Tuesday, August 6, 2013

ഐശ്വര്യം പകര്‍ന്ന് ദീപം


വാസ്തു വിധി പ്രകാരം ഓരോ ഗൃഹത്തിലും അഭിവൃദ്ധിയും ഐശ്വര്യവും പകര്‍ന്നു നല്‍കുന്നതില്‍ ദീപങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. അതിരാവിലെയും സന്ധ്യാ സമയങ്ങളിലുമാണ് സാധാരണയായി നിലവിളക്ക് കൊളുത്താറുള്ളത്. അഗ്‌നിയെ പ്രീതിപ്പെടുത്തുന്നതിനായി വീടിന്റെ തെക്കു കിഴക്കേ മൂലയില്‍ ദീപം സ്ഥാപിക്കണമെന്നാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്നത്. വിളക്കിന്റെ തിരി മേല്‍ക്കൂരയ്ക്ക് അഭിമുഖമായി എരിയണം. കുളിച്ച് ഈറന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണ് പതിവായി വിളക്ക് കൊളുത്താറുള്ളത്. സന്ധ്യാ സമയത്ത് വിളക്ക് കൊളുത്തിയ ശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നുള്ള നാമംചൊല്ലല്‍ നടത്തുന്നത് പണ്ടുകാലത്ത് കൂട്ടുകുടുംബങ്ങളിലെ പ്രത്യേകതയായിരുന്നു. ദീപനാളം ഈശ്വര ചൈതന്യത്തിന്റെ പ്രതീകമാണെന്നാണ് സങ്കല്‍പം.

തെക്കു കിഴക്കേ മൂല അഗ്‌നിയുമായി ബന്ധപ്പെട്ടതാണെന്നാണ് പൊതുവെയുള്ള വിശ്വാസം. അതിനാല്‍ വീട്ടിലെ എല്ലാ മുറികളുടെയും തെക്കു കിഴക്കേ മൂലയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നത് നന്നായിരിക്കും. അഗ്‌നി ദേവനെ പ്രീതിപ്പെടുത്തിയാല്‍ കുടുംബത്തില്‍ സന്തോഷവും ആരോഗ്യവും കളിയാടുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. സാമ്പത്തികമായ അഭിവൃദ്ധിക്കും ദാമ്പത്യ സൗഖ്യത്തിനും അഗ്‌നി ദേവനെ പ്രീതിപ്പെടുത്തണം. വാസ്തു ശാസ്ത്രപ്രകാരം തെക്കു കിഴക്കേ മൂലക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് പരമ്പരാഗത രീതിയില്‍ തിരിയിട്ടു കത്തിക്കുന്ന ഒരു ദീപം ഈ ദിശയില്‍ സ്ഥാപിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നത്.

ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, ഫ്രിഡ്ജ്, കമ്പ്യൂട്ടര്‍, മൈക്രോ ഓവന്‍, റേഡിയോ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വീടിന്റെ തെക്കു കിഴക്കേ മൂലയില്‍ വയ്ക്കുന്നതാണ് കൂടുതല്‍ ഉചിതം. ഇതു വഴി അഗ്‌നി ദേവന്റെ പ്രീതി സമ്പാദിക്കാനാകും. 

രുദ്രാഷ മുഖങ്ങളും ഫലങ്ങളും


രുദ്രാക്ഷം ഓരോ മുഖവും ഓരോ ദേവന്മാരെയാണു പ്രതിനിധീകരിക്കുന്നത് എന്നും ഓരോ ഗ്രഹങ്ങള്‍ക്കും ഓരോ രുദ്രാക്ഷം ഉണ്ടെന്നുമാണ് വിശ്വാസം. അതുപോലെ ഓരോന്നിനും വ്യത്യസ്തമായ ഫലങ്ങള്‍ ആണ് ഉണ്ടാവുക. രുദ്രാക്ഷം എല്ലാവര്‍ക്കും ധരിക്കാം. ഏത് പ്രായക്കാര്‍ക്കും ധരിക്കാം. വിശ്വാസത്തോടെയും അല്ലാതെയും ആഭരണമായും ധരിക്കാം.

ഒരു മുഖം - നേത്രരോഗങ്ങള്‍, തലവേദന, ഉദരരോഗം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ശമിപ്പിക്കുന്നു. ശിവനാണ് ദേവത. സൂര്യനാണ് ഗ്രഹം. സൂര്യദശാ കാലത്തും അപഹാരങ്ങളിലും ഉണ്ടാകുന്ന ദുരിതങ്ങള്‍ കുറയ്ക്കാന്‍ നല്ലതാണ്.

രണ്ടു മുഖം - വൃക്കരോഗം, മനോരോഗം, ശിരോരോഗം, ഉദരരോഗം എന്നിവ ശമിപ്പിക്കും. ശിവനും പാര്‍വ്വതിയുമാണ് ദേവത. ചന്ദ്രനാണ് ഗ്രഹം. ചന്ദ്രദശാകാലം, ചന്ദ്രദശാപഹാരകാല ദുരിതങ്ങള്‍ എന്നിവ ഒഴിവാകാന്‍ നല്ലത്.

മൂന്നു മുഖം - രക്തം, ശിരസ്സ്, കഴുത്ത്, ചെവി, ലൈംഗിക രോഗങ്ങള്‍ മുതലായവ ശമിപ്പിക്കും. അഗ്നിയാണ് ദേവത, ചൊവ്വയാണ് ഗ്രഹം. ദശാകാലം മെച്ചമാകാനും ചൊവ്വാദോഷത്തിന് പരിഹാരമായും ധരിക്കുന്നു.

നാലു മുഖം- പഠനപുരോഗതിക്കും നല്ല ബുദ്ധിയുണ്ടാകാനും നന്ന്. തളര്‍വാതം, മഞ്ഞപിത്തം, നാഡീരോഗങ്ങള്‍ എന്നിവ ഇല്ലാതാക്കും. ബ്രഹ്മാവാണ് ദേവത. ബുധനാണ് ഗ്രഹം, ബുധദശാകാലവും അപഹാരങ്ങളും ഗുണകരമാകാനും നന്ന്.

അഞ്ചു മുഖം - വൃക്കരോഗം, കര്‍ണരോഗം, പ്രമേഹം എന്നിവ കുറയ്ക്കും. ശിവനാണ് ദേവത. ഗ്രഹം വ്യാഴമാണ്. വ്യാഴ ദശാകാലം മെച്ചമാകാനും സന്താന ഭാഗ്യത്തിനും ഇത് നന്ന്. സുലഭമായി കിട്ടുന്ന ഈ രുദ്രാക്ഷം എല്ലാവര്‍ക്കും ധരിക്കാം.

ആറു മുഖം - സംഗീതം, നൃത്തം തുടങ്ങിയ രംഗങ്ങളില്‍ ശോഭിക്കാന്‍ നല്ലത്. തൊണ്ട രോഗം, ഗര്‍ഭാശയരോഗം എന്നിവ ശമിപ്പിക്കും. സുബ്രഹ്മണ്യനാണ് ദേവത, ശുക്രനാണ് ഗ്രഹം. ശുക്രദശാകാലം മെച്ചമാകാനും നല്ല ദാമ്പത്യ ജീവിതത്തിനും ഇത് നല്ലതാണ്.

ഏഴ് മുഖം - വാതം, അസ്ഥിവേദന, ഉദരരോഗങ്ങള്‍ എന്നിവ ശമിപ്പിക്കും, കാമനാണ് ദേവത, ശനിയാണ് ഗ്രഹം, ശനിദോഷ പരിഹാരമായും, ദശാപഹാരങ്ങളും, ഏഴരശനി, കണ്ടകശനി എന്നിവയ്ക്കും പരിഹാരമാണ്. യോഗ, ധ്യാനം എന്നിവയ്ക്കും നന്ന്.

എട്ടു മുഖം - ത്വക്ക്‌രോഗം, ശ്വാസകോശ രോഗം എന്നിവയ്ക്ക് പരിഹാരം. വിനായകനാണ് ദേവത. രാഹുവാണ് ഗ്രഹം. രാഹു ദശാകാലം മെച്ചമാകാനും ഗ്രഹദോഷ പരിഹാരമായും ഇത് ധരിക്കാം.

ഒന്‍പത് മുഖം - ശ്വാസകോശരോഗങ്ങള്‍, അലര്‍ജി, ഉദരരോഗം, ത്വക്ക്‌രോഗം എന്നിവയ്ക്ക് പരിഹാരമാണ്. ഭൈരവനാണ് ദേവത. കേതുവാണ് ഗ്രഹം. കേതു ദശാപഹാരം മെച്ചമാകാന്‍ ഇതു നല്ലതാണ്.

പത്ത് മുഖം - എല്ലാ ഗ്രഹങ്ങളേയും സ്വാധീനിക്കുന്നു . അതിനാല്‍ സകല ഗ്രഹങ്ങള്‍ക്കും പരിഹാരം. പിശാച്, പ്രേതം മുതലായവ ഒന്നും അടുത്തു വരികയില്ല. ജനാര്‍ദനനാണ് ദേവത.

പതിനൊന്ന് മുഖം - ആയിരം അശ്വമേധവും, നൂറ് യജ്ഞവും ചെയ്ത പുണ്യം ലഭിക്കും. ധ്യാനം ശീലിക്കുന്നവര്‍ക്ക് ഏറെ നല്ലത്. രുദ്രനാണ് ദേവത.

പന്ത്രണ്ട് മുഖം - ഒരു മുഖം തരുന്ന അതേ ഗുണങ്ങള്‍ ഈ രുദ്രാക്ഷവും നല്‍കും. ആധിയും വ്യാധിയും ഉണ്ടാകില്ല. ദ്വാദശാദിത്യനാണ് ദേവത. ഗ്രഹം സൂര്യനാണ്.

പതിമൂന്ന് മുഖം - ആറ് മുഖത്തിനും ഇതിനും ഒരേ ഫലമാണ്. കാര്‍ത്തികേയനാണ് ദേവത. സര്‍വ്വാഭീഷ്ടങ്ങളും സാധിക്കും. ശുക്രനാണ് ഗ്രഹം.

പതിനാല് മുഖം - ഏഴുമുഖത്തിന്റെ തന്നെ ഗുണമമാണ് ഇതിനും ഉണ്ടാവുക. പരമശിവനാണ് ദേവത. ശനിയെയാണ് ഇതു പ്രതിനിധീകരിക്കു 

ഗ്രഹങ്ങളും പൊതുസ്വഭാവവും പരിഹാരമാര്‍ഗം


ഗ്രഹങ്ങള്‍ ബലവാനായും ശുഭമായും നിന്നാല്‍ ഗുണാനുഭവവും സുഖവും ഉണ്ടാകും. ഗ്രഹങ്ങള്‍ ദുര്‍ബലരായും അശുഭമായും നിന്നാല്‍ ദു:ഖവും ദോഷാനുഭവങ്ങവും ഉണ്ടാകും. ഗ്രഹങ്ങളുടെ ബലാബലവും, ശുഭാശുഭവും വിലയിരുത്തി, ഗ്രഹങ്ങളെ അനുകൂലമാക്കാന്‍ നടത്തുന്ന മാര്‍ഗമാണ് ഗ്രഹദോഷ നിവാരണമാര്‍ഗ്ഗം. പ്രാര്‍ത്ഥന, പൂജ, ദോഷപരിഹാരം, തുടങ്ങിയവ ചെയ്യുമ്പോള്‍ ദുര്‍ബലാവസ്ഥ മാറി ഗുണാവസ്ഥ ഉണ്ടാകും. 

ജ്യോതിഷമനുസരിച്ച് കര്‍മ്മദോഷത്താല്‍ സംഭവിക്കുന്ന ദുഷ്‌കൃതം എട്ടുരീതിയില്‍ ദോഷാനുഭവങ്ങള്‍ ഉണ്ടാക്കാം.

1. ദൈവകോപം 2. ധര്‍മ്മദേവതാ കോപം (കുടുംബദേവത)

2. സര്‍പ്പകോപം 4. പിതൃകോപം (അന്തരിച്ചു പോയവരുടെ അതൃപ്തി)

5. ഗുരുജനശാപം 6. ബ്രാഹ്മണ ശാപം (സ്വാതികരും, ഈശ്വരവിശ്വാസികളുമായ പുണ്യപുരുഷന്‍മാര്‍ക്ക് നമ്മെ കുറിച്ച് ഉണ്ടാകുന്ന നീരസത്തിലൂടെയുണ്ടാകുന്ന ദോഷം)

7. പ്രേത ബാധ (അന്തരിച്ചവരില്‍ ശുദ്ധി വരായ്ക നിമിത്തം ഉന്നതിയെ പ്രാപിക്കാതെ ഭൗമമണ്ഡലത്തില്‍ തന്നെ തങ്ങി ജീവിച്ചിരുന്നപ്പോള്‍ ബന്ധമുള്ളവര്‍ക്കോ, ആ വംശത്തിലുള്ളവര്‍ക്കോ, ഈ ദുര്‍ജീവന്‍ നിലനില്‍ക്കുന്ന പ്രദേശത്തുള്ളവര്‍ക്കോ ഉണ്ടാകുന്ന ദോഷം)

8. വിഷ - ആഭിചാര-ഹിംസാദികള്‍ (ക്ഷുദ്രകര്‍മ്മം, വിഷമേല്‍ക്കുക, കൊല, മര്‍ദ്ദനം, വ്യഭിചാരം, തുടങ്ങിയവയിലൂടെ സംഭവിക്കുന്ന ദോഷം)

ഇപ്രകാരം എട്ട് വിധത്തിലാണത്രേ മനുഷ്യന് ദുര്‍വിധി കടന്നെത്തുക. ഈ ദുരിതങ്ങള്‍ മാറ്റാവുന്നതാണെന്നും, അത് മാറ്റാനുള്ള മാര്‍ഗ്ഗത്തെയാണ് പരിഹാരക്രിയകളെന്നു പറയുന്നത്. പക്ഷേ, പരിഹാരമാര്‍ഗം ഒരു കാര്യം കൂടി അടിവരയിട്ടു പറയുന്നുണ്ട്. പരിഹാരം നടത്തിയാല്‍ ഫലിക്കുമോ, ദോഷം മാറുമോ എന്നുകൂടി ജാതക വിശകലനം നടത്തി ഉറപ്പാക്കിയ ശേഷമേ പരിഹാരത്തിന് തുനിയാവൂ. ദോഷം അനുഭവിച്ചേ പറ്റൂ, ഒഴിവാക്കാന്‍ പറ്റുന്നില്ല എന്ന അവസ്ഥയാണെങ്കില്‍ ക്രിയ ഫലിക്കുന്നില്ല; പണം നഷ്ടം മാനഹാനിയും എന്ന അവസ്ഥയാകും. 

ജന്മനക്ഷത്രവും പൊരുത്തവും സുദൃഢമായ ദാമ്പത്യത്തിന്

കല്യാണം കുട്ടിക്കളിയല്ലെന്നു കാരണവന്മാര്‍ പറയുന്നത് കേട്ടിട്ടില്ലേ. ഈ നാട്ടുചൊല്ലില്‍ വലിയ അര്‍ഥമുണ്ട്. ജനനത്തോടൊപ്പം ജീവിതത്തിന്റെ പകുതിയാകുന്ന ജീവനെയും നിശ്ചയിച്ചിട്ടുണ്ടെന്നാണ് പുരാണം. അതില്‍ വാസ്തവമുണ്ടെന്നു മനസിലാകണമെങ്കില്‍ ജന്മനക്ഷത്രപ്പൊരുത്തങ്ങളുടെ അടിസ്ഥാനം തിരിച്ചറിയണം. ജനിച്ച ദിവസവും ഒരാളുടെ സ്വഭാവവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവോ അതുപോലെത്തന്നെയാണ് അഗ്നിസാക്ഷിയായി വിവാഹംകൊണ്ടു ബന്ധിതരാകുന്നവര്‍ തമ്മിലുള്ള യോജിപ്പും.

പത്തു പൊരുത്തങ്ങളിലെ വശ്യം എന്ന പൊരുത്തം ഉണ്ടെങ്കില്‍ ഇരുവരും തമ്മില്‍ മനസ്സുകള്‍ക്കു നല്ല ആകര്‍ഷണമായിരിക്കും എന്നാണു ഫലം പറയുന്നത്.

സമസപ്തമം എന്ന ഗുണം ഉള്ളവര്‍ തമ്മില്‍ മനസ്സുകള്‍ക്കു നല്ല പൊരുത്തമായിരിക്കും എന്നാണ് അനുഭവം. സമസപ്തമം എന്നാല്‍ ഇരുവര്‍ക്കും തുല്യമായി ഏഴ് എന്ന അവസ്ഥ. അതായത്, സ്ത്രീ ജനിച്ച കൂറിന്റെ ഏഴാംരാശി പുരുഷന്റെ ജന്മക്കൂറാകുന്ന അവസ്ഥയാണ് സമസപ്തമം. സ്ത്രീയുടെ ജന്മക്കൂറില്‍ നിന്ന് ഏഴാംരാശിയാണു പുരുഷന്റേത് എങ്കില്‍ മറിച്ചും അങ്ങനെത്തന്നെ ആയിരിക്കും.

അശ്വതി, ഭരണി നക്ഷത്രങ്ങളിലും കാര്‍ത്തികയുടെ ആദ്യത്തെ കാല്‍ ഭാഗത്തിലും ജനിച്ചവര്‍ മേടക്കൂറുകാര്‍ ആണ്. ഇവര്‍ക്ക് തുലാക്കൂറ് ആണ് ഏഴാംരാശി. ഈ കൂറില്‍ പെടുന്നതു ചിത്തിരയുടെ

അവസാനപകുതി, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാല്‍ ഭാഗം എന്നിവയാണ്. മേടക്കൂറില്‍ ജനിച്ചവര്‍ക്ക് തുലാക്കൂറില്‍ ജനിച്ചവര്‍ സമസപ്തമം ഉള്ളവരായിരിക്കും. ഇവര്‍ക്കു തമ്മില്‍ മനസ്സിന്റെ പൊരുത്തം കൂടും എന്നര്‍ഥം.

അതുപോലെ കാര്‍ത്തികയുടെ അവസാനത്തെ മുക്കാല്‍ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതി എന്നിവയില്‍ ജനിച്ച ഇടവക്കൂറുകാര്‍ക്ക് വിശാഖത്തിന്റെ അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട നക്ഷത്രങ്ങള്‍ പെടുന്ന വൃശ്ചികക്കൂറുകാര്‍ സമസപ്തമം ആയതിനാല്‍ മനസ്സിന്റെ പൊരുത്തം കൂടുതല്‍ ഉള്ളവരായിരിക്കും.

ഇങ്ങനെ നോക്കിയാല്‍ , മിഥുനക്കൂറുകാര്‍ക്കും ധനുക്കൂറുകാരും കര്‍ക്കടകക്കൂറുകാര്‍ക്കു മകരക്കൂറുകാരും ചിങ്ങക്കൂറുകാര്‍ക്കു കുംഭക്കൂറുകാരും കന്നിക്കൂറുകാര്‍ക്കു മീനക്കൂറുകാരും സമസപ്തമമുള്ളതിനാല്‍ മനസ്സു കൊണ്ടു കൂടുതല്‍ അടുപ്പമുള്ളവരായിരിക്കും.

അശ്വതി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീ സൗന്ദര്യം, അധികാരം, ധനം, നല്ല ആകൃതി പ്രകൃതി, ശുചിത്രം, ഗുരുഭക്തി, ഈശ്വരഭക്തി എന്നീ ഗുണങ്ങള്‍ ഉള്ളവരായിരിക്കും.

ഭരണി നക്ഷത്രത്തില്‍ ജനിച്ച സ്ത്രീ ശണ്ഠപ്രകൃതിയും,

ക്രൗര്യം, കലഹപ്രിയം, ദുഷ്ടത കാട്ടാന്‍ മടിയില്ലാത്ത മാനസികാവസ്ഥ, ധനം ഉറയ്ക്കായ്ക, കീര്‍ത്തിദോഷം, ശുചിത്വത്തില്‍ ശ്രദ്ധയില്ലായ്മ, അനാദരപ്രകൃതം എന്നിവ സ്വഭാവഭാഗമായി വന്നുചേരാം.

കാര്‍ത്തിക നക്ഷത്രത്തില്‍ സ്ത്രീ ജനിച്ചാല്‍ കോപകൂടുതല്‍, ഏറ്റുമുട്ടാനും കലഹമുണ്ടാക്കാനും താല്‍പര്യം, ഈശ്വരീയ മാര്‍ഗത്തില്‍ വൈരാഗിയായി മുന്നേറല്‍ , ബന്ധുക്കളുടെ സഹായമില്ലായ്മ, ദേഹത്തിന് ഏതെങ്കിലും പോരായ്മയും കഫപ്രകൃതവും ഉണ്ടാകാം.

രോഹിണി നക്ഷത്രം സ്ത്രീ സൗന്ദര്യവും, ശുചിത്വവും അവധാനതയും ത്യാജ്യഗ്രാഹ്യശേഷിയും ഭര്‍ത്താവിലും ഗുരുജനങ്ങളിലും ആദരവും നല്ല സന്താനങ്ങളും ഫലമായി വരണം.

മകയിരം നക്ഷത്രത്തില്‍

ജനിച്ച സ്ത്രീ മാന്യയും രൂപഗുണവതിയും നല്ല വാക്കും ആഭരണതാല്‍പര്യവും അലങ്കാര താല്‍പര്യവും ശരീരശുദ്ധി, സല്‍സന്താനങ്ങള്‍ എന്നീ ഗുണങ്ങള്‍ക്ക് ഉടമയാകണം.

തിരുവാതിര നാളില്‍ ജനിച്ച സ്ത്രീ കോപക്കൂടുതലുള്ളവളും അമര്‍ഷം നിയന്ത്രിക്കാന്‍ ശേഷിയുള്ളവും കഫ-പിത്ത പ്രകൃതിയും ശ്രദ്ധിച്ചാലും അനിയന്ത്രിതമായി ചെലവ് വരുത്തുന്നവളും പാണ്ഡിത്യമുള്ളവളും ഉള്ളവളായിരിക്കും.

പുണര്‍തം നാളില്‍ ജനിച്ചാല്‍ അങ്ങനെയുള്ള സ്ത്രീ അഹങ്കാരം ഇല്ലാത്തവളും കീര്‍ത്തിയും ജ്ഞാനവും പുണ്യകാര്യങ്ങളില്‍ താല്‍പര്യവും സല്‍സ്വഭാവവും ധര്‍മകാര്യങ്ങളില്‍ താല്‍പര്യമുള്ളവളും ആയിരിക്കും.

പൂയം നാളില്‍ ജനിച്ച സ്ത്രീ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്ന പ്രവൃത്തികള്‍ ചെയ്ത് വിജയിക്കുന്നവളും ഭാഗ്യം, സല്‍പുത്രന്മാര്‍ , ഗുരു-ദേവഭക്തി, ബന്ധുക്കള്‍ക്ക് പ്രിയത്വം, ജീവിതസുഖം എന്നിവയും വന്നു ചേരേണ്ടതാണ്.

ആയില്യം നാളില്‍ ജനിച്ച സ്ത്രീയ്ക്ക് ഗര്‍വും ഡംഭും സ്വാര്‍ഥതയും കൂടും. സദാ ഏതെങ്കിലും ഒരു കാര്യത്തില്‍ മനസ്സിന് നൊമ്പരം ഉണ്ടായിക്കൊണ്ടിരിക്കും. പലരും അലസതാ സ്വഭാവത്തോടു കൂടിയവരും കഠിനമായി സംസാരിക്കുവാന്‍ മടിയില്ലാത്തവരും ആകാം.

മകം പിറന്ന മങ്ക പ്രസിദ്ധമായ ഒരു പ്രയോഗമാണല്ലോ. സ്ത്രീകള്‍ക്ക് ഏറ്റവും ഗുണം നല്‍കുന്നതില്‍ ഒരു നക്ഷത്രമാണ് മകം. സദാ ശ്രീമതിയും സത്കര്‍മങ്ങളില്‍ താല്‍പര്യമുള്ളവളും ഗുരുത്വമുള്ളവളും സുഖജീവിതം ലഭിക്കുന്നവരും എന്നാല്‍ ഒരു ശത്രുപക്ഷം ജീവിതം മുഴുവന്‍ നിലനില്‍ക്കുകയും ചെയ്യും.

പൂരം മുപ്പൂരമായ പൂരം പൂരാടം, പൂരുരുട്ടാതിയില്‍പ്പെട്ടതാണ്. ഐശ്വര്യമുള്ള നാളാണ്. പുരുഷപ്രകൃതി ജീവിതത്തില്‍ അനുനിഴലിക്കും. ഗുണങ്ങളറിഞ്ഞേ ആദരിക്കൂ എന്ന് നിര്‍ബന്ധമുള്ളവരാണ്. വൃദ്ധിക്ഷയം മാറി മാറി വരുന്ന ജീവിതപ്രകൃതിയാണ്.

ഉത്രം നാളില്‍ ജനിച്ചവള്‍ സുസ്ഥിരമായ ബുദ്ധിയും ധനവും നീതിബോധവും ഗൃഹഭരണത്തില്‍ നിപുണതയും ഗുണവതിയും ആയിരിക്കും.

അത്തം നക്ഷത്രം സ്ത്രീകളുടെ കൈയ്യും കണ്ണും കാതും അഴകുള്ളതായിരിക്കും. പഞ്ചമ, സത്പ്രവൃത്തി, അറിവ്, സുഖാനുഭവം ഉള്ളവരും ആയിരിക്കും.

ചിത്തിര നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീയ്ക്ക് അഴക്, സുഖം, ധനം പൊതുവില്‍ നന്നായിരിക്കും. എന്നാല്‍ തിഥിദോഷം പ്രത്യേകിച്ചും ചതുര്‍ദശി സംഭവിച്ചാല്‍ വിപരീത ജീവിതം സംഭവിക്കും.

ചോതി നക്ഷത്ര സ്ത്രീയ്ക്ക് ഭര്‍ത്തൃഗുണം, പുത്രഗുണം, സമ്പത്ത്, സ്വഭാവഗുണം, മെല്ലെ നടക്കുന്നവളും യശസ്, വിജയം എന്നിവയും ഫലം.

വിശാഖം നക്ഷത്ര സ്ത്രീ ചാതുര്യമായി സംസാരിക്കും. ശരീരവും സുന്ദരമായിരിക്കും. ബന്ധുക്കളും സമ്പത്തും ഈശ്വരവിശ്വാസവും സദാചാരബോധവും കാണും.

അനിഴം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീയ്ക്ക് ബന്ധുഗുണവും വിനയവും ആകര്‍ഷകമായ ശരീരവും ആടയാഭരണഭ്രമവും സല്‍സ്വഭാവവും ഉണ്ടാകും.

തൃക്കേട്ട നക്ഷത്ര ജാതയായ സ്ത്രീ സുന്ദരിയും ജന്മപ്രതിഭയും സംഭാഷണശേഷിയും സുഖമോഹവും സന്താനഭാഗ്യവും നെറിയും നേരുമുള്ള ജീവിതശൈലിയുമായിരിക്കും.

മൂലം നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീകള്‍ക്ക് സുഖക്കുറവ് സ്വാഭാവികമാണ്. ഏതെങ്കിലും തരത്തിലുള്ള ഒരു മനോവ്യഥ സ്വാഭാവികമായി ഉണ്ടാകാം. എന്നാല്‍ ഈശ്വരവിശ്വാസവും ഭര്‍ത്തൃഭക്തയുമെല്ലാമായിരിക്കും.

പൂരാടം നക്ഷത്രക്കാര്‍ ജനിച്ചകുലത്തില്‍ മുഖ്യസ്ഥാനം ലഭിക്കുന്നവളും സല്‍പ്രവൃത്തികള്‍ ചെയ്യുന്നവളും കാര്യശേഷിയുള്ളവളും സവിശേഷമായ നയനങ്ങളോടു കൂടിയവളുമായിരിക്കും. വെള്ളിയാഴ്ചയും പൂരാടവുമാണെങ്കില്‍ ചില അനര്‍ഥങ്ങള്‍ നിനച്ചിരിക്കാതെ വന്നു ഭവിക്കാം.

ഉത്രാടം നക്ഷത്രജാതയായ സ്ത്രീ സൗന്ദര്യം, വിനയം, പ്രസിദ്ധി, സമ്പത്ത്, സുഖം എവിടെയും പ്രാമുഖ്യം എന്നിവ ലഭിക്കുന്നവളായിരിക്കും.

തിരുവോണം നാളില്‍ ജനിച്ച സ്ത്രീ രൂപവതിയും ഗുണവതിയും അറിവുള്ളവളും പഠനതാല്‍പര്യവും ദാനശീലയും തൃപ്തമായ മനസ്സോടു കൂടിയവളുമായിരിക്കും.

അവിട്ടം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീ സല്‍ക്കഥാ കീര്‍ത്തനങ്ങളില്‍ താല്‍പര്യവും ഭക്ഷണസുഖമുള്ളവളും ജീവിതം പുരോഗതിയില്‍ കൊണ്ടെത്തിക്കുന്നവളും ഗുരുത്വമുള്ളവളും ഗുണവതിയും ആയിരിക്കും.

ചതയം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീ മനോനിയന്ത്രണം ഉള്ളവളും ജനസമ്മതയും മറ്റുള്ളവരുടെ ആദരവ് ലഭിക്കുന്നളും നല്ലവരെ അവരുടെ ഗുണമനുസരിച്ച് ആദരിക്കുന്നവളുമായിരിക്കും.

പൂരുരുട്ടാതിയില്‍ ജനിച്ച സ്ത്രീ ജനിച്ചകുലത്തില്‍ മുഖ്യയായി മാറും. സമ്പത്ത്, സന്താനം, പരോപകാരഗുണം, സജ്ജനസമ്പര്‍ക്കം എന്നീ ഗുണങ്ങളും കാണാം.

ഉത്രട്ടാതിയില്‍ ജനിച്ച സ്ത്രീ ഹിതമായ കാര്യങ്ങള്‍ പ്രവൃത്തിക്കുന്നവളും അനുസരണശീലമുള്ളവളും ക്ഷമയുള്ളവളും ദിനചര്യയില്‍ കൃത്യനിഷ്ഠ പാലിക്കുന്നവളും ആയിരിക്കും.

രേവതിയില്‍ ജനിച്ചവള്‍ മറ്റുള്ളവരാല്‍ ആദരിക്കപ്പെടുന്നവളും ബന്ധുത്വം സ്വഭാവഗുണം, വ്രതാനുഷ്ഠാനങ്ങളില്‍ താല്‍പര്യം എന്നീ ഗുണങ്ങള്‍ ഉണ്ടായിരിക്കും.

ശനിയാഴ്ചയും ആയില്യവും ദ്വിതീയയും, ചൊവ്വാഴ്ചയും സപ്തമിയും ചതയവും, ഞായറാഴ്ചയുംദ്വാദശിയും വിശാഖവും തമ്മില്‍ ചേരുന്ന ദിവസം ജനിക്കുന്ന സ്ത്രീകള്‍ക്ക് വിഷകന്യാദോഷം സംഭവിക്കാം. ഈ യോഗത്തില്‍ ജനിക്കുന്ന സ്ത്രീകള്‍ക്ക് ഭര്‍ത്തൃനാശവും ധനനാശവും കലഹവും സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

കര്‍ക്കിടക വാവ്‌ ബലി

കാലഗണനയ്‌ക്ക് നിരവധി ഏകകങ്ങളുണ്ട്‌. അതില്‍ ഒട്ടും അപ്രധാനമല്ലാത്ത ഒന്നാണ്‌ സൂര്യന്റെ അയനത്തെ അഥവാ സൂര്യന്റെ സഞ്ചാരത്തെ അടിസ്‌ഥാനമാക്കിയുള്ള രീതി. ഉത്തരായനവും ദക്ഷിണായനവും ഇപ്രകാരം ഉണ്ടായിട്ടുള്ളതാണ്‌. ആദിത്യന്‍ ഭൂമിയുടെ ഉത്തരാര്‍ദ്ധ ഭാഗത്തുകൂടി സഞ്ചരിക്കുന്ന കാലമാണ്‌ ഉത്തരായനമെന്ന ആറുമാസം. മകരം ഒന്നു മുതല്‍ മിഥുനം അവസാനം വരെയാണിത്‌. ഉത്തരായനം ദേവ ദിനമാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. കര്‍ക്കിടകത്തില്‍ ദക്ഷിണായനം ആരംഭിക്കും. ഒപ്പം ദേവരാത്രിയും. പിതൃലോകം തുറക്കുന്നത്‌ അഥവാ പിതൃലോകദിനം ആരംഭിക്കുന്നത്‌ കര്‍ക്കിടകം മുതലാണത്രേ.

ജ്യോതിഷത്തിലെ രാശിചക്രങ്ങളില്‍ മേടം തുടങ്ങി നാലാമത്തെ രാശിയാണ്‌ കര്‍ക്കിടകം. നാലാമിടം മാതാവിന്റെയും കുടുംബത്തിന്റെയും സ്‌ഥാനമാണ്‌. കര്‍ക്കിടകരാശിയുടെ അധിപനായ ചന്ദ്രനാണ്‌ മാതൃകാരകത്ത്വവും. മാതൃകാരകനായ ചന്ദ്രന്റെ ക്ഷേത്രത്തില്‍ പിതൃകാരകനായ ആദിത്യന്‍ എത്തിച്ചേര്‍ന്ന്‌ അവര്‍ യോഗം ചെയ്യുമ്പോള്‍ അമാവാസിയായി. ഈ ദിനമാണ്‌ കര്‍ക്കിടകവാവ്‌.

ഭൂമിയില്‍ ജന്മമെടുക്കുവാന്‍ ഓരോരുത്തര്‍ക്കും തേജസ്സായും പിണ്ഡമായും സഹായിച്ച നമ്മുടെ മാതാപിതാക്കളെ സ്‌മരിക്കുവാനും അവര്‍ക്കും അവരുടെ പൂര്‍വ്വികര്‍ക്കും ബലി നല്‍കി തൃപ്‌തരാക്കുവാനും അപ്രകാരം സ്വന്തം കടമ നിര്‍വ്വഹിക്കുവാനും ഇതിനെക്കാള്‍ ചേര്‍ന്ന ദിവസമില്ല. പിതൃകര്‍മ്മത്തിന്‌ പറയുന്ന പേരുതന്നെ 'ബലി'യെന്നാണ്‌. ബലിയെന്നാല്‍ ആത്മസമര്‍പ്പണം. സര്‍വ്വം അഥവാ അവനവനെത്തന്നെ സമര്‍പ്പിക്കുന്നതാണ്‌ ആത്മസമര്‍പ്പണം. ഈശ്വരന്റെ സൃഷ്‌ടിയില്‍ ഏറ്റവും മഹത്തരമായ മനുഷ്യജന്മത്തില്‍ നമ്മള്‍ ചരിക്കുന്നത്‌ ധര്‍മ്മം, സത്യം, ദയ, നീതി എന്നീ പാതകളിലൂടെയാണെന്ന്‌ തിരിച്ചറിയാനുള്ള അവസരം കൂടിയാണ്‌ പിതൃബലി. ആധുനികശാസ്‌ത്രം കണ്ടെത്തിയ സത്യമനുസരിച്ച്‌ മനുഷ്യരില്‍ ഏകദേശം നാല്‌പതു തലമുറ മുമ്പുവരെയുള്ളവരുടെ ഗുണദോഷങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നിലനില്‍ക്കുമത്രേ. അങ്ങനെ വരുമ്പോള്‍ അത്രയും തലമുറകള്‍ക്കുവേണ്ടിയുള്ള ആരാധന കൂടിയാണ്‌ പിതൃബലിയിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്‌.

സ്വപിതാവിനെ 'പുത്‌' എന്ന നരകത്തില്‍ പതിക്കാതെ ത്രാണനം ചെയ്യുന്നവനാണ്‌ പുത്രന്‍. ആണ്‍-പെണ്‍ സൃഷ്‌ടികള്‍ രണ്ടും ദൈവത്തിന്റെതായതുകൊണ്ട്‌ പുത്രനൊപ്പം പ്രാധാന്യം ഇക്കാര്യത്തില്‍ പുത്രിക്കും ഉണ്ട്‌. അതായത്‌ സ്വപിതാവിന്റെ (മാതാവിന്റെ) മോക്ഷത്തില്‍ പുത്രനുള്ളത്രയും തന്നെ ഉത്തരവാദിത്തം പുത്രിക്കുമുണ്ടെന്നുസാരം. പൗരാണിക കാലം മുതല്‍ യാഗകര്‍മ്മാദികളില്‍ നിലനിന്നിരുന്ന പുരുഷപ്രാധാന്യം പിതൃകര്‍മ്മാദികളില്‍ തുടര്‍ന്നുവന്നതാകാം പുത്രന്‌ ഇക്കാര്യത്തില്‍ മുന്‍കൈയെന്ന്‌ ചിന്തിക്കാം.

ഹൈന്ദവ വിശ്വാസമനുസരിച്ച്‌ ഓരോ അമാവാസിനാളിലും മരണമടഞ്ഞവരുടെ ആത്മാക്കള്‍ അന്നപാനാദിക്കള്‍ക്കായി സന്തതികള്‍ക്കു മുന്നിലെത്തും. ഇവരെ പിണ്ഡമൂട്ടേണ്ട കടമ സന്തതികള്‍ക്കുണ്ട്‌. അപ്രകാരം ചെയ്യാത്ത സന്തതികളെ പിതൃക്കള്‍ ശപിക്കുമെന്ന്‌ ഗരുഡപുരാണത്തില്‍ പരാമര്‍ശമുണ്ട്‌. ഓരോ അമാവാസിക്കും പിണ്ഡമൂട്ടാന്‍ കഴിയാത്തവര്‍ കര്‍ക്കിടകത്തിലെ അമാവാസിക്കു ബലിയിട്ടാല്‍ പരിഹാരമാകും. ബലിയിടാന്‍ തയ്യാറെടുക്കുന്നവര്‍ തലേന്ന്‌ വ്രതമനുഷ്‌ഠിക്കണം. ഒരിക്കലൂണേ പാടുള്ളൂ. ഉള്ളി, ഉഴുന്ന്‌, മത്സ്യം, മാംസം, മദ്യം, ലഹരിപദാര്‍ത്ഥങ്ങള്‍ ഇവ വര്‍ജ്‌ജിക്കുക. ബ്രഹ്‌മചര്യം പാലിക്കണം. പകലറുക്കം വെടിയുക. ഏതെങ്കിലും തീര്‍ത്ഥഘട്ടങ്ങളിലോ, ബലി തര്‍പ്പണാദികള്‍ അനുഷ്‌ഠിക്കുന്ന ക്ഷേത്രത്തിലോ ബലിയിടാം.

അനവധി യജ്‌ഞങ്ങളുള്ളതില്‍ പിതൃക്കളുടെ സായൂജ്യ പ്രാപ്‌തിക്കായി അനുഷ്‌ഠിക്കുന്ന യജ്‌ഞത്തിനാണു പ്രാധാന്യമുള്ളത്‌. ''സര്‍വയജ്‌ഞ പ്രധാനം ച പിതൃയജ്‌ഞം സുചിന്തിതം'' എന്ന വചനമനുസരിച്ച്‌ ദേവാരാധനകള്‍ പോലെ സുപ്രധാനമാണ്‌ പൂര്‍വ പരമ്പരയ്‌ക്കുവേണ്ടി ചെയ്യുന്ന പിതൃയജ്‌ഞങ്ങളും. സര്‍വമതങ്ങളിലും വംശപരമ്പരയുടെ പ്രാധാന്യവും നിയോഗവും എടുത്തു പറയുന്നുണ്ട്‌. കഴിഞ്ഞുപോയ തലമുറയുടെ കര്‍മഫലങ്ങളും ചിന്താതരംഗങ്ങളും പിന്നീടുള്ള വംശപരമ്പരയെ സ്വാധീനിക്കുന്നതായി ശാസ്‌ത്രങ്ങള്‍ അനുശാസിക്കുന്നു. ജ്യോതിഷത്തില്‍ പൂര്‍വ കര്‍മഫലങ്ങള്‍ക്കു വളരെ പ്രാധാന്യം കല്‌പിക്കുന്നു. ''അനേക ജന്മാര്‍ജിതം കര്‍മം ശുഭം വായദിവാശുഭം തസ്വ പംക്‌തി ഗ്രഹാസ്സര്‍വേ സൂചയന്തി ഇഹ ജന്മനി'' അനവധി ജന്മജന്മാന്തരങ്ങളിലെ കര്‍മഫലങ്ങള്‍ ഈ ജന്മത്തിലെ അനുഭവങ്ങളെ സ്വാധീനിക്കുന്നു എന്നതാണ്‌ ആചാര്യന്മാര്‍ പറയുന്നത്‌. അതിനാല്‍ ഈ ജന്മത്തിലെ ദോഷകരമായ അനുഭവങ്ങള്‍ മാറുന്നതിന്‌ പൂര്‍വ കര്‍മശാന്തത ഉണ്ടാകണം. അതിനാണ്‌ കര്‍ക്കടവാവു തര്‍പണം പോലെയുള്ള സായൂജ്യ ക്രിയകള്‍ വിധിച്ചിരിക്കുന്നത്‌. കര്‍ക്കടക വാവുബലി നടത്താന്‍ പറ്റാതെ വരുന്നത്‌ നിര്‍ഭാഗ്യകരമാണ്‌. എന്നാല്‍ യാദൃശ്‌ചികമായി അസൗകര്യങ്ങളാല്‍ അതിനു കഴിയാതെ വന്നാല്‍, മറ്റു ദിവസങ്ങളില്‍ ചില പ്രത്യേക കര്‍മങ്ങള്‍ ചെയ്‌ത് ഇതിനു പ്രതിവിധി കാണാം. സത്യനാരായണബലി, പിതൃ തത്ത്വ ഹവനം തുടങ്ങിയവയാണ്‌ ആ ക്രിയകള്‍. എന്തായാലും ഏതെങ്കിലും വിധത്തില്‍ വാവുതര്‍പ്പണമോ മറ്റു ക്രിയകളോ ചെയ്‌ത് പൂര്‍വാചാര ശുദ്ധി വരുന്നതാണ്‌ ഉത്തമം.

പ്രധാന ബലിഘട്ടങ്ങള്‍

തിരുനെല്ലി, വര്‍ക്കല പാപനാശം, തിരുന്നാവായ, ശ്രീസുന്ദരേശക്ഷേത്രം (കണ്ണൂര്‍ ), തൃക്കുന്നപ്പുഴ (ആലപ്പുഴ ജില്ല), തിരുവില്വാമല, തിരുവനന്തപുരം ശംഖുമുഖം, തിരുവല്ലം, തിരുമൂലവാരം, ആലുവ ചേലാമറ്റം എന്നിവയാണ്‌ പ്രധാന ബലിഘട്ടങ്ങള്‍. പുരുഷന്മാര്‍ക്കൊപ്പം സ്‌ത്രീകള്‍ക്കും ബലിയിടാം. ബലിയിടുന്ന ദിവസം ബലി കഴിയുന്നതുവരെ ജലപാനം വെടിയുന്നതാണുത്തമം. എന്നാല്‍ ജീവിതശൈലീരോഗങ്ങളും മറ്റും വലയ്‌ക്കുന്നവര്‍ പാനീയ ഭക്ഷണം വെടിഞ്ഞുനില്‍ക്കുന്നത്‌ യഥാരോഗ്യസ്‌ഥിതിയനുസരിച്ചുവേണം. സ്വന്തം പിതൃപരമ്പരയ്‌ക്ക് മോക്ഷം നല്‍കാന്‍; അവരുടെ ആത്മാക്കളെ തൃപ്‌തിപ്പെടുത്താന്‍ നമുക്കു ലഭിക്കുന്ന അവസരമാണ്‌ അമാവാസി. മനുഷ്യജന്മത്തില്‍ അനുഷ്‌ഠിക്കേണ്ട കര്‍മ്മങ്ങളില്‍ പ്രമുഖവും.