Tuesday, January 15, 2013

മന്ത്രങ്ങളുടെ ദോഷപരിഹാരം

ഏതുവര്‍ഗ്ഗത്തില്‍പ്പെട്ട മന്ത്രങ്ങളാണെങ്കിലും പരമ്പരാഗതമായി സാധകം ചെയ്തുകൊണ്ടിരുന്ന മന്ത്രങ്ങളാണെങ്കില്‍ അവ ദുഷ്ടമന്ത്രങ്ങളാണെന്ന് ഇടയ്ക്കെപ്പോഴെങ്കിലും ബോദ്ധ്യപ്പെടുകയാണെങ്കില്‍ ആ മന്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ട ആവശ്യമില്ല. മന്ത്രങ്ങളുടെ ആദിയിലും അന്ത്യത്തിലും പ്രണവം (ഓം) ചേര്‍ത്ത് ആ മന്ത്രങ്ങള്‍ തുടര്‍ന്ന് ജപിച്ചാല്‍ ദോഷങ്ങളെല്ലാം തീര്‍ന്ന് സദ്‌ഫലസിദ്ധികളുണ്ടാകുന്നതാണ്.

ശാന്തികര്‍മ്മം


 ശാന്തികര്‍മ്മത്തിന് വെളുത്ത പൂവുകൊണ്ട് രതിയെ പൂജിക്കണം. ശുക്ലപക്ഷത്തിലെ ദ്വിതീയ, തൃതീയ, പഞ്ചമി, സപ്തമി എന്നീ തിഥികളും ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളും ശാന്തികര്‍മ്മത്തിന് ഉത്തമമാണ്.

  ദൈനംദിനജീവിതത്തിലെ എല്ലാ ആപത്തുകളും നീങ്ങി ശാന്തി ലഭിക്കുന്നതിനുള്ള മന്ത്രപ്രയോഗമാണ് ശാന്തികര്‍മ്മത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദാരിദ്രം, രോഗങ്ങള്‍, ഭയം, ആപത്ത് എന്നിവയില്‍ നിന്നെലാമുള്ള മോചനവും അവയുടെ ശമനവുമാണ് ശാന്തികര്‍മ്മങ്ങള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്. വീടിന്റെ ഈശാനകോണിലേക്ക് തിരിഞ്ഞിരുന്നാണ് ശാന്തികര്‍മ്മം അനുഷ്ഠിക്കേണ്ടത്. പത്മാസനത്തില്‍ കാളത്തോലിന്റെ പുറത്ത് ഉപവിഷ്ടനായിട്ടാണ് ഇത് ചെയ്യേണ്ടത്. ശാന്തികര്‍മ്മത്തിന് മന്ത്രം ഗ്രഥനമായി ചൊല്ലണം. അതായത്, ആദ്യം മന്ത്രത്തിന്റെ ഒരക്ഷരവും പിന്നെ വ്യക്തിയുടെ പേരിന്റെ ഒരക്ഷരവും ചൊല്ലുക. ഇങ്ങനെ ഇടകലര്‍ത്തിവേണം ഇതു ചെല്ലേണ്ടത്. ഉദാഹരണത്തിന് രാമായനമഃ എന്ന മന്ത്രവും രവികുമാര്‍ എന്നപേരും താഴെപ്പറയുന്ന രീതിയില്‍ വേണം ചൊല്ലേണ്ടത്: "രാരമാവിയകുനമാമഃര്‍ഃ" 

  ശാന്തികര്‍മ്മത്തിന് കറുകയാണ് ചമതയായി ഹോമിക്കേണ്ടത്. ശംഖുകൊണ്ടുള്ള ജപമാല ഉപയോഗിച്ചുവേണം ശാന്തികര്‍മ്മത്തിലെ മന്ത്രത്തിന്റെ എണ്ണം തിട്ടപ്പെടുത്തേണ്ടത്. ഹോമാഗ്നി ജ്വലിപ്പിക്കുമ്പോള്‍ എരുക്ക്, പ്ലാശ് എന്നിവ വിറകായി ഉപയോഗിക്കാം.

(ഹോമത്തിന് ഉപയോഗിക്കുന്ന മരങ്ങളെയാണ്  (മരകൊള്ളികളെയാണ്) "ചമത" എന്ന് പറയുന്നത്)

ഉഗ്രനരസിംഹ മന്ത്രത്തിന്‍റെ സവിശേഷത എന്ത്?

 മരണഭയം, ക്ഷുദ്രദോഷം, പേടിസ്വപ്നം, ശത്രുദോഷം, വിഭ്രാന്തി തുടങ്ങിയവയില്‍ നിന്ന് രക്ഷനേടാന്‍ ഈ മന്ത്രം ഉപകരിക്കുന്നു. ഈ മന്ത്രം കാണാതെ ചൊല്ലാന്‍ പഠിക്കുന്നതും ചൊല്ലുന്നതും ഈ ദോഷങ്ങള്‍ മാറാന്‍ കാരണമാകും. മാത്രമല്ല ശ്രീപരമശിവനാല്‍ വിരചിതമായ ഈ മന്ത്രം മൂന്നു സന്ധ്യകളിലും ദിവസേന ജപിക്കുന്ന ഭക്തന്‍റെ സകല കഷ്ടതകളും നീങ്ങി ആയുസ്സും ഐശ്വര്യവും വര്‍ദ്ധിച്ചുവരുമെന്നത് നിശ്ചയം.

കലിയുഗത്തിലെ സിദ്ധിമന്ത്രങ്ങള്‍

 നരസിംഹമന്ത്രങ്ങള്‍, ഹയഗ്രീവമന്ത്രങ്ങള്‍, ഭൈരവമന്ത്രങ്ങള്‍, ഗണപതി മന്ത്രങ്ങള്‍, മാതംഗീമന്ത്രങ്ങള്‍, ത്രിപുരസുന്ദരീമന്ത്രങ്ങള്‍, കുബേരമന്ത്രങ്ങള്‍, യക്ഷിണീമന്ത്രങ്ങള്‍, കാളീമന്ത്രങ്ങള്‍, മൂന്നക്ഷരങ്ങളുള്ളവ, ഏകാക്ഷരമന്ത്രം എന്നിവ ഏകാഗ്രതയോടെ പതിവായി ദിവസവും ജപിക്കുന്നവര്‍ക്ക് കാലദോഷങ്ങളുണ്ടാവുകയില്ല; ക്ഷിപ്രത്തില്‍ ഫലപ്രാപ്തികളുണ്ടാവുന്നതുമാണ്.

സാധാരണ ചെയ്യുന്ന ഹോമങ്ങള്‍

 ഫലങ്ങള്‍ ഉപയോഗിച്ചുള്ള ഹോമങ്ങള്‍ ദേവപ്രീതിക്കും പ്ലാശിന്‍ചമതകൊണ്ടുള്ള ഹോമം അഭീഷ്ടകാര്യം സാധിക്കുന്നതിനും ഉത്തമമാണ്. കരവീരപുഷ്പം ഉപയോഗിച്ചുള്ള ഹോമം സ്ത്രീകളെ വശീകരിക്കുന്നതിനും ചിറ്റമൃത് ഉപയോഗിച്ചുള്ള ഹോമ രോഗശമനത്തിനും കറുകഹോമം ബുദ്ധിശക്തി വര്‍ദ്ധിക്കുന്നതിനും ശര്‍ക്കര ഉപയോഗിച്ചുള്ള ഹോമം ജനങ്ങള്‍ വശീകരിക്കപ്പെടുന്നതിനും നാല്പാമരം ഉപയോഗിച്ച് തെളിച്ച ഹോമകുണ്ഡത്തില്‍ നെല്ല്, യവം മുതലായവ ഹോമിക്കുന്നത് ഐശ്വര്യസിദ്ധിക്കും ഉത്തമമാണ്. മുരിക്കിന്‍പൂവ് ബ്രാഹ്മണരെ വശത്താക്കാനും പടലോവള്ളി ക്ഷത്രിയരെ വശത്താക്കാനും കൊന്നച്ചമത വൈശ്യരെ വശത്താക്കാനും പുന്നച്ചമത ശൂദ്രരെ വശത്താക്കാനും ഉപയോഗിക്കുന്നു. വരക്, ഉഴുന്ന്, പരുത്തിക്കുരു തുടങ്ങിയവ ശത്രുക്കളെ നേരിടുന്നതിനും നശിപ്പിക്കുന്നതിനുമായി ഹോമത്തിന് ഉപയോഗിച്ചുവരുന്ന വസ്തുക്കളാണ്. ഇതില്‍ വരക് ഉപയോഗിച്ച് ഹോമിച്ചാല്‍ ശത്രുവിന് വ്യാധി (രോഗം) പിടിപെടും. താന്നിച്ചമത ശത്രുവിനെ മാനസ്സികരോഗിയാക്കിമാറ്റും. പരുത്തിക്കുരു, ശത്രുവിന്റെ പ്രവര്‍ത്തനങ്ങളെ അപ്പാടെ സ്തംഭിപ്പിക്കുവാന്‍ ഉദ്ദേശിച്ചുള്ളവയാണ്. ഉഴുന്ന് ശത്രുവിന്റെ സംസാരശേഷിതന്നെ നശിപ്പിച്ചുകളയുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

സര്‍പ്പദോഷ നിവാരണങ്ങള്‍

 സര്‍പ്പബലി നടത്തുക, നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമര്‍പ്പിക്കുക, പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ സര്‍പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. മാതൃശാപത്താല്‍ ചുട്ടു നീറുന്ന നാഗങ്ങള്‍ക്ക്‌ വെള്ളത്തില്‍ പാലോഴിച്ചുള്ള സ്നാനം ചെയ്യുന്നവരുടെ ഗൃഹത്തില്‍ സര്‍പ്പഭയമുണ്ടാകില്ല. സര്‍പ്പദോഷമൂലമുണ്ടാകുന്ന ചൊറി, വ്യാധി, വെള്ളപാണ്ട്, കുഷ്ഠം, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് പുള്ളുവന്‍മാരെകൊണ്ട് സര്‍പ്പപാട്ട് പാടിച്ചാല്‍ സര്‍പ്പദേവതാ പ്രീതി ലഭിക്കും. സദ്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, സര്‍പ്പപൂജകള്‍ നടത്തുന്നത് ഉത്തമമാണ്. എരിക്കിന്‍പൂവും, കൂവളത്തിലയും ചേര്‍ത്തുകെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേര്‍ത്തുകെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന്‍ പൂക്കുലയും ചെത്തിപൂവും ചേര്‍ത്ത മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകള്‍ക്കും നല്‍കിയാല്‍ നാഗശാപം ഒഴിവായി കിട്ടും. ഭാഗവതത്തിലും, നാരായണീയത്തിലും കാളിയ മര്‍ദ്ദനം വിവരിക്കുന്ന ഭാഗം പാരായണം ചെയ്താല്‍ നാഗദോഷം ഒഴിവാക്കാം. വര്‍ഷത്തില്‍ വരുന്ന പന്ത്രണ്ട് പഞ്ചമതിഥിയുടെ അധിദേവതകളായ നാഗങ്ങളെ സ്തുതിച്ചാല്‍ സര്‍പ്പപ്രീതി ലഭിക്കും. രാഹു കേതുക്കളുടെ ദോഷത്താല്‍ അവിവാഹിതരായി കഴിയുന്ന പെണ്‍കുട്ടികള്‍ അരയാലും വേപ്പും ഒന്നിച്ചുനില്‍ക്കുന്നതിന്റെ ചുവട്ടിലെ നാഗ പ്രതിഷ്ഠകള്‍ക്ക് പാലഭിഷേകം നടത്തിയാല്‍ ദോഷം അകലും. വര്‍ഷത്തില്‍ വരുന്ന പഞ്ചമതിഥികളില്‍ വ്രതമനുഷ്ഠിച്ച് നാഗങ്ങളെ ദ്രവ്യാഭിഷേകത്തോടെ തൃപ്തിപ്പെടുത്തിയാല്‍ പാമ്പു കടിയേറ്റു മരിച്ചവ്യക്തിയുടെ ആത്മാവിന് ഗതി കിട്ടും. ആയൂരാരോഗ്യ സമ്പല്‍സമൃതിക്കും, ഗൃഹത്തില്‍ ഐശ്വര്യത്തിനും വേണ്ടി സര്‍പ്പബലി നടത്തുന്നു. നീച്ചസര്‍പ്പങ്ങളുടെ ദോഷം തീരാന്‍ സര്‍പ്പപ്പാട്ടും, ഉത്തമ സര്‍പ്പങ്ങളുടെ ദോഷപരിഹാരത്തിന് സര്‍പ്പബലിയുമാണ് പ്രതിക്രിയ. സ്വര്‍ണ്ണംകൊണ്ടോ, ചെമ്പ്കൊണ്ടോ ഉണ്ടാക്കിയ സര്‍പ്പപ്രതിമ സമര്‍പ്പിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. കവുങ്ങിന്‍ പൂക്കില മാലകള്‍ എന്നിവകൊണ്ട് അലങ്കരിച്ചും, ചന്ദനം ചാര്‍ത്തിയും, കരിക്ക്, പാല്‍, പനിനീര്‍ എന്നിവയാല്‍ അഭിഷേകം നടത്തിയും, നെയ്യ്, അപ്പം, പായസം എന്നിവ നേദിച്ചും, നൂറും പാലും കൊണ്ട് സര്‍പ്പബലിനടത്തിയും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം. 

പിറന്നാള്‍ ആചരിക്കുമ്പോള്‍

 ഒരു വ്യക്തി ജനിച്ചാല്‍ മലയാളമാസത്തിലെ ജന്മനക്ഷത്രമാണ് പിറന്നാളായി എടുക്കേണ്ടത്. ഒരു ദിവസം ജന്മനക്ഷത്രം 6 നാഴികയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അന്ന് പിറന്നാള്‍ എടുക്കാം. അല്ലെങ്കില്‍ തലേന്നാവും പിറന്നാള്‍. ഒരു മാസത്തില്‍ രണ്ടുതവണ ജന്മനക്ഷത്രം വന്നാല്‍ അവസാനം വരുന്നതായിരിക്കും പിറന്നാള്‍. അന്നേ ദിവസം പുലര്‍ച്ചെ എഴുന്നേറ്റ് കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി വഴിപാടുകള്‍ ചെയ്തു തീര്‍ത്ഥം സേവിച്ചശേഷം ജലപാനംപോലും ആകാവു. വിളക്ക് വെച്ച് ഇലയിട്ട് ഇരുവശത്തും ഓരോരുത്തരെ ഇരുത്തി പെറ്റമ്മയുടെ കൈകൊണ്ട് വിളമ്പിയ അന്നം ശുഭസമയത്ത് കഴിക്കേണ്ടതാണ്. കിഴക്കോട്ട് തിരിഞ്ഞിരുന്നുണനം, ആദ്യം ഗണപതിയ സങ്കല്‍പ്പിച്ച് ഭക്ഷണം വിളമ്പിയ ശേഷമേ പിറന്നാളുകാരന് വിളമ്പാവു. 

സിദ്ധിപ്രദങ്ങളായ മന്ത്രങ്ങള്‍

 മൂന്നക്ഷരങ്ങളുള്ളവ, ഒരക്ഷരം മാത്രമുള്ളവ, നരസിംഹമന്ത്രങ്ങള്‍, കാര്‍ത്തവീര്യാര്‍ജ്ജുനമന്ത്രം, ഗണപതിമന്ത്രങ്ങള്‍, ചേടകാ യക്ഷിണി മന്ത്രങ്ങള്‍, മാതംഗീമന്ത്രങ്ങള്‍, ത്രിപുരസുന്ദരീ മന്ത്രം, ശ്യാമാമന്ത്രങ്ങള്‍, കാളീമന്ത്രങ്ങള്‍, സരസ്വതീമന്ത്രങ്ങള്‍ എന്നിവ ഇന്നത്തെയുഗത്തില്‍ ആര്‍ക്കും ജപിക്കാവുന്ന മന്ത്രങ്ങളാണ്.

കണ്ണെഴുത്ത്

 കുട്ടിയെ കണ്ണെഴുതിക്കുന്ന ചടങ്ങ് ചിലരെങ്കിലും കൊണ്ടാടാറുണ്ട്‌. കുട്ടി ജനിച്ച് ഒമ്പതാം ദിവസം രാവിലെ കുളിപ്പിച്ച് കണ്ണെഴുതിക്കാം. ഇതിന് സാധാരണ കണ്‍മഷി ഉപയോഗിക്കാന്‍ പാടുള്ളതല്ല. കണ്ണില്‍ ആദ്യം പുരട്ടേണ്ട കണ്‍മഷി ഉണ്ടാക്കുന്നതിന് ചില പ്രത്യേകതകള്‍ ഉണ്ട്. കയ്യോന്നിനീരും നാരങ്ങനീരും തുല്യമായി ചേര്‍ത്തതില്‍ വെള്ളമുണ്ടിന്റെ കഷ്ണം മുക്കി ഉണക്കി അത്   പ്ലാവിന്‍ വിറക് കത്തിക്കുന്ന നാളത്തില്‍ കത്തിച്ച് കിട്ടുന്ന കരിയില്‍ നെയ്യ് ചേര്‍ത്ത് കണ്മഷി തയ്യാറാക്കാം. കുഞ്ഞിനെ തെക്കോട്ട്‌ തലവരുന്ന രീതിയില്‍ മടിയില്‍ കിടത്തി കിഴക്ക് ദര്‍ശനമായി തിരിഞ്ഞുനിന്ന് വലതുകൈയ്യിലെ മോതിരവിരല്‍ ആദ്യം ഇടതുകണ്ണിലും പിന്നീട് വലതുകണ്ണിലും മഷിയെഴുതണം.

അര്‍ച്ചനയും ഫലസിദ്ധിയും


കുമാരസൂക്ത അര്‍ച്ചന                             :-  സുബ്രഹ്മണ്യ പ്രീതി 

സാരസ്വതാര്‍ച്ചന                                    :- വിദ്യാഭിവൃദ്ധി

സ്വസ്തി അര്‍ച്ചന                                   :- യാത്രകളില്‍ കാര്യസിദ്ധി 

ഭാഗ്യ അര്‍ച്ചന                                          :- കാര്യസാധ്യം, ധനസമ്പാദനം

ആയുര്‍ അര്‍ച്ചന                                       :- രോഗശമനം, ദീര്‍ഘായുസ് 

സംവാദ അര്‍ച്ചന                                     :- ഐക്യമത്യം, സൗഹാര്‍ദ്ദം

ദേവി അര്‍ച്ചന                                          :- ദേവി പ്രീതി

ത്രിഷ്ടുപ്പ് മന്ത്രാര്‍ച്ചന                              :- ആപല്‍നിവൃത്തി, അഭിഷ്ടസിദ്ധി 

ശ്രീവിദ്യാമന്ത്രാര്‍ച്ചന                               :- വിദ്യയില്‍ ഉന്നതി 

സ്വയംവര മന്ത്രാര്‍ച്ചന                            :- വിവാഹതടസ്സം നീങ്ങാന്‍ 

സര്‍വ്വരോഗശാന്തി മന്ത്രാര്‍ച്ചന              :- രോഗശാന്തി 

ശത്രുസംഹാര മന്ത്രാര്‍ച്ചന                      :-ശത്രുസംഹാരത്തിന്

ഗുരുതി പുഷ്പാഞ്ചലി                              :- ആഭിചാരദോഷം നീങ്ങികിട്ടാന്‍ 

ഗ്രഹപൂജകള്‍                                           :- ഗ്രഹപിഴ ദോഷശാന്തിക്ക് 

രാഹുപൂജ                                                  :- സര്‍പ്പദോഷശമനം 

    നാവുകൊണ്ട് ഉറക്കെ ഭഗവനാമം ഉച്ചരിക്കുമ്പോള്‍ നമ്മുടെ എല്ലാ ശരീര അംഗങ്ങളും പുഷ്ടിയുള്ളതായിത്തീരും. നാമജപവും ഭജനയും വീടുവീടാന്തരം ഉണ്ടെങ്കില്‍ അമംഗളമായവ ദൂരെ മാറിപോവുകതന്നെ ചെയ്യും. നിരന്തര അധ്വാനം ശരീരത്തിനു പുഷ്ടിനല്കുന്നതുപോലെ കഠിനപരീക്ഷണങ്ങള്‍ മനസ്സിനുബലം നല്‍കും. നീചവും അധമവുമായ ചിന്തകളും പ്രവൃത്തികളും മനസ്സില്‍നിന്ന് നീക്കം ചെയ്യണം.  അതിനു കരളുരുകി പ്രാര്‍ത്ഥിക്കുക തന്നെ വേണം.