Wednesday, August 21, 2013

മംഗല്യസിദ്ധിക്ക് - തിരുവഞ്ചിക്കുളം ശിവക്ഷേത്രം


തൃശൂര്‍ ജില്ലയില്‍ മേത്തല പഞ്ചായത്തിലാണ്‌ ചിരപുരാതനവും പ്രസിദ്ധവുമായ തിരുവഞ്ചിക്കുളം ശിവക്ഷേത്രം. ഭാരതത്തിലെ ഇരുന്നൂറ്റി എഴുപത്തിനാല്‌ ശൈവതിരുപ്പുകളില്‍ ഒന്നാമത്തേതെന്ന്‌ പ്രസിദ്ധിയാര്‍ജിച്ച ക്ഷേത്രം.

ശ്രീകോവിലില്‍ തിരുവഞ്ചിക്കുളത്തപ്പന്‍ കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. ദേവന്‌ സദാശിവഭാവം. നാലമ്പലത്തില്‍ ഗണപതിയും ഗണപതിയുടെ അടുത്തായി ചേരമാന്‍ പെരുമാളും സുന്ദരമൂര്‍ത്തി നായരും അതേ കോവിലിലുണ്ട്‌. ഭംഗീരടി, ഭഗവതി, ശക്തി പഞ്ചാക്ഷരി, പാര്‍വതീപരമേശ്വരന്മാര്‍, നടരാജപ്രദോഷ നൃത്തവും സപ്തമാതൃക്കളും ഋഷഭവും മണ്ഡപത്തില്‍ ദേവന്‌ അഭിമുഖമായിട്ടുണ്ട്‌. ഉമ്മിത്തേവര്‍, ചണ്ഡികേശന്‍ എന്നിവര്‍ തെക്കോട്ടും നാലമ്പലത്തിന്‌ പുറത്ത്‌ നടയ്ക്കല്‍ ശിവന്‍, കൊട്ടാരത്തില്‍തേവര്‍, സുബ്രഹ്മണ്യന്‍, ദുര്‍ഗ്ഗ, ഗംഗാഭഗവതി, കൊന്നയ്ക്കല്‍ ശിവന്‍, ദക്ഷിണാമൂര്‍ത്തി, അയ്യപ്പന്‍, ഹനുമാന്‍, നാഗരാജാവ്‌, നാഗയക്ഷി, പശുപതി, ഗോപുരത്തില്‍ തേവര്‌ എന്നീ ഉപദേവന്മാരുമുണ്ട്‌. ഇത്രയേറെ ഉപദേവന്മാരെ മേറ്റ്വിടെയും കണ്ടേക്കാനിടയില്ല. ശൈവസന്യാസിമാരായി അറിയപ്പെടുന്ന പെരുമാളേയും നായനാരേയും അമ്പലത്തിനകത്ത്‌ പ്രതിഷ്ഠിച്ചിരിക്കുന്നത്‌ ആരിലും അത്ഭുതമുളവാക്കും. അവര്‍ രണ്ടുപേരും ഇവിടെ വച്ച്‌ സ്വര്‍ഗാരോഹണം ചെയ്തുവെന്നും വിശ്വാസം. ചേരമാന്‍ പെരുമാളിന്റെ കാലത്താണ്‌ ക്ഷേത്രം നിര്‍മിച്ചതെന്നും കരുതുന്നു.

പണ്ട്‌ ഇവിടം വെറും പുഞ്ചപ്പാടമായിരുന്നുവെന്നും പാടത്ത്‌ പുല്ലറുത്ത സ്ത്രീയുടെ അരിവാള്‌ തട്ടി ചോര കണ്ട്‌ ഉണ്ടായ സ്വയംഭൂ ശിവലിംഗം കിട്ടിയെന്നും ഐതിഹ്യം. അത്‌ ഒരു കൊന്നച്ചുവട്ടില്‍വച്ച്‌ പൂജിച്ചുപോന്നു. പിന്നീട്‌ അവിടം മൂലസ്ഥാനമായി അറിയപ്പെട്ടു. ആ സ്ഥാനത്താണ്‌ കൊന്നയ്ക്കല്‍ ശിവന്‍. നാലമ്പലത്തിന്‌ പുറത്ത്‌ വടക്കുവശത്തായി കൊന്ന കാണാം. ഈ കൊന്നകള്‍ ഋതുഭേദമില്ലാതെ പൂക്കുന്നുവെന്നതും വിസ്മയാവഹം.

അഞ്ചുപൂജയുള്ള മഹാക്ഷേത്രം. രാവിലെ അഭിഷേകം കഴിഞ്ഞാല്‍ മലര്‍നേദ്യത്തോടും വെള്ളനേദ്യത്തോടും കൂടി പൂജ തുടങ്ങും. ശംഖാഭിഷേകം പ്രധാന വഴിപാടാണ്‌. നിത്യവും നവകവുമുണ്ട്‌. രാത്രി എട്ടുമണിക്കുള്ള പള്ളിയറപൂജ വിശേഷം. മംഗല്യഭാഗ്യത്തിന്‌ വഴിപാടായി നടത്തപ്പെടുന്ന ഈ പൂജ ദമ്പതിപൂജ എന്ന പേരിലും പ്രസിദ്ധാണ്‌. ഇതുകഴിഞ്ഞാല്‍ അര്‍ദ്ധരാത്രിയില്‍ ദേവന്മാരെത്തി പൂജിക്കുന്നുവെന്ന്‌ സങ്കല്‍പ്പം. പള്ളിയറ കാവിന്‌ മുന്നിലുള്ള അപൂര്‍വ വിഗ്രഹമാണ്‌ ശക്തിപഞ്ചാക്ഷരീപ്രതിഷ്ഠ. ശിവന്റെയും പാര്‍വതിയുടെയും ആ ലോഹവിഗ്രഹം ഇമ്മട്ടിലാണ്‌. ഭഗവാന്റെ ഇടതു തുടയില്‍ പാര്‍വതിയെ ഇരുത്തി ഇടതുകൈയാല്‍ മുലക്കണ്ണ്‌ തലോടി പുണരുന്ന വിഗ്രഹം.

കുംഭമാസത്തിലെ കറുത്തവാവ്‌ ആറാട്ടായി എട്ടുദിവസത്തെ ഉത്സവം. ഇവിടെ നിന്നും എട്ട്‌ കി.മീ. അകലെയുള്ള അഴീക്കോട്‌ കടലിലാണ്‌ ആറാട്ട്‌. ഉത്സവകാലത്തെ പറഎഴുന്നെള്ളിപ്പിനുമുണ്ട്‌ വിശേഷം. ക്ഷേത്രത്തില്‍നിന്നും രണ്ടു കി.മീ. തെക്കുഭാഗത്തുള്ള ചേരമാന്‍ പെരുമാളിന്റെ കോട്ടയ്ക്കകത്താണ്‌ ഇന്നും ആദ്യത്തെ പറ. പിന്നെ വടക്കോട്ട്‌ പോയി കൊച്ചി രാജാവിന്റെ പറ സ്വീകരിക്കും. അതുകഴിഞ്ഞാല്‍ വടക്കേ ഇല്ലത്തെ പറയാണ്‌. പിന്നെ ഓരോ ഭക്തന്റേയും പറകള്‍ സ്വീകരിക്കും. ആനയോട്ടം ഉത്സവാഘോഷത്തില്‍ അറിയപ്പെടുന്ന ഒരിനമാണ്‌. പണ്ട്‌ മുതലുള്ള ഈ ചടങ്ങ്‌ ഇന്നും തുടരുന്നു. ശിവരാത്രിനാളില്‍ രാത്രി പന്ത്രണ്ട്‌ മണിക്ക്‌ കിഴക്കുവശത്ത്‌ നിന്നും എഴുന്നെള്ളിച്ച്‌ പടിഞ്ഞാറുവശത്ത്‌ എത്തുമ്പോള്‍ ഭഗവാന്റെ തിടമ്പ്‌ തലയില്‍ വച്ചുള്ള നൃത്തമുണ്ടാകും. പിന്നീട്‌ ആനപ്പുറത്തുനിന്നും ചാടിയിറങ്ങി മൂന്നുപ്രാവശ്യം ഭിക്ഷ ചോദിക്കും. അപ്പോള്‍ ഭക്തജനങ്ങള്‍ വലിയ കാണിക്കയര്‍പ്പിക്കും. ഈ സമയം പിന്നിലായി ആനപ്പുറത്ത്‌ പാര്‍വതീ ദേവിയുമുണ്ടാകും. ദേവിയും ഭഗവാന്റെ നൃത്തം കാണുന്നുവെന്ന്‌ വിശ്വാസം. ഒടുവില്‍ ഓട്ടപ്രദക്ഷിണത്തോടെ അകത്തേക്ക്‌ പ്രവേശിക്കുന്നു. ഭക്തിദായകമായ ഉത്സവച്ചടങ്ങുകള്‍ക്ക്‌ സാക്ഷിയാകാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുപോലും ആയിരക്കണക്കിന്‌ ജനങ്ങളെത്തും.

തലമുടി സമൃദ്ധമായി വളരുന്നതിന്‌ - കല്ലില്‍ ഭഗവതി ക്ഷേത്രം


എറണാകുളം ജില്ലയിലെ അശമന്നൂര്‍ പഞ്ചായത്തിലാണ്‌ ചിരപുരാതനമായ കല്ലില്‍ ഭഗവതി ക്ഷേത്രം. കേരളത്തിലെ ഗുഹാക്ഷേത്രങ്ങളുടെ പട്ടികയില്‍പ്പെട്ടതുമാണ്‌. സഹസ്രാബ്ദങ്ങളോളം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ഭക്തജനങ്ങളെപ്പോലെ വിനോദ സഞ്ചാരികളും എത്താറുണ്ട്‌.

കല്ലില്‍ ജംഗ്ഷനില്‍ ക്ഷേത്രകമാനം കാണാം. ചെറുകയറ്റം കയറിക്കഴിഞ്ഞാല്‍ സമതലപ്രദേശം. അവിടെ നിന്നുള്ള കാഴ്ച ചേതോഹരമാണ്‌. ഏതാണ്ട്‌ 28 ഏക്കറോളം സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന കുന്നുകളും മേടുകളും. ഇവിടെ ഊട്ടുപുരയും കുളവുമുണ്ട്‌. അവിടെ നിന്നാല്‍ ക്ഷേത്രത്തിലെ കല്ല്‌ കാണാന്‍ കഴിയില്ല. കരിങ്കല്‍പ്പടികള്‍ കയറിയെത്തുമ്പോള്‍ ആനപ്പന്തല്‍. പാറ തുരന്നുണ്ടാക്കിയ ശ്രീകോവില്‍. ശ്രീകോവിലിന്‌ മുകളില്‍ എടുത്തുവച്ചതുപോലെ വലിയ പാറ. നിലംതൊടാത്ത ഭീമാകാരമായ ശില, പാറയ്ക്കകത്ത്‌ കൗതുകമുണര്‍ത്തുന്ന ഒരു വിറകുപുരയും കാണാം. ശ്രീകോവിലിലെ പ്രധാനദേവി ദുര്‍ഗ. ഭഗവതി കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. ശാന്തസ്വരൂപിണി. ശ്രീകോവിലിന്റെ ഇടതുഭാഗത്തായി ശിവന്‍, വിഷ്ണു, ഗണപതി, ശാസ്താവ്‌ കൂടാതെ ബ്രഹ്മാവുമുണ്ട്‌. ശ്രീകോവിലിന്‌ പുറത്ത്‌ ഭഗവതി, വലതുവശത്ത്‌ നാഗയക്ഷി, സര്‍പ്പം എന്നീ പ്രതിഷ്ഠകളുണ്ട്‌. ശ്രീകോവിലിനുമുന്നില്‍ മണ്ഡപം. കരിങ്കല്‍ത്തൂണുകളില്‍ തീര്‍ത്തിരിക്കുന്ന ഈ മണ്ഡപം താഴ്‌ന്നിരിക്കുന്നത്‌ ഇവിടത്തെ മാത്രം പ്രത്യേകതയാണ്‌. കരിങ്കല്‍ കോവണിയിലൂടെ കയറിയാണ്‌ ബ്രഹ്മാവിന്‌ പൂജ ചെയ്യുന്നത്‌.

രാവിലെ മാത്രം നട തുറക്കാറുള്ള ഈ ക്ഷേത്രത്തില്‍ രാവിലെ മാത്രമേ പൂജയുള്ളൂ. വൈകുന്നേരത്തെ പൂജ കല്ലില്‍ പിഷാരത്തെ തറവാട്ടിലാണ്‌.

ചൂല്‍ നടയ്ക്കുവയ്ക്കുന്നത്‌ ഇവിടത്തെ വിശേഷ വഴിപാടാണ്‌. 41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെയാണ്‌ സ്ത്രീകള്‍ ചൂല്‌ നടയ്ക്കുവയ്ക്കുന്നത്‌. തലമുടി സമൃദ്ധമായി വളരുന്നതിന്‌ വേണ്ടിയുള്ള വഴിപാടാണിത്‌
.
ഒരിക്കല്‍ ദേവി ആകാശത്തിലൂടെ സഞ്ചരിക്കവെ ഈ പ്രദേശത്തിന്റെ മനോഹാരിത ഇഷ്ടപ്പെടുകയും ഇവിടെ ഇറങ്ങുകയും ചെയ്തു. സന്തോഷാധിക്യത്താല്‍ ഇവിടെ കണ്ട മൂന്നു പാറകള്‍ എടുത്ത്‌ ദേവി അമ്മാനമാടാന്‍ തുടങ്ങി. മല വര്‍ഗക്കാരനായ ഒരാള്‍ അത്‌ കാണുകയും “അയ്യോ, കല്ലേ, ദേവീ…” എന്ന്‌ ഉറക്കെ വിളിക്കുകയും ചെയ്തു. അതുകേട്ടപ്പോള്‍ ദേവി കൈയിലിരുന്ന കല്ലുകള്‍ കളയുകയും അവിടിരുന്ന വലിയ കല്ലിനുള്ളില്‍ കയറി ഒളിക്കുകയും ചെയ്തുവെന്ന്‌ വിശ്വസിക്കുന്നു. പിന്നീട്‌ പരമശിവന്റെ സാന്നിധ്യം ഉണ്ടാവുകയും മലവേടന്‍ അറിയിച്ചതും പ്രകാരം ആള്‍ക്കാരെത്തി ആരാധന തുടങ്ങിയെന്നുമാണ്‌ ഐതിഹ്യം.

വൃശ്ചികമാസത്തിലാണ്‌ ഉത്സവം. കാര്‍ത്തികയ്ക്ക്‌ കൊടിയേറി എട്ടാം ദിവസം ആറാട്ട്‌. അന്ന്‌ എല്ലാ ദിവസവും പൂജകളുണ്ടാകും. അതുപോലെ വൈകിട്ട്‌ നട തുറന്നുമിരിക്കും. ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്തുള്ള കല്ലില്‍ പിഷാരത്തേക്ക്‌ ആന എഴുന്നെള്ളത്തുമുണ്ടാകും. ഉത്സവത്തിന്‌ പിടിയാന വേണമെന്ന നിര്‍ബന്ധവുമുണ്ട്‌. എന്നാല്‍ പതിവ്‌ തെറ്റിച്ച്‌ ഒരിക്കല്‍ കൊമ്പനാനയെ എഴുന്നെള്ളിച്ചുവെന്നും എഴുന്നെള്ളത്ത്‌ പോകുന്നമാര്‍ഗേ ആന കല്ലായിത്തീര്‍ന്നുവെന്നും പഴമക്കാര്‍. ആനയുടെ ആകൃതിയിലുള്ള കല്ല്‌ സന്ദര്‍ശകര്‍ക്ക്‌ വിസ്മയമായി നില്‍ക്കുന്നത്‌ കാണാം. ക്ഷേത്രത്തില്‍നിന്നും ഒരു കി.മീ. അകലെയാണിത്‌.

മംഗല്യസിദ്ധിക്ക് - അരിയന്നൂര്‍ ശ്രീഹരികന്യകാക്ഷേത്രം


തൃശ്ശൂര്‍ ജില്ലയില്‍ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലാണ്‌ പുരാതനവും പ്രസിദ്ധവുമായ അതിയന്നൂര്‍ ശ്രീ ഹരി കന്യകാക്ഷേത്രം. ഹരി കന്യാകാ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രവുമാണിത്‌. തൃശൂരില്‍ നിന്നും ഗുരുവായൂരിലേയ്ക്കുള്ള യാത്രയില്‍ കുന്നംകുളം റൂട്ടില്‍ ചുണ്ടന്‍ വഴി അരിയന്നൂരിലെത്താം. ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട്‌ ഇരുന്നൂറ്‌ മീറ്റര്‍ പോയാല്‍ കിഴക്കേ നട. ഇടവഴിക്കു നേരെ ഉയരത്തിലാണ്‌ ക്ഷേത്രം. ഒരു കുന്നിന്‍ മുകളിലെന്നേ തോന്നൂ. പടികള്‍ കയറി എത്തുന്നിടത്ത്‌ കിഴക്കേഗോപുരവും തറയും. പുരാതനകാലത്തെ പെരുമ വിളിച്ചറിയിക്കുന്നതാണ്‌. കരിങ്കല്ലുകൊണ്ടുള്ള കട്ടിളപ്പടിയിലെ മുഴക്കോല്‍- ഇത്‌ പെരുന്തച്ഛന്റെ കുസൃതി. പെരുന്തച്ചന്‍ നിര്‍മ്മിച്ച ക്ഷേത്രവുമാണ്‌. വലിയ ബലിക്കല്ലും ബലിക്കല്‍പ്പുരയുമാണ്‌. നമസ്ക്കാരമണ്ഡപത്തിന്റെ തൂണിലും മച്ചിലും അര്‍ത്ഥഗര്‍ഭവും മനോമോഹനവുമായ ചിത്രങ്ങള്‍. വലിയയമ്പലത്തിന്റെ മുഖപ്പിലെ ശില്‍പവും വടക്കു പടിഞ്ഞാറേ കല്‍ത്തൂണിലെ കാളിയമര്‍ദ്ദനശില്‍പ്പവും ശ്രീകോവിലിന്റെ ഭിത്തിയിലും ബലിക്കല്‍പ്പുരയിലും കാണുന്ന ആനയുടെ രൂപങ്ങളുമെല്ലാം ക്ഷേത്രത്തിലെ കഥ പറയുന്ന കരിങ്കല്‍ ശില്‍പങ്ങളാണ്‌. ക്ഷേത്രത്തിലെ വലിയ കിണര്‍. അതിന്റെ വട്ടവും ആഴവും നിര്‍മിതിയുമെല്ലാം ആരിലും അത്ഭുതം ജനിപ്പിക്കും
.
ശ്രീകോവിലില്‍ കിഴക്കോട്ട്‌ ദര്‍ശനമായി ശ്രീ ഹരികന്യക. അഞ്ചടിയിലധികം ഉയരമുള്ള വിഗ്രഹം. പഞ്ചലോഹം പൊതിഞ്ഞ്‌ ഗോളകയിറക്കിയ അഞ്ജനശില. ശിവനെ മോഹിച്ച കന്യക ചതുര്‍ബാഹു. കന്യകാ സങ്കല്‍പമായതുകൊണ്ട്‌ ഓട്ടംതുള്ളലോ കൂടിയാട്ടമോ പോലുള്ള കിരീടംവച്ച കലകള്‍ ഇവിടെ പാടില്ല. നാലമ്പലത്തിനുള്ളില്‍ രാജാക്കന്മാര്‍ക്ക്‌ പ്രവേശനമില്ല. കൊമ്പനാന പാടില്ല. കരിമരുന്നുപ്രയോഗം പാടില്ല. ശ്രീകോവിലില്‍ തന്നെ. അയ്യപ്പന്റെ സാന്നിധ്യവും. കന്നിമൂലയില്‍ ഗണപതിയും തെക്കുപടിഞ്ഞാറേ മൂലയില്‍ കിഴക്കോട്ട്‌ ദര്‍ശനമായി ഭദ്രകാളിയുമുണ്ട്‌. നാലുപൂജയും മൂന്നുശിവേലികളുമുള്ള ക്ഷേത്രത്തില്‍ രാത്രി ശീവേലിക്ക്‌ നാല്‌ വിളക്കുവേണം. മുന്‍പിലും പിന്‍പിലും രണ്ടു വിളക്കുവീതം സ്ത്രീകളാണ്‌ പിടിക്കുക എന്നതും കന്യകാസങ്കല്‍പത്തിന്റെ പ്രത്യേകതയാണ്‌. അയ്യപ്പന്റെ അകമ്പടിയില്ലാതെ ദേവിയെ ക്ഷേത്രത്തിനു പുറത്ത്‌ എഴുന്നെള്ളിക്കാറില്ല. പ്രധാന വഴിപാട്‌ അടയാണ്‌. ഇത്‌ അപൂര്‍വ നിവേദ്യമായും അറിയപ്പെടുന്നു.

മണ്ഡലകാലത്ത്‌ മുപ്പതുദിവസം ഇവിടെ വിശേഷമാണ്‌. എല്ലാ ദിവസവും നവകവും മുപ്പതാം ദിവസം കളകാഭിഷേകവും നടക്കും. അന്നിവിടെ ചടങ്ങുകള്‍ തീര്‍ന്നാല്‍ പിന്നെ പതിനൊന്നുദിവസം ചൊവ്വല്ലൂരിലാണ്‌. വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക വിശേഷമാണ്‌. എല്ലാ മാസവും കാര്‍ത്തികനാളില്‍ വാരം. കാര്‍ത്തിക നാള്‍ ഭഗവതിയുടെ ജന്മനക്ഷത്രം അന്നാണ്‌ വിശേഷമായ ഈ വാരം. വാരം ഇരിക്കലും വാരസദ്യയുമാണ്‌ മുഖ്യചടങ്ങുകള്‍. ഇവ രണ്ടും വാവുദിവസം വൈകുന്നേരമാണ്‌ നടക്കുക. ഋഗ്വേവേദം ചൊല്ലലും ജപവുമാണ്‌ വാരം ഇരിക്കല്‍. ഈ ചടങ്ങ്‌ പകലാണ്‌. എന്നാല്‍ വാരസദ്യ രാത്രിയിലും മേടത്തിലെ വിഷുവും എടവത്തിലെ അനിഴം പ്രതിഷ്ഠാദിനവും കര്‍ക്കടകമാസം രാമായണമാസമായും ആചരിച്ചുവരുന്നു. തിരുവോണവും നവരാത്രിയും പ്രധാനമാണ്‌. മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച വിശേഷമാണ്‌ ഈ മുറപ്പെട്ട്‌ എന്നറിയപ്പെടുന്നു. അന്ന്‌ അഖണ്ഡനാമജപവും തന്ത്രി പൂജയുമുണ്ട്‌. തന്ത്രി നടത്തുന്ന ഈ ഉഷപൂജ തന്ത്രി പുഷ്പാഞ്ജലി എന്ന നിലയില്‍ പ്രസിദ്ധവുമാണ്‌.

ക്ഷേത്രത്തിലെ ഉത്സവത്തിന്‌ അത്യപൂര്‍വ്വമായ താന്ത്രികാനുഷ്ഠാനങ്ങള്‍ ഉണ്ടെന്നുള്ളത്‌ പ്രസിദ്ധമാണ്‌. പഠാദി, ധ്വാജാദി, അങ്കുരാദി ഉത്സവങ്ങള്‍ സമ്മേളിക്കുന്ന പതിനഞ്ചുദിവസത്തെ ഉത്സവാഘോഷങ്ങള്‍ മീനമാസത്തിലെ മകയിരം നാളില്‍ തുടങ്ങും. ഏഴാം നാള്‍ പൂരം വരണം. ഉത്രത്തിന്‌ കൊടിയേറ്റ്‌. ഏഴുദിവസം ആറാട്ട്‌. ആറാട്ടുദിവസം പാണന്മാരുടെ പാട്ട്‌ ഉണ്ടാകും. അതുപോലെ ഉത്സവത്തോടനുബന്ധിച്ച്‌ മണ്ണാന്മാരുടെ പാട്ടും പറയര്‍ വേലയുമുണ്ടാകും. മണ്ണാന്മാരുടെ പാട്ടിനൊത്ത്‌ ഭഗവതിക്ക്‌ ചരടുവയ്ക്കുക എന്നൊരു ചടങ്ങുണ്ട്‌. പാട്ടിനൊടുവില്‍ നെല്ലും മലരും പൂവും. എല്ലാം കന്യകാസങ്കല്‍പത്തിലുള്ള അനുഷ്ഠാനങ്ങള്‍. കന്യകാസങ്കല്‍പത്തിലുള്ള ചിട്ടകളെല്ലാം പാലിക്കുന്നതുകൊണ്ട്‌ ഇന്നാട്ടിലെ കന്യകമാര്‍ സുന്ദരികളായിരിക്കുമെന്നും അവിവാഹിതരായി നില്‍ക്കേണ്ടിവരില്ലെന്നും പറയപ്പെടുന്നു.