Tuesday, January 7, 2014

നക്ഷത്രപ്പൊരുത്തവും വിവാഹവും

ഇക്കാലത്ത്‌ പ്രചാരത്തിലുള്ള പല ജ്യോതിഷഗ്രന്ഥങ്ങളിലും വിവാഹത്തിനു മുമ്പ്‌ സ്‌ത്രീ പുരുഷന്മാരുടെ നക്ഷത്രങ്ങള്‍ തമ്മിലുള്ള പൊരുത്തം നോക്കി അത്‌ അനുകൂലമാണെങ്കില്‍ മാത്രമേ പരസ്‌പരം വിവാഹിതരാകാവൂ എന്നു പറയുന്നുണ്ട്‌.

ഇരുപത്തിയഞ്ചിലധികം വിവാഹപ്പൊരുത്തങ്ങളെക്കുറിച്ചു പല ഗ്രന്ഥങ്ങളിലും സൂചിപ്പിക്കുന്നുണ്ട്‌. ഈ ശാസ്‌ത്രം കൈകാര്യം ചെയ്‌തിരുന്ന പണ്ഡിതന്മാരായിരുന്ന പലരും ഇതില്‍ പല പൊരുത്തങ്ങളും അനാവശ്യവും അപ്രസക്‌തവും അപ്രായോഗികവും എന്നു പറഞ്ഞ്‌ ഒഴിവാക്കുകയാണ്‌ ചെയ്‌തത്‌.


അവസാനം എട്ടു പൊരുത്തവും രണ്ടു ദോഷങ്ങളും മാത്രം നോക്കിയാല്‍ മതിയെന്നും ഈ വക പത്തെണ്ണത്തിനും പത്തു ഗുണങ്ങളും ഉണ്ടെന്നു പറഞ്ഞു.

1. ദിനപ്പൊരുത്തം- ദമ്പതികള്‍ക്ക്‌ ആരോഗ്യം
2. ദീര്‍ഘപ്പൊരുത്തം- സര്‍വ്വവിധ ഐശ്വര്യം
3. രാശിപ്പൊരുത്തം- വംശവൃദ്ധി
4. രാശ്യാധിപപ്പൊരുത്തം- സന്താനഭാഗ്യം
5. മാഹേന്ദ്രപ്പൊരുത്തം- പുത്ര സന്താനഭാഗ്യം
6. ഗണപ്പൊരുത്തം- ശോഭനമായ ജീവിതം
7. യോനിപ്പൊരുത്തം- പരസ്‌പര അനുരാഗം
8. വശ്യപ്പൊരുത്തം- പരസ്‌പര വശീകരണം
9. വേധം- ദുഃഖനാശനം
10. രജ്‌ജു- ദീര്‍ഘമംഗല്ല്യ ഭാഗ്യം


ഇങ്ങനെയുള്ള പത്തു പൊരുത്തങ്ങള്‍ ഉള്ളതില്‍ വശ്യപ്പൊരുത്തം ഉണ്ടെങ്കില്‍ മറ്റു പൊരുത്തങ്ങള്‍ ഒന്നും നോക്കേണ്ടതില്ലെന്നും എല്ലാ പൊരുത്തങ്ങളുടേയും 'ഉപ്പ്‌' ആണ്‌ വശ്യപ്പൊരുത്തമെന്നും, ഇതാണ്‌ ഏറ്റവും പ്രധാനമായി നോക്കേണ്ട പൊരുത്തമെന്നും ചില ജ്യോതിഷ പുസ്‌തകങ്ങളില്‍ സൂചിപ്പിക്കുന്നു. ഒരേ ഗണത്തില്‍ ജനിച്ചവര്‍ തമ്മിലും ദേവഗണത്തിലും മനുഷ്യഗണത്തിലും ജനിച്ചവര്‍ തമ്മിലും വിവാഹമാകാം എന്നും, മനുഷ്യഗണത്തില്‍ ജനിച്ച സ്‌ത്രീയെ അസുരഗണത്തില്‍ ജനിച്ച പുരുഷന്‌ വിവാഹം ചെയ്യാം എന്നും പറയുന്നുണ്ട്‌. എന്നാല്‍ അസുരഗണത്തില്‍ ജനിച്ച സ്‌ത്രീയെ മനുഷ്യഗണത്തില്‍ ജനിച്ച പുരുഷന്‌ വിവാഹത്തിന്‌ നിഷേധിക്കുന്നു. ദേവന്മാരും അസുരന്മാരും തമ്മിലുള്ള ശത്രുത തന്നെയാണ്‌ വിവാഹപ്പൊരുത്തത്തിലും അതേ ഗണ നക്ഷത്രക്കാരെ ശത്രുക്കളായി ഗണിക്കുന്നതും ഒഴിവാക്കുന്നതും.

സ്‌ത്രീയുടെ ജന്മ നക്ഷത്രം മുതല്‍ എണ്ണിയാല്‍ 13 മത്തെ നക്ഷത്രത്തിന്‌ ശേഷമാണ്‌ പുരുഷ നക്ഷത്രമെങ്കില്‍ ഗണദോഷം നോക്കേണ്ടതില്ല എന്നും ചില ഗ്രന്ഥങ്ങളില്‍ പറയുന്നു. മാഹേന്ദ്രപ്പൊരുത്തത്തില്‍ അധമം ഇല്ലെന്നും ഉത്തമവും മദ്ധ്യമവും മാത്രമേയുള്ളുവെന്നും ഗ്രന്ഥങ്ങളില്‍ പറയുന്നു. മാത്രമല്ല, മാഹേന്ദ്രപ്പൊരുത്തമില്ലെങ്കില്‍ പുരുഷസന്താനലാഭം ഉണ്ടാകില്ലെന്ന്‌ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഈ പൊരുത്തം ഇല്ലാത്ത ദമ്പതികള്‍ക്ക്‌ പുത്രസന്താനഭാഗ്യം ഉണ്ടാകുന്നുമുണ്ട്‌. സ്‌ത്രീ പുരുഷന്മാരുടെ നക്ഷത്രമൃഗങ്ങളും പക്ഷികളും പഞ്ചഭൂതങ്ങളും പരസ്‌പരം ശത്രുക്കളായാല്‍ വിവാഹം പാടില്ലെന്നും ഗ്രന്ഥങ്ങളില്‍ സൂചിപ്പിക്കുന്നു. ഇതൊക്കെ അപ്പാടെ തള്ളിക്കളയുകയാണ്‌ ചെയ്‌തത്‌.

പൂയം, ആയില്യം, മകം, അവിട്ടം, തിരുവാതിര, ഭരണി, തൃക്കേട്ട മൂലം, പൂരാടം, അത്തം, രോഹിണി, ചതയം, ഈ പറഞ്ഞ 12 നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ ഒരേ നക്ഷത്രക്കാരായാല്‍ വിവാഹം ചെയ്യരുത്‌ എന്നു സൂചിപ്പിക്കുന്നുണ്ട്‌.

ഉദാ: ചതയം-ചതയം, മകം-മകം. എന്നാല്‍ മകം, മകയിരം, ചോതി, അനിഴം, ഉത്രാടം, ഉത്രട്ടാതി ഈ ആറു നക്ഷത്രങ്ങളെ മഹാനക്ഷത്രങ്ങളായി ഗണിക്കപ്പെടുന്നു. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ തമ്മില്‍ വിവാഹിതരാകുന്നതിന്‌ നക്ഷത്രപ്പൊരുത്തം നോക്കേണ്ടതില്ലെന്നും ഗ്രന്ഥങ്ങളില്‍ പറയുന്നു.


ഇക്കാലത്ത്‌ പ്രചാരത്തിലുള്ള പല ജ്യോതിഷ ഗ്രന്ഥങ്ങളിലും വിവാഹപ്പൊരുത്തങ്ങളെക്കുറിച്ച്‌ ഓരോ ഗ്രന്ഥകാരനും തങ്ങളാല്‍ കഴിയുന്ന പല പല വ്യാഖ്യാനങ്ങളും നിഗമനങ്ങളും നിര്‍ദ്ദേശങ്ങളും പറയുന്നുണ്ട്‌. എന്നാല്‍ മഹത്തായ ജ്യോതിഷശാസ്‌ത്രത്തിന്റെ ഉപജ്‌ഞാതാക്കളായ ഋഷീശ്വരന്മാര്‍ നക്ഷത്രപ്പൊരുത്തങ്ങളെക്കുറിച്ചോ, അവയുടെ പ്രാധാന്യത്തെക്കുറിച്ചോ വാചാലമായി പറഞ്ഞിട്ടുള്ളതായി കാണുന്നില്ല. മാത്രമല്ല, അവരുടെ കാലഘട്ടത്തില്‍ അവരുടെ നേതൃത്വത്തിലും മേല്‍നോട്ടത്തിലും നടത്തപ്പെട്ട വിവാഹങ്ങള്‍ക്ക്‌ പൊരുത്തം നോക്കിയതായി ഒരു പുരാണഗ്രന്ഥത്തിലും സാഹിത്യഗ്രന്ഥങ്ങളിലും കാണുന്നുമില്ല.
ഒരു പെണ്‍കുട്ടിക്ക്‌ വിവാഹപ്രായമായാല്‍ ഒരു നല്ല മുഹൂര്‍ത്തത്തില്‍ സ്വയം വരം തീരുമാനിച്ച്‌ എല്ലാ ദേശങ്ങളിലും അറിയിക്കും. താല്‌പര്യമുള്ളവര്‍ക്ക്‌ സ്വയം വരത്തില്‍ പങ്കെടുക്കാം. അങ്ങനെ പങ്കെടുക്കാന്‍ വരുന്ന പുരുഷന്റെ ജാതകപരിശോധന നടത്തി ആരെയെങ്കിലും സ്വയംവരത്തില്‍നിന്നും ഒഴിവാക്കിയതായി ഒരു പുരാണത്തിലും പറയുന്നില്ല പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നവന്‍ യോഗ്യനും സമര്‍ത്ഥനും കാര്യപ്രാപ്‌തിയുള്ളവനുമായിരിക്കണം. എന്നതു മാത്രമാണ്‌ പരിഗണിച്ചിരുന്നത്‌. ബ്രാഹ്‌മ്യം, പ്രജാപത്യം, ആര്‍ഷം, ദൈവികം, ഗാന്ധര്‍വ്വം, ആസുരം, രാക്ഷസം, പൈശാചികം, ഇങ്ങനെ എട്ടുതരം വിവാഹങ്ങളെക്കുറിച്ചു പറയുന്നുണ്ട്‌. ഇവയില്‍ ആദ്യത്തെ നാലു വിവാഹങ്ങള്‍ ഉത്തമം. ഗാന്ധര്‍വ്വം മദ്ധ്യമം. ബാക്കി മൂന്നും അധമം. എല്ലാവരും മനുഷ്യരാണെങ്കിലും ബ്രാഹ്‌മണന്‌ പ്രത്യേക പൊരുത്ത വിധിയും അബ്രാഹ്‌മണന്‌ പ്രത്യേക പൊരുത്തവിധിയും കാണുന്നുണ്ട്‌. ഇത്‌ യുക്‌തിക്കു നിരക്കുന്നതല്ല.

ഇന്ത്യയില്‍ ജനിച്ച അന്യമതസ്‌ഥരും ഹിന്ദുമതത്തില്‍നിന്നും പരിവര്‍ത്തനം ചെയ്‌തവരും വിവാഹപ്പൊരുത്ത നിയമത്തെ പാടേ അവഗണിക്കുന്നു. വിദേശങ്ങളിലും വിവാഹത്തിന്‌ നക്ഷത്രപ്പൊരുത്ത ശോധന എന്ന കപട ശാസ്‌ത്രത്തിന്റെ മറപിടിച്ചുള്ള ഒരു പ്രഹസനം ഉള്ളതായി കേട്ടിട്ടില്ല.

വിവാഹിതരാകുന്ന സ്‌ത്രീ പുരുഷന്മാരുടെ നക്ഷത്രപ്പൊരുത്തം പരിശോധിച്ച്‌ പല ജ്യോത്സ്യന്മാരും വളരെ നല്ല യോജിപ്പുള്ളത്‌ എന്ന്‌ അംഗീകരിച്ച്‌; വിവാഹിതരായതിനുശേഷം തകര്‍ന്നുപോയ പല ദാമ്പത്യങ്ങളും ചൂണ്ടിക്കാണിക്കുവാന്‍ കഴിയും. അതേപോലെ തന്നെയാണ്‌ നിഷേധിച്ചിട്ടും ജ്യോത്സ്യന്മാരേയും ശാസ്‌ത്രത്തേയും അവഗണിച്ച്‌ വിവാഹിതരായവര്‍. അവര്‍ വളരെ സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുന്നതിന്റെ കാരണം പറയുക ബുദ്ധിമുട്ടാണ്‌. നക്ഷത്രം ഏതാണെന്ന്‌ അറിയാത്ത സ്‌ത്രീ പുരുഷന്മാര്‍ക്ക്‌ വിവാഹത്തിന്‌ നക്ഷത്രപ്പൊരുത്തം നോക്കാന്‍ കഴിയാത്തതുകൊണ്ട്‌ വിവാഹത്തിന്‌ അംഗീകാരം കൊടുക്കുകയാണ്‌ ചെയ്യുക. ഇതിന്‌ ശാസ്‌ത്രത്തിന്റെ അടിത്തറ വ്യക്‌തമാക്കാന്‍ കഴിയില്ല.


ചില സ്‌ത്രീപുരുഷന്മാരുടെ വിവാഹാലോചന പല കാരണങ്ങളാല്‍ ഒഴിവായിപ്പോയി, കുറച്ചു നാളുകള്‍ക്കു ശേഷം വീണ്ടും ആലോചിച്ച്‌ വിവാഹത്തില്‍ കലാശിക്കാറുണ്ട്‌. 'ജ്യോതിഷം' എന്ന ശാസ്‌ത്രം വളരെ സത്യമായ ശാസ്‌ത്രമാണ്‌. ഈ ശാസ്‌ത്രത്തില്‍ പല കാലഘട്ടങ്ങളില്‍ പലരും യുക്‌തിയും, സാമര്‍ത്ഥ്യവുംകൊണ്ട്‌ പലതുംകൂട്ടിച്ചേര്‍ത്തുവച്ച്‌ അതൊക്കെ ആചാരമായും പ്രമാണമായും ശാസ്‌ത്രമായും സമര്‍ത്ഥിച്ച്‌ പാവം ജനങ്ങളെ കബളിപ്പിച്ചു. അത്‌ മനസ്സിലാക്കാതെ ഇത്‌ കൈകാര്യം ചെയ്യുന്ന പലരും അത്‌ ആവര്‍ത്തിക്കുകയും ചെയ്യുന്നു.

മതം, ജാതി, ഗോത്രം, വര്‍ഗ്ഗം ദേശം, ഭാഷ ഇത്‌ ഏതായാലും ആര്‌ ആരോടുകൂടെ എപ്പോള്‍ എവിടെവച്ച്‌ ചേരണമെന്നും എത്രകാലം ചേര്‍ന്നിരിക്കണമെന്നും മുന്‍കൂട്ടി വിധിക്കപ്പെട്ടിട്ടുണ്ട്‌. അതിന്‌ ജ്യോത്സ്യന്‍ ഒരു നിമിത്തമാകുന്നുവെന്ന്‌ മാത്രം.

No comments:

Post a Comment