Friday, December 7, 2012

വീടിന് വെളിയിലുള്ള സൌകര്യങ്ങള്‍ വാസ്തു ശാസ്ത്രം അനുസരിച്ച്


വീട് വച്ചു കഴിഞ്ഞാല്‍ പിന്നെ വാസ്തു ശാസ്ത്രപരമായി ഒന്നും നോക്കേണ്ട എന്ന് കരുതിയാല്‍ തെറ്റി. വീടിന് വെളിയിലുള്ള സൌകര്യങ്ങള്‍ ഒരുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്.

ഭൂമിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തായിരിക്കണം വീട് വയ്ക്കേണ്ടത്. തുറസ്സായ സ്ഥലം വീടിന് വടക്കും കിഴക്കും ആകുന്നതാണ് നല്ലത്. പടിഞ്ഞാറ് ഭാഗത്ത് തുറസ്സായ സ്ഥലം ഉണ്ടാവുന്നത് ആ വീട്ടില്‍ താമസിക്കുന്ന പുരുഷന്‍‌മാര്‍ക്ക് നല്ലതല്ല എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.

വീടിന് വെളിയില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കുമ്പോള്‍ അത് തുറസ്സായ സ്ഥലത്തിന്‍റെ തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ആയി ക്രമീകരിക്കുക. കിഴക്കോട്ടും പടിഞ്ഞാട്ടും അഭിമുഖമായി വേണം ക്രമീകരണം. 

ഇലക്ട്രിക് കണക്ഷനുകളും മറ്റും ഭൂമിയുടെ തെക്ക് കിഴക്ക് ദിശയില്‍ കേന്ദ്രീകരിക്കുന്നതാണ് ഉത്തമം. ഇത് വടക്ക് ഭാഗത്ത് ആവുന്നത് അശുഭമായിട്ടാണ് കണക്കാക്കുന്നത്.

പൂന്തോട്ടം വീടിന് വടക്ക് ഭാഗത്തായിരിക്കണം. പൂന്തോട്ടത്തില്‍ മൂന്ന് അടിയില്‍ കൂടുതല്‍ ഉയരമുള്ള ചെടികള്‍ ഒഴിവാക്കുകയാണ് ഉത്തമം. ജലധാരയ്ക്കും നീന്തല്‍ക്കുളത്തിനും സ്ഥാനം വടക്ക് തന്നെയാണ്. ഊഞ്ഞാല്‍ വേണമെങ്കിലും വടക്ക് ഭാഗത്ത് സ്ഥാനം കണ്ടെത്തുക, കിഴക്ക് പടിഞ്ഞാറായി വേണം ആടേണ്ടത്.

ഔട്ട് ഹൌസുകള്‍ കിഴക്ക് ഭാഗത്തോ വടക്ക് ഭാഗത്തോ നിര്‍മ്മിക്കരുത്. കൂടാതെ ഇവയുടെ ഭിത്തികള്‍ പുറം മതിലില്‍ തൊടുകയുമരുത്.

വാസ്തു - തച്ച് ശാസ്ത്രങ്ങള്‍


മനുഷ്യന് ഭൂമിയില്‍ താമസിക്കാന്‍ വേണ്ട സൌകര്യമുള്ള വീടുകള്‍ പണിയാനായുള്ള വ്യവസ്ഥകളാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. വീടിനു മാത്രമല്ല, മനുഷ്യന്‍ പണിയുന്ന ഏതു കെട്ടിടത്തിനും സാമാന്യമായി വാസ്തുവിദ്യാ നിയമങ്ങള്‍ ബാധകമാണ്.

ഭൂമിയുടെ അവസ്ഥ, കിടപ്പ്, കാറ്റിന്‍റെ ഗതി, ലഭ്യത, വെള്ളത്തിന്‍റെ സാന്നിധ്യം, ലഭ്യത ഇങ്ങനെ പ്രകൃതിയിലെ പഞ്ചഭൂതങ്ങള്‍ക്ക് അനുസൃതമായി വീടുകള്‍ പണിയുകയാണ് വാസ്തു വിദ്യ പ്രകാരം ചെയ്യുന്നത്. അതൊരു നിശ്ചിത കണക്ക് അനുസരിച്ച് വേണം ചെയ്യാന്‍. ഈ കണക്കാണ് അല്ലെങ്കില്‍ അളവുകളാണ് തച്ചു ശാസ്ത്രത്തില്‍ പറയുന്നത്.

തച്ചു ശാസ്ത്രം എന്നാല്‍ പുരാതന മാതൃകയില്‍ വീട് പണിയാനുള്ള വിദ്യയാണ് എന്നൊരു ധാരണയുണ്ട്. എന്നാല്‍ തച്ചു ശാസ്ത്ര വിധി പ്രകാരം ആധുനിക രീതിയിലുള്ള വീടുകള്‍ സൌന്ദര്യാത്മകമായി തന്നെ പണിയാന്‍ കഴിയും. 

പക്ഷെ, അളവുകളുടെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്താതിരിക്കുന്നതാണ് നല്ലത്. ഭൂമിയുടെ ലഭ്യത വളരെ കുറഞ്ഞ നഗരങ്ങളില്‍ പാരമ്പര്യ തച്ച് ശാസ്ത്ര പ്രകാരമുള്ള മന്ദിരങ്ങള്‍ ഉണ്ടാക്കുക പ്രായോഗികമല്ല. എന്നാല്‍, തച്ച് ശാസ്ത്രത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ തെറ്റിക്കാതെ വാസ്തുശാസ്ത്ര പ്രകാരം ഭംഗിയുള്ള വീടുകള്‍ പണിയാന്‍ ആവും എന്ന് ഉറപ്പാണ്.

ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസൃതമായാണ് ഓരോ സ്ഥലത്തെയും വാസ്തുവിദ്യാ സങ്കേതങ്ങള്‍ വികസിച്ചിട്ടുള്ളത്. ഭൂമിയുടെ ഉറപ്പ്, ചരിവ്, ഘടന, ദിശ എന്നിവയെ ആധാരപ്പെടുത്തി ഉള്ള കണക്കുകളാണ് പ്രധാനം. പിന്നെ വീടിന് എത്ര ഉയരമുണ്ട്, വിസ്തൃതിയുണ്ട്, എത്ര മുറികളുണ്ട് എന്നിങ്ങനെയുള്ള കണക്കുകള്‍ വരുന്നു. 

ഭാരതത്തില്‍ പല സ്ഥലങ്ങളിലായി പല തരത്തിലുള്ള വാസ്തുശാസ്ത്ര സങ്കല്‍പ്പങ്ങളും അത് സംബന്ധിച്ച പുസ്തകങ്ങളും ഉണ്ടായിട്ടുണ്ട്. മാനസാര (അളവുകളുടെ സാരം) എന്ന ഗ്രന്ഥമാണ് ഉത്തരേന്ത്യയിലെ പ്രമാണം. എന്നാല്‍ ദക്ഷിണേന്ത്യയിലാവട്ടെ മയമദം എന്ന ഗ്രന്ഥമാണ് അടിസ്ഥാന പ്രമാണം. ഇവയെ മൂല ഗ്രന്ഥങ്ങള്‍ എന്ന് വിളിക്കാം. 

വിശ്വകര്‍മ്മീയം, കാശ്യപീയം, സൂത്രധാര, സമരാംഗന തുടങ്ങി വേറെയും ചില വാസ്തു ശാസ്ത്ര ഗ്രന്ഥങ്ങളുണ്ട്. കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഗ്രന്ഥം മനുഷ്യാലയ ചന്ദ്രികയാണ്. ഈശാനഗുരുനോ പദ്ധതി, തന്ത്രസമുച്ചയം, വാസ്തുവിദ്യ എന്നിവയും കേരളത്തില്‍ പ്രസിദ്ധമാണ്.

ഇത് കൂടാതെ സമീപകാലത്തുള്ള പല തച്ചുശാസ്ത്ര വിദഗ്ദ്ധരും കാണിപ്പയ്യൂര്‍ നമ്പൂതിരിയും ഓണക്കൂര്‍ ഗണകനും മറ്റും വാസ്തു ശാസ്ത്രവും തച്ച് ശാസ്ത്രവും സംബന്ധിച്ച് വിശേഷപ്പെട്ട ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. 

ഭക്ഷണ മുറി വാസ്തു ശാസ്ത്രം അനുസരിച്ച്


വേദകാല നിര്‍മ്മാണ ശാസ്ത്രമായ വാസ്തു, ഭൂമി, ആകാശം, വായു, അഗ്നി, ജലം എന്നീ പഞ്ച ഭൂതങ്ങളില്‍ അധിഷ്ഠിതമാണ്. ഈ പഞ്ചഭൂതങ്ങളുടെ സമരസത്തിലൂടെ ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യുകയാണ് ഈ ശാസ്ത്രത്തിന്‍റെ ലക്‍ഷ്യം.

ഭക്ഷണം എവിടെ വേണമെങ്കിലും ഇരുന്ന് കഴിച്ചാല്‍ പോരെ? എന്തിനാണ് ഭക്ഷണ മുറിയുടെയും ഊണ് മേശയുടെമൊക്കെ സ്ഥാ‍നം നോക്കുന്നത് എന്ന് ചിലരെങ്കിലും മനോഗതം നടത്തിയേക്കാം. എന്നാല്‍, ഒന്നറിയുക, വാസ്തു ശാസ്ത്രപരമായി ഭക്ഷണ മുറിക്കും ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

വാസ്തു അനുസരിച്ച് ഭക്ഷണ മുറിയും ഊണ് മേശയും ക്രമീകരിക്കുന്നത് ഭക്ഷണത്തില്‍ നിന്നുള്ള ഊര്‍ജ്ജം ശരിയായി സ്വാംശീകരിക്കാന്‍ സഹായിക്കും. ഇനിപറയുന്ന കാര്യങ്ങള്‍ ഭക്ഷണ മുറിയില്‍ ആരോഗ്യകരമായ ഊര്‍ജ്ജത്തെ നിലനിര്‍ത്തും.

വീടിന് പടിഞ്ഞാറ് ഭാഗത്ത് വേണം ഭക്ഷണ മുറി നിര്‍മ്മിക്കേണ്ടത്. ഭക്ഷണ മുറിയും അടുക്കളയും അടുത്ത് അടുത്തും ഒരേ തറനിരപ്പിലും ആയിരിക്കാനും നിഷ്ക്കര്‍ഷ വേണം.

ഭക്ഷണ മുറിയും ഭക്ഷണ മേശയും സമചതുരം അല്ലെങ്കില്‍ ദീര്‍ഘ ചതുരാകൃതിയില്‍ ആയിരിക്കുന്നതാണ് ഉത്തമം. ഭിത്തിക്ക് പിങ്ക് അല്ലെങ്കില്‍ ഓറഞ്ച് നിറം നല്‍കുന്നതാണ് ഉത്തമം.

ഭക്ഷണ മേശ ഒരിക്കലും ഭിത്തിയോട് ചേര്‍ത്തിടരുത്. ഫ്രിഡ്ജ് തെക്ക് കിഴക്ക് ഭാഗത്ത് വയ്ക്കാന്‍ ശ്രദ്ധിക്കുക. വാഷ്‌ബേസിന്‍ വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭാഗത്ത് ആയിരിക്കാനും ശ്രദ്ധിക്കണം.

ഗൃഹനാഥന് അല്ലെങ്കില്‍ ഏറ്റവും മുതിര്‍ന്ന മകന് ഭക്ഷണ മേശയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ഉത്തമ സ്ഥാനം.

സ്വീകരണ മുറി വാസ്തു ശാസ്ത്രം അനുസരിച്ച്


വാസ്തു ശാസ്ത്രത്തെ കുറിച്ച് വേദകാലം തൊട്ട് തന്നെ പരാമര്‍ശങ്ങളുണ്ട്. വാസ്തു എന്നതിന്‍റെ അര്‍ത്ഥം തന്നെ വാസസ്ഥലം എന്നാണ്, ഈശ്വരന്‍റെയും മനുഷ്യന്‍റെയും. പ്രപഞ്ചത്തിലെ പലവിധ ഊര്‍ജ്ജ പ്രവാഹങ്ങളെ അടിസ്ഥാനമാക്കിയാണ് വാസ്തു ശാസ്ത്രം നിലനില്‍ക്കുന്നത്. ഊര്‍ജ്ജപ്രവാഹങ്ങളെ സന്തുലനം ചെയ്ത് താമസ സ്ഥലത്ത് സമാധാനവും സന്തോഷവും നില നിര്‍ത്തുകയാണ് ഇതിന്‍റെ പരമമായ ലക്‍ഷ്യം.

സ്വീകരണമുറി ഒരുക്കുമ്പോള്‍

അതിഥികള്‍ ആദ്യം എത്തുന്ന സ്ഥലം എന്ന നിലയ്ക്ക് സ്വീകരണ മുറിക്ക് പ്രാധാന്യം ഏറെയാണ്. ബാഹ്യ ലോകവുമായുള്ള ഊഷ്മള സൌഹൃദത്തിന്‍റെ വേദിയാകേണ്ടിടമാണിത്. അതിനാല്‍, വാസ്തു ശാസ്ത്രപരമായും ഈ മുറിക്ക് പ്രാധാന്യം കൂടുതലാണ്.

വടക്ക് വശമാണ് സ്വീകരണ മുറിക്ക് ഏറ്റവും അനുയോജ്യം. വാസ്തു വിദ്യ പ്രകാരം സ്വീകരണ മുറിയില്‍ ചതുര ആകൃതിയിലോ അല്ലെങ്കില്‍ ദീര്‍ഘ ചതുര ആകൃതിയിലോ ഉള്ള ഫര്‍ണിച്ചര്‍ ഇടുന്നതാണ് ഉത്തമം.

സ്വീകരണ മുറിയിലെ ഫര്‍ണിച്ചറുകള്‍ തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ഭാഗത്തായി ക്രമീകരിക്കണം. അതായത്, വടക്കും കിഴക്കും ഭാഗങ്ങളില്‍ കൂടുതല്‍ തുറന്ന സ്ഥലം വേണം.

ടിവി തെക്ക് കിഴക്ക് ഭാഗത്ത് വയ്ക്കാം. തെക്ക് പടിഞ്ഞാറ് മൂലയില്‍ ഷോകേസിന് പറ്റിയ സ്ഥലമാണ്. സോഫ ഇടാന്‍ ഏറ്റവും യോജിച്ച സ്ഥലം വടക്ക് പടിഞ്ഞാറ് ഭാഗമാണ്. സ്വീകരണ മുറിയില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ “എല്‍” ആകൃതിയില്‍ ഉള്ള സോഫ ഉപയോഗിക്കുന്നത് നല്ലതല്ല.

അതിഥികള്‍ പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക് ഭാഗത്തേക്ക് അഭിമുഖമായി ഇരിക്കത്തക്ക വിധത്തില്‍ വേണം ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാന്‍.

അടുക്കള വാസ്തു ശാസ്ത്രം അനുസരിച്ച്


ആധുനിക യുഗത്തില്‍ സ്ഥലത്തിനും സമയത്തിനും പരിധിയും പരിമിതികളും ധാരാളമാണ്. എന്നാല്‍, ഈ കുറവുകള്‍ ഗൃഹ നിര്‍മ്മാണത്തിനെ ബാധിച്ചാല്‍ സുഖമുള്ള ജീവിതത്തെ നാം തന്നെ നിഷേധിക്കുകയായിരിക്കും. 


വീട് വയ്ക്കുമ്പോള്‍ അടുക്കള സൌകര്യമുള്ളത് ആയിരിക്കുന്നതിനൊപ്പം വാസ്തു ശാസ്ത്രത്തെ അനുകൂലിക്കുന്നതും ആയിരിക്കാ‍ന്‍ ശ്രദ്ധിക്കണം. ഇതില്‍ അടുക്കളയുടെ സ്ഥാനമാണ് ഏറ്റവും പ്രധാനം.

വീടിന്‍റെ തെക്ക് കിഴക്ക് മൂലയാണ് അടുക്കളയ്ക്ക് ഏറ്റവും യോജിച്ചത്. ഇത് അഗ്നി ദേവന്‍റെ ദിക്കായതിനാലാണിത്. വടക്ക് പടിഞ്ഞാറ് മൂലയും അടുക്കളയ്ക്ക് അനുയോജ്യമാണെന്ന് വാസ്തു ശാസ്ത്രകാരന്‍‌മാര്‍ അഭിപ്രായപ്പെടുന്നു. അടുക്കളയില്‍ കിഴക്ക് ദിക്കിന് അഭിമുഖമായി നിന്ന് പാചകം ചെയ്യാനുള്ള സൌകര്യം ഒരുക്കുകയും വേണം.

അടുക്കള തെക്ക് പടിഞ്ഞാറ് നിര്‍മ്മിച്ചാല്‍ അത് വാസ്തുപുരുഷന് ദോഷകരമായും വടക്ക് കിഴക്ക് ആയാല്‍ അത് കുടുംബത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നുമാണ് വാസ്തു വിദ്യാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചുരുക്കി പറഞ്ഞാല്‍, തെക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ദിശകളില്‍ മാത്രമാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്ന രീതിയില്‍ അടുക്കള നിര്‍മ്മിക്കേണ്ടത്.

അടുക്കളയുടെ വാതില്‍ കിഴക്ക്, വടക്ക് കിഴക്ക് അല്ലെങ്കില്‍ വടക്ക് ഭാഗത്തായിരിക്കാന്‍ ശ്രദ്ധിക്കണം. അത്യാവശ്യ സാമഗ്രികള്‍ വയ്ക്കാന്‍ തെക്ക് അല്ലെങ്കില്‍ വടക്ക് ദിക്കാണ് നല്ലത്.

പാചകം ചെയ്യുന്ന സ്ഥലം വീടിന്‍റെ പ്രധാന ഭിത്തികളോട് ചേര്‍ന്നാവരുത്. പാചകം ചെയ്യുന്ന സ്ഥലത്തിന് തൊട്ട് മുകളിലായി ഷെല്‍ഫുകള്‍ വയ്ക്കുന്നതും വാസ്തുശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നില്ല.

ഫ്രിഡ്ജ് വടക്ക് പടിഞ്ഞാറ് മൂലയില്‍ വയ്ക്കുന്നതാണ് ഉത്തമം. ഗ്യാസ് സ്റ്റൌവ്വ് വയ്ക്കാന്‍ ഏറ്റവും അനുയോജ്യം അടുക്കളയുടെ തെക്ക് കിഴക്ക് മൂലയാണ്. അവന്‍, മറ്റ് ഹീറ്ററുകള്‍ തുടങ്ങിയവ വയ്ക്കാനും ഈ ദിക്ക് തന്നെയാണ് ഉത്തമം.

വാട്ടര്‍ ഫില്‍റ്റര്‍ സ്ഥാപിക്കാന്‍ വടക്ക് കിഴക്ക് മൂലയാണ് ഏറ്റവും ഉത്തമം. അതേപോലെ, സിങ്ക് അടുക്കളയുടെ വടക്ക് ഭാഗത്തായിരിക്കണമെന്നും വാസ്തു ശാസ്ത്രകാരന്‍‌മാര്‍ ഉപദേശിക്കുന്നു.

അടുക്കളയ്ക്ക് വെള്ളയോ കറുപ്പോ നിറം നല്‍കുന്നത് അനുയോജ്യമല്ല. മഞ്ഞ, ഓറഞ്ച്, റോസ്, ചോക്കളേറ്റ് എന്നീ നിറങ്ങള്‍ അടുക്കളയ്ക്ക് അനുയോജ്യമാണ്. 

....
1. വാസ്തുശാസ്ത്രപരമായ്‌ അടുക്കള വീടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തോ തെക്ക്‌ കിഴക്ക്‌ ഭാഗത്തോ ആയിരിക്കണം

2. അടുക്കളയില്‍ കുടിക്കുവാനുള്ള വെള്ളത്തിന്റെ ടാപ്പ്‌, സിങ്കു, മുതലായവ വടക്ക് കിഴക്ക് മൂലയിലുടെ തന്നെ ആയിരിക്കണം


3. തെക്ക് ഭാഗവും പടിഞ്ഞാറ് ഭാഗവും ഫ്രിഡ്ജ്‌, ഗ്രൈന്റര്‍, അലമാരകള്‍ എന്നിവ വയ്ക്കാവുന്നതാണ്.


4.സ്റ്റോര്‍റൂംതെക്ക്കിഴക്ക്ഭാഗം, കിഴക്ക്ഭാഗംഅല്ലെങ്കില്‍തെക്ക്കിഴക്കിനുംതെക്ക്ഭാഗത്തിനും മദ്ധ്യയുമാവാം.


5. അടുപ്പ്‌ അഥവാ സ്റ്റവ്‌ കിഴക്കോട്ട് തിരിഞ്ഞു നിന്ന് പാകം ചെയ്യാവുന്ന രീതിയിലായിരിക്കണം.

വൃക്ഷങ്ങള്‍ വാസ്തു ശാസ്ത്രം അനുസരിച്ച്


വാസ്തുവിന് നിര്‍മ്മിതിയുമായി മാത്രമാണോ ബന്ധമുള്ളത്? വാസ്തുവും വീടിന്‍റെ ചുറ്റുപാടുകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നിങ്ങനെ വാസ്തുവിനെ അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് സംശയങ്ങള്‍ ഉണ്ടായേക്കാം. വാസ്തുവിന് വീടിന്‍റെ ചുറ്റുപാടുകളുമായും ബന്ധമുണ്ട്. ഉദാഹരണത്തിന്, വാസ്തുവും വൃക്ഷങ്ങളും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നോക്കൂ:


പുരാതന നിര്‍മ്മാണ ശാസ്ത്രമായ വാസ്തുവില്‍ വൃക്ഷലതാദികള്‍ക്കും ചില സ്ഥാനങ്ങള്‍ കല്‍പ്പിച്ച് നല്‍കിയിട്ടുണ്ട്. പ്രകൃതിയും നിര്‍മ്മിതിയും തമ്മിലുള്ള യഥാര്‍ത്ഥ സന്തുലനത്തെ നില നിര്‍ത്താന്‍ വാസ്തുവിനുള്ളിലെ വൃക്ഷങ്ങള്‍ക്കും പങ്കുണ്ട് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പ്ലാവ് പോലെ ഉള്ളില്‍ കാതലുള്ള അന്തസാര വൃക്ഷങ്ങള്‍, തെങ്ങ് പോലെ പുറമെ കാതലുള്ള ബഹിസാര വൃക്ഷങ്ങള്‍, തേക്ക് പോലെ അകത്തും പുറത്തും കാതലുള്ള സര്‍വസാര വൃക്ഷങ്ങള്‍, പാല പോലെയുള്ള കാതല്‍ ഇല്ലാത്ത നിസാര വൃക്ഷങ്ങള്‍ എന്നിങ്ങനെയാണ് വൃക്ഷങ്ങളെ തരം തിരിച്ചിരിക്കുന്നത്.

അന്തസാര കാതലുള്ള വൃക്ഷങ്ങള്‍ വാസ്തു മധ്യത്തിലാവണം. സര്‍വസാര വൃക്ഷങ്ങളുടെ സ്ഥാനം അതിനു പുറമെയും ബഹിസാര വൃക്ഷങ്ങള്‍ സര്‍വസാര വൃക്ഷങ്ങള്‍ക്ക് പുറമെയും ആയിരിക്കണം. നിസാര വൃക്ഷങ്ങളുടെ സ്ഥാനം ഇതിനൊക്കെയും പുറമെ ആയിരിക്കും.

നിസാര വൃക്ഷങ്ങള്‍ ഗൃഹത്തിനോട് അടുത്ത് നിന്നാല്‍ ഗൃഹനാശം, ധനനാശം എന്നിവ ഫലമാണ്. അതേസമയം, വീടിന് വടക്ക് വശത്ത് മാവും തെക്ക് വശത്ത് കവുങ്ങും പടിഞ്ഞാറ് വശത്ത് തെങ്ങും കിഴക്ക് വശത്ത് പ്ലാവും ഉണ്ടാവുന്നത് അത്യുത്തമമായി കരുതുന്നു.

സ്ഥാനം തെറ്റിയുള്ള വൃക്ഷങ്ങള്‍ ദോഷ ഫലത്തെ ഉണ്ടാക്കിയേക്കാം. അത്തരത്തില്‍ ഉള്ള വൃക്ഷങ്ങള്‍ വെട്ടിക്കളഞ്ഞ് ശരിയായ സ്ഥാനത്ത് ശരിയായ വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുന്നത് വാസ്തു ജീവനത്തെ സഹായിക്കും.

ചെടികളും മരങ്ങളും

വീട് വാസ്തു ശാസ്ത്രപരമായി പണികഴിപ്പിച്ചാല്‍ മാത്രം അതിലെ ജീവിതം സുഖകരമാവില്ല. വീടിന് ചുറ്റുമുള്ള ചെടികളുടെയും മരങ്ങളുടെയും സ്ഥാനത്തിനും പ്രാധാന്യമുണ്ട് എന്നായിരിക്കും ഇതിന് ലഭിക്കുന്ന മറുപടി.
വീടിന്‍റെ കിഴക്ക് വശത്തും വടക്ക് വശത്തും തുളസി വച്ച് പിടിപ്പിക്കുന്നത് വാസ്തുശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നു. റോസ ഒഴികെ മുള്ള് ഉള്ള ചെടികള്‍ വീടിന് അടുത്ത് വച്ചു പിടിപ്പിക്കുന്നത് അഭികാമ്യമല്ല. 

ഉയരമുള്ള വൃക്ഷങ്ങള്‍ ഒരിക്കലും വീടിന് മുന്നില്‍ ഉണ്ടാവരുത്. വീട്ടിലേക്ക് വരേണ്ട നല്ല ഊര്‍ജ്ജത്തെ ഉയരമുള്ള വൃക്ഷങ്ങള്‍ തടയുകയും വലിച്ചെടുക്കുകയും ചെയ്യും. വീടിന് കിഴക്ക്, വടക്ക് ദിശകളില്‍ ചെറു വൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കുന്നതാണ് ഉത്തമം. തെക്ക്, പടിഞ്ഞാറ് ദിശകളില്‍ വലിയ വൃക്ഷങ്ങള്‍ ആവാം. 

കിഴക്ക്, വടക്ക് കിഴക്ക്, വടക്ക് ഭാഗങ്ങളില്‍ ഉയരമുള്ള വൃക്ഷം അഭികാമ്യമല്ല എന്ന് തന്നെയാണ് വാസ്തു ശാസ്ത്രം പറയുന്നത്. ഒരിക്കലും പ്രധാന വാതിലിന് നേര്‍ക്ക് വൃക്ഷം വച്ചുപിടിപ്പിക്കരുത് എന്നും നിഷ്കര്‍ഷിക്കുന്നുണ്ട്.

വീടിന്‍റെ ഒരു വശത്ത് മാത്രം വൃക്ഷങ്ങള്‍ ഉള്ളത് സന്തുലിതാവസ്ഥ തെറ്റിക്കും. അതിനാല്‍ രണ്ട് വശങ്ങളിലും വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ ശ്രദ്ധിക്കണം. 

ഉത്തമസ്ഥാനത്ത് അല്ലാത്ത ഒരു വൃക്ഷം മുറിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മാഘം, ഭദ്രപാദം എന്നീ മാസങ്ങളാണ് മരം മുറിച്ച് നീക്കുന്നതിന് നല്ലത്. മുറിക്കും മുമ്പ് വൃക്ഷ പൂജ നടത്തുകയും അടുത്ത മൂന്ന് മാസങ്ങള്‍ക്ക് ഉള്ളില്‍ പകരം വൃക്ഷം വച്ച് പിടിപ്പിക്കുകയും വേണം.


ഗ്രഹദോഷം വരുത്തുന്ന വൃക്ഷങ്ങള്‍ 

ഗൃഹ പരിസരത്ത് വയ്ക്കുന്ന വൃക്ഷങ്ങള്‍ നടുന്നതിന് മുന്‍പ് പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. 

ആസുര ശക്തികളെ (നെഗേറ്റെവ്‌ ഫോഴ്‌സസ്‌) ആകര്‍ഷിക്കുന്ന മരങ്ങള്‍. എളുപ്പം പൊട്ടിവീഴാവുന്ന മരങ്ങള്‍, തടിയില്‍ പാലുള്ള മരങ്ങള്‍ ഇവയൊന്നും സാധാരണ ഗതിയില്‍ വീടിനു ചുറ്റും വയ്ക്കാറില്ല. 

കാഞ്ഞിരം, താന്നി, കറിവേപ്പ്‌, കള്ളിപ്പാല, ചേര്‍ (ചാര്‌), പപ്പായ, ഊകമരം, സ്വര്‍ണ്ണ ക്ഷീരി, വയ്യങ്കത എന്നീ വൃക്ഷങ്ങള്‍ വീടിന്‍റെ അതിര്‍ത്തിക്കുള്ളില്‍ ആവാന്‍ പാടില്ല.

വീടിനു ചുറ്റുമുള്ള പറമ്പില്‍ എവിടെയെങ്കിലും ഇവ വരുന്നത്‌ അത്ര വലിയ ദോഷമല്ല. 

മുകളില്‍ പറഞ്ഞ വൃക്ഷങ്ങള്‍ നെഗേറ്റീവ്‌ ശക്തികളെ ആകര്‍ഷിക്കാന്‍ ശേഷിയുള്ളവയാണ്‌. ഇവ വീടിനോട്‌ ചേര്‍ന്ന്‌ നിന്നാല്‍ പൈശാചിക ദുഷ്ട ശക്തികളുടെ സാന്നിദ്ധ്യവും ദൃഷ്ടിദോഷവും ഉണ്ടാവും.

ഐശ്വര്യക്ഷയം, ആപത്ത്‌ എന്നിവ ഇവ ക്ഷണിച്ചുവരുത്തും. മാത്രമല്ല, പല ക്ഷുദ്രപ്രയോഗങ്ങള്‍ക്കും ഇത്തരം സസ്യങ്ങളുടെ ഭാഗങ്ങള്‍ മാന്ത്രിക മൂലികകളായിപരിഗണിക്കാ
റുമുണ്ട്‌.

വീട്ടിലിപ്പോള്‍ അലങ്കാരത്തിനു വയ്ക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന പൂക്കളുള്ള കള്ളിച്ചെടികള്‍ പോലും ഒഴിവാക്കേണ്ടതാണ്‌. 

പന ഇനങ്ങള്‍ക്കും ഈ ദോഷമുണ്ട്‌. അലങ്കാരത്തിനുള്ള പനഞ്ചെടികളും ഒഴിവാക്കുന്നത്‌ നന്ന്‌.

എന്നാല്‍ കൂവളം, പവിഴമല്ലി, കണിക്കൊന്ന, ദേവതാരം എന്നിവ വീട്ടിലുണ്ടായാല്‍ ദൃഷ്ടിദോഷവും ദുര്‍ശക്തികളുടെ സാന്നിദ്ധ്യവും ആവാസവും ഒഴിവാക്കാനാവും

ഭൂമി വാസ്തു ശാസ്ത്രം അനുസരിച്ച് -അഭികാമ്യമായ ആകൃതി


വാസ്തുശാസ്ത്രപ്രമായ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വീട് നിര്‍മ്മിക്കുന്നതിലൂടെ ഐശ്വര്യവും സമാധാനവും കളിയാടുന്ന ഒരു ജീവിതം സ്വന്തമാക്കാന്‍ സാധിക്കും. പ്രാപഞ്ചിക ഊര്‍ജ്ജവും വീടിനുള്ളിലെ ഊര്‍ജ്ജവും തമ്മിലുള്ള ഒരു താദാത്മ്യമാണ് വാസ്തു ശാസ്ത്രത്തിലൂടെ ലക്‍ഷ്യമിടുന്നത്.

ജനസംഖ്യയില്‍ കാര്യമായ വര്‍ദ്ധന ഉണ്ടാവുന്നതിനാല്‍ നമുക്ക് ആഗ്രഹിക്കുന്ന രീതിയിലുള്ള ഭൂമി വാങ്ങാന്‍ കഴിഞ്ഞു എന്നുവരില്ല. ഇതിനായി ഒന്നുമാത്രമേ നമുക്ക് ചെയ്യാന്‍ കഴിയൂ, ലഭ്യമാവുന്ന ഭൂമി സ്വന്തമാക്കുക. അതിനുശേഷം വേണ്ട പരിഹാരങ്ങള്‍ ചെയ്യുകയും വാസ്തു നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുക.

വൃത്താകൃതി, മൂന്ന് കോണ്‍, അഞ്ച് കോണ്‍, ആറ് കോണ്‍, അര്‍ദ്ധചന്ദ്രാകൃതി എന്നീ ആകൃതികളിലുള്ള വസ്തു ഗൃഹനിര്‍മ്മാണത്തിന് അനുയോജ്യല്ല എന്നു മാത്രമല്ല വര്‍ജ്ജ്യവുമാണ്. ചതുരം സമചതുരം എന്നീ ആകൃതിയിലുള്ള വസ്തുക്കളാവട്ടെ നല്ല ഊര്‍ജ്ജനില പ്രദാനം ചെയ്യുമെന്നതിനാല്‍ ഗൃഹ നിര്‍മ്മാണത്തിന് ഉത്തമവുമാണ്.

സമചതുരാകൃതിയിലുള്ള വസ്തുവില്‍ വീട് വച്ച് താമസിക്കുന്നവര്‍ക്ക് സര്‍വ സൌഭാഗ്യങ്ങളും ആരോഗ്യവും സന്തോഷവും ലഭിക്കും. ഇവിടെ ഊര്‍ജ്ജ നില സന്തുലിതമായതിനാലാണിത്. ദീര്‍ഘ ചതുരാകൃതിയിലുള്ള വസ്തുവിന്റെ നീളവും വീതിയും 2:1 എന്ന അനുപാതം പാലിക്കണം. ഇങ്ങനെ ആയിരുന്നാല്‍ ഊര്‍ജ്ജ നിലയില്‍ കാര്യമായ വ്യത്യാസം വരാതിരിക്കുകയും താമസക്കാര്‍ക്ക് സൌഭാഗ്യങ്ങള്‍ ലഭിക്കുകയും ചെയ്യും. ഭൂമിയുടെ ചരിവ് വടക്ക് കിഴക്ക് ദിശയിലായിരിക്കുകയും വേണം. 

വസ്തു അഭികാമ്യമായ ആകൃതിയില്‍ രൂപപ്പെടുത്തിയ ശേഷം മാത്രമേ ഗൃഹ നിര്‍മ്മാണം ആരംഭിക്കാവൂ എന്നാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ചവിട്ടുമ്പോള്‍ മുഴക്കം കേള്‍ക്കുക, കിഴക്കോട്ട് വെള്ളമൊഴുകുക, മിനുസമുള്ള് മണ്ണ് ഉണ്ടായിരിക്കുക ഇതെല്ലാം വാസയോഗ്യമായ വസ്തുവിന്റെ ലക്ഷണമാണ്. വസ്തുവില്‍ ഒരു കുഴി കുഴിച്ച് അതില്‍ വീണ്ടും മണ്ണ് നിറച്ചാല്‍ കുഴിച്ചെടുത്ത മണ്ണ് അധികം വരുന്നതും നല്ല ഭൂമിയുടെ ലക്ഷണമായി കണക്കാക്കുന്നു.

നിങ്ങളുടെ ആരോഗ്യവും വാസ്തു ശാസ്ത്രം അനുസരിച്ച്


ശാസ്ത്രീയ നിര്‍മ്മിതികളിലൂടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സന്തുലനാവസ്ഥ സംരക്ഷിക്കുകയാണ് വാസ്തു ശാസ്ത്രത്തിന്റെ ലക്‍ഷ്യം. ആരോഗ്യപരമായും വാസ്തു ശാസ്ത്രം ചില കാര്യങ്ങള്‍ നിഷ്ക്കര്‍ഷിക്കുന്നുണ്ട്;

അതായത്, കിടപ്പു മുറികളുടെ നിര്‍മ്മിതിയെ കുറിച്ച് മാത്രമായിരിക്കില്ല വാസ്തു ശാസ്ത്രത്തിന് പറയാനുള്ളത്. കിടപ്പിനെ കുറിച്ചും വാസ്തുവിന് പറയാനുണ്ട്. കിഴക്കോട്ടോ തെക്കോട്ടോ തലവച്ച് ഉറങ്ങുന്നതിനെ വാസ്തു എതിര്‍ക്കുന്നില്ല. എന്നാല്‍, വടക്കോട്ട് തലവച്ച് ഉറങ്ങുന്നത് പാടില്ല എന്ന് വാസ്തു ശാസ്ത്രകാരന്‍‌മാര്‍ നിര്‍ദ്ദേശിക്കുന്നു.

നിങ്ങള്‍ വിദ്യാര്‍ത്ഥിയോ വ്യാപാരിയോ ആവട്ടെ നിങ്ങളുടെ ഇരിപ്പിനെ കുറിച്ചും വാസ്തു ശാസ്ത്രത്തിന് പറയാനുണ്ടാവും. അതായത്, ബുദ്ധി നല്ലതുപോലെ പ്രവര്‍ത്തിക്കാന്‍ ഏത് ദിശയ്ക്ക് അഭിമുഖമായി ഇരിക്കണമെന്ന് വാസ്തു വിദഗ്ധര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശം നല്‍കാനുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠിക്കുമ്പോഴും വ്യാപാരികളും മറ്റും ഇടപാടുകാരുമായി സംസാരിക്കുമ്പോഴും വടക്ക് അല്ലെങ്കില്‍ കിഴക്ക് വശത്തിന് അഭിമുഖമായിട്ടു വേണം ഇരിക്കേണ്ടത്.

വടക്ക് നിന്നുള്ള കാന്തിക മണ്ഡലത്തിന്റെ പ്രതിഫലനം ശരിയായ തീരുമാനമെടുക്കാനും തെളിഞ്ഞ ചിന്തയ്ക്കും അനുകൂലമായിരിക്കും എന്നാണ് വിദഗ്ധ മതം. ശരിയായ ശ്രദ്ധയും ഭക്തിയും ലഭിക്കാനും വടക്ക് ദിശയ്ക്ക് അഭിമുഖമായിട്ട് ഇരിക്കുന്നതാണ് നല്ലത്. അതായത്, ഈശ്വരഭജനം നടത്തുമ്പോഴും വടക്കോട്ട് അല്ലെങ്കില്‍ കിഴക്കോട്ട് അഭിമുഖമായിട്ടായിരിക്കണം ഇരിക്കേണ്ടത്. 

ഭക്ഷണം പാകം ചെയ്യുമ്പോഴാവട്ടെ, കിഴക്ക് ദിക്കിന് അഭിമുഖമായിട്ടു വേണം നില്‍ക്കേണ്ടത്. ആഹാരം കഴിക്കുമ്പോള്‍ കിഴക്ക് ദിക്കിന് അഭിമുഖമായിരുന്നാല്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് രുചി വര്‍ദ്ധിക്കുകയും ദഹനപ്രക്രിയ സുഗമമായി നടക്കുകയും ഭക്ഷണത്തിന് കൂടുതല്‍ രുചി തോന്നുകയും ചെയ്യുമെന്നാണ് വാസ്തു വിദഗ്ധരുടെ അഭിപ്രായം.

ഗര്‍ഭിണികള്‍ വീടിന്റെ വടക്ക് കിഴക്ക് ദിശയിലുള്ള മുറിയില്‍ ഉറങ്ങരുത്. ഇത് ഗര്‍ഭച്ഛിദ്രത്തിനു കാരണമായേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തുള്ള ജനാലകളാണ് കൂടുതലും തുറന്നിടേണ്ടത്. അതേപോലെ, ലോഹം കൊണ്ട് നിര്‍മ്മിച്ച കിടക്കകള്‍ തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കുന്ന രോഗങ്ങളെ ക്ഷണിച്ചു വരുത്തുമെന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്.

വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തെ എതിര്‍ ഭാഗത്തെക്കാള്‍ കൂടുതല്‍ തുറസ്സായ സ്ഥലം ആവശ്യമാണ്. വടക്ക് കിഴക്ക് ഭാഗത്ത് തുളസിച്ചെടികള്‍ വച്ച് പിടിപ്പിക്കുന്നത് വീട്ടിലേക്ക് എത്തുന്ന ഊര്‍ജ്ജത്തെ മാലിന്യമുക്തമാക്കും.

വീടിന്റെ ഭാഗ്യദിക്കുകള്‍ വാസ്തു ശാസ്ത്രം അനുസരിച്ച്


ഒരു ഗൃഹത്തിലെ അന്തേവാസികള്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകാന്‍ വാസ്തു ശാസ്ത്രത്തില്‍ ചില നിയമങ്ങള്‍ അനുശാസിക്കുന്നുണ്ട്. വീട് ഭാഗ്യ ദിക്കിനെ അഭിമുഖീകരിക്കണം എന്നാണ് ശാസ്ത്രം. വീടിന്റെ പ്രധാന വാതില്‍ ഏതു ദിക്കിനെ അഭിമുഖീകരിക്കുന്നു എന്നാണ് ഇവിടെ ചിന്തിക്കേണ്ടത്. വീടിന്റെ പ്രധാന വാതിലോ മറ്റേതെങ്കിലും വാതിലോ അന്തേവാസിയുടെ ഭാഗ്യ ദിക്കിനെ അഭിമുഖീകരിച്ചിരിക്കണം.

നാളുകളും ഭാഗ്യ ദിക്കുകളു

അന്തേവാസിയുടെ നാളിനെ അടിസ്ഥാനപ്പെടുത്തിയാണ് ഭാഗ്യ ദിക്കുകള്‍ നിശ്ചയിക്കുന്നത്. അശ്വതി നക്ഷത്രക്കാര്‍ക്ക് കിഴക്ക്, വടക്ക് ദിക്കുകളും ഭരണി, കാര്‍ത്തിക നാളുകാര്‍ക്ക് തെക്കു ദിക്കും രോഹിണി, മകയിരം നാളുകാര്‍ക്ക് തെക്കും, പടിഞ്ഞാറും തിരുവാതിര, ചിത്തിര, തിരുവോണം, അവിട്ടം എന്നീ നാളുകാര്‍ക്ക് വടക്ക്, പടിഞ്ഞാറ്, തെക്ക് എന്നീ ദിക്കുകളും പുണര്‍തം, വിശാഖം, ചതയം എന്നീ നാളുകാര്‍ക്ക് വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നീ ദിക്കുകളും ഭാഗ്യദായങ്ങളാണ്.

പൂയം നാളുകാര്‍ക്ക് വടക്ക്, കിഴക്ക് ദിക്കുകളും ആയില്യം, അനിഴം നാളുകാര്‍ക്ക് കിഴക്ക് ദിക്കും മകം, മൂലം നാളുകാര്‍ക്ക് തെക്ക്, കിഴക്ക്, വടക്ക് ദിക്കുകളും പൂരത്തിന് തെക്ക്, വടക്ക് ദിക്കും ഉത്രം, പൂരാടം, ഉത്രാടം നക്ഷത്രങ്ങള്‍ക്ക് തെക്ക്, പടിഞ്ഞാറ്, വടക്ക് ദിക്കുകളും അത്തം നക്ഷത്രക്കാര്‍ക്ക് പടിഞ്ഞാറ്, തെക്ക് ദിക്കുകളും ചോതി നക്ഷത്രക്കാര്‍ക്ക് വടക്ക്, പടിഞ്ഞാറ് ദിക്കുകളും തൃക്കേട്ട, ഉത്രട്ടാതി, രേവതി നക്ഷത്രക്കാര്‍ക്ക് തെക്ക്, കിഴക്ക് ദിക്കുകളും പുരുരുട്ടാതിക്ക് കിഴക്ക്, പടിഞ്ഞാറ് ദിക്കുകളും ഭാഗ്യം നല്‍കും.

കുളിമുറികള്‍ വാസ്തു ശാസ്ത്രം അനുസരിച്ച്


വീട് നിര്‍മ്മിക്കുമ്പോള്‍ കുളിമുറികള്‍ വീടിനകത്തു തന്നെ നിര്‍മ്മിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. കിഴക്കു ഭാഗത്തു നിന്നുള്ള സൂര്യ കിരണങ്ങള്‍ ഏല്‍ക്കത്തക്ക രീതിയിലാണ് കുളിമുറികള്‍ നിര്‍മ്മിക്കേണ്ടത് എന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്.

അറ്റാച്ച്‌ഡ് ബാത്ത്‌റൂമുകള്‍ കിടപ്പുമുറിയുടെ കിഴക്കു ഭാഗത്തോ വടക്കു ഭാഗത്തോ ആയിരിക്കണം. വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് കുളിമുറിയും കക്കൂസും വരാതിരിക്കാന്‍ ശ്രദ്ധിക്കണം.

അറ്റാച്ച്‌ഡ് ബാത്ത്‌റൂമുകളില്‍ നിന്നുള്ള മലിനജലം വടക്കു കിഴക്ക് മൂല വഴി വേണം ഒഴുക്കിക്കളയേണ്ടത്. 

പൈപ്പ്, ബാത്ത് ടബ്, വാഷ് ബേസിന്‍ തുടങ്ങിയവ കുളിമുറിയുടെ വടക്ക്, കിഴക്ക് ആല്ലെങ്കില്‍ വടക്കുകിഴക്ക് ഭാഗത്ത് ആയിരിക്കണം. കുളിമുറിയുടെ വാതില്‍ തെക്കോട്ട് ആവരുത്. വെന്റിലേഷന്‍ വടക്കോ കിഴക്കോ ആയിരിക്കാനും ശ്രദ്ധിക്കണം.