Friday, July 26, 2013

മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം - മീനങ്ങാടി, വയനാട്‌


മത്സ്യാവതാര പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക മഹാക്ഷേത്രമാണ് വയനാട്‌ ജില്ലയിലെ മീനങ്ങാടി പഞ്ചായത്തിലുള്ള മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം.ക്ഷേത്രമുറ്റത്തായി പന്തൽ. പന്തലിനുള്ളില്‍ ബലിക്കല്ല്‌. ശ്രീകോവിലില്‍ ചതുര്‍ബാഹുവായ മഹാവഷ്ണു കിഴക്കോട്ട്‌ ദര്‍ശനമരുളുന്നു. അയ്യപ്പൻ ഗണപതി, ദുര്‍ഗ എന്നിവർ ഉപദേവതകൾ. 

പണ്ട് ഇതുവഴി പോയ ഒരു മഹർഷി സമീപത്തുള്ള ജലാശയത്തില്‍ ദേഹശുദ്ധി വരുത്താനിറങ്ങി. മഹർഷി കുളിക്കുന്നതിനിടയില്‍ ഒരു മത്സ്യം പലതവണ വായുവിൽ നൃത്തമാടി കുളത്തിലേക്ക്‌ താഴ്‌ന്നുപോയി. അതോടെ മഹാവിഷ്ണുവിന്റെ സാന്നിധ്യം ഇവിടെയുണ്ടെന്ന്‌ മഹർഷിക്കു വ്യക്തമായി. ഉടനെ അദ്ദേഹം ജലാശയത്തിനു പടിഞ്ഞാറുമാറി ഉയര്‍ന്നസ്ഥലത്ത്‌ മത്സ്യാവതാര സങ്കല്‍പത്തില്‍ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. മഹർഷിയുടെ നിർദ്ദേശപ്രകാരം നാട്ടുമുഖ്യന്മാർ അവിടെ ഒരു ക്ഷേത്രം നിര്‍മ്മിച്ചു. അന്ന്‌ മീനാടിയ സ്ഥലമാണത്രേ ഇന്നത്തെ മീനങ്ങാടി.അന്ന്‌ നിര്‍മ്മിച്ചക്ഷേത്രം ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ അഗ്നിക്കിരയായി. വീണ്ടും പുതുക്കിപ്പണിക്ഷേത്രമാണ് ഇപ്പോഴുള്ളത്.പാല്‍പ്പായസവും നെയ്പായസവും പുഷ്പാഞ്ജലിയുമാണ് പ്രധാനവഴിപാടുകൾ. 

കുംഭമാസത്തിലെ പൂരുട്ടാതി, ഉത്രട്ടാതി നാളുകളിലാണ്‌ ഉത്സവം. ആദിവാസികൾ അവതരിപ്പിക്കുന്ന തോറ്റം, പട്ടക്കളി, കോല്‍ക്കളി എന്നിവയും ഉത്സവപരിപാടിക്ക്‌ മാറ്റുകൂട്ടുന്നു. ആയിരക്കണക്കിന് ആദിവാസികളാണ് ഇവിടുത്തെ ഉത്സവത്തിൽ പങ്കെടുക്കുന്നത്.

ശ്രീരാമ-സീതാ ക്ഷേത്രം -നൂല്‍പ്പുഴ,വയനാട്‌


വയനാട്‌ ജില്ലയിലെ നൂല്‍പ്പുഴ പഞ്ചായത്തിലാണ്‌ പുരതാനമായ ശ്രീരാമ-സീതാ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രണ്ടുനിലയുള്ള ശ്രീകോവിലാണ് ഇവിടുത്തെ പ്രത്യേകത. ഒറ്റപ്പീഠത്തില്‍ നാല്‌ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്നുവെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.സീതാക്ഷേത്രത്തിന്‌ പിന്നില്‍ കുളമുണ്ട്. ദേവിയുടെ കണ്ണീര്‍ വീണുണ്ടായ കുളമാണിതെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിലേക്ക് നേര്‍ച്ചയായി ധാരാളം പശുക്കളെ കിട്ടാറുണ്ട്. അതിനാൽ ഇവിടെ നല്ലൊരു ഗോശാലയുമുണ്ട്. 

ശ്രീരാമന്‌ വെണ്ണനിവേദ്യവും സീതാദേവിക്ക്‌ രക്തപുഷ്പാ‌ഞ്ജലിയുമാണ് പ്രധാന വഴിപാടുകൾ. ഗണപതിക്ക്‌ കറുകമാല, സുബ്രഹ്മണ്യന്‌ പഞ്ചാമൃതം ദുര്‍ഗാദേവിക്ക്‌ പട്ടുചാര്‍ത്തൽ, അയ്യപ്പന്‌ നീരാജനം, ഗോശാല കൃഷ്ണന്‌ സഹസ്രനാമാര്‍ച്ചന, ഹനുമാന്‌ വെറ്റിലമാല ദക്ഷിണാമൂര്‍ത്തിക്ക്‌ കൂവളമാല എന്നിവയാണ്‌ മറ്റ്‌ വഴിപാടുകൾ.കുംഭം എട്ടിനാണ്‌ ഉത്സവം. മലദൈവങ്ങള്‍ക്ക്‌ വെള്ളാട്ടമുണ്ട്‌. രാത്രിയിലാണ്‌ തിറ. കര്‍ക്കടത്തിലെ കറുത്തവാവിന്‌ ഇവിടെ പിതൃതര്‍പ്പണം പ്രധാനമാണ്.

രാഹുകാലം


ഓരോ ദിവസവും ഓരോ ഗ്രഹങ്ങൾക്ക് ഒരു പ്രത്യേക സമയത്ത് ആധിപത്യം കൽപ്പിച്ചുകൊടുത്തിട്ടുണ്ട്. ഇതിൽ രാഹുവിന് ആധിപത്യം വരുന്ന സമയമാണ് രാഹുകാലം. കലണ്ടറുകളിൽ രാഹുകാലം രേഖപ്പെടുത്തിയിട്ടുണ്ടാവും. എന്നാൽ ഉദയാസ്തമയങ്ങളിലെ വ്യത്യാസം മൂലം രാഹുകാലത്തിന്റെ ആരംഭവും അവസാനവും കലണ്ടറിലേതിൽ നിന്ന് ചെറിയതോതിൽ വ്യത്യാസപ്പെടാനിടയുണ്ട് എന്നറിയണം.

വിഷം, സർപ്പം, കാപട്യം, ചൊറി, ചിരങ്ങ്, വ്രണങ്ങൾ, കൈവിഷം തുടങ്ങി അശുഭകാരകത്വമാണ് രാഹുവിന് കൽപ്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ശുഭകാര്യങ്ങൾക്ക് രാഹുകാലം കൊള്ളില്ല എന്നാണ് വിശ്വാസം. എന്നാൽ കേരളീയ ജ്യോതിഷികളുടെ ഇടയിൽ ഒരു നൂറ്റാണ്ടു മുമ്പു വരെ യാത്രയ്‌ക്കൊഴികെ രാഹുകാലം നോക്കുന്ന പതിവ് അത്ര സജീവമായിരുന്നില്ല എന്നതാണ് സത്യം. കേളീയർ യാത്രാരംഭത്തിനു മാത്രമാണ് രാഹുകാലം പണ്ട് നോക്കിയിരുന്നത്.

രാഹുവിന് മോഷണത്തിന്റെ കാരകത്വം കൂടിയുള്ളതിനാൽ രാഹുകാലത്ത് യാത്രയ്ക്കിറങ്ങിയാൽ കൊള്ളയടിക്കപ്പെട്ടേക്കാം എന്നതിനാലാണ് ദൂരയാത്രകൾക്ക് രാഹുകാലം ഒഴിവാക്കിയിരുന്നത്.

ദേവതകളും പ്രധാന വഴിപാടുകൾ & നൈവേദ്യവും


ഗണപതിയുടെ ഇഷ്ടപുഷ്പം കറുകപ്പുല്ലാണ്. പ്രിയപ്പെട്ട നിവേദ്യം മോദകമാണ്. ഹോമങ്ങളിൽ പ്രധാനം അഷ്ടദ്രവ്യ ഗണപതിഹോമമാണ്. പ്രധാന അർച്ചന അഷ്‌ടോത്തരവും ഗണപതി സൂക്താർച്ചനയുമാണ്. ഗണപതിക്കായി വഴിപാടുകൾ നടത്തുന്നത് പ്രതിബന്ധങ്ങൾ നീങ്ങിക്കിട്ടുന്നതിനാണ്. അതുപോലെ വിദ്യാവിജയവും സിദ്ധിക്കും. പ്രതിബന്ധങ്ങൾ നീക്കാൻ ഗണപതിക്കായി നാളികേരമുടയ്ക്കുന്നതും പ്രത്യേക വഴിപാടായി നടത്താറുണ്ട്.

സരസ്വതിയുടെ പ്രിയപുഷ്പം താമരയാണ്. പഞ്ചാമൃതം, പഴം, ത്രിമധുരം എന്നിവയൊക്കെ സരസ്വതിക്ക് നിവേദിക്കാറുണ്ട്. സാരസ്വതസൂക്ത പുഷ്പാഞ്ജലിയാണ് പ്രധാന അർച്ചന. വിദ്യാർത്ഥികൾക്ക് വിജയവും സാഹിത്യകാരന്മാർക്ക് കവിത്വസിദ്ധിയുമാണ് ഇവയുടെ ഫലങ്ങൾ.

മഹാവിഷ്ണുവിന് ഇഷ്ടപുഷ്പം തുളസിയാണ്. എന്നാൽ തെച്ചി, മന്ദാരം തുടങ്ങിയവയും വിഷ്ണുപൂജയ്ക്ക് ഉപയോഗിക്കാം. ഭാഗ്യസൂക്തം, വിഷ്ണുസൂക്തം, വിഷ്ണുസഹസ്രനാമം എന്നിവകൊണ്ടെല്ലാം മഹാവിഷ്ണുവിന് അർച്ചന നടത്താം. സുദർശന ഹോമമാണ് മഹാവിഷ്ണുവിനായി നടത്തുന്ന പ്രധാന ഹോമം. 

വരാഹമൂർത്തിയുടെ ഇഷ്ടപുഷ്പം തുളസിയാണ്. നിവേദ്യം അപ്പവും നെയ്പായസവും. വരാഹമൂർത്തിക്ക് നിവേദ്യം കഴിക്കുന്നതിലൂടെ വിദ്യാവിജയവും വേദപാണ്ഡിത്യവും ഉണ്ടാകുമെന്നാണ്.

ഗർഭരക്ഷാംബിക ശിവക്ഷേത്രം-കുംഭകോണo, തമിഴ്‌നാട്‌

തമിഴ്‌നാട്ടിൽ കുംഭകോണത്തിനടുത്ത് തിരുക്കരുകാവൂരിൽ ശില്പകലാ സൗന്ദര്യം നിറഞ്ഞ ഗോപുരത്തോടു കൂടിയ ഒരു ശിവക്ഷേത്രമുണ്ട്. ഈ ശിവക്ഷേത്രം പക്ഷേ പ്രസിദ്ധമായിരിക്കുന്നത് ദേവിയുടെ പേരിലാണ്. 'കരുകാക്കും നായകി' എന്നാണ് ദേവിക്കു പ്രസിദ്ധി. ഗർഭിണികൾ സുഖപ്രസവമുണ്ടാകാനും, സന്താനങ്ങളില്ലാത്തവർ സന്താനലാഭത്തിനായും ഇവിടെയെത്തി പ്രാർത്ഥിക്കുന്നതിനാൽ ഈ ശിവക്ഷേത്രം ഗർഭരക്ഷാംബിക ക്ഷേത്രം എന്ന പേരിലാണ് പ്രശസ്തമായിരിക്കുന്നത്. ധാരാളം മുല്ലക്കൊടികൾ ക്ഷേത്ര പരിസരത്തുണ്ട്. അതിനാൽ ഇവിടെ ശിവൻ അറിയപ്പെടുന്നത് മുല്ലവന നാഥൻ, മാധവീവനേശ്വരൻ എന്നൊക്കെയാണ്. ക്ഷേത്രത്തിന് മുല്ലവനം, മാധവീവനം, കരുകാവൂർ, ഗർഭപുരി എന്നുമൊക്കെ പേരുകളുണ്ട്. ഉളി തൊടാതെ നിർമ്മിച്ച വിഗ്രഹമാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം. ശിവനും, അംബികയ്ക്കും പുറമേ ഗണപതി, സുബ്രഹ്മണ്യൻ, ദുർഗ്ഗ, ചണ്ഡികേശ്വരൻ, നാൽവർ തുടങ്ങിയ ദേവിദേവന്മാരുടെ പ്രതിഷ്ഠകളുമുണ്ട്. ക്ഷേത്രത്തിന്റെ ഈശകോണിലായി ഒരു ലിംഗ പ്രതിഷ്ഠയുമുണ്ട്. ഈ പ്രതിഷ്ഠ നടത്തിയത് ഗൗതമ മഹർഷിയാണെന്നാണ് വിശ്വാസം. അപ്പർ, ജ്ഞാനസംബന്ധർ, സുന്ദരമൂർത്തി നായനാർ തുടങ്ങിയവരുടെ തേവാരപ്പാട്ടുകളിൽ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്.