Wednesday, December 19, 2012

കിടപ്പ് മുറിയുടെസ്ഥാനം


ഗൃഹനാഥന്റെ (ഗൃഹനാഥയുടെ) കിടപ്പുമുറി അഥവാ മാസ്റ്റര്‍ ബെഡ്‌റൂം വീടിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തായിരിക്കണം.

 സാധാരണ കാറ്റിന്റെ ഗതി തെക്കുപടിഞ്ഞാറുനിന്നും കിഴക്കോട്ടോ, പടിഞ്ഞാറുനിന്നും കിഴക്കോട്ടോ ആയിരിക്കും. അതിനാല്‍ കിടപ്പുമുറി ഈ ഭാഗത്താണെങ്കില്‍ അവിടെ നല്ല കാറ്റ് ലഭിക്കും.

പ്രധാന മുറിയുടെ വാതില്‍ കിഴക്കോട്ടോ, വടക്കോട്ടോ വരുന്നതാണ് നല്ലത്.

അറ്റാച്ചഡ് ബാത്ത്‌റൂമാണെങ്കില്‍ മുറിയുടെ വടക്കുപടിഞ്ഞാറോ, തെക്കുകിഴക്കോ ആവാം.

പ്രധാനകിടപ്പുമുറി തെക്കുകിഴക്കു ഭാഗത്തുവരരുത്. ദമ്പതികള്‍ ഈ മുറിയില്‍ കിടന്നാല്‍ കലഹം ഒഴിയില്ലെന്നാണ് വിശ്വാസം. *

പൂജാമുറിക്കുള്ള സ്ഥാനം


''രാജതാംധാമിനിഭൂസുരസ്യ''- എന്ന പ്രമാണത്തില്‍ പൂജാമുറി ഈശാനമൂലയിലും (വടക്ക്- കിഴക്ക്), കിഴക്കുവശത്തും, അഗ്നികോണിലും, പടിഞ്ഞാറുഭാഗത്തും ഉണ്ടാക്കാം. വടക്കു-കിഴക്കേ മൂല മുതല്‍ തെക്കു-പടിഞ്ഞാറെ മൂലവരെയുളള ദിക്കുകളില്‍ പണിയുന്ന പൂജാമുറി പടിഞ്ഞാറു ദര്‍ശനമായും (ഏകയോനി) തെക്കു-പടിഞ്ഞാറെ മൂല മുതല്‍ വടക്കു-കിഴക്കേ മൂലവരെയും സ്ഥാനങ്ങളില്‍ പണിയുന്ന പൂജാമുറി കിഴക്കു ദര്‍ശനമായും (പഞ്ചയോനി) ഇരിക്കേണ്ടതാണ്.

ദേവന്റെ ദൃഷ്ടിപഥത്തില്‍ ഗൃഹത്തിന്റെ ഭൂരിഭാഗവും വരുന്നത് ഉത്തമമാകുന്നു. 

ശൗചാലയത്തിന് മുന്നിലോ, ചേര്‍ന്നോ, കോണിപ്പടിയുടെ അടിയിലോ പൂജാമുറി നിര്‍മ്മിക്കുവാന്‍ പാടില്ല.

ഗൃഹത്തിന്റെ മദ്ധ്യഭാഗമാകുന്ന ബ്രഹ്മസ്ഥാനത്ത്, ഗൃഹദര്‍ശനത്തിനനുസരിച്ച് പൂജാമുറി നിര്‍മ്മിക്കാവുന്നതാണ്. ഏകശാലകളില്‍; അഥവാ നാലുകെട്ടല്ലാത്ത ഒറ്റവീടുകളില്‍ വടക്കു-കിഴക്ക്, കിഴക്ക്, തെക്കു-കിഴക്കിന്റെ വടക്കു, പടിഞ്ഞാറ്, വടക്ക്-കിഴക്കിന്റെ വടക്ക് എന്നിവിടങ്ങളിലെല്ലാം പൂജാമുറി നിര്‍മ്മിക്കാം.

പൂജാമുറിക്ക് വടക്കോട്ടോ, തെക്കോട്ടോ ദര്‍ശനം കൊടുക്കുവാന്‍ പാടില്ല. (ചില ഉപാസകര്‍ക്കാകാം). പൂജാമുറിയുടെ മേല്‍ക്കൂര സ്തൂപികാകൃതിയാകുന്നത് നല്ലതാകുന്നു.

പൂജാമുറിയുടെ ചുവരുകള്‍ വെളളയോ, ഇളംനിറങ്ങളോ ആവാം. പൂജാമുറിയില്‍ പ്രതികൂല ഊര്‍ജ്ജം ഉണ്ടാക്കുന്ന പാഴ്‌വസ്തുക്കള്‍, ക്ഷേത്രത്തിലെ പ്രസാദത്തിന്റെ ഉണങ്ങിയ പുഷ്പങ്ങള്‍, മരിച്ചവരുടെ ഫോട്ടോകള്‍, അതി രൗദ്രന്മാരായ ദേവതകളുടെ ഫോട്ടോകള്‍, പ്രതിമകള്‍, യുദ്ധരംഗങ്ങള്‍ എന്നിവ വയ്ക്കുവാന്‍ പാടില്ല. പൂജാമുറിയില്‍ ഇഷ്ടദേവീ ദേവന്മാരുടെ വളരെ കുറച്ചു ഫോട്ടോകള്‍ മാത്രം വച്ചാല്‍ മതി. വളരെയധികം വൃത്തിയും ശുദ്ധിയും പൂജാമുറിയില്‍ പാലിക്കേണ്ടതുണ്ട്.