Wednesday, July 31, 2013

പിറന്നാൾ ദിനത്തിൽ (ജന്മനക്ഷത്രദിനത്തില്‍ ) അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍

ഒരു വ്യക്തി ജനിച്ച സമയത്തെ നക്ഷത്രമാണ്‌ ആ വ്യക്തിയുടെ ജന്മനക്ഷത്രം.

360ഡിഗ്രി വരുന്ന രാശിചക്രത്തെ 27 ആയി വിഭജിച്ചതില്‍ ഒരു ഭാഗമാണ്‌ ഒരു നക്ഷത്രം. ഓരോ മേഖലയിലെയും പ്രധാന നക്ഷത്രത്തിന്റെ പേരാണ്‌ ആ മേഖലയ്ക്കു നല്‍കിയിരിക്കുന്നത്‌. ആ മേഖലയില്‍ ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ്‌ ആ നക്ഷത്രമായി നാം കണക്കിലെടുക്കുക. 

ജനനസമയത്ത്‌ ചന്ദ്രന്‍ തിരുവാതിര നക്ഷത്രത്തിന്റെ മേഖലയിലാണെങ്കില്‍ ആ വ്യക്തി തിരുവാതിര നക്ഷത്രജാതനാകുന്നു. ഏകദേശം 27 ദിവസങ്ങള്‍ കൊണ്ടാണ്‌ രാശിചക്രത്തില്‍ ഒരു ദിവസം പൂര്‍ത്തിയാക്കുന്നത്‌. ഒരുദിവസം ഒരു നക്ഷത്രത്തില്‍ എന്ന കണക്കില്‍ 27 ദിവസംകൊണ്ട്‌ 27 നക്ഷത്രങ്ങളിലൂടെ ചന്ദ്രന്‍ സഞ്ചരിക്കുന്നു. അങ്ങനെ 27 ദിവസത്തിലൊരിക്കല്‍ ഒരു വ്യക്തിയുടെ നക്ഷത്രത്തില്‍ കൂടി ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ്‌ ആ വ്യക്തിയുടെ നക്ഷത്രം.

ചന്ദ്രനും നക്ഷത്രങ്ങളും ഭാരതീയ ജോതിഷത്തില്‍ അതീവ പ്രധാന്യമാണുള്ളത്‌. ഒരു വ്യക്തിയുടെ ദശകാലനിര്‍ണ്ണയം ഇവയെ അടിസ്ഥാനമാക്കിയാണ്‌. ജനനസമയത്തെ നക്ഷത്ര, ചന്ദ്രസ്വഭാവമനുസരിച്ചാണ്‌ ഒരു വ്യക്തിയുടെ ജീവിതം. അവന്റെ മാനസികവും ശാരീരികവുമായ തലങ്ങള്‍, യോഗഫലങ്ങള്‍, ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ തുടങ്ങിയവയെല്ലാം പ്രധാനമായും രൂപപ്പെടുന്നത്‌. അതുകൊണ്ടുതന്നെ താന്‍ ജനിച്ച നക്ഷത്രമേഖലയില്‍ ചന്ദ്രന്‍ വീണ്ടുമെത്തുന്ന ജന്മനക്ഷത്രദിവസത്തിന്‌ അനുഷ്ഠാനപരമായും ഗ്രഹദോഷപരിഹാര കര്‍മ്മങ്ങളുടെ മേഖലയിലും അതിയായ പ്രധാന്യമുണ്ട്‌. ദശാകാലത്തിന്റെ അടിസ്ഥാനം തന്നെ നക്ഷത്രവും ചന്ദ്രനുമാണെന്നിരിക്കെ, വ്യക്തി ജനിച്ച നക്ഷത്രമേഖലയില്‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തെ ഊര്‍ജ്ജസ്വഭാവത്തിന്‌ ആ വ്യക്തിയുമായി ഒരു താദാത്മ്യം കാണുമെന്നത്‌ യുക്തിസഹമാണ്‌. അതുകൊണ്ടുതന്നെ ആ ദിനത്തില്‍ പ്രസ്തുത വ്യക്തി അനുഷ്ഠിക്കുന്ന ഗ്രഹദോഷ പരിഹാരകര്‍മ്മങ്ങള്‍ക്ക്‌ കൂടുതല്‍ ഫലദാനശേഷി കൈവരുന്നു. 

മാസംതോറും വരുന്ന ജന്മനക്ഷത്രത്തില്‍ ശാന്തികര്‍മ്മങ്ങളും പൗഷ്ടിക കര്‍മ്മങ്ങളും ചെയ്യണമെന്ന്‌ പറയുന്നതിന്റെ അടിസ്ഥാനം ഇതുതന്നെ. ആട്ടപ്പിറന്നാളാകട്ടെ ജനിച്ച നക്ഷത്രത്തില്‍്ര‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തോടൊപ്പം സൂര്യന്‍ ജനനസമയത്രെ സൂര്യാസ്ഥിത രാശിയില്‍തന്നെ വീണ്ടും എത്തുന്ന ദിവസവുമാണ്‌. അതുകൊണ്ടുതന്നെ അതിന്‌ കൂടുതല്‍ പ്രാധാന്യം നാം കല്‍പ്പിക്കുന്നു. ഇങ്ങനെ 60 വര്‍ഷം കഴിയുമ്പോള്‍ ഏറെക്കുറെ എല്ലാ ഗ്രഹങ്ങളും വ്യക്തിയുടെ ജനനസമയത്തെ ഗ്രഹനിലയിലെത്തുന്നു. അതാണ്‌ ഷഷ്ടിപൂര്‍ത്തിയുടെ പ്രധാന്യം. ഇത്തരത്തില്‍ ചിന്തിച്ചാല്‍ മാസംതോറുമുള്ള ജന്മനക്ഷത്രത്തിന്‌ അനുഷ്ഠാനപരമായി നാം പ്രധാന്യം കല്‍പ്പിക്കേണ്ടതാണെന്ന്‌ മനസ്സിലാക്കാം. ആട്ടപ്പിറന്നാളിന്‌ സവിശേഷമായ പ്രധാന്യവും കല്‍പ്പിക്കേണ്ടതുണ്ട്‌. പതിവായി ജന്മനക്ഷത്രം തോറും വിധിപ്രകാരമുള്ള അനുഷ്ഠനങ്ങള്‍ നടത്തികൊണ്ടുപോയാല്‍ അത്‌ ഗ്രഹപ്പിഴകള്‍ ബാധിക്കാതിരിക്കാനുള്ള ഏറ്റവും നല്ല കര്‍മ്മം തന്നെയാണ്‌. സാമാന്യമായി ഗണപതിഹോമം, ഭവഗതിസേവ എന്നിവ ജന്മനാള്‍തോറും നടത്തുന്നതുകൊണ്ടുതന്നെ പൊതുവായ ദോഷങ്ങള്‍ പരിഹരിക്കപ്പെടുന്നതായാണ്‌ അനുഭവം.പ്രത്യേകവും കഠിനവുമായ ഏതെങ്കിലും ദശകാലദോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതിനു പരിഹാരമായ കര്‍മ്മങ്ങളും ഗണപതിഹോമം, ഭഗവതിസേവ എന്നിവയോടൊപ്പം നടത്താം. ദശാനാഥനായ ഗ്രഹത്തിനുള്ള പൂജകൂടി ജന്മനാള്‍തോറും നടത്തുന്നതും ഉത്തമം തന്നെ.

ജന്മനക്ഷത്രദിവസം അതികാലത്തുണരുക, പ്രഭാതസ്നാനം സ്വാത്ത്വിക ജീവിതരീതി, അംഹിസ, വ്രതശുദ്ധി തുങ്ങിയവ ശീലിക്കേണ്ടതാണ്‌. എണ്ണതേച്ചുകുളി, ക്ഷൗരം, മൈഥുനം, ശ്രാദ്ധം, ചികില്‍സ, യാത്രാരംഭം, വിവാഹം, ശസ്ത്രക്രിയ, ഉപനയനം, സീമന്തം, വാഹനാരോഹണം, പ്രേതക്രിയകള്‍, സാഹസകര്‍മ്മങ്ങള്‍, യുദ്ധം, മാംസ മദ്യാദിസേവ, ഔഷധസേവ തുടങ്ങിയവയൊന്നും ജന്മനക്ഷത്രദിവസം പാടില്ല എന്നാണ്‌ വിധി. ക്ഷേത്രദര്‍ശനം, പുണ്യകര്‍മ്മങ്ങള്‍, പൂജാദികാര്യങ്ങള്‍, പുതുവസ്ത്രാഭരണാദി ധാരണം, പുത്തരിയൂണ്‌, തുടങ്ങിയവ ജന്മനക്ഷത്രത്തില അനുവദിക്കപ്പെട്ടിട്ടുണ്ട്‌. എന്തായാലും ഗ്രഹപ്പിഴാകാലങ്ങളില്‍ ജന്മനക്ഷത്രദിവസം തോറും വ്രതശുദ്ധിയോടെയും സ്വാത്ത്വിക ജീവിതരീതിയോടെയും കഴിയുന്നതാണ്‌ ഉത്തമം.

ആണ്ടുപിറന്നാളിന്‌ സവിശേഷപ്രധാന്യത്തോടെ ഗണതിഹോമം, ഭവഗതിസേവ, പിറന്നാള്‍ ഹോമം, വിഷ്ണുപൂജ തുടങ്ങിയവ നടത്തുന്നത്‌ ദോഷശാന്തിക്കും ആയുരാരോഗ്യസൗഖ്യത്തിനും ഉത്തമമാണ്‌. വ്യക്തിയുടെ ദശാകാലം മറ്റുഘടകങ്ങള്‍ എന്നിവയനുസരിച്ച്‌ യുക്തിപൂര്‍വ്വം കര്‍മ്മങ്ങള്‍ തിരഞ്ഞെടുത്ത്‌ ചെയ്യാവുന്നതാണ്‌. ഉദാഹരണമായി ജാതകന്‍ വിദ്യാര്‍ത്ഥിയാണെങ്കില്‍ ആണ്ടുപിറന്നാളിന്‌ സരസ്വതീപൂജയോ, വിദ്യാഗോപാലമന്ത്രാര്‍ച്ചനയോ നടത്താം. ജാതകത്തില്‍ ആയുര്‍ദോഷമുള്ളവരും മറ്റു ഗ്രഹപ്പിഴകളുള്ളവരും ആണ്ടുപിറന്നാള്‍തോറും മൃത്യൂഞ്ജയഹോമം നടത്തുന്നത്‌ അതീവ ഫലപ്രദമാണ്‌. അനിഷ്ടസ്ഥാനത്ത്‌ നില്‍ക്കുന്നതോ മാരകത്വമുള്ളതോ ആയ ഗ്രഹങ്ങളുടെ ദശാകാലമാണെങ്കില്‍ ആണ്ടുപിറന്നാളിനെങ്കിലും മൃത്യൂഞ്ജയഹോമം പതിവായി ചെയ്യേണ്ടതാണ്‌. മൃത്യൂഞ്ജയഹോമം വിധിപ്രകാരം കര്‍മ്മപുഷ്ടിയുള്ള കര്‍മ്മിചെയ്താല്‍ അത്ഭുതകരമായ ഫലം ലഭിക്കുന്നതാണ്‌.

ആണ്ടുപിറന്നാളിന്‌ ദാനം ഒരു പ്രധാനകര്‍മ്മമാണ്‌. അതില്‍ അന്നദാനം തന്നെ ഏറ്റവും വിശിഷ്ടം. അര്‍ഹതയുള്ളവര്‍ക്കേ ദാനം കൊടുക്കാവൂ എന്നുണ്ട്‌. എന്നാല്‍ അന്നദാനമാകട്ടെ സകല മനുഷ്യര്‍ക്കും, പക്ഷിമൃഗാദികള്‍ക്കും നല്‍കാം. ദശാനാഥന്‌ വിധിച്ചിട്ടുള്ള വസ്തുക്കള്‍, വസ്ത്രം തുടങ്ങിയവയും ഈ ദിവസം വിധിപ്രകാരം ദാനം ചെയ്യുന്നത്‌ ഉത്തമമാണ്‌.

ഏതു വ്യക്തിയുടേയും ദശാസന്ധികാലത്ത്‌ അപകടങ്ങളോ അശുഭഫലങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ഒരുദശാകാലം തുടങ്ങുന്നതിന്‌ 6മാസം മുന്‍പുമുതല്‍ തുടങ്ങി 6 മാസക്കാലം വരെയുള്ള ഒരുവര്‍ഷം ശ്രദ്ധാപൂര്‍വ്വമുള്ള ജീവിതം, ഈശ്വരഭജനം എന്നിവ ആവശ്യമാണ്‌. ഇക്കാലത്ത്‌ വരുന്ന ജന്മനക്ഷത്രങ്ങളില്‍ അതാത്‌ ദശാനാഥന്മാരെ പൂജിക്കുന്നത്‌ നന്നായിരിക്കും. ഈ ഒരു വര്‍ഷക്കാലത്തുതന്നെ ആട്ടപ്പിറനാളുകളിലും ഗണപതിഹോമം, ഭഗവതിസേവ, ദശാനാഥന്‌ പൂജ തുടങ്ങിയവ സവിശേഷപ്രാധാന്യത്തോടെ നടത്തേണ്ടതാണ്‌. മാരകത്വം, അഷ്ടമബന്ധം, മറ്റു അശുഭത്വങ്ങള്‍ എന്നിവയുള്ള ദശാകാലങ്ങളുടെ സന്ധിയാണെങ്കില്‍ ഇക്കാലത്ത്‌ ജന്മനക്ഷത്രത്തില്‍ മൃത്യൂഞ്ജയ ഹോമവും നടത്തേണ്ടതാണ്‌.ദശാനാഥന്റെ ആഴ്ചദിവസവും ജന്മനക്ഷത്രദിവസവും ചേര്‍ന്നുവരുന്ന ദിവസത്തിന്‌ അനുഷ്ഠാനപരമായി കൂടുതല്‍ പ്രധാന്യമുണ്ട്‌. ഉദാഹരണത്തിന്‌ ശനിദശാകാലത്ത്‌ ഒരു വ്യക്തിയുടെ പിറന്നാള്‍ ശനിയാഴ്ച വന്നാല്‍ ആ ദിവസം അനുഷ്ഠിക്കുന്ന ഗ്രഹശാന്തികര്‍മ്മങ്ങള്‍ക്ക്‌ കൂടുതല്‍ ഫലദാനശേഷിയുണ്ടായിരിക്കും.

ദോഷഫലങ്ങള്‍ പരിഹരിക്കുന്നതിനായി പിറന്നാള്‍ ദിവസം ആഴ്ചയുടെ അധിപനായ ഗ്രഹത്തെക്കൂടി പൂജിക്കുക. ഞായറാണെങ്കില്‍ സൂര്യനെയും തിങ്കളെങ്കില്‍ ചന്ദ്രനെയു ചൊവ്വയെങ്കില്‍ കുജനെയും ബുധനെങ്കില്‍ ബുധനെയും വ്യാഴമെങ്കില്‍ ഗുരുവിനെയും വെള്ളിയെങ്കില്‍ ശുക്രനെയും ശനിയെങ്കില്‍ ശനിയെയും പൂജിക്കുന്നത്‌ ഉത്തമമാണ്‌..

ജന്മനക്ഷത്രദിവസം നക്ഷത്രത്തിന്റെ മൃഗം, പക്ഷി എന്നിവയ്ക്ക്‌ ആഹാരം കൊടുക്കുന്നതും വൃക്ഷം നട്ട്‌ വളര്‍ത്തുകയും പലിപാലിക്കുകയും ചെയ്യുന്നതും ഐശ്വര്യവും ആയുസ്സും കൈവരുന്നതിന്‌ ഫലപ്രദം. ഈ ദിവസം നക്ഷത്രാധിപനെ ഭജിക്കുന്നതും ദോഷശാന്തിക്ക്‌ ഉത്തമമാണ്‌. പിറന്നാള്‍ ദിനത്തില്‍ കേക്കുമുറിക്കുക, മെഴുകുതിരി ഊതിക്കെടുത്തുക തുടങ്ങിയ നിരര്‍ത്ഥക അനുഷ്ഠാനങ്ങള്‍ക്കുപകരം ജപം, പൂജ തുടങ്ങിയവ അനുഷ്ഠിക്കുന്നതാണ്‌ ഐശ്വര്യപ്രദം.