Tuesday, January 8, 2013

എന്തുകൊണ്ട് നടയ്ക്കു നേരെ നിന്ന് തൊഴരുത്?


 ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന ഭക്തര്‍ ശ്രീകോവിലിന് നേരെ നടയില്‍ നിന്ന് തൊഴുതാല്‍ അറിവുള്ളവര്‍ ശാസിക്കാറുണ്ട്.

  മിക്ക അമ്പലങ്ങളിലും ഇതൊഴിവാക്കാനായി വേലി കെട്ടിയിരിക്കുകയാണ് പതിവ്. നടയ്ക്കു നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ നീങ്ങി ഏതാണ്ട് മുപ്പത് ഡിഗ്രി ചരിഞ്ഞ് നിന്ന് വേണം തൊഴാന്‍. ബിംബത്തില്‍ കുടികൊള്ളുന്ന കാന്തികരശ്മി അഥവാ ദേവചൈതന്യം ഭക്തനിലേക്ക് സര്‍പ്പാകൃതിയിലാണ് എത്തിച്ചേരുന്നത്. ഈ സമയം കൈകാലുകള്‍ ചേര്‍ത്ത് ഇരുകൈകളും താമരമൊട്ടുപോലെ പിടിച്ച് കണ്ണടച്ച് ധ്യാനിക്കണമെന്നാണ് വിധി. അങ്ങനെ ചെയ്യുമ്പോള്‍ പരസ്പരം സ്പര്‍ശിക്കുന്ന വിരലുകള്‍ വഴി തലച്ചോറിലെ പ്രാണോര്‍ജ്ജം അതിശക്തിയായി ശരീരമാസകലം വ്യാപിക്കും.

  ഇത്തരത്തില്‍ പ്രാണോര്‍ജ്ജം വ്യാപിക്കുന്ന വഴി ആചാര്യന്മാര്‍ വെളുപ്പെടുത്തിയിട്ടുണ്ട്. പൃഥിശക്തി ചെറുവിരല്‍ വഴിയും ജലശക്തി മോതിരവിരല്‍ വഴിയും അഗ്നിശക്തി നടുവിരല്‍ വഴിയും വായുശക്തി ചൂണ്ടുവിരല്‍ വഴിയും ആകാശശക്തി പെരുവിരല്‍ വഴിയും സൃഷ്ടിക്കപ്പെടുന്നു. പൃഥിശക്തി ശരീരബലം നല്‍കുമ്പോള്‍ ജലശക്തിയാകട്ടെ പ്രാണവികാരബലമാണ് നല്‍കുന്നത്. അഗ്നിശക്തി മനോബുദ്ധിബലം നല്‍കുമ്പോള്‍ വായുശക്തിയാകട്ടെ ബോധബലം നല്‍കുന്നു. ആത്മബലം നല്‍കാന്‍ ആകാശശക്തി ഉപകരിക്കും.

ശനിദോഷം കുറയ്ക്കാന്‍ പ്രത്യേക അനുഷ്ഠാനങ്ങള്‍


 മൂന്ന് പ്രധാന അനുഷ്ഠാനങ്ങള്‍ ശനിദോഷശാന്തിക്കുവേണ്ടി നടത്തിവരുന്നു. അവ ഇവയാണ്.

1). കറുത്തതുണിയില്‍ എള്ളുകെട്ടി നല്ലെണ്ണ ഒഴിച്ച് ദീപം തെളിയിച്ച് വീട്ടില്‍ സന്ധ്യക്ക്‌ ആ ദീപത്തെ വണങ്ങി അയ്യപ്പനെയോ ശാസ്താവിനെയോ ശനീശ്വരനെയോ വന്ദിച്ച് ഇഷ്ടപ്പെട്ട ദേവന്മാരുടെ സ്തോത്രങ്ങള്‍ ചൊല്ലുക.

2). ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഏഴുമണിവരെ ശനിഹോരയാണ്. ഈ സമയത്ത് ചോറില്‍ എള്ളു ചേര്‍ത്ത് കുഴച്ച് ഏഴ് ചെറിയ ഉരുളയുരുട്ടി കാക്കയ്ക്ക് നല്‍കുക.

3). ശനിദോഷമുള്ളവര്‍ ദിവസവും ആഹാരം കഴിക്കും മുമ്പ് ഒരു ഉരുള ചോറ് ശനീശ്വരനെ സങ്കല്‍പ്പിച്ച് കാക്കയ്ക്ക് നല്‍കിയശേഷം ഭക്ഷണം കഴിക്കുക.

   സൂര്യപുത്രനാണ് ശനി, സൂര്യന്‍ പകല്‍ സമയത്ത് വാഴുമ്പോള്‍ ശനി തന്റെ ശക്തി മുഴുവന്‍ പുറത്തു കാണിക്കില്ലത്രേ! രാത്രിയായാല്‍ ശനി ശക്തനായിത്തീരും. ഏഴരശ്ശനി അപകടങ്ങള്‍ രാത്രിയാണ് കൂടുതല്‍ കണ്ടുവരുന്നത്. കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുന്നതാണ് അത്തരക്കാര്‍ക്ക് നല്ലത്. എന്നാല്‍ വ്യാഴം ഇഷ്ടഭാവത്തില്‍ ചാരവശാല്‍ നിന്നാല്‍ ശനിദോഷം താരതമ്യേന കുറയുന്നതാകുന്നു.

ഗൃഹപ്രവേശം / പാല് കാച്ചുന്ന ചടങ്ങ് എങ്ങനെ ?


ഗൃഹപ്രവേശം 
   ഗൃഹനാഥ ഇടതുകാലും ഗൃഹനാഥന്‍ വലതുകാലും വെച്ചുവേണം പുതുഗൃഹത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍. പാല്‍പ്പാത്രവും കൊളുത്തിയ നിലവിളക്കുമേന്തി വീടിന് ഒരു പ്രദിക്ഷണം വെച്ച് വേണം ഇവര്‍ അകത്തേയ്ക്ക് കടക്കാന്‍.

പാല് കാച്ചുന്ന ചടങ്ങ് എങ്ങനെ ?
   യാതൊരു വസ്തുക്കളെയും, പ്രത്യേകിച്ച് ഭക്ഷണസാധനങ്ങളെ അനാവശ്യമായി കളഞ്ഞുകൂടാ എന്നത് പൊതുനിയമമാണ്. എന്നാല്‍, ഇങ്ങനെ കളയുന്നത് ഒരു നല്ല ദിവസമാണെങ്കിലോ ? അത് ഏറെ മോശമായിരിക്കും.

   ഗൃഹപ്രവേശത്തിന്റെ നാള്‍ പാല്‍ അടുപ്പില്‍വെച്ച് തിളപ്പുച്ചു തൂവികളയുന്ന രീതി ഒട്ടുംതന്നെ ശരിയല്ല. പാല്‍ കാച്ചിയശേഷം ഈശ്വരനെ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ അത് താഴെയിറക്കിവയ്ക്കുക. അതിനുശേഷം മൂന്നു ചെറിയസ്പൂണ്‍ പാല്‍ മൂന്നുതവണയായി അടുപ്പിലോഴിച്ച് അഗ്നിദേവന് സമര്‍പ്പിക്കുക. ഇത്രയേ വേണ്ടു.

  തികഞ്ഞ പ്രാത്ഥനയോടുകൂടി സ്ത്രീയും പുരുഷനും ചേര്‍ന്നുവേണം പാല്‍പ്പാത്രം അടുപ്പില്‍ വെയ്ക്കാനും പിന്നീട് ഇറക്കിവെയ്ക്കാനും


ഗൃഹാരംഭം / ഗൃഹപ്രവേശ മുഹൂര്‍ത്തം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

   നിറംകൊണ്ട് പാല്‍ സത്വഗുണ രൂപിയാണ്. പാലില്‍ നെയ്യടങ്ങിയിരിക്കുന്നത് അദൃശ്യവുമാണല്ലോ. ഇതുപോലെ നമ്മളില്‍ അദൃശ്യമായി ലയിച്ചുകിടക്കുന്ന ഈശ്വരനെ കണ്ടെത്താനുള്ള സന്ദേശമാണ് ഗൃഹപ്രവേശത്തിലെ ആദ്യ ചടങ്ങായ പാലുകാച്ചലിലൂടെ നിര്‍വഹിക്കുന്നത്. അടുത്തത്‌ വാസ്തുബലി എന്ന പൂജയാണ്. ക്ഷേത്രം ദേവന്റെ ശരീരം എന്നപോലെ ഗൃഹം വാസ്തുപുരുഷന്റെ ദേഹമാണ്. ഈ പുരുഷനെ തൃപ്തിപ്പെടുത്താന്‍ ദേവപൂജ ആവശ്യമാണ്‌. ഇത്തരത്തിലുള്ള പൂജയിലൂടെയാണ് ഹൈന്ദവ തത്ത്വത്തിന്റെ പൂര്‍ണ്ണത.

ഗൃഹാരംഭം / ഗൃഹപ്രവേശ മുഹൂര്‍ത്തം


 ആദിത്യന്‍ മകരം തുടങ്ങിയും കര്‍ക്കിടകം തുടങ്ങിയും ചരരാശികളില്‍ നില്‍ക്കുന്ന സമയം കിഴക്ക് മുതലായ ദിക്കുകളില്‍ ഗൃഹാരംഭത്തിനു ശുഭം. അങ്ങനെ വരുമ്പോള്‍ മകരം, കുംഭം, കര്‍ക്കിടകം, ചിങ്ങം ഈ മാസങ്ങളില്‍ കിഴക്കേതും പടിഞ്ഞാറും ദിക്കുകളില്‍ ആരംഭിക്കാം. മേടം, ഇടവം, തുലാം, വൃശ്ചികം ഈ മാസങ്ങളില്‍ വടക്കേതും തെക്കേതും ആരംഭിക്കാം. ഇതില്‍ കര്‍ക്കിടകമാസം വര്‍ജിക്കുന്നത് ഉത്തമം.

        മകം, മൂലം ചോറുണിന്നുവിധിച്ച പതിനാറു നക്ഷത്രങ്ങളും ഗൃഹാരംഭത്തിനു ശുഭമാണ്‌. മേടം, കര്‍ക്കിടകം, തുലാം, മകരം രാശികളൊഴികെ മറ്റു എട്ടുരാശികളും ഗൃഹാരംഭമുഹൂര്‍ത്തത്തിന് ശുഭമാണ്‌. ഇതില്‍ സ്ഥിര രാശികളും മൂര്‍ദ്ധോദയവും ഒത്തുവന്നാല്‍ അത്യുത്തമമാണ്.

         ആദിത്യന്‍ കാര്‍ത്തിക നക്ഷത്രത്തിലും ഉഭയരാശികളിലും കര്‍ക്കിടക്കത്തിലും നില്‍ക്കുന്നകാലം ഗൃഹാരംഭം ചെയ്യരുത്. സിംഹക്കരണവും വ്യാഘ്രക്കരണവും വര്‍ജ്യമാണ്‌. ഗൃഹാരംഭാത്തിന്നു നാലാമേടത്ത് പാപന്മാര്‍ നില്‍ക്കരുത്. അഷ്ടമത്തില്‍ കുജന്‍ ഒട്ടും നല്ലതല്ല. ലഗ്നത്തില്‍, ആദിത്യനെ വര്‍ജിക്കണം.

        ഞായറും ചൊവ്വയും ഗൃഹാരംഭം പാടില്ല. പ്രതിഷ്ഠാമുഹൂര്‍ത്തത്തില്‍ പറഞ്ഞവിധം ഇവിടെയും വേദനക്ഷത്രം വര്‍ജിക്കണം. പൂര്‍വ്വരാത്രങ്ങള്‍രണ്ടും അപരാഹ്നവും നിന്ദ്യമാണ്. ഇപ്രകാരമുള്ള ദോഷങ്ങളും നിത്യദോഷങ്ങളും ഗൃഹനാഥന്റെ കര്‍ത്തൃദോഷവും ജന്മനക്ഷത്രം ജന്മാഷ്ടമരാശി തച്ചന്ദ്രന്‍, മൂന്ന് അഞ്ച്, ഏഴ് നക്ഷത്രങ്ങള്‍ പ്രത്യേകം വര്‍ജിക്കണം.

ഗൃഹപ്രവേശം :- 

ഗൃഹപ്രവേശത്തിന്‌ കര്‍ക്കിടകം, കന്നി, കുംഭം രാശികളില്‍ ആദിത്യന്‍ നില്‍ക്കുന്ന സമയം ആശുഭമാണ്. അതായത് കര്‍ക്കിടകം, കന്നി, കുംഭം മാസങ്ങള്‍ ഒഴിവാക്കണം. ശിഷ്ടം ഒമ്പത് മാസങ്ങളും ഉത്തമങ്ങളാണ്. മറ്റെല്ലാനിയമങ്ങളും ഗൃഹാരംഭവിധിപോലെ തന്നെ.

പൂജാമുറി


വീട്ടിലെ പൂജാമുറി കിഴക്കോട്ട് അഭിമുഖമായിട്ടായിരിക്കണം. ചിത്രങ്ങളും രൂപങ്ങളും കിഴക്കോട്ടായി വെക്കണം. തെക്കോട്ട്‌ അഭിമുഖമായി നിന്ന് ഒരിക്കലും നമസ്കരിക്കരുത്. അതനുസരിച്ചായിരിക്കണം പൂജാമുറിയില്‍ ദൈവങ്ങളുടെ ഫോട്ടോയും പ്രതിമകളും മറ്റും സ്ഥാപിക്കാന്‍. അധികം ഫോട്ടോകളും പ്രതിമകളും പൂജാമുറിയില്‍ വെക്കാതിരിക്കുന്നതാണ് നല്ലത്. ചിതലരിച്ച ഫോട്ടോകളും ഒടിഞ്ഞ പ്രതിമകളും ശില്പങ്ങളും പൂജാമുറിയില്‍ വെക്കുന്നത് ദോഷകരമാണ്. പൂജാമുറിയില്‍ ദിവസവും രണ്ടുനേരം വിളക്കുവച്ച് പ്രാര്‍ത്ഥിക്കണം. കെടാവിളക്ക് കത്തിക്കുന്നതാണ് ഏറ്റവും ഉത്തമം. വൃത്തിയും ശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ കഴിയുന്നവര്‍ മാത്രമേ വീട്ടില്‍ പൂജാമുറിയൊരുക്കാവു. പൂജാമുറി ക്ഷേത്രംപോലെ പരിശുദ്ധമാണ്. ക്ഷേത്രത്തിലെ ഈശ്വരവിഗ്രഹം പോലെത്തന്നെയാണ് ഫോട്ടോകളും പ്രതിമകളും. വിളക്കുവെച്ച് പ്രാത്ഥിച്ചാല്‍ അവയ്ക്ക് ഈശ്വരചൈതന്യം വരും. ക്ഷേത്രംപോലെ പരിപാലിക്കാന്‍ കഴിയാത്തവര്‍ ഒരിക്കലും ഗൃഹത്തില്‍ പൂജാമുറിയൊരുക്കാതിരിക്കുക. വൃത്തിയോടും ശുദ്ധിയോടും കൂടി ഇഷ്ടദേവന് പൂക്കളും പഴങ്ങളും സമര്‍പ്പിക്കാം. 

         ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് അശുഭമല്ല. എന്നാല്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു അഭിഷേകാദി കര്‍മ്മങ്ങള്‍ നടത്തി ആരാധിക്കുന്നത് ചിലപ്പോള്‍ ദോഷമായേക്കും. ഗാര്‍ഹികമായ ആശുദ്ധികള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാലും എന്നും നിഷ്ഠയോടെ പൂജാദികര്‍മ്മങ്ങള്‍ ഭവനങ്ങളില്‍ നടത്തുക പ്രായോഗികമല്ലാത്തതിനാലും വിഗ്രഹപ്രതിഷ്ഠ ഭവനങ്ങളില്‍ ഒഴിവാക്കുന്നതാണ് ഉത്തമം. നിത്യ ബ്രഹ്മചാരിയായ ശ്രീ ഹനുമാന്റെയും അയ്യപ്പസ്വാമിയുടെയും ചിത്രം പൂജാമുറിയിലൊഴികെ ഗൃഹത്തില്‍ മറ്റൊരിടത്തും സൂക്ഷിക്കരുത്.

ശിവന് ധാര കഴിക്കുന്നതെങ്ങനെ?

ശിവലിംഗത്തിന് മാത്രമേ ധാര പതിവുള്ളു. ശിവലിംഗത്തിന്‍റെ മുകളില്‍ കെട്ടിത്തൂക്കിയ ധാരാപാത്രത്തില്‍ ഏറ്റവും നടുവില്‍ നിര്‍മ്മിച്ച വളരെ  ചെറിയ ദ്വാരത്തില്‍ കൂടി മൂന്ന് ദര്‍ഭകള്‍ കൂട്ടിപ്പിരിച്ച ചരട് കീഴ്പ്പോട്ടിറക്കി ശിവലിംഗത്തിന്‍റെ നിറുകയില്‍ മുട്ടിക്കുന്നു. ഇതിനുശേഷം ധാരാപാത്രത്തില്‍ ശുദ്ധജലം നിറച്ച് അതിനോടുകൂടി ഘടിപ്പിച്ച നീണ്ട ദര്‍ഭ രണ്ടു കൈയും കൂട്ടിപ്പിടിച്ച് നിവര്‍ന്ന് നിന്ന് ശ്രീരുദ്രം തുടങ്ങിയ വേദത്തിലെ ശൈവസൂക്തങ്ങള്‍ ജപിക്കുന്നു. മന്ത്രശക്തി ഉള്‍കൊള്ളുന്ന മുഴുവന്‍ ജലവും ശിവലിംഗത്തില്‍ വീണുകഴിയുന്നതുവരെ സൂക്തം ജപിച്ച് തീര്‍ക്കുകയാണ് പതിവ്. മഹാരോഗ പരിഹാരമായി ധാര കണക്കാക്കപ്പെടുന്നു.

അടുക്കളയുടെ കിഴക്ക് ദിക്കില്‍ തുറക്കുന്ന ജന്നല്‍ എന്തിന്?


പഴയകാല ഭവനങ്ങള്‍ പരിശോധിച്ചാല്‍ കൃത്യസ്ഥലത്ത് തന്നെ പണിതിരിക്കുന്ന അടുക്കള കാണാം. മാത്രമല്ല അടുക്കളയില്‍ നിന്നും കിഴക്ക് ദിക്കിലേയ്ക്കു തുറക്കുന്ന ജന്നലും കാണാം.

പുതിയ വീടുവയ്ക്കുന്നവരോടും പഴമക്കാര്‍ പറയാറുണ്ട്‌, അടുക്കളയുടെ കിഴക്ക് ദിക്കിലേയ്ക്കു തുറക്കുന്ന ഒരു ജന്നലെങ്കിലും വേണമെന്ന്.

അടുക്കളയില്‍ നിന്നാണല്ലോ പാചകം ചെയ്യുന്നതുകാരണം പുക ഉയരുന്നത്. അതുകൊണ്ട് പുക പുറത്തേക്ക് പോകാനായിരിക്കും ഇത്തരത്തിലൊരു ജന്നലിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതെന്നാണ് ഇപ്പോഴും പലരും ധരിച്ചുവച്ചിരിക്കുന്നത്.

എന്നാല്‍ വാസ്തവം അതല്ല. ഒരു വീട്ടില്‍ ദിവസത്തിന്‍റെ ആദ്യം സജീവമാകുന്ന സ്ഥാനമാണ് അടുക്കള. അതുകൊണ്ട് വിറ്റാമിന്‍ അടങ്ങിയിരിക്കുന്ന പുലര്‍വെയില്‍ അടുക്കളയില്‍ കടക്കേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ മനസ്സിലാക്കിയിരുന്നുവെന്നു സാരം. അതിനാലാണ് കിഴക്കുവശത്തെ ജന്നല്‍ തുറക്കാന്‍ അവര്‍ ഉപദേശിക്കുന്നത്.

മാത്രമല്ല, തെക്കുപടിഞ്ഞാറുനിന്ന് കടന്നു വരുന്ന സ്വാഭാവിക കാറ്റ് അടുക്കളയിലെ പുകയും ആശുദ്ധവായുവും പുറത്തേയ്ക്ക് കൊണ്ടുപോകേണ്ടതും ഇത്തരത്തില്‍ കിഴക്ക് സ്ഥാപിച്ചിരിക്കുന്ന കിഴക്കേ ജന്നല്‍ വഴിയാണെന്നതും കൊണ്ടാണ്.

വഴിപാടുകള്‍ക്കുള്ള സ്ഥാനമെന്ത്?


ക്ഷേത്രാരാധനയില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വഴിപാടുകള്‍. നമ്മുടെ ഗുണത്തിനും അഭീഷ്ടസിദ്ധിയ്ക്കും വേണ്ടി ഭഗവാന്‍റെ തിരുമുന്നില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാടുകള്‍. വഴിപാട് എന്നതിന്‍റെ ശരിയായ അര്‍ത്ഥം ആരാധന എന്നാണെന്നും ഈശ്വരസന്നിധിയില്‍വച്ച് ചെയ്യുന്ന ത്യാഗമാണിതെന്നും ഒരു വിശ്വാസമുണ്ട്‌. യഥാര്‍ത്ഥത്തില്‍ പൂജയുടെ ഒരു ഭാഗം തന്നെയാണ് വഴിപാടുകള്‍. ഭക്തനെ പൂജയില്‍ ഭാഗികമായോ പൂര്‍ണ്ണമായോ ഭാഗഭാക്കാക്കിത്തീര്‍ക്കുന്നതിനുള്ള ഒരു ഉപാധിയാണിത്. വഴിപാടുകളിലൂടെ ഭക്തന്‍ ക്ഷേത്രദേവന്‍റെ ഒരു ഭാഗമായിത്തീരുന്നു. ഭക്തിനിര്‍ഭരമായ മനസ്സ് ദേവനില്‍ത്തന്നെ കേന്ദ്രീകരിച്ചുകൊണ്ടും നിരന്തരമായി പ്രാര്‍ഥിച്ചുക്കൊണ്ടും നടത്തുന്ന വഴിപാടുകള്‍ നിശ്ചയമായും പൂര്‍ണ്ണ ഫലം നല്‍കുക തന്നെ ചെയ്യും. വെറുതെ പ്രാര്‍ഥിക്കുന്നതിന്‍റെ പത്തിരട്ടി ഫലം വഴിപാടുകള്‍ കഴിച്ചുകൊണ്ട് പ്രാര്‍ഥിക്കുമ്പോള്‍ ലഭിക്കുന്നു. ക്ഷേത്രങ്ങളില്‍ പൊതുവെ നടത്തപ്പെടുന്ന വഴിപാടുകളെ ആറ് വിഭാഗങ്ങളായി തരംതിരിക്കും. അര്‍ച്ചന, അഭിഷേകം, ചന്ദനംചാര്‍ത്തല്‍, നിവേദ്യം, വിളക്ക്, മറ്റുള്ളവ എന്നിങ്ങനെയാണ് ആ വിഭജനം.

മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട്‌ ദേവതയ്ക്ക് പൂജാ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്ന വഴിപാടാണ് അര്‍ച്ചന.

വിവിധ ദ്രവ്യങ്ങളെക്കൊണ്ടും മന്ത്രോച്ചാരണങ്ങളെക്കൊണ്ടും ബിംബത്തില്‍ നടത്തുന്ന അഭിഷേകങ്ങള്‍ ദേവന്‍റെ സ്ഥൂലസൂക്ഷ്മശരീരത്തെ മുഴുവന്‍ കുളിര്‍പ്പിക്കുന്നതോടൊപ്പം ഭക്തന്‍റെ ഹൃദയത്തേയും മനസ്സിനേയും ദിവ്യാനുഭൂതിയില്‍ ലയിപ്പിക്കുന്നു. ദാരു, കടുശര്‍ക്കര എന്നീ ബിംബങ്ങള്‍ ഒഴികെ മറ്റുള്ളവയ്ക്കെല്ലാം അഭിഷേകം പതിവാണ്. ശുദ്ധജലം, പാല്‍, നെയ്യ്, ഇളനീര്‍, എണ്ണ, പനിനീര്‍, കളഭം, പഞ്ചാമൃതം തുടങ്ങിയവയെല്ലാം അതാത് ദേവതകള്‍ക്കനുസരണമായി അഭിഷേകത്തിന് ഉപയോഗിക്കുന്നു. ശിവന് ഭസ്മവും ജലവും, വിഷ്ണുവിന് കളഭവും പാലും, മുരുകന് പഞ്ചാമൃതവും പനിനീരും വിശേഷമാണ്. നെയ്യ്, പഞ്ചഗവ്യം എന്നിവ എല്ലാവര്‍ക്കും പ്രിയങ്കരമാണ്.

ദേവബിംബങ്ങളില്‍ മുഖത്ത് മാത്രമോ പൂര്‍ണ്ണമോ ചന്ദനം ചാര്‍ത്തുന്ന വഴിപാടാണ് ചന്ദനം ചാര്‍ത്തല്‍. ഉഷ്ണരോഗശമനത്തിനും ചര്‍മ്മരോഗശമനത്തിനും അഭീഷ്ടസിദ്ധിയ്ക്കും ചന്ദനംചാര്‍ത്തല്‍ വഴിപാട് നടത്താറുണ്ട്‌.

പുഷപങ്ങള്‍ ചാര്‍ത്തുന്നതും ഒരു വഴിപാടാണ്. ആകാശപ്രതീകമായ പുഷ്പത്തെ സമര്‍പ്പിക്കുന്നതോടെ സര്‍വ്വഭൗതിക സുഖങ്ങളും ലഭ്യമാകുന്നു.

വിളക്കുകളില്‍ പ്രധാനം നെയ്യ് വിളക്കാണ്. ഇത് പൊതുവെ ശ്രീകോവിലിനുള്ളിലാണ് തെളിയിക്കാറുള്ളത്. എള്ളെണ്ണ, വെളിച്ചെണ്ണ തുടങ്ങിയവ അകത്തും പുറത്തും വിളക്കിനായി ഉപയോഗിക്കുന്നു.. നീരാഞ്ജനവിളക്ക് തുടങ്ങിയ പ്രത്യേക വഴിപാടുകളുണ്ട്. നേത്രരോഗ ശമനത്തിനും അഭീഷ്ടസിദ്ധിയ്ക്കും നെയ്യ്വിളക്കും വാതരോഗശമനത്തിനും ശനിദോഷപരിഹാരത്തിനും എള്ളെണ്ണ വിളക്കും നീരാഞ്ജനവിളക്കും ,മനശാന്തിക്കായി ചുറ്റുവിളക്കും നടത്താറുണ്ട്‌.



പവിത്രമായ നിവേദ്യങ്ങള്‍ ഓരോ ദേവതാ സങ്കല്‍പമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ത്രിമധുരം, വെള്ളനിവേദ്യം, മലര്‍നിവേദ്യം, പായസനിവേദ്യം, അപ്പനിവേദ്യം എന്നിവയൊക്കെ പ്രധാനമാണ്. പായസം തന്നെ പാല്‍പ്പായസം, നെയ്പ്പായസം, കൂട്ടപ്പായസം, കടുംപായസം എന്നിങ്ങനെ പല വിധത്തിലുണ്ട്. വിഷ്ണുവിന് പാല്‍പ്പായസവും, ദേവിക്ക് കൂട്ടപ്പായസവും, സുബ്രഹ്മണ്യന് പഞ്ചാമൃതവുമാണ് വിശേഷം.

നാളികേരം അടിച്ചുടയ്ക്കുന്ന വഴിപാടു സര്‍വ്വസാധാരണമായി കണ്ടുവരുന്നത് ഗണപതി ക്ഷേത്രങ്ങളിലാണ്. ക്ഷേത്രത്തില്‍ ഇതിനായി സംവിധാനം ചെയ്തിരിക്കുന്ന ശിലയിന്മേലോ തറയിലോ നാളികേരം ആഞ്ഞടിക്കുമ്പോള്‍ അതിന്‍റെ ബാഹ്യാവരണമായ ചിരട്ടയും അകത്തെ കഴമ്പും ചേര്‍ന്ന് ഛിന്നഭിന്നമാകുകയും അന്തര്‍ഭാഗത്തുള്ള ജലം ബഹിര്‍ഗമിച്ച് ഒഴുകുകയും ചെയ്യുന്നു.. വിഘ്നവിനാശകനായ ഗണപതിഭഗവാന്‍റെ ആരാധനയ്ക്കനുയോജ്യമായ വഴിപാട് തന്നെയാണിത്.

ഈശ്വരസാക്ഷാത്ക്കാരത്തിന്‍റെ അഭിലാഷം ഉണ്ടാകുന്നതും ഈ ജഗത്തിലെ സര്‍വ്വവും ഈശ്വര സൃഷ്ടമാണെന്ന ബോധം ഉണ്ടാകുന്നതും മന്ത്രസാധനയില്‍ ചൈതന്യ സ്വരൂപമായ ദേവതയുടെ ആറംഗങ്ങളില്‍ ഒന്നായ ഫട് എന്ന അസ്ത്രമന്ത്രം കൊണ്ടാണ്. മന്ത്രയോഗത്തിലെ ഷട്കാരവും വെടി പൊട്ടിക്കുന്ന ശബ്ദവുമെല്ലാം ഉളവാക്കുന്നത് തരംഗരൂപമായ സ്പന്ദനവിശേഷത്തെയാണ്. അതുപോലെ കതിനവെടി പൊട്ടിക്കുന്നത് പ്രപഞ്ചത്തിന്‍റെ സൃഷ്ടികര്‍മ്മത്തിന് കാരണമായ ശബ്ദബ്രഹ്മത്തിന്‍റെ സ്ഫോടനം എന്ന നിലയ്ക്ക് പ്രതീകാത്മകമായിട്ടാണ്.

പൂജയ്ക്കും നിവേദ്യത്തിനും മറ്റും ആവശ്യമായ പഴം, ശര്‍ക്കര, പഞ്ചസാര തുടങ്ങിയ ദ്രവ്യങ്ങളെ തുലാഭാരം നടത്തുന്നയാളിന്‍റെ തൂക്കത്തിന് ദേവങ്കല്‍ സമര്‍പ്പിക്കുന്ന ഒരു വഴിപാടാണ് തുലാഭാരം. തന്നെയും തന്‍റെ സര്‍വ്വസ്വവും ദേവപാദത്തില്‍ അര്‍പ്പിച്ച് കൃതകൃത്യത അടയുന്ന പരമഭാഗവതനായ ഭക്തന്‍റെ അനുഷ്ഠാനമാണ് തുലാഭാരം.

അര്‍ച്ചന, അഭിഷേകം, മാലയും ചന്ദനവും ചാര്‍ത്തല്‍, വിളക്ക്, നിവേദ്യം എന്നിവ കൂടാതെ എണ്ണമറ്റവഴിപാടുകള്‍ ഇനിയുമുണ്ട്. ഗണപതിഹോമം, കറുകഹോമം, മൃത്യുഞ്ജയഹോമം തുടങ്ങിയവ ഇതില്‍ ചിലതാണ്. രോഗശാന്തിക്കും മനശാന്തിക്കും ശിവന് ധാരയും ഐശ്വര്യത്തിന് നിറപറയും ദാരിദ്രദുഃഖശമനത്തിനും ഐശ്വര്യത്തിനും അന്നദാനവും വഴിപാടുകളായി നടത്താറുണ്ട്‌.

ഇങ്ങനെ വഴിപാടുകളും അതിന്‍റെ ഫലശ്രുതിയും എണ്ണമറ്റതാണ്. അഭീഷ്ടസിദ്ധിയ്ക്ക് മുമ്പും ശേഷവും വഴിപാട് നടത്തുന്ന പതിവുണ്ട്. വഴിപാടുകള്‍ നേരുന്നതു മുതല്‍ ഭക്തന്‍റെ ഹൃദയവും മനസ്സും ഭഗവാനില്‍ കേന്ദ്രീകരിച്ചിരിക്കും.

പറയിടുന്നത് എന്തിനാണ്?

കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഉത്സവത്തോടനുബന്ധിച്ച് പറയിടുന്ന പതിവുണ്ട്. ദേവന്‍റെ വിഗ്രഹം ആനയുടെ മുകളില്‍ എഴുന്നെള്ളിച്ച് ഓരോ ഗൃഹത്തിലും എത്തുന്നു. ക്ഷേത്രത്തിലെ പൂജാരിയാണ്‌ എഴുന്നള്ളിക്കുന്നത്. ചെണ്ടയും, മദ്ദളവും, വെടിയും ഉണ്ടായിരിക്കും. വീട്ടിലെ ഗൃഹസ്ഥ മുറ്റമടിച്ച് വൃത്തിയാക്കി തറ ചാണകം കൊണ്ട് മെഴുകുന്നു. അതിനുശേഷം അതിനു മുകളില്‍ അരിമാവുകൊണ്ട് കാലം വരയ്ക്കുന്നു. അതിനുമുകളില്‍ തൂശനില നിരത്തി വിളക്ക് കത്തിച്ചതിനുശേഷം ഗണപതിയ്ക്ക് വയ്ക്കുന്നു. ദേവന്‍റെ വിഗ്രഹം മുറ്റത്തുവന്നാലുടന്‍ ഒരുപറ നെല്ല് വിളക്കിന് മുന്നില്‍ വയ്ക്കുന്നു. പൂജാരി പൂജിച്ചതിനുശേഷം നെല്ല് ദേവനായി സമര്‍പ്പിക്കുന്നു. പൂജാരിയ്ക്ക് ദക്ഷിണ കൊടുത്തുകഴിഞ്ഞാല്‍ പറയിടല്‍ തീര്‍ന്നു. ഇപ്രകാരം ചെയ്യുന്നത് ജന്മനാളിലുള്ള ദോഷങ്ങള്‍ തീരുന്നതിനും വീടിന് ഐശ്വര്യമുണ്ടാകുന്നതിനും വേണ്ടിയാണ്.

കുറിതൊടലിന്‍റെ പ്രസക്തി


കുറിതൊടല്‍ എന്നത് ഹൈന്ദവരുടെ സുപ്രധാന അനുഷ്ഠാനമാണ്. കഴുത്ത്, തോളുകള്‍, കൈമുട്ടുകള്‍, നെഞ്ച്, വയര്‍ഭാഗം, പുറത്ത് രണ്ട്, കണങ്കാലുകള്‍ ഇങ്ങനെ പന്ത്രണ്ട് ഭാഗങ്ങളില്‍ ഭസ്മമം, കുങ്കുമം, ചന്ദനം എന്നീ മൂന്ന് ദ്രവ്യങ്ങള്‍കൊണ്ട് ചാര്‍ത്തുന്ന രീതിയെ "കുറിതൊടല്‍" എന്ന് വിളിക്കുന്നു. നെറ്റിത്തടമാണ് കുറിതൊടലിന്‍റെ പ്രധാനഭാഗം. വിദ്യയേയും ജ്ഞാനത്തേയും കുറിക്കുന്ന ഈ സ്ഥാനത്ത് തിലകം ധരിക്കുമ്പോള്‍ അവിടെ ദേവാത്മകമായ ചൈതന്യം ഉണരുന്നു.

സ്നാനത്തിനുശേഷമാണ് തിലകം ധരിക്കുന്നത്. തിലക്കത്തിനുപയോഗിക്കുന്ന പ്രധാന വസ്തുക്കളായ ഭസ്മം, ചന്ദനം, കുങ്കുമം എന്നിവ മൂന്നും ജ്ഞാനദര്‍ശനത്തെ സൂചിപ്പിക്കുന്നു. ശിവന്‍, വിഷ്ണു, ശക്തി എന്നിവരുടെ പ്രവൃത്തിയേയും സ്വഭാവത്തേയുമാണ് ഈ മൂന്ന് ദ്രവ്യങ്ങളും കുറിക്കുന്നത്. ഇതില്‍ ഭസ്മം ശൈവവും, ചന്ദനം വൈഷ്ണവവും, കുങ്കുമം ശാക്തവുമാണ്.

ലലാടത്തിനു കുറുകെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഭസ്മക്കുറി ഇടണമെന്നാണ് ശാസ്ത്രം. മൂന്നുകുറി സന്യാസിമാര്‍ മാത്രമേ തൊടാവു. എല്ലാവര്‍ക്കും ഒറ്റക്കുറി ധരിക്കാം. ഓരോ ഭസ്മരേഖയും തനിക്കു കഴിഞ്ഞുപോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം ഇവയെയാണ് സൂചിപ്പിക്കുന്നത്. കുറിയുടെ എണ്ണം അതാതു കഴിഞ്ഞു എന്നതിന്‍റെ സൂചനയാണ്.

ഭസ്മം നെറ്റിയ്ക്ക് ലംഭമായി മുകളിലേയ്ക്ക് ധരിക്കാന്‍ പാടില്ല. ശിരസ്സാകുന്ന ബ്രഹ്മാണ്ഡത്തെ ചുറ്റിക്കിടക്കുന്ന ആത്മമണ്ഡലത്തെ സൂചിപ്പിക്കാനാണ് നെറ്റിക്ക് കുറുകെ ഭസ്മം ധരിക്കുന്നത്. ഭസ്മം എടുത്ത വിരലുകള്‍ വലതു കൈയിലേതാകണമെന്നും, നെറ്റിയുടെ ഇടതുവശത്താരംഭിച്ച് കുറിയിട്ട ശേഷം തലയ്ക്ക് ചുറ്റുമായി പ്രദക്ഷിണംവെച്ച്, തള്ളവിരല്‍കൊണ്ട് ഭ്രൂമദ്ധ്യത്തില്‍ സ്പര്‍ശിച്ച് നിര്‍ത്തണമെന്നുമാണ് ഭസ്മധാരണവിധി. ചൂണ്ടുവിരല്‍ ഉപയോഗിക്കാതെ നടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ ഇവകളില്‍ ഭസ്മം നനച്ചുതേച്ച്, ഇടതു കൈയിലെ വിരലുകളിലും പതിച്ച് രണ്ടു കൈകളുംകൊണ്ട് ഒരേസമയം പന്ത്രണ്ടു സ്ഥാനങ്ങളിലും ഭസ്മക്കുറിയണിയാം. സ്ത്രീകള്‍ ഭസ്മം നനച്ചണിയരുത്.

ചന്ദനം സര്‍വ്വവ്യാപിയായ വിഷ്ണുതത്ത്വത്തെ സൂചിപ്പിക്കുന്നു. വിഷ്ണു എന്ന പദത്തിനര്‍ത്ഥം വ്യാപകന്‍ എന്നാകുന്നു. ഇതു സൂചിപ്പിക്കാന്‍ ചന്ദനം ഉപയോഗിക്കുന്നു. ചന്ദനത്തിന്‍റെ ഗുണം സുഗന്ധമാണ്. ചന്ദനഗന്ധം പെട്ടെന്ന് സര്‍വ്വത്ര പരക്കുന്നതാണ്. ഒരു ഔഷധം കൂടിയായ ചന്ദനം സംസാരദുഃഖം എന്ന രോഗത്തിന് മരുന്നായ വിഷ്ണുഭക്തിയെ സൂചിപ്പിക്കുന്നു. ചന്ദനം മോതിരവിരല്‍കൊണ്ട് തൊടണം. നെറ്റിക്ക് മദ്ധ്യഭാഗത്ത് ലംബമായി ഇത് തൊടണം. ഭസ്മം പോലെ നെറ്റിക്ക് കുറുകെ ചന്ദനം അണിയുന്നത് വൈഷ്ണവ സമ്പ്രദായങ്ങള്‍ നിഷേധിക്കുന്നു. സുഷുമ്നാനാഡിയുടെ പ്രതീകമാണ് ചന്ദനക്കുറി മുകളിലേയ്ക്ക് അണിയുന്നത്.

കുങ്കുമം ദേവീസ്വരൂപമാണ്. നിറത്തിലും തിലകത്തിന്‍റെ ആകൃതിയിലും മോഹസ്വരൂപമായ മഹാമായാതത്ത്വത്തെ ഇതു സൂചിപ്പിക്കുന്നു. ലലാടത്തിനു നടുവിലോ, ഭ്രൂമദ്ധ്യത്തിലോ കുങ്കുമം തൊടാം. വിശാലമായ ആത്മാവില്‍ ബിന്ദുരൂപത്തില്‍ സ്ഥിതിചെയ്ത് സര്‍വ്വതിനേയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കാനാണ് ഇത് ഒരു ചെറിയ വൃത്താകൃതിയില്‍ തൊടുന്നത്.

നടുവിരല്‍ കൊണ്ടാണ് കുങ്കുമം തൊടേണ്ടത്. കുങ്കുമം നെറ്റിയ്ക്ക് കുറുകെയോ നെടുകെയോ തൊട്ടുകൂടാ എന്നാണ് ശാക്തമതം, തൃകോണം, ചതുരം, യോനി, ബിന്ദു ഇങ്ങനെയുള്ള ആകൃതികളിലും കുങ്കുമം തൊടാറുണ്ട്‌.

തിലകം ചാര്‍ത്തുന്നത് മോതിരവിരല്‍ കൊണ്ടാണെങ്കില്‍ ശാന്തിയും, നടുവിരല്‍കൊണ്ടാണെങ്കില്‍ ആയുര്‍വൃദ്ധിയും, ചൂണ്ടുവിരല്‍കൊണ്ടാണെങ്കില്‍ പുഷ്ടിയും കൈവരുന്നു. നഖം സ്പര്‍ശിക്കാതെ വേണം തിലകം ധരിക്കേണ്ടത്. ചെറുവിരല്‍ ഉപയോഗിക്കാന്‍ പാടില്ല. ആര്‍ത്തവം, പുല, അശൗചം തുടങ്ങിയ അശുദ്ധികളുള്ളപ്പോള്‍ അനുഷ്ഠാനപരമായ തിലകധാരണം ഒഴിവാക്കണം.

ദാനത്തിന്‍റെ പ്രസക്തി എന്ത്?

ഇല്ലാത്തവര്‍ക്ക് ധനം കൊടുക്കുന്നതാണ് ദാനം. അല്ലാത്തവ എല്ലാം ലാഭേച്ഛയോടെ ചെയ്യുന്ന മറ്റ് കര്‍മ്മങ്ങളില്‍പ്പെടുന്നതാണ്. കൊടുത്തതിന് പകരമായോ അല്ലെങ്കില്‍ അതുപോലെയോ തിരികെ തരുവാന്‍ കഴിവില്ലാത്തവര്‍ക്ക് നല്‍കുന്നതിനെയാണ്‌ "ദാനം" എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ഇച്ഛിച്ചാല്‍ ആ കര്‍മ്മം ദാനമാകുന്നില്ല. ഭാവിയില്‍ ലഭ്യമാകുന്ന ഏതെങ്കിലും പ്രതിഫലം മനസ്സില്‍ക്കണ്ട് കൊടുക്കുന്ന കര്‍മ്മം ദാനകര്‍മ്മമാകുന്നില്ല. ദാനധര്‍മ്മം നന്മകള്‍ ചേര്‍ക്കുന്നു. എന്നാലും അവശര്‍ക്കായുള്ളതും രഹസ്യമായുള്ളതുമായ ദാനമാണ് ഉത്തമം. അത് ധാരാളം നന്മകള്‍ നിങ്ങളില്‍ ചേര്‍ക്കും.

നാമജപം എന്തിനു വേണ്ടി


കലിയുഗത്തില്‍ ഈശ്വരോപാസനയ്ക്ക് ഏറ്റവും ഫലപ്രദമാണ് നാമജപം. ഭോഗവും ഒടുവില്‍ മോക്ഷവും സിദ്ധിക്കുന്നു. സഗുണോപാസനയ്ക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളില്‍ പലതും കലിയുഗ മനുഷ്യന് അനുഷ്ഠിക്കാന്‍ പ്രയാസം നേരിടുന്നു. സത്യയുഗത്തില്‍ "ധ്യാനം" ഏറ്റവും പ്രധാന ഉപാസനാമാര്‍ഗ്ഗമായിരുന്നു. ആ യുഗത്തില്‍ മനുഷ്യമനസ്സ് നിര്‍മ്മലമായിരുന്നതിനാല്‍ ധ്യാനം സുഗമവും ഫലപ്രദവുമായിരുന്നു. തുടര്‍ന്ന് ത്രേതായുഗത്തില്‍ "യാഗവും", ദ്വാപരയുഗത്തില്‍ "പൂജയും" പ്രധാന ഉപാസനാമാര്‍ഗ്ഗങ്ങളായിരുന്നു. കലിയുഗത്തില്‍ മനുഷ്യമനസ്സ് കൂടുതല്‍ മലിനവും ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു. അതുകൊണ്ടാണ് ഈ യുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ ഉപാസനാമാര്‍ഗ്ഗമായി  നിര്‍ദ്ദേശിയ്ക്കപ്പെടുന്നത്. കലിയുഗത്തിന്‍റെ ദുരിതങ്ങള്‍ തരണം ചെയ്യുവാനുള്ള മാര്‍ഗ്ഗമെന്താണെന്നാരാഞ്ഞ നാരദനോട് ഭഗവാന്‍ നാരായണന്‍റെ നാമം ജപിയ്ക്കുകയാണ് വേണ്ടതെന്ന് ബ്രഹ്മാവ്‌ ഉപദേശിച്ചു.

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ"

ഇതാണ് ആ മന്ത്രം. ഈ പതിനാറ് നാമങ്ങള്‍ നിത്യവും ഭക്തിപൂര്‍വ്വം ജപിച്ചാല്‍ മാലിന്യങ്ങളകന്ന്‌ മനസ്സ് സൂര്യനെപ്പോലെ തെളിവുറ്റതാകും. ഇത് ജപിക്കുന്നതിന് ക്ലിഷ്ടമായ നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല. ഈ നാമം നിരന്തരം ജപിക്കുന്ന ബ്രഹ്മഭക്തന്മാര്‍ ബ്രഹ്മലോകത്തിലും ശിവഭക്തന്മാര്‍ ശിവലോകത്തിലും വിഷ്ണുഭക്തന്മാര്‍ വിഷ്ണുലോകത്തിലും എത്തിച്ചേരുന്നു. ഇതിനെ "സാലോക്യമോക്ഷം" എന്ന് പറയുന്നു. ഭഗവാന്‍റെ സമീപത്തുതന്നെ എത്തിചേരുന്നതാണ് "സാമീപ്യമോക്ഷം". ഭഗവാനില്‍ ലയിച്ച് ഭഗവാന്‍ തന്നെയായിത്തീരുന്നത് "സായൂജ്യമോക്ഷം". ഇങ്ങനെ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നീ ചതുര്‍മുക്തികളും ഈ നമജപം കൊണ്ട് സിദ്ധിക്കുന്നു. മുന്‍ജന്മ പാപങ്ങളാണ് ഈ ജന്മത്തില്‍ ഗ്രഹപ്പിഴകളുടെ രൂപത്തില്‍ നമ്മെ ബാധിക്കുന്നത്. സര്‍വ്വപാപഹരമായ ഈ നാമം നിത്യവും ജപിച്ചാല്‍ ഗ്രഹപ്പിഴകളും ഒഴിവാകും.

ശ്രവണം, കീര്‍ത്തനം, വിഷ്ണുസ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ നവവിധങ്ങളായ ഭക്തിമാര്‍ഗ്ഗങ്ങളുള്ളതിനാല്‍ കീര്‍ത്തനമാണ് ഏറ്റവും സുഗമമായ മാര്‍ഗ്ഗമെന്ന് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുന്നു. സാധാരണ മനുഷ്യന് അനുഷ്ഠിക്കാവുന്ന ഏറ്റവും സുഗമമായ ഭക്തിമാര്‍ഗ്ഗമാണ്‌ നാമജപം.

നാമജപത്തിന്‍റെ ഫലമെന്ത്?


പഥ്യമായി മൂന്നുകോടി നാമം ജപിച്ചാല്‍ നമ്മുടെ കൈയിലുള്ള കൈരേഖകള്‍ മാറിവരുന്നതായി കാണാന്‍ കഴിയും. നമ്മുടെ ജാതകത്തിലെ ഗ്രഹദോഷങ്ങള്‍ മാറിപ്പോകും. ജാതകത്തില്‍ ലഗ്നം, ധനം തുടങ്ങിയ പന്ത്രണ്ട് ഭാവങ്ങളാണുള്ളത്. ഈ ദ്വാദശ ഭാവങ്ങള്‍ക്കും നാമജപം കൊണ്ട് ശുദ്ധി കൈവരുന്നതാണ്. പഥ്യാചരണത്തോടെ മൂന്നുകോടി നാമജപം നടത്തുന്ന വ്യക്തിയെ ഒരിക്കലും രോഗം ബാധിക്കുകയില്ല. നാലുകോടി ജപം നടത്തിയ ആളിന് ഒരിക്കലും ദാരിദ്രമുണ്ടാകുന്നതല്ല. അയാളുടെ ധനസ്ഥാനത്ത് ശുദ്ധി ഉണ്ടാവുകയും ചെയ്യും. അഞ്ചുകോടി നാമജപം നടത്തിയാല്‍ അയാളുടെ ബുദ്ധിയ്ക്ക് തെളിച്ചമുണ്ടായി ജ്ഞാനം വര്‍ദ്ധിക്കുന്നു. ആറുകോടി നാമം ജപിച്ചാല്‍ ഉള്ളിലുള്ള ശത്രുക്കള്‍ നശിക്കുന്നു. പുറത്തെ ഒരു ശത്രുവിനെ നശിപ്പിച്ചാല്‍ ആ സ്ഥാനത്ത് മറ്റനേകം ശത്രുക്കള്‍ ഉണ്ടാകും. അകത്തെ ശത്രു നശിച്ചാല്‍ ഒരിടത്തും ശത്രുക്കള്‍ കാണുകയില്ല. ഏഴുകോടി നാമജപം നടത്തുന്ന സ്ത്രീയുടെ ഭര്‍ത്താവിന് ആയുസ്സ് വര്‍ദ്ധിക്കുകയും പുരുഷന്‍റെ ഭാര്യ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ഏറ്റവും അനുകൂലമായിത്തീരുകയും ചെയ്യും. എട്ടുകോടി നാമം ജപിച്ചാല്‍ മരണകാലം നീണ്ടുകിട്ടും. മാത്രമല്ല, അന്ത്യകാലത്ത് ഭഗവാന്‍ പുണ്യതീര്‍ത്ഥത്തിലേയ്ക്ക് കൊണ്ടുപോവുകയും അവിടെവച്ച് ശാന്തവും പവിത്രവുമായ മരണം നല്‍കുകയും ചെയ്യും. ഒമ്പതുകോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ തന്‍റെ ഇഷ്ടദേവതാരൂപത്തില്‍ ഭഗവാന്‍ ദര്‍ശനം നല്‍കും.

നാമജപം ജീവിതയാത്രയില്‍ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളില്‍ നിന്നും ഒരു കവചംപോലെ മനുഷ്യര്‍ക്ക്‌ ശാന്തി നല്‍കുന്നു. അതുപോലെ മനസ്സിന് ശുദ്ധി നല്‍കുന്നതിന് നാമജപംപോലെ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല. ചിത്തശുദ്ധി കൈവരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഭക്തിപൂര്‍വ്വമായ നാമജപം. നിരന്തരമായ നാമജപംകൊണ്ട് നമ്മുടെ മനസ്സ് നിര്‍മ്മലമാകുകയും അവിടെ ഈശ്വരചൈതന്യം ഉണരുകയും ചെയ്യുന്നു. നിരന്തരമായ നാമജപത്തിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെയും പാപക്കറകളെയും കഴുകിക്കളഞ്ഞ് അവിടം നിര്‍മ്മലമാകുമ്പോള്‍ അവിടെ നന്മയുടെ ഈശ്വരചൈതന്യവും കൂടുതല്‍ തെളിമയോടെ വിളങ്ങുന്നു. ഭൌതികദുഃഖങ്ങളില്‍ നിന്നുള്ള മോചനവും ആത്മീയമായ ഉന്നതിയും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. നിരന്തരമായ നാമജപം നമ്മിലെ താമസ രാജസ ഭാവങ്ങളുടെ പ്രഭാവത്തെ നശിപ്പിച്ച് സാത്ത്വികത ഉണര്‍ത്തുന്നു. നാമജപം മൂലം മനുഷ്യമനസ്സിലും സമൂഹമനസ്സിലും സാത്വികഭാവം വളരുമ്പോള്‍ അത് ലോകത്തിന് അത്ഭുതകരമായ വിധത്തില്‍ ശാന്തി പ്രദാനം ചെയ്യും.

ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ, ബോധപൂര്‍വ്വമോ അല്ലാതെയോ, ശരിയായോ തെറ്റായോ എങ്ങനെ ജപിച്ചാലും ജപം ഭക്തിപൂര്‍വ്വവും വിശ്വാസപൂര്‍വ്വവുമായാല്‍ അതിന് ഉദ്ദിഷ്ടഫലം സിദ്ധിക്കുന്നു. ഈശ്വരനാമത്തിന്‍റെ ശക്തി ആര്‍ക്കും നിര്‍വ്വചിക്കുവാനോ അളക്കുവാനോ സാധിക്കുകയില്ല. അതിന്‍റെ അത്ഭുതകരമായ ഫലദാനശേഷിയെയും ആര്‍ക്കും അളക്കുവാന്‍ സാധിക്കില്ല. ഈശ്വരനാമജപം പാപങ്ങളെയെല്ലാം നശിപ്പിച്ചുകളയുന്നു. നിത്യവും ഈശ്വരനാമം ജപിക്കുന്നവന്‍ അതിദിവ്യനായ അഗ്നിശുദ്ധിയെയാണ് കൈവരിക്കുന്നത്. അത് നമ്മിലുള്ള ദുര്‍വ്വാസനകളെയെല്ലാം നശിപ്പിക്കുന്നു. ഈശ്വരനാമത്തിന് അപാരമായ പാപനാശശക്തിയുണ്ട്. നിത്യേനയുള്ള നാമജപത്തിലൂടെ സമസ്ത പാപങ്ങളും നശിക്കുന്നു. അതോടെ നമ്മുടെ സമസ്ത ദുഃഖങ്ങള്‍ക്കും ശാന്തി ലഭിക്കുന്നു.