Tuesday, August 6, 2013

ഐശ്വര്യം പകര്‍ന്ന് ദീപം


വാസ്തു വിധി പ്രകാരം ഓരോ ഗൃഹത്തിലും അഭിവൃദ്ധിയും ഐശ്വര്യവും പകര്‍ന്നു നല്‍കുന്നതില്‍ ദീപങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. അതിരാവിലെയും സന്ധ്യാ സമയങ്ങളിലുമാണ് സാധാരണയായി നിലവിളക്ക് കൊളുത്താറുള്ളത്. അഗ്‌നിയെ പ്രീതിപ്പെടുത്തുന്നതിനായി വീടിന്റെ തെക്കു കിഴക്കേ മൂലയില്‍ ദീപം സ്ഥാപിക്കണമെന്നാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്നത്. വിളക്കിന്റെ തിരി മേല്‍ക്കൂരയ്ക്ക് അഭിമുഖമായി എരിയണം. കുളിച്ച് ഈറന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണ് പതിവായി വിളക്ക് കൊളുത്താറുള്ളത്. സന്ധ്യാ സമയത്ത് വിളക്ക് കൊളുത്തിയ ശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നുള്ള നാമംചൊല്ലല്‍ നടത്തുന്നത് പണ്ടുകാലത്ത് കൂട്ടുകുടുംബങ്ങളിലെ പ്രത്യേകതയായിരുന്നു. ദീപനാളം ഈശ്വര ചൈതന്യത്തിന്റെ പ്രതീകമാണെന്നാണ് സങ്കല്‍പം.

തെക്കു കിഴക്കേ മൂല അഗ്‌നിയുമായി ബന്ധപ്പെട്ടതാണെന്നാണ് പൊതുവെയുള്ള വിശ്വാസം. അതിനാല്‍ വീട്ടിലെ എല്ലാ മുറികളുടെയും തെക്കു കിഴക്കേ മൂലയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നത് നന്നായിരിക്കും. അഗ്‌നി ദേവനെ പ്രീതിപ്പെടുത്തിയാല്‍ കുടുംബത്തില്‍ സന്തോഷവും ആരോഗ്യവും കളിയാടുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. സാമ്പത്തികമായ അഭിവൃദ്ധിക്കും ദാമ്പത്യ സൗഖ്യത്തിനും അഗ്‌നി ദേവനെ പ്രീതിപ്പെടുത്തണം. വാസ്തു ശാസ്ത്രപ്രകാരം തെക്കു കിഴക്കേ മൂലക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് പരമ്പരാഗത രീതിയില്‍ തിരിയിട്ടു കത്തിക്കുന്ന ഒരു ദീപം ഈ ദിശയില്‍ സ്ഥാപിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നത്.

ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, ഫ്രിഡ്ജ്, കമ്പ്യൂട്ടര്‍, മൈക്രോ ഓവന്‍, റേഡിയോ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വീടിന്റെ തെക്കു കിഴക്കേ മൂലയില്‍ വയ്ക്കുന്നതാണ് കൂടുതല്‍ ഉചിതം. ഇതു വഴി അഗ്‌നി ദേവന്റെ പ്രീതി സമ്പാദിക്കാനാകും. 

No comments:

Post a Comment