Monday, January 4, 2016

ജനിച്ച ആഴ്‌ചയുടെ ഗുണങ്ങള്‍

ഞായര്‍:

ഞായറാഴ്‌ച ജനിച്ചവരുടെ ജീവിതത്തില്‍ 19-ാം വയസ്സു മുതല്‍ 9 വര്‍ഷത്തിലൊരിക്കല്‍ ഏറ്റവും നല്ലൊരു കാലമുണ്ടാവും. ഇക്കാലത്ത്‌ സമ്പത്തും മറ്റ്‌ ഐശ്വര്യങ്ങളും വന്നുചേരും. ഞായറാഴ്‌ച ദിവസം ജനിച്ചവര്‍ തങ്ങളുടെ വാക്കിന്‌ വില കല്‍പ്പിക്കുന്നവരായിരിക്കും. ബന്ധുക്കളുടേയും സ്വജനങ്ങളുടേയും കാര്യത്തില്‍ വളരെ സ്‌നേഹപൂര്‍വ്വവും താല്‌പര്യപൂര്‍വ്വവും പെരുമാറും.
ഒരു കാര്യത്തിന്‌ ഇറങ്ങിത്തിരിച്ചാല്‍ പ്രതിപത്തിയോടുകൂടി പ്രവര്‍ത്തിച്ച്‌ അതില്‍ വിജയം വരിക്കും. ദുഃഖദുരിതങ്ങളനുഭവിക്കുന്നവരോട്‌ സഹതാപമുള്ള ഇവര്‍ സ്വമനസ്സാലെ അവരെ സഹായിക്കാന്‍ മുന്നോട്ടുവരുന്ന സ്വഭാവക്കാരായിരിക്കും.

തിങ്കള്‍:

ഇരുപതു വയസ്സുമുതല്‍ 9 വര്‍ഷത്തിലൊരിക്കല്‍ ഇവരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങളുണ്ടാവും. സാവധാനം മാത്രം ജീവിതത്തിന്റെ ഉന്നതിയിലെത്തുകയും ജീവിതത്തില്‍ ചില പ്രധാന സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്യും. ചെയ്യുന്ന തൊഴിലിലും ഉദ്യോഗത്തിലും നല്ല ലാഭം ലഭിക്കും.
സുഖലോലുപരായ തിങ്കളാഴ്‌ചക്കാര്‍ എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്നവരായിട്ടാണ്‌ കണ്ടുവരുന്നത്‌. വലിയവന്‍, ചെറിയവന്‍ എന്ന ഭേദമില്ലാതെ ചുറ്റും നടക്കുന്ന നന്മതിന്മകളെ നിരീക്ഷണം നടത്തി സംസാരിക്കുന്നവരാണീക്കൂട്ടര്‍. ഇവര്‍ 2, 7, 11, 16, 20, 25, 29 എന്നീ തീയതികളില്‍ ചെയ്യുന്ന കാര്യങ്ങള്‍ വിജയകരമാവും.

ചൊവ്വ:

ഇവര്‍ ഏര്‍പ്പെടുന്ന കാര്യങ്ങള്‍ വിജയപ്രദമാവണമെങ്കില്‍ 9, 18, 27 എന്നീ തീയതികളില്‍ അവ ആരംഭിക്കേണ്ടിയിരിക്കുന്നു. ഈ തീയതികള്‍ ബുധനാഴ്‌ചയാണെങ്കില്‍ അതിവിശിഷ്‌ടം. ചൊവ്വാഴ്‌ച ജനിച്ചവര്‍ക്ക്‌ ജീവിതത്തില്‍ ഉന്നതിയും സമ്പത്തും ഭാഗ്യകാലങ്ങളുമുണ്ടാവും. പതിനെട്ടു വയസ്സുമുതല്‍ ഒമ്പതുവര്‍ഷത്തിലൊരിക്കല്‍ മാറ്റം അനുഭവപ്പെടും.
അല്‌പം കര്‍ശന സ്വഭാവക്കാരായിരിക്കുമിവര്‍. ഗൃഹനിര്‍മ്മാണം, ഭൂമിവാങ്ങല്‍, പുതിയ തൊഴില്‍ തുടങ്ങാന്‍, പുതിയ സുഹൃത്തുക്കളെ കാണാന്‍, പുതിയ കരാറുകളില്‍ ഒപ്പിടാന്‍ മേല്‍പ്പറഞ്ഞ തീയതികള്‍ ശുഭകരമാകുന്നു.

ബുധന്‍:

ബുധനാഴ്‌ച ജനിച്ചവര്‍ ഏതുകാര്യത്തില്‍ പ്രവേശിച്ചാലും അതില്‍ വിജയം വരിക്കുന്നവരായിരിക്കും. 5, 10, 14, 23 എന്നീ തീയതികള്‍ ഇവര്‍ക്ക്‌ വിജയം പ്രദാനം ചെയ്യുന്നവയായിരിക്കും. ഇരുപത്തിമൂന്നു വയസ്സു മുതല്‍ 9 വര്‍ഷത്തിലൊരിക്കല്‍ നല്ല കാലഘട്ടമുണ്ടാവും. ഏതു പദവിയിലിരുന്നാലും ഉയരങ്ങളിലെത്തും.
ഡോക്‌ടര്‍, എഞ്ചിനീയര്‍, ജഡ്‌ജിമാര്‍ എന്നിവര്‍ മിക്കവരും ബുധനാഴ്‌ചക്കാരായിരിക്കും. സൂക്ഷ്‌മ ബുദ്ധിക്ക്‌ ഉടമകളായ ഇവര്‍ ഊഹംകൊണ്ടുതന്നെ ഏതുരഹസ്യവും പെട്ടെന്ന്‌ മനസ്സിലാക്കും. എങ്ങനെ വരുമാനം ഉയര്‍ത്താം എന്നതിന്‌ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. മറ്റുള്ളവരോട്‌ ചാതുര്യത്തോടെ സംസാരിച്ച്‌ കാര്യം നേടാനുള്ള സാമര്‍ത്ഥ്യവും ബുധനാഴ്‌ച ജനിച്ചവര്‍ക്കുണ്ട്‌.

വ്യാഴം:

3, 6, 9, 12, 15, 18, 21, 24, 27, 30 എന്നീ തീയതികളിലും വെള്ളിയാഴ്‌ചയും ഏറ്റെടുക്കുന്ന കാര്യം വിജയപ്രദമാവും. പതിനെട്ടു വയസ്സുമുതല്‍ മൂന്നുവര്‍ഷങ്ങള്‍ക്കൊരിക്കല്‍ ജീവിതത്തില്‍ ഭാഗ്യകരമായ മാറ്റങ്ങള്‍ അനുഭവപ്പെടും. മറ്റുള്ളവര്‍ വിശ്വാസവഞ്ചന കാണിച്ചാലും അവരോട്‌ ശാന്തവും സ്‌നേഹപൂര്‍വ്വവുമുള്ള സമീപനം പ്രകടിപ്പിച്ചുകൊണ്ട്‌ അവരെ നേര്‍വഴിക്ക്‌ കൊണ്ടുവരാന്‍ ശ്രമിക്കും.
നീതിയും സത്യസന്ധ്യതയും പുലര്‍ത്തുന്ന ഇക്കൂട്ടര്‍ ആ നിയന്ത്രണരേഖയ്‌ക്ക് അപ്പുറത്തേക്ക്‌ പോകില്ല. ആര്‌ ദുഃഖമനുഭവിക്കുന്നുണ്ടെങ്കിലും അവര്‍ക്ക്‌ സഹായഹസ്‌തവും സാന്ത്വനവും നല്‍കും. എല്ലാവരേയും സ്‌നേഹിക്കയും ബഹുമാനിക്കയും ചെയ്യുന്ന വ്യാഴാഴ്‌ചക്കാര്‍ പിടിവാശിക്കാരായിരിക്കും.

വെള്ളി:

ഇവര്‍ തത്വപരമായേ സംസാരിക്കയുള്ളൂ. പ്രകൃതിദത്തമായി/സ്വാഭാവികമായി സ്‌ത്രീകളെ പെട്ടെന്ന്‌ മയക്കിവശീകരിക്കാനുള്ള ഇവരുടെ കഴിവ്‌ അപാരമാണ്‌. എല്ലാം അറിയുന്നവരെപ്പോലെ സംസാരിക്കുന്ന സാമര്‍ത്ഥ്യശാലികളായിരിക്കും. ഇവര്‍ക്ക്‌ ഇരുപത്തിരണ്ടു വയസ്സുമുതല്‍ നാലുവര്‍ഷത്തിലൊരിക്കല്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ അനുഭവപ്പെടും.
4, 8, 13, 17, 26, 31 തീയതികളില്‍ പുതിയ കാര്യങ്ങള്‍ തുടങ്ങിയാല്‍ വിജയപ്രദമാവും. ഈ തീയതികള്‍ തിങ്കളാഴ്‌ചയാണെങ്കില്‍ അതിവിശിഷ്‌ടങ്ങളാണ്‌. പറഞ്ഞവാക്ക്‌ ഏത്‌ ദുര്‍ഘടാവസ്‌ഥയിലും പിന്‍വലിക്കില്ല. അതിന്റെ ലാഭ നഷ്‌ടങ്ങളെക്കുറിച്ചും വ്യാകുലചിത്തരായിരിക്കില്ല.

ശനി:

ശനിയാഴ്‌ച ജനിച്ചവര്‍ ഗുരുഭക്‌തിയുള്ളവരും മുതിര്‍ന്നവരെ ബഹുമാനിക്കുന്നവരുമായിരിക്കും. 22 വയസ്സുമുതല്‍ 26, 31, 35, 40, 44, 53, 62, 67 എന്നീ പ്രായങ്ങള്‍ ഏറെ വിശേഷപ്പെട്ട ഭാഗ്യകാലമാകുന്നു. 4, 8, 13, 17, 26, 31 എന്നീ തീയതികളില്‍ ഏത്‌ നല്ല കാര്യവും ആരംഭിക്കാം. ഈ തീയതികള്‍ വ്യാഴാഴ്‌ചകളിലാണെങ്കില്‍ വിജയം സുനിശ്‌ചിതം. ഇവര്‍ സമൂഹത്തില്‍ പ്രധാനികളായിരിക്കും.
സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്കായി എന്തുത്യാഗം സഹിക്കാനും സന്നദ്ധരായിരിക്കും. അനാവശ്യമായ വിശ്രമം, അലസത എന്നിവയൊന്നും ഇവരെ അലട്ടുകയില്ല. ഏതുകാര്യവും ഉടന്‍ ചെയ്‌തു തീര്‍ക്കുന്ന ഉത്സാഹമതികളാണിവര്‍. സ്‌നേഹിച്ചാല്‍ അങ്ങേയറ്റംവരെ സ്‌നേഹം തിരിച്ചു നല്‍കുന്നവരായിരിക്കുമിവര്‍.