Thursday, August 8, 2013

കൈവിഷദോഷവും പരിഹാരവും

വശീകരണമോ ശത്രുനാശമോ ലക്ഷ്യമാക്കി, ആഹാരസാധനങ്ങളിലോ പാനീയങ്ങളിലോ രഹസ്യമായി ചേര്‍ത്തുനല്‍കുന്ന മന്ത്രബദ്ധമായ മരുന്നാണ്‌ കൈവിഷം. വശ്യം, ലാഭം, അടിപെടുത്തല്‍, ദ്രോഹം – വിവിധോദ്ദേശ്യങ്ങള്‍ക്കായി ഇത്‌ ചെയ്യുന്നുണ്ട്‌. പലഹാരത്തിലോ, പഴത്തിലോ, മറ്റേതെങ്കിലും ആഹാരപദാര്‍ത്ഥത്തിലോ ചേര്‍ത്ത്‌ സൂത്രത്തിലാണിത്‌ നല്‍കുക. പ്രതിമന്ത്രവാദത്താലും ഔഷധത്താലും ഛര്‍ദ്ദിപ്പിച്ചുകളയുന്നതുവരെ എന്തു ചികിത്സയാലും ശമിക്കാത്ത ഗദാസ്വസ്ഥകളുണ്ടാക്കി ആ സാധനം ഉദരത്തില്‍ സ്ഥിതിചെയ്യും. ‘കടുകുമണിയോളമുള്ള ‘കൈവിഷം’ വയറ്റില്‍ പറ്റിപ്പിടിച്ചുകിടന്ന്‌ വളരും’ ഇതാണ്‌ കൈവവിഷത്തെപ്പറ്റിയുള്ള വിശ്വാസം.
കൈവിഷ ദോഷശാന്തിക്ക്‌ നിരവധി മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്‌. പഞ്ചഗവ്യഘൃതം സേവിക്കുകയാണ്‌ ഒരു പ്രധാന മാര്‍ഗം. നീല കണ്ഠത്ര്യക്ഷരിമന്ത്രം ജപിച്ച്‌ ശക്തിവരുത്തിയ ഘൃതമാണ്‌ വിധിപ്രകാരം സേവിക്കേണ്ടത്‌. കക്കാട്‌ നാരായണന്‍ നമ്പൂതിരി രചിച്ച മാത്രിക തന്ത്രം എന്ന ഗ്രന്ഥത്തില്‍ കൈവിഷദോഷശാന്തിക്ക്‌ ഒരു പ്രയോഗം കാമുന്നു: ‘വെള്ളത്താര്‍ താവല്‍ എന്ന മരുന്ന്‌ ചതച്ച്‌ പിഴിഞ്ഞനീര്‍ ഒഴക്ക്‌, ഒഴക്കുപാല്‍ (അപ്പോള്‍ കറന്നെടുത്ത ചൂടോടെ) രണ്ടുകൂടി കൂട്ടി ഈ മന്ത്രം 108 ഉരു ജപിച്ച്‌ പ്രഭാതത്തില്‍ സേവിക്കുക. എന്നാല്‍ ഉച്ചയ്ക്കുമുന്‍പായി ആ വിഷം ഛര്‍ദ്ദിച്ചുപോവും. ഛര്‍ദിയില്‍ വിഷം കാണാം.
ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയ്ക്ക്‌ സമീപം തിരുവിഴ ക്ഷേത്രത്തില്‍ കൈവിഷദോഷശാന്തിക്ക്‌ ചികിത്സയുള്ളത്‌ പ്രസിദ്ധമാണ്‌. ഈ ചികിത്സാ രീതിയെക്കുറിച്ച്‌ നവമി ക്ഷേത്രവിജ്ഞാനകോശത്തില്‍ ഇപ്രകാരം പറയുന്നുണ്ട്‌. ‘ഈ പ്രദേശത്തുമാത്രം കാണുന്ന ഒരു ചെറുചെടി സമൂലം ഇടിച്ചുപിഴിഞ്ഞ്‌ നീരെടുത്ത്‌ പാലില്‍ ചേര്‍ത്ത്‌ ഒരു ഓട്ടുമൊന്തയിലാക്കി പന്തീരടിസമയത്ത്‌ പൂജിച്ച്‌ രോഗിക്ക്‌ നല്‍കുന്നു. പഞ്ചസാരയിടാതെയും കാച്ചാതെയും എടുക്കുന്ന ശുദ്ധമായ നാഴി പശുവിന്‍പാലില്‍ ഒരുതുടം മരുന്ന്‌ നീരാണ്‌ ചേര്‍ക്കുന്നത്‌.
ദക്ഷിണ നല്‍കി മരുന്നുവാങ്ങി ആനപ്പന്തലില്‍ ദേവന്‌ അഭിമുഖമായിരുന്നാണ്‌ മരുന്ന്‌ സേവിക്കേണ്ടത്‌. ഒറ്റയിരുപ്പില്‍ അത്‌ കുടിച്ചശേഷം ക്ഷേത്രത്തില്‍ നിന്നും ചെറുചൂടുവെള്ളവും നല്‍കും. ചിലര്‍ ഒന്നുരണ്ട്‌ പ്രദക്ഷിണം കഴിയുമ്പോള്‍ ഛര്‍ദ്ദിച്ചുതുടങ്ങും. ശക്തിയേറിയ കൈവിഷബാധയേറ്റവര്‍ പലവട്ടം പ്രദക്ഷിണം ചെയ്തശേഷമേ ഛര്‍ദ്ദിക്കുകയുള്ളൂവെന്ന്‌ വിശ്വാസം.

കുട്ടികളുടെ വിദ്യാഗുണത്തിന്‌ (ബുദ്ധി, സ്വഭാവം)

 കുട്ടികള്‍ ജനിച്ച ഉടന്‍ വയമ്പും സ്വര്‍ണ്ണവും ഉരച്ച്‌ തേനില്‍ ചാലിച്ച്‌ നാവില്‍ തേച്ചു കൊടുക്കാറുണ്ട്‌. അവരുടെ നാവിലെ കഫാംശം മാറി അക്ഷരസ്ഫുടതയും വാഗ്വിശുദ്ധിയും ലഭിക്കാനാണ്‌ ഇതു ചെയ്യുന്നത്‌. ശുഭമുഹൂര്‍ത്തത്തില്‍, പ്രത്യേകിച്ച്‌ സാരസ്വതയോഗമുള്ളപ്പോള്‍ ഇതു ചെയ്യുന്നത്‌ കൂടുതല്‍ ഫലപ്രദമാണ്‌.

കുട്ടിയുടെ ജാതകത്തിലെ അഞ്ചാം ഭാവം, രണ്ടാം ഭാവം, ഒന്‍പതാം ഭാവം തുടങ്ങിയവ പരിശോധിച്ച്‌ വിദ്യാനൈപുണി, ബുദ്ധി തുടങ്ങിയവയെ വിലയിരുത്താം. അഞ്ചാം ഭാവാധിപനു വിധിച്ചിട്ടുള്ള ലഘുമന്ത്രങ്ങളോ നാമങ്ങളോ പതിവായി കുട്ടി ജപിക്കുന്നത്‌ ഒരു ശീലമാക്കുക. ചെറുപ്പത്തില്‍ത്തന്നെ ജപം ശീലിക്കുന്നത്‌ അതീവഫലപ്രദമാണ്‌. ഇതുമൂലം ഏകാഗ്രത, ബുദ്ധിക്കു തെളിച്ചം, മനോശുദ്ധി തുടങ്ങിയവ കൈവരുന്നു. സന്ധ്യക്ക്‌ നാമം ജപിക്കുന്നത്‌ നിര്‍ബന്ധമാക്കണം. ലഘുമന്ത്രങ്ങള്‍ ജപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ത്തന്നെ ഹരേരാമ…. എന്നു തുടങ്ങുന്ന നാമം പതിവായി ജപിക്കാവുന്നതാണ്‌. അതിന്റെ ശുഭഫലം അനുഭവിച്ചുതന്നെ അറിയുക.

അഞ്ചില്‍ ശനി അശുഭഫലദാതാവായി നിന്നാല്‍ മനോജഢത, ആലസ്യം തുടങ്ങിയവ അനുഭവപ്പെടാം. ഇതുപോലെ വിദ്യാതടസ്സം, ബുദ്ധിക്കു മൗഢ്യം തുടങ്ങിയവ ഉണ്ടാക്കുന്ന ഗ്രഹസ്ഥിതികള്‍ പലതുണ്ട്‌. ആ ഗ്രഹത്തെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ കുട്ടിയുടെ ജന്മനക്ഷത്രത്തില്‍ ചെയ്യുന്നതു നന്നായിരിക്കും. പ്രസ്തുത പുജയോ ഹോമമോ കഴിച്ചശേഷം വിധിപ്രകാരം മന്ത്രശുദ്ധി വരുത്തിയ സാരസ്വതഘൃതം, ബ്രഹ്മീഘൃതം തുടങ്ങിയവയിലേതെങ്കിലും കുട്ടികള്‍ക്ക്‌ കൊടുക്കാവുന്നതാണ്‌. ദോഷപ്രദനായ ഗ്രഹത്തെ വ്യാഴം വീക്ഷിക്കുകയോ വ്യാഴയോഗം വരികയോ ചെയ്യുന്ന കാലത്ത്‌ (ഗോചരാല്‍) ഈ ഘൃതസേവ, പുജ തുടങ്ങിയവ നടത്തുന്നത്‌ കൂടുതല്‍ ഫലപ്രദമായിരിക്കും. വിദ്യാരാജ ഗോപാലയന്ത്രം, താരായന്ത്രം തുടങ്ങിയവ വിധിപ്രകാരം എഴുതി കുട്ടിയുടെ കഴുത്തിലണിയിക്കുന്നതും ഫലപ്രദമാണ്‌. വര്‍ഷത്തിലൊരിക്കല്‍ ജന്മനക്ഷത്രത്തിലോ മറ്റേതെങ്കിലും വിശിഷ്ടദിനത്തിലോ മൂകാംബികയിലോ അതുപോലെ മറ്റേതെങ്കിലും സരസ്വതീക്ഷേത്രത്തിലോ കുട്ടിയുമായി ദര്‍ശനം നടത്തി ത്രിമധുരം കഴിച്ച്‌ സേവിക്കുന്നത്‌ നന്നായിരിക്കും. ആണ്ടുപിറന്നാള്‍ തോറും സരസ്വതീപുജയും നടത്താവുന്നതാണ്‌..

കുട്ടികളുടെ ബുദ്ധി, സ്വഭാവം തുടങ്ങിയവയെ ഭക്ഷണരീതി വലിയ അളവില്‍ സ്വാധീനിക്കുന്നുണ്ട്‌. ജാതകത്തില്‍ അഞ്ചില്‍ ശനി, ചൊവ്വ, രാഹു, ദുര്‍ബലനോ രാഹു, കേതു യോഗമുള്ളതോ ആയ ചന്ദ്രന്‍ എന്നീ ഗ്രഹങ്ങളിലേതെങ്കിലുമോ ഒന്നിലധികമോ നിന്നാല്‍ കുട്ടിയുടെ മാനസികമായ വളര്‍ച്ചയ്ക്കും സ്വഭാവരൂപീകരണത്തിനും ശ്രാദ്ധാപൂര്‍വ്വമായ പരിരക്ഷ ശീലിപ്പിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. പ്രത്യേകിച്ച്‌ ചൊവ്വയെപ്പോലെ ഒരു ഗ്രഹം അനിഷ്ടനായി അഞ്ചില്‍ നിന്നാല്‍ കുട്ടി തീവ്രമായ മനോഘടനയോടുകൂടിയവനാകും. ഈ ഘട്ടത്തില്‍ മാംസാഹാരം എരിവും പുളിയും കൂടുതലുള്ള ആഹാരം തുടങ്ങിയവ ശീലിക്കുന്നത്‌ ആ തീവ്രത വര്‍ദ്ധിപ്പിക്കുവാനേ ഉതകൂ. സൂര്യന്‍, കേതു എന്നീ ഗ്രഹങ്ങള്‍ അനിഷ്ടരായി അഞ്ചില്‍ നിന്നാലും മുന്‍പു സൂചിപ്പിച്ച ഭക്ഷണരീതി ഒഴിവാക്കുന്നതു നന്നായിരിക്കും. ശമനി, രാഹു എന്നി ഗ്രഹങ്ങള്‍ അനിഷ്ടരായി അഞ്ചില്‍ നിന്നാല്‍ മനോജഢത, മാന്ദ്യം തുടങ്ങിയവ അനുഭവത്തില്‍ വരാം. ഈ കുട്ടികള്‍ക്ക്‌ പഴകിയതും തണുത്തതുമായ ഭക്ഷണങ്ങള്‍ കൊടുക്കുന്നത്‌ പ്രസ്തുത ദോഷങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാകും. ദുര്‍ബലനായ ചന്ദ്രന്‍ അഞ്ചില്‍ നിന്നാല്‍ ഭയം, മനോദൗര്‍ബല്യം, ലജ്ജാശീലം തുടങ്ങിയവ അനുഭവത്തിവരും. ചന്ദ്രന്‍ ജാതകത്തില്‍ ദുര്‍ബലനായും രാഹു, കേതു യോഗത്തോടുകൂടിയും ഏതുഭാവത്തില്‍ നിന്നാലും മനോദൗര്‍ബല്യം, മനോരോഗങ്ങള്‍ എന്നിവയ്ക്കു സാധ്യതയുണ്ട്‌. അഞ്ചില്‍ നിന്നാം പ്രത്യേകിച്ചു ഈ ഘട്ടത്തില്‍ കൂട്ടിയെ ചെറുപ്പത്തില്‍ത്തന്നെ യോഗ പരിശീലിപ്പിക്കുന്നത്‌ തികച്ചും ഫലപ്രദമാണ്‌. ജാതകപരിശോധനയ്ക്കു ശേഷം യോജിച്ചതായാല്‍ ഈ കുട്ടി മുത്ത്‌ ധരിക്കുന്നതും നന്നായിരിക്കും. പൊതുവെ പറഞ്ഞാല്‍ അഞ്ചില്‍ അശുഭഗ്രഹയോഗമുള്ള കുട്ടികളെ സാത്ത്വികഭക്ഷണം ശീലിപ്പിക്കുന്നതുതന്നെയാണ്‌ അവരുടെ മാനസികവും ബുദ്ധിപരവുമായ ആരോഗ്യത്തിന്‌ ഉത്തമം. ഈശ്വരഭജനം, ക്ഷേത്രദര്‍ശനം, ജപം തുടങ്ങിയവയില്‍ ഇവര്‍ക്ക്‌ ആഭിമുഖ്യം വളര്‍ത്തുന്നതും നന്നായിരിക്കും.