Thursday, August 22, 2013

വീടും നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌

ഒരു സ്‌ഥലത്തിന്റേതായാലും വീടിന്റേതായാലും കേന്ദ്രസ്‌ഥാനം ശക്‌തവും ദൈവീകവുമായ ശക്‌തികേന്ദ്രമാണ്‌. അഷ്‌ടദിക്കുകള്‍ ആ കേന്ദ്രത്തെ ആശ്രയിച്ചിരിക്കുന്നു.

അഷ്‌ടദിക്കുകള്‍ പരസ്‌പരം സംയോജിക്കുന്നതും വിയോജിക്കുന്നതും ഈ സ്‌ഥാനത്താണ്‌. തന്മൂലം അഷ്‌ടദിക്കുകളില്‍ ധാരാളം ഊര്‍ജ്‌ജം ലഭിക്കുന്നത്‌ ഈ കേന്ദ്രസ്‌ഥാനത്തുനിന്നാണ്‌. ഏതൊരു പദാര്‍ത്ഥത്തിനും ഒരു ഗുരുത്വാകര്‍ഷണ കേന്ദ്രമുണ്ടെന്ന്‌ ഊര്‍ജ്‌ജതന്ത്രത്തില്‍ പറയുന്നുണ്ട്‌. വീടുകളുടെ നിര്‍മ്മാണത്തില്‍ ബ്രഹ്‌മസ്‌ഥാനത്തിന്‌ വാസ്‌തുശാസ്‌ത്രം വളരെ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു.

പുരാതനകാലങ്ങളില്‍ ഗ്രാമങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌ വാസ്‌തുശാസ്‌ത്രപ്രകാരമാണ്‌. ഈ ഗ്രാമങ്ങളുടെ മദ്ധ്യത്തില്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതും അതിനു ചുറ്റും ഗൃഹങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതും കാണാം. ഇങ്ങനെയുള്ള വാസ്‌തുഗ്രാമങ്ങളില്‍ ഐശ്വര്യവും പുരോഗതിയും ഉണ്ടായിരുന്നതായി തെളിവുകളുണ്ട്‌. എന്നാല്‍ ഗൃഹങ്ങളുടെ നിര്‍മ്മാണം വരുമ്പോള്‍ ഈ സ്‌ഥാനത്തെ ബ്രഹ്‌മസ്‌ഥാനം എന്നു വിളിക്കുന്നു. ഈ സ്‌ഥലം യഥായോഗ്യം ഉപയോഗിച്ചാല്‍ മാത്രമേ, സമ്പത്തും സന്തോഷവും സമാധാനവും ആ ഗൃഹത്തില്‍ താമസിക്കുന്നവര്‍ക്ക്‌ ലഭിക്കുകയുള്ളൂ.

ബ്രഹ്‌മസ്‌ഥാനത്തിന്‌ കോട്ടമോ, തടസ്സമോ ഉണ്ടാകാത്തവിധത്തില്‍ നിര്‍മ്മാണഘട്ടത്തില്‍ തന്നെ ഗൃഹത്തിന്റെ പ്ലാന്‍ തയ്യാറാക്കിയാല്‍ വളരെയേറെ ദുരന്തങ്ങള്‍ ഒഴിവാക്കാവുന്നതാണ്‌. ബ്രഹ്‌മസ്‌ഥാനത്ത്‌ തൂണുകള്‍, മതിലുകള്‍, ഭാരമേറിയ മറ്റു നിര്‍മ്മിതികള്‍ എന്നിവ ഒഴിവാക്കി തുറസ്സായി ഒഴിച്ചിടുവാന്‍ ശ്രദ്ധിക്കണം. ഇവിടെ ഗൃഹത്തിന്റെ പ്രധാന ഹാള്‍, പൂജാമുറി, നടുമുറ്റം എന്നീ കാര്യങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്നതാണ്‌. ഗൃഹങ്ങള്‍, വ്യവസായശാലകള്‍ തുടങ്ങിയ എല്ലാ നിര്‍മ്മാണങ്ങള്‍ക്കും ഈ ഭാഗം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

വ്യവസായ ശാലകളില്‍ ഈ ഭാഗത്ത്‌ ഭാരമുള്ള മറ്റു നിര്‍മ്മിതികള്‍ പാടില്ല. ഭാരമുള്ള മറ്റു വസ്‌തുക്കള്‍ (മിഷനറികള്‍, അസംസ്‌കൃത വസ്‌തുക്കള്‍) സൂക്ഷിക്കരുത്‌. ഇങ്ങനെ നിര്‍മ്മിക്കുന്ന പക്ഷം വ്യവസായം തകര്‍ന്നുപോകും. നഷ്‌ടങ്ങള്‍ക്ക്‌ ഇടവരും.

ഓഫീസുകളും കടകകളും വാസ്തുശാസ്ത്രമനുസരിച്ച്

നമ്മുടെ ജീവിതത്തില്‍ നാം കൂടുതല്‍ സമയം ചെലവഴിക്കുന്നത്‌ ഓഫീസിലോ സ്വന്തം കടയിലോ ആയിരിക്കും. ഈ കെട്ടിടം വാസ്‌തുവിധി പ്രകാരം നിര്‍മ്മിച്ചതാണെങ്കില്‍ ജോലിയോ, ബിസിനസ്സോ വളരെ സുഖകരമായ അന്തരീക്ഷത്തില്‍ നീങ്ങും. പുരോഗതിയുണ്ടാകും. നേരെ മറിച്ചായാല്‍ അവിടെ ജീവനക്കാര്‍ തമ്മില്‍ കലഹം, അധികാരികള്‍ക്ക്‌ മാനസിക അസ്വസ്‌ഥത, ചിന്താക്കുഴപ്പങ്ങള്‍ എന്നിവ സംഭവിക്കും. തന്മൂലം കാലക്രമേണ ആ സ്‌ഥാനപം അടച്ചുപൂട്ടാന്‍ നിര്‍ബ്ബന്ധിതമാകും. 

ഒരു കട, ഓഫീസ്‌, വ്യവസായ സ്‌ഥാപനം എന്നിവ നിര്‍മ്മിക്കുമ്പോഴും പഴയതു വാങ്ങുമ്പോഴും അവയുടെ സ്‌ഥാനം, ആകൃതി, ദര്‍ശനം എന്നിവ ശുഭമാണെങ്കില്‍ മാത്രമേ വാങ്ങാവൂ. എന്നാല്‍ മാത്രമേ അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രകൃതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ.

പ്രകൃതിയുടെ (വാസ്‌തുശാസ്‌ത്ര നിയമങ്ങള്‍) ആനുകൂല്യം ലഭിക്കുന്നപക്ഷം അവിടെ നടത്തുന്ന ഏതൊരു പ്രവര്‍ത്തനവും ലാഭകരവും, സന്തോഷകരവുമായിരിക്കും. ഗൃഹങ്ങളിലെപ്പോലെ ഒരു കടയുടെയോ, സ്‌ഥാപനത്തിലേയോ വാസ്‌തുനില അവിടെ ജോലി ചെയ്യുന്ന ആളുകളില്‍ വ്യക്‌തമായ സ്വാധീനം ചെലുത്തുന്നതാണ്‌. കടയുടെയോ സ്‌ഥാപനങ്ങളുടെയോ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • കെട്ടിടത്തിന്റെ ആകൃതി ദീര്‍ഘചതുരമോ, സമചതുരമോ ആയിരിക്കണം. 
  • കെട്ടിടത്തില്‍ ഭാരമുള്ള ഷെല്‍ഫുകളും ഫര്‍ണിച്ചറും ക്രമീകരിക്കുമ്പോള്‍ തെക്ക്‌, തെക്കുപടിഞ്ഞാറ്‌, പടിഞ്ഞാറ്‌ എന്നീ ദിശകളില്‍ വരത്തക്കവണ്ണം ക്രമീകരിക്കണം. വടക്കുകിഴക്കേ ഭാഗം പൂര്‍ണ്ണമായും ഒഴിവാക്കി ഇടുവാന്‍ ശ്രദ്ധിക്കണം.
  • ഉപയോഗമില്ലാത്ത പാഴ്‌വസ്‌തുക്കളും പഴയസാധനങ്ങളും വടക്കുകിഴക്കേ മൂലയില്‍ നിക്ഷേപിക്കരുത്‌. ഈ ഭാഗം വളരെ വൃത്തിയായി സൂക്ഷിക്കണം. 
  • വടക്കോ, കിഴക്കോ നോക്കിനിന്നു പ്രാര്‍ത്ഥിക്കുന്ന വിധത്തില്‍ ദേവതാചിത്രങ്ങള്‍ ക്രമീകരിക്കണം.
  • ഉടമസ്‌ഥന്റെ ഇരിപ്പിടം വടക്കോ, കിഴക്കോ നോക്കി ഇരിക്കത്തക്കവണ്ണം സജ്‌ജീകരിക്കണം.
  • സ്‌ഥാപനത്തിന്റെ (കടയുടെ) ദര്‍ശനം ഏതു വശത്തായാലും ആ വശത്തിന്റെ ഉച്ചഭാഗത്തുകൂടിയായിരിക്കണം ഉപഭോക്‌താക്കള്‍ക്ക്‌ അകത്തേക്ക്‌ വരാനുള്ള മാര്‍ഗം ഉണ്ടാക്കേണ്ടത്‌..