്ങളും ലഭിക്കുന്നു.

അഭയം നല്‍കിയാല്‍ ഐശ്വര്യവും ധാന്യം നല്‍കിയാല്‍ ശാശ്വതസുഖവും ബ്രഹ്‌മജ്‌ഞാനം നല്‍കിയാല്‍ ബ്രഹ്‌മസായൂജ്യവും ലഭിക്കും. ബ്രഹ്‌മജ്‌ഞാനം ദാനം നല്‍കുന്നതാണ്‌ ഏറ്റവും ഉത്തമം എന്ന്‌ മനു സൂചിപ്പിക്കുന്നു.

ദാനകര്‍ത്താവ്‌ ഏത്‌ അഭിലാഷത്തോടെ ദാനം ചെയ്യുന്നുവോ അതേ ദാനഫലം അവനു ലഭിക്കുന്നു. ദാനം ചെയ്യുന്നതും ദാനം ഏറ്റുവാങ്ങുന്നതും പൂജാപൂര്‍വ്വമായിരിക്കണമെന്നും ദാനം ചെയ്‌തിട്ട്‌ അത്‌ ഘോഷിക്കരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌.

കാരണം ഘോഷംകൊണ്ട്‌ ദാനഫലം നശിക്കുന്നു. ദാനം പ്രധാനമായും നാലുവിധത്തിലുണ്ട്‌. നിത്യദാനം, നൈമിത്തിക ദാനം, കാമ്യദാനം, വിമലാദാനം എന്നിവയാണ്‌. ഫലാപേക്ഷ കൂടാതെ ദയയോടുകൂടി ചെയ്യുന്ന ദാനമാണ്‌ നിത്യദാനം.

നിത്യദാനം ഒഴിച്ച്‌ മറ്റു മൂന്നും ഫലേച്‌ഛയോടെ ചെയ്യുന്നതാണ്‌. പാപപരിഹാരാര്‍ത്ഥം ചെയ്യുന്നത്‌ നൈമിത്തികദാനം, ഫലേച്‌ഛയോടെ ചെയ്യുന്നത്‌ കാമ്യദാനം. ഈശ്വര പ്രീതിക്കുവേണ്ടി ചെയ്യുന്നത്‌ വിമലാദാനവുമാണ്‌.

ദാനത്തിനുള്ള നക്ഷത്രയോഗങ്ങള്‍

ഓരോ നക്ഷത്രത്തിലും ദാനം ചെയ്‌താല്‍ ലഭിക്കുന്ന സിദ്ധികള്‍ വ്യത്യസ്‌തങ്ങളാണ്‌. ഇതിനെ നക്ഷത്രയോഗമെന്ന്‌ വിളിക്കുന്നു.

അശ്വതി നാളില്‍ അശ്വങ്ങളും തേരുകളും ദാനം ചെയ്‌താല്‍ ഉത്‌കൃഷ്‌ടവംശത്തില്‍ പുനര്‍ജ്‌ജനിക്കും.
ഭരണി നാളില്‍ ബ്രാഹ്‌മണര്‍ക്ക്‌ നിലവും പശുക്കളും ദാനം ചെയ്‌താല്‍ ഗോ സമ്പത്ത്‌ ലഭിക്കുകയും മരണാനന്തര ഖ്യാതി ഉണ്ടാവുകയും ചെയ്യും. കാര്‍ത്തിക നാളില്‍ ബ്രാഹ്‌മണര്‍ക്ക്‌ മതിവരുവോളം പായസം നല്‍കിയാല്‍ മരണാനന്തരം മുഖ്യലോകങ്ങള്‍ നേടും.

രോഹിണി നാളില്‍ നെയ്യ്‌ കലര്‍ത്തിയ പാല്‍ച്ചോറ്‌ ബ്രാഹ്‌മണര്‍ക്ക്‌ ദാനം ചെയ്‌താല്‍ പിതൃക്കള്‍ സംതൃപ്‌തരായിത്തീരും. മകയിരം നാളില്‍ കറവപ്പശുവിനെ ദാനം ചെയ്യുന്നവന്‌ സ്വര്‍ഗ്ഗലോകത്തില്‍ പ്രവേശിക്കാനാവും.

തിരുവാതിര ദിനത്തില്‍ ഉപവാസം ചെയ്‌ത് എള്ളിന്‍രസം ദാനമായി നല്‍കിയാല്‍ മനുഷ്യന്‌ അപ്രാപ്യമായ പര്‍വ്വതങ്ങളും കിടങ്ങുകളും തരണം ചെയ്യാം. പുണര്‍തം നാളില്‍ അപ്പം ദാനം ചെയ്യുന്നവന്‍ ഉന്നതവും വിഖ്യാതവുമായ ജലത്തില്‍ പുനര്‍ജ്‌ജനിക്കും. പൂയം ദിനത്തില്‍ സ്വര്‍ണ്ണം ദാനം ചെയ്യുന്നവന്‍ പ്രകാശഗ്രഹങ്ങളുടെ ലോകം പ്രാപിക്കും.

ആയില്യം നാളില്‍ വെള്ളികൊണ്ട്‌ നിര്‍മ്മിച്ച കാളയെ ദാനം ചെയ്‌താല്‍ നിര്‍ഭയത്വം അനുഭവപ്പെടും. മകത്തില്‍ എള്ള്‌ ദാനം ചെയ്യാന്‍ തെരഞ്ഞെടുക്കുന്നവന്‍ ഗോക്കളെക്കൊണ്ടും സല്‍പുത്രരെക്കൊണ്ടും ഐശ്വര്യമുള്ളവനായിത്തീരും.

പൂരത്തില്‍ ഉപവാസമനുഷ്‌ഠിച്ച്‌ ബ്രാഹ്‌മണന്‌ നെയ്യ്‌ച്ചോറ്‌ നല്‍കിയാല്‍ സൗഭാഗ്യത്താല്‍ അനുഗൃഹീതരാവും. ഉത്രം നാളില്‍ നെയ്യും പാലും കലര്‍ത്തിയ നവരച്ചോറ്‌ നല്‍കുന്നവന്‍ സ്വര്‍ലോകത്തും പൂജിതനാവും.

അത്തം നക്ഷത്രത്തില്‍ നാലശ്വങ്ങളേയും ഒരാനയേയും ദാനം ചെയ്യുന്നവന്‍ പുണ്യലോകത്ത്‌ എത്തുന്നു. ചിത്തിരനാളില്‍ കാളയും സുഗന്ധവസ്‌തുക്കളും ദാനം ചെയ്യുക. എങ്കില്‍ അപ്‌സരസ്സുകളാല്‍ പരിസേവിതമായ നന്ദനോദ്യാനത്തില്‍ സ്‌ഥാനം കിട്ടും.

ചോതിനാളില്‍ എന്തെങ്കിലും ധനം കൊടുക്കുന്നവന്‍ ലോകത്തില്‍ കീര്‍ത്തിമാനായി മാറും. വിശാഖം നാളില്‍ കാള, കറവപ്പശു, പത്തായം, വണ്ടി, നെല്ല്‌, വജ്രം തുടങ്ങിയവ ദാനം ചെയ്യുന്നവന്‍ സ്വര്‍ലോക പ്രാപ്‌തനാകും.

അനിഴം നാളില്‍ വസ്‌ത്രം, ആഹാരം, പുതപ്പ്‌ എന്നിവ ദാനം ചെയ്യുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും നൂറു യുഗങ്ങള്‍ പൂജ്യനായി മാറുകയും ചെയ്യും. തൃക്കേട്ട ദിവസം ബ്രാഹ്‌മണര്‍ക്ക്‌ ചേന, ചീര ഇവ നല്‍കിയാല്‍ ഇഷ്‌ടഗതി ലഭിക്കും. മൂലം നാള്‍ ഫലമൂലാദികള്‍ ബ്രാഹ്‌മണര്‍ക്കു നല്‍കാന്‍ തെരഞ്ഞെടുത്താല്‍ പിതൃക്കള്‍ പ്രീതരാകും.

പൂരാടം നാളില്‍ ഉപവാസമനുഷ്‌ഠിച്ച്‌ തൈര്‍ക്കുടങ്ങള്‍ ബ്രാഹ്‌മണര്‍ക്ക്‌ ദാനം ചെയ്‌താല്‍ അനന്തര ജന്മത്തില്‍ അവന്‍ നിരവധി പശുക്കളോടുകൂടിയ വംശത്തില്‍ വന്നുപിറക്കും. ഉത്രാടം നാളില്‍ ബുദ്ധിമാന്മാര്‍ക്ക്‌ പാലും നെയ്യും കൊടുത്താല്‍ സ്വര്‍ഗത്തില്‍ സംപൂജ്യനായിത്തീരും.

തിരുവോണത്തില്‍ വസ്‌ത്രവും കമ്പിളിയും ദാനം നല്‍കിയാല്‍ വെള്ളവാഹനത്തില്‍ കയറി സ്വര്‍ഗ്ഗം പ്രാപിക്കാനാവും. അവിട്ടം നാളില്‍ കന്നുകാലികളും വാഹനവും വസ്‌ത്രവും ദാനം ചെയ്‌താല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം. ചതയം നാളില്‍ അകിലും ചന്ദനവും കൊടുക്കുന്നവന്‍ ദേവലോകത്ത്‌ ചെന്നുചേരും.

പൂരൂരുട്ടാതിയില്‍ നാണയങ്ങള്‍ നല്‍കുന്നവന്‍ പരലോകം പ്രാപിക്കും. ഉത്രട്ടാതി നാളില്‍ ആട്ടിന്‍മാംസം നല്‍കുന്നവനോട്‌ പിതൃക്കള്‍ക്ക്‌ പ്രീതി ജനിക്കും. രേവതിനാളില്‍ പാത്രം നിറച്ച്‌ പാല്‍ നല്‍കുന്ന പശുവിനെ ദാനം ചെയ്‌താല്‍ ആഗ്രഹമനുസരിച്ച്‌ ഏതു ലോകത്തും ചെന്നുചേരാനുള്ള സിദ്ധി ലഭിക്കും.


Courtesy : on;ine news portal