Wednesday, January 9, 2013

കറിവേപ്പില കൈയില്‍ കൊടുക്കാമോ?

 കറിക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായാണ് മലയാളി കറിവേപ്പിലയെ കണക്കാക്കി വരുന്നത്. കറിയോടൊപ്പം എല്ലാപേരും കറിവേപ്പില കഴിക്കില്ലെങ്കിലും അതു കറി പാകം ചെയ്യാന്‍ അനിവാര്യം തന്നെ. എന്നാല്‍ കറിവേപ്പില കയ്യില്‍ കൊടുക്കുന്നതിനെ അനുവദിച്ചിട്ടില്ല. കറിവേപ്പില കയ്യില്‍ കൊടുത്താല്‍ കൊടുക്കുന്ന ആളും വാങ്ങുന്ന ആളും തമ്മില്‍ താമസിയാതെ പിണങ്ങുമത്രേ!. ആര്‍ക്കും ആരോടും അങ്ങനെയങ്ങ് പിണങ്ങാന്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ടായിരിക്കാം കറിവേപ്പില സാധാരണ കയ്യില്‍ കൊടുക്കാറുമില്ല. എന്നാല്‍ കറിവേപ്പില വെന്തുകഴിഞ്ഞാല്‍ ഗുണമാണെങ്കിലും പച്ച കറിവേപ്പിലയില്‍ നിന്ന് വിപരീതോര്‍ജ്ജം പ്രസരിക്കുന്നുണ്ടത്രേ!. അതുകൊണ്ടാണ് അതു കയ്യില്‍ കൊടുക്കരുതെന്ന് പറയുന്നത്. ഇത് പറയുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ചെമ്പരത്തി, മുല്ല, തുളസി തുടങ്ങിയ ചെടികളില്‍ നിന്നും അനുകൂല ഊര്‍ജ്ജം പ്രസരിക്കുന്നുവെന്നാണ്. അതുകൊണ്ടാണ് ഇവ വീട്ടുമുറ്റത്ത് തന്നെ വച്ചുപിടിപ്പിച്ചിരുന്നതും. പക്ഷേ, ഓര്‍ക്കിഡ്, ആന്തൂറിയം തുടങ്ങിയവയില്‍ നിന്നും പ്രതികൂല ഊര്‍ജ്ജമാണ് പ്രസരിച്ചുകൊണ്ടിരിക്കുന്നതും. ആധുനിക അലങ്കാരസസ്യസ്നേഹികള്‍ ക്ഷമിക്കുക.

ഭഗവാനിലെത്താന്‍ അഞ്ചുതലങ്ങള്‍ കടക്കണം



അഞ്ചു തലങ്ങള്‍ തരണം ചെയ്യുന്നവര്‍ക്ക് ഈശ്വരനിലെത്താവുന്നതാണ്. കുണ്ഡലം, തണ്ഡലം, വിണ്ഡലം, പാണ്ഡലം, മണ്ഡലം ഇവയാണവകള്‍.

കുണ്ഡലം :- പുനസൃഷ്ടിയ്ക്കുള്ള മോഹം, ആഹാരത്തിനു വേണ്ടിയുണ്ടാകുന്ന പ്രേരണ. ഇണകളുമായി ബന്ധപ്പെടുവാനുള്ള ആര്‍ത്തി ഇവയാണ്. മോഹങ്ങളും സുഖങ്ങളുമാണിവിടെ.

തണ്ഡലം :- തണ്ടത്തരം എന്ന് പറയും. ജീവിച്ചു ജീവിച്ചു പോകുവാനുള്ള വ്യഗ്രത. അതിനായ് എങ്ങനെയും പെരുമാറുവാനുള്ള പ്രേരണ ഉദിയ്ക്കുന്നതാണ്. ജീവിതവ്യഗ്രതയാണിവിടെ. ഞാനെന്നും എനിയ്ക്കെന്നും എന്‍റെതെന്നും ഉള്ള തോന്നലിലൂടെ ജീവിതം കഴിച്ചു കൂട്ടുന്നു ഇപ്പോള്‍.

വിണ്ഡലം :- ജീവിയ്ക്കുക അതിലൂടെ പരമസുഖം അനുഭവിയ്ക്കുക, സുഖത്തിനു വേണ്ടിയും ജീവിയ്ക്കുക, അതിനായി എങ്ങനേയും പ്രവര്‍ത്തിയ്ക്കേണ്ടതായിവരുക. ഭൂമിയില്‍ ഏതുവിധേനയും കഴിഞ്ഞുകൂടുവാനുള്ള ആര്‍ത്തിയോടെ ദിനങ്ങള്‍ കഴിച്ചുകൂട്ടുകയാണിവിടെ.

പാണ്ഡലം :- പരിശുദ്ധം എന്നാണര്‍ത്ഥം. പഞ്ചപാണ്ഡവര്‍ അങ്ങനെയുള്ളവരാകുന്നു. പഞ്ചഭൂതങ്ങങ്ങളാണ് പഞ്ചപാണ്ഡവര്‍, പരമാത്മാവിലേയ്ക്ക് ഈശ്വരനെ അടുപ്പിയ്ക്കുകയും പരമാത്മാവിനെ കൂടെ നിര്‍ത്തുകയും ചെയ്യുന്നു പാണ്ഡവര്‍.

മണ്ഡലം :- ഈശ്വരനിലേയ്ക്ക് പ്രാപിയ്ക്കുന്നതാണ് മണ്ഡലം. "മ" - ഈശ്വരനെന്നാണര്‍ത്ഥം. പരമാത്മാവില്‍ എത്തിച്ചേരുന്നു മണ്ഡലകാലത്ത്. ദേവന്മാര്‍പോലും ഇക്കാലത്ത് ധ്യാനനിരതരായിരിയ്ക്കും. ആദ്യം മുതലുള്ള മൂന്ന് തലങ്ങള്‍ വിടുന്നവര്‍ അവസാനത്തെ മണ്ഡലതലത്തില്‍ എത്തുമ്പോള്‍ ഈശ്വരപ്രാപ്തരാകുന്നതിന് അര്‍ഹരാകുന്നു.

തീ൪ത്ഥാടനം


പാപമകറ്റി ഈശ്വരാനുഗ്രഹം നേടുന്നതിന്‍റെ പ്രതീകമായാണ്തീ൪ത്ഥാടനം നടത്തപ്പെടുന്നത്. വ്രതാനുഷ്ഠാനത്തോടെ യഥാവിധി തീ൪ത്ഥാടനം ചെയ്യുന്നവര്‍ക്ക് മനസ്സിന് പരിശുദ്ധിയും ഈശ്വരാനുഗ്രഹവും ലഭിക്കുന്നുവെന്ന് ആധുനികമതവും സമ്മതിക്കുന്നു. മൂന്നു വിധത്തിലുള്ള തീ൪ത്ഥങ്ങളെയാണ് പൌരാണികര്‍ ഘോഷിക്കുന്നത്.. അവ മാനസം, ജംഗമം, സ്ഥാവരം എന്നിവയാണ്. തീ൪ത്ഥാടനം അനുഷ്ഠിക്കുന്നവര്‍ ഈ മൂന്നുവിധ തീ൪ത്ഥങ്ങളാലും യഥാവിധി ശുദ്ധിവരുത്തേണ്ടതാണ്.

സത്യം, ക്ഷമ, ഇന്ദ്രിയ നിയന്ത്രണം, കരുണ, സല്‍സംസാരം, ജ്ഞാനം, തപസ്സ് ഇവ ഏഴുമാണ്‌ മാനസതീ൪ത്ഥങ്ങള്‍. വിവേകമുള സത്ജനങ്ങളെയാകട്ടെ ജംഗമതീ൪ത്ഥങ്ങളെന്നു വിളിക്കുന്നു. പുണ്യനദികള്‍, പുണ്യതടാകങ്ങള്‍, പവിത്രവൃക്ഷങ്ങള്‍, പുണ്യപര്‍വ്വതങ്ങള്‍, പുണ്യസ്ഥലങ്ങള്‍, സമുദ്രം ഇവ സ്ഥാവരതീ൪ത്ഥങ്ങളാണ്.

വിധി പോലെ വ്രതം നോക്കി, കഴിയുന്ന രീതിയില്‍ ദാനം നല്‍കി, മാതാപിതാക്കളെ വന്ദിച്ച് വേണം തീ൪ത്ഥയാത്ര പുറപ്പെടേണ്ടത്. തീ൪ത്ഥാടനം കഴിഞ്ഞ് മടങ്ങിവരുമ്പോഴും സാധുക്കള്‍ക്ക് ദാനം നല്‍കണം. ഉള്ളില്‍ ഞാനെന്ന വികാരം നശിച്ച് പ്രകൃതിയോടടുക്കുമ്പോള്‍ പൂര്‍ണ്ണപരിശുദ്ധനായി ഒരു വ്യക്തി മാറുന്നു. ഇതു യഥാവിധിയോടെ തീ൪ത്ഥാടനം അനുഷ്ഠിക്കുന്ന വ്യക്തിയില്‍ സംഭവിക്കുമെന്നാണ് കണക്കുകൂട്ടല്‍.