Tuesday, August 23, 2016

നവഗ്രഹ ദോഷപരിഹാരത്തിന് ധാന്യദാനം

നവഗ്രഹ ദോഷപരിഹാരത്തിന് ധാന്യദാനം

******************************************************
നവഗ്രഹ ദോഷ നിവാരണത്തിനായി ജ്യോതിഷത്തില്‍ പലവിധ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട് . ദോഷകാരകനായ ഗ്രഹത്തെയോ ദേവതയെയോ ഉപാസിക്കുക,പൂജാദി കര്‍മങ്ങള്‍ നടത്തുക,യോജ്യമായ വൃതാനുഷ്ടാനങ്ങള്‍ അനുഷ്ടിക്കുക,അനുകൂല രത്നങ്ങള്‍ ധരിക്കുക ,അനുകൂല നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക മുതലായി ഒട്ടനവധി പരിഹാര മാര്‍ഗങ്ങള്‍ ഉണ്ട് . ഇതില്‍ പലതും പലര്‍ക്കും പല കാരണങ്ങളാല്‍ ചെയ്യുവാന്‍ സാധിച്ചെന്നു വരില്ല. രത്നധാരണം ആണെങ്കില്‍ ശരിയായ രത്നം തിരഞ്ഞെടുത്തില്ലെങ്കില്‍ ഗുണത്തെക്കാള്‍ ഉപരി ദോഷം ചെയ്തുവെന്ന് വരും.
 
ഏതായാലും ഏതു ഗ്രഹമാണോ ദോഷകാരകനായി വര്‍ത്തിക്കുന്നത് , ആ ഗ്രഹത്തിന് പറഞ്ഞിരിക്കുന്നതായ ധാന്യം ദാനം ചെയ്യുന്നത് ഒരു വലിയ അളവില്‍ ദോഷശമനത്തിന് ഉപകാരപ്പെടും.

നവഗ്രഹങ്ങളും ധാന്യങ്ങളും 

സൂര്യന്‍-  ഗോതമ്പ് 
ചന്ദ്രന്‍-  അരി
ചൊവ്വ-  തുവര 
ബുധന്‍-  ചാമ 
ഗുരു-  കടല 
ശുക്രന്‍-  ചെറുപയര്‍ 
ശനി- എള്ള് 
രാഹു  -  ഉഴുന്ന് 
കേതു-  മുതിര 

അഷ്‌ടമി രോഹിണിയിലെ അനുഷ്ടാനങ്ങള്‍

അഷ്‌ടമി രോഹിണി ദിവസം സന്താന ഗോപാലമന്ത്രം 41 പ്രാവശ്യം ജപിച്ചാല്‍ ഇഷ്‌ടസന്താന പ്രാപ്തിയുണ്ടാകുമെന്നതില്‍  തര്‍ക്കമില്ല. 
''ദേവകീ സുത ഗോവിന്ദാ വാസുദേവാ ജഗത്‌പതേ 
ദേഹി മേ തനയം കൃഷ്‌ണാ ത്വാമഹം ശരണം ഗത'' 

എന്ന സന്താന ഗോപാല മന്ത്രത്താല്‍ അഷ്ടമിരോഹിണി നാളില്‍ ശ്രീകൃഷ്‌ണപ്രതിഷ്‌ഠയുളള ക്ഷേത്രത്തില്‍ പൂജ നടത്തുന്നതും ശ്രേഷ്‌ഠമാണ്‌. 

ജാതകവശാല്‍ ആയുസ്സിന്‌ മാന്ദ്യം ഉളളവര്‍ ശ്രീകൃഷ്‌ണജയന്തിക്ക്‌ 41 പ്രാവശ്യം ആയുര്‍ഗോപാലമന്ത്രം ജപിക്കണം. 

''ദേവകീ സുത ഗോവിന്ദാ വാസുദേവാ ജഗത്‌പതേ 
ദേഹി മേ ശരണം കൃഷ്‌ണാ ത്വാമഹം ശരണം ഗത'' 

എന്നതാണ് ആയുര്‍ഗോപാല മന്ത്രം.

 ''കൃഷ്‌ണ കൃഷ്‌ണാ ഹരേ കൃഷ്‌ണാ 
സര്‍വ്വജ്‌ഞാ ത്വം പ്രസീദ മേ 
രമാ രമണാ വിശ്വേശാ, 
വിദ്യാമാശു പ്രയശ്‌ച മേ' 

വിദ്യാഭ്യാസ പുരോഗതിക്കും വിദ്യാവിജയത്തിനും വിജയത്തിനും ഈ  വിദ്യാഗോപാല മന്ത്രം 41 പ്രാവശ്യം ജപിക്കണം. 

ജ്‌ഞാനസമ്പാദനത്തിനും ഓര്‍മശക്തി വര്‍ധിക്കാനും 

''ഉല്‍ഗിരല്‍ പ്രണവോല്‍ഗീഥ 
സര്‍വ്വ വാഗീശ്വരേശ്വരാ 
സര്‍വ്വ വേദമയാചിന്ത്യ 
സര്‍വ്വം ബോധയ ബോധയ'' 

എന്ന ''ഹയഗ്രീവ ഗോപാല മന്ത്രം'' 41 ഉരു  ജപിക്കണം. 


ധനസമൃദ്ധിക്കും ഐശ്വര്യത്തിനും


''കൃഷ്‌ണ കൃഷ്‌ണ മഹായോഗിന്‍ 
ഭക്‌താനാം അഭയം കര 
ഗോവിന്ദ പരമാനന്ദാ 
സര്‍വ്വം മേ വശമാനയ'' 


എന്ന രാജഗോപാലമന്ത്രം അഷ്ടമി രോഹിണി ദിനത്തില്‍ 41 പ്രാവശ്യം ജപിക്കുന്നത് സാമ്പത്തിക അഭിവൃദ്ധിക്കും സര്‍വ ഐശ്വര്യത്തിനും പ്രയോജനപ്രദമാണ്.

ഞായറാഴ്ച ഗൃഹ പ്രവേശം ആകാമോ?

ഞായറാഴ്ച അവധി ദിവസം ആകയാല്‍ ആളുകളുടെ സൗകര്യം നോക്കി ഗൃഹപ്രവേശത്തിന്  മുഹൂര്‍ത്തത്തിനു വേണ്ടി പലരും ജ്യോത്സ്യന്മാരെ സമീപിക്കാറുണ്ട്. പലരും ഞായറാഴ്ച മുഹൂര്‍ത്തം
ഗണിച്ചു കൊടുക്കാറുണ്ട്.

എന്നാല്‍ മുഹൂര്‍ത്ത പദവിയില്‍ വളരെ അസന്നിഗ്ദ്ധമായി പറയുന്ന പ്രമാണമാണ്‌ ഞായറാഴ്ചയും ചൊവ്വാഴ്ചയും ഗൃഹാരംഭമോ ഗൃഹ പ്രവേശമോ പാടില്ല എന്ന്. ഇതിനു അതിന്റേതായ തത്വങ്ങളുണ്ട്.വഹ്നിജ്വാലം എന്നത് ഒരു നരകമാണ്. സൂര്യ ദിവസമായ ഞായറാഴ്ചയും കുജ ദിനമായ ചൊവ്വാഴ്ചയും അഗ്നി കാരകത്വമുള്ള ദിവസങ്ങളാണ്.ഈ ദിവസങ്ങളില്‍ പാല്‍ കാച്ചുന്നത്  ഐശ്വര്യ പ്രദമല്ല.കാര്യം മൂല മഘാന്ന ...എന്ന് തുടങ്ങുന്ന ശ്ലോകത്തില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്.

ആയതിനാല്‍ ഞായര്‍ ചൊവ്വ എന്നീ ദിവസങ്ങളിലെ ഗൃഹ പ്രവേശം ഒഴിവാക്കണം.ആളുകളുടെ സൌകര്യമാണ് മുഖ്യമെങ്കില്‍ ഞായറാഴ്ച പ്രത്യേകം വിരുന്നുകളോ മറ്റോ സംഘടിപ്പിക്കുക. ചടങ്ങ് മുഹൂര്‍ത്തം അനുസരിച്ച് തന്നെ നടത്തുക. സല്ക്കര്‍മ്മങ്ങള്‍ക്ക്  മുഹൂര്‍ത്തം ആണ് പ്രധാനം; സൗകര്യം അല്ല എന്ന് മനസ്സിലാക്കണം.

ഗ്രഹപ്പിഴയ്ക്ക്‌ പരിഹാരം വിഷ്ണു പൂജ

വൈഷ്ണവ പ്രീതികരമായ വിഷ്ണുപൂജ ഗ്രഹപ്പിഴക്കാലങ്ങളില്‍ നടത്തുന്നത്‌ ശാന്തിദായകമാണ്‌. വ്യക്തിയുടെ ജന്മനക്ഷത്രം തോറും ഇത്‌ നടത്താം. ലളിതമായി ചെയ്യാവുന്ന ഈ കര്‍മ്മം സ്വസ്തികപത്മമിട്ട്‌ വിളക്കുവച്ച്‌ നടത്തുന്നു. രാവിലെയാണ്‌ പതിവ്‌. വിഷ്ണുസഹസ്രനാമം, പുരുഷസൂക്തം, നാരായണസൂക്തം തുടങ്ങിയവ ജപിച്ച്‌ അര്‍ച്ചന നടത്തുകയും ചെയ്യാം. ദ്വാദശനാമം, അഷ്ടോത്തരശതം എന്നിവകളാല്‍ പുഷ്പാഞ്ജലി നടത്തുന്നതും പതിവാണ്‌. പാല്‍പ്പായസമാണ്‌ മുഖ്യനിവേദ്യം. വിഷ്ണുപൂജ തന്നെ വിപുലമായ വിധാനങ്ങളോടെ ദ്വാദശനാമം പൂജയും, കാലുകഴികിച്ചൂട്ടും എന്ന പേരില്‍ ഗോദാനാദി ദശദാനങ്ങള്‍, ഫലമൂലദാനങ്ങള്‍ തുടങ്ങിയവയോടുകൂടി നടത്താറുണ്ട്‌. ഷ്ഷ്ടിപൂര്‍ത്തി, സപ്തതി, ശതാഭിഷേകം, നവതി, ദശാബ്ദി തുടങ്ങിയവയ്ക്ക്‌ വിഷ്ണുപൂജ ഇപ്രകാരം നടത്തുന്നത്‌ ഉത്തമമാണ്‌. പക്കപ്പിറന്നാള്‍ തോറും ലളിതമായും ആട്ടപ്പിറന്നാളിന്‌ വിപുലമായും വിഷ്ണുപൂജ നടത്തുന്നത്‌ ഗ്രഹപ്പിഴാപരിഹാരത്തിന്‌ ഫലപ്രദമായി കണ്ടിട്ടുണ്ട്‌. ജാതകനെക്കൊണ്ട്‌ യഥാവിധി മന്ത്രങ്ങള്‍ ചൊല്ലിച്ചാണ്‌ ദാനം നിര്‍വ്വഹിക്കേണ്ടത്‌. ദാനം സ്വീകരിക്കുന്നയാള്‍ അക്ഷതമിട്ട്‌ ആയുരാരോഗ്യസൗഖ്യം നേര്‍ന്ന്‌ അനുഗ്രഹിക്കുന്നു. വ്യാഴദശാകാലമുള്ളവരും ചാരവശാല്‍ വ്യാഴം അനിഷ്ടമായവരും ജന്മനക്ഷത്രം തോറും വിഷ്ണുപൂജ നടത്തുന്നത്‌ കൂടുതല്‍ ഫലപ്രദമായിരിക്കും. മാര്‍ഗശീര്‍ഷമാസം (വൃശ്ചികത്തിലെ അമാവാസിക്കുശേഷം ധനുവിലെ അമാവാസി വരെ) മുതല്‍ 12 മാസങ്ങള്‍ക്ക്‌ ക്രമത്തില്‍ വിഷ്ണുവിന്റെ ദ്വാദശ മൂര്‍ത്തികളില്‍ അധിപതികളാണ്‌. കേശവന്‍, നാരായണന്‍, മാധവന്‍, ഗോവിന്ദന്‍, വിഷ്ണു, മധുസൂദനന്‍, ത്രിവിക്രമന്‍, വാമനന്‍, ശ്രീധരന്‍, ഹൃഷികേശന്‍, പത്മനാഭന്‍, ദാമോദരന്‍ എന്നിവരെ യഥാക്രമം അതാതുമാസത്തില്‍ ജാതകന്റെ ജന്മനക്ഷത്രം തോറും അതാത്‌ നാമങ്ങളില്‍ പൂജ ചെയ്യുന്നത്‌ അതിവിശേഷമാണ്‌. ഇതുപോലെ ഐശ്വര്യത്തിനും സമ്പത്തിനുമായി നടത്തുന്ന ലക്ഷ്മീപൂജ, വിദ്യാനൈപുണ്യത്തിനുവേണ്ടിയുള്ള സരസ്വതീപൂജ, പുതൃമോക്ഷം, ദൃഷ്കൃതക്ഷയം എന്നിവയ്ക്ക്‌ നടത്തുന്ന സുകൃതഹോമം, മോക്ഷ ചതുഷ്ടയങ്ങളിലൊന്നായ സായൂജ്യം ലഭിക്കുന്നതിന്‌ വേണ്ടിയുള്ള സായൂജ്യപൂജ എന്നിങ്ങനെ കര്‍മ്മങ്ങള്‍ അസംഖ്യമുണ്ട്‌

ഏത്തമിടല്‍ എങ്ങനെ

മഹാഗണപതിയെ വന്ദിക്കുമ്പോള്‍ മാത്രം ചെയ്യുന്ന ഒന്നാണ് ഏത്തമിടല്‍, മറ്റൊരു ദേവതയ്ക്കും ഏത്തമിടല്‍ പറഞ്ഞിട്ടില്ല. ആചാര്യന്മാര്‍ നിര്‍ദേശിച്ചവിധം ഏത്തമിട്ടാലെ ഫലം കിട്ടുകയുള്ളൂ.

ഭക്തന്‍ ഇടതുകാലിന്മേല്‍ ഊന്നിനിന്നിട്ട് വലതുകാല്‍ ഇടതുകാലിന്ടെ മുന്പില്‍കൂടി കൊണ്ടുവന്ന്‍ ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി നില്‍ക്കണം. ശേഷം ഇടതു കൈയുടെ ചൂണ്ടാണി വിരലും നടുവിരലുംകൊണ്ട് വലത്തെ ചെവിയിലും, വലതുകൈ ഇടതുകൈയുടെ മുന്പില്‍ കൂടി കൊണ്ടുവന്നു മുന്‍പറഞ്ഞപോലെ ചൂണ്ടാണി വിരലും നടുവിരലും കൊണ്ട്  ഇടത്തെ ചെവിയിലും പിടിക്കണം. എന്നിട്ട് ശരീരത്തിന്റെ  നടുഭാഗം വളച്ചു കുനിഞ്ഞ്‌ ഇരുകൈമുട്ടുകളും താഴേക്ക് കൊണ്ടുവരികയും നിവര്‍ന്നു മുകളിലേക്ക് വന്നു പൂര്‍വസ്ഥിതിയില്‍ നില്‍ക്കുകയും ചെയ്യുക. ഏത്തമിടല്‍ ചെയ്യേണ്ടത് ഇങ്ങനെയാണ്. ഏത്തമിടലിന്ടെ ഏറ്റവും കുറഞ്ഞ എണ്ണം മൂന്നാണ്. ശരീരശാസ്ത്രമനുസരിച്ച്  ഏത്തമിടല്‍കൊണ്ട് വളരെയേറെ ഗുണങ്ങള്‍ ഉണ്ട് . അഞ്ച്, ഏഴ്, പന്ത്രണ്ട് എന്നിങ്ങനെ ഏത്തമിടലിന്ടെ സംഖ്യ വര്‍ധിപ്പിക്കാവുന്നതാണ്.

ഗണേശ വിഗ്രഹങ്ങള്‍ വീട്ടില്‍ വയ്ക്കേണ്ട സ്ഥാനങ്ങള്‍

ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം 

സന്തതിപരമ്പരകളുടെ ക്ഷേമൈശ്വര്യങ്ങള്‍  ആഗ്രഹിക്കുന്നവര്‍ക്ക്‌ വീട്ടില്‍ ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം സ്ഥാപിക്കുന്നത്‌ നല്ലതാണന്നാണ്‌ വിശ്വാസം. ചെമ്പ്‌ കൊണ്ടുള്ള  ഗണേശ വിഗ്രഹങ്ങള്‍ കിഴക്കോ തെക്കോ ദിശയില്‍ വയ്‌ക്കുക. തെക്ക്‌ പടിഞ്ഞാറോ വടക്ക്‌കിഴക്കോ ദിശയില്‍ വയ്‌ക്കരുത്‌.  

തടി
കൊണ്ടുള്ള ഗണേശ വിഗ്രഹം


ചന്ദനത്തടിയില്‍ ഉള്‍പ്പടെ വിവിധ മരങ്ങള്‍ കൊണ്ട്‌ നിര്‍മ്മിക്കുന്ന ഗണേശ വിഗ്രഹങ്ങള്‍ക്ക്‌ നിരവധി ഗുണങ്ങളുണ്ട്‌. ആരോഗ്യം, ദീര്‍ഘായുസ്സ്‌, വിജയം എന്നിവയ്‌ക്കായി ഇത്തരം വിഗ്രഹങ്ങളെ നമ്മള്‍ ആരാധിക്കാറുണ്ട്‌. അതിനാല്‍ തടികൊണ്ടുള്ള ഗണേശ വിഗ്രഹങ്ങള്‍ വടക്ക്‌, വടക്ക്‌ കിഴക്ക്‌ അല്ലെങ്കില്‍ കിഴക്ക്‌ ദിശകളില്‍ വയ്‌ക്കുക. തെക്ക്‌കിഴക്ക്‌ ദിശയില്‍ ഇവ ഒരിക്കലും വയ്‌ക്കാന്‍ പാടില്ല.

കളിമണ്ണു
കൊണ്ടുള്ള ഗണേശ വിഗ്രഹം


കളിമണ്ണില്‍ തീര്‍ത്ത ഗണേശ വിഗ്രഹങ്ങള്‍ക്കും നിരവധി ഗുണങ്ങളുണ്ട്‌. ഇവയെ ആരാധിക്കുന്നതിലൂടെ ആരോഗ്യം, വിജയം എന്നിവ ലഭിക്കുന്നതിന്‌ പുറമെ തടസ്സങ്ങള്‍ മാറാന്‍ സഹായിക്കുകയും ചെയ്യും. എന്തു തന്നെയായാലും ഇത്തരം വിഗ്രഹങ്ങള്‍ പടിഞ്ഞാറ്‌ അല്ലെങ്കില്‍ വടക്ക്‌ ദിശകളില്‍ വയ്‌ക്കരുത്‌. തെക്ക്‌പടിഞ്ഞാറ്‌ ദിശയില്‍ വയ്‌ക്കാം.

പിച്ചളകൊണ്ടുള്ള ഗണേശ വിഗ്രഹം 


പിച്ചളയില്‍ തീര്‍ത്ത ഗണേശ വിഗ്രങ്ങള്‍ വീടുകളില്‍ ഐശ്വര്യവും സമൃദ്ധിയും നിറയ്‌ക്കും. പിച്ചളയില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ കിഴക്ക്‌, തെക്ക്‌, പടിഞ്ഞാറ്‌ ദിശകളില്‍ വയ്‌ക്കാം. അതേസമയം ഇവ വടക്ക്‌ കിഴക്ക്‌, വടക്ക്‌ പടിഞ്ഞാറ്‌ ദിശകളില്‍ വയ്‌ക്കരുത്‌.