Thursday, August 22, 2013

വീടും നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌

ഒരു സ്‌ഥലത്തിന്റേതായാലും വീടിന്റേതായാലും കേന്ദ്രസ്‌ഥാനം ശക്‌തവും ദൈവീകവുമായ ശക്‌തികേന്ദ്രമാണ്‌. അഷ്‌ടദിക്കുകള്‍ ആ കേന്ദ്രത്തെ ആശ്രയിച്ചിരിക്കുന്നു.

അഷ്‌ടദിക്കുകള്‍ പരസ്‌പരം സംയോജിക്കുന്നതും വിയോജിക്കുന്നതും ഈ സ്‌ഥാനത്താണ്‌. തന്മൂലം അഷ്‌ടദിക്കുകളില്‍ ധാരാളം ഊര്‍ജ്‌ജം ലഭിക്കുന്നത്‌ ഈ കേന്ദ്രസ്‌ഥാനത്തുനിന്നാണ്‌. ഏതൊരു പദാര്‍ത്ഥത്തിനും ഒരു ഗുരുത്വാകര്‍ഷണ കേന്ദ്രമുണ്ടെന്ന്‌ ഊര്‍ജ്‌ജതന്ത്രത്തില്‍ പറയുന്നുണ്ട്‌. വീടുകളുടെ നിര്‍മ്മാണത്തില്‍ ബ്രഹ്‌മസ്‌ഥാനത്തിന്‌ വാസ്‌തുശാസ്‌ത്രം വളരെ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു.

പുരാതനകാലങ്ങളില്‍ ഗ്രാമങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌ വാസ്‌തുശാസ്‌ത്രപ്രകാരമാണ്‌. ഈ ഗ്രാമങ്ങളുടെ മദ്ധ്യത്തില്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതും അതിനു ചുറ്റും ഗൃഹങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതും കാണാം. ഇങ്ങനെയുള്ള വാസ്‌തുഗ്രാമങ്ങളില്‍ ഐശ്വര്യവും പുരോഗതിയും ഉണ്ടായിരുന്നതായി തെളിവുകളുണ്ട്‌. എന്നാല്‍ ഗൃഹങ്ങളുടെ നിര്‍മ്മാണം വരുമ്പോള്‍ ഈ സ്‌ഥാനത്തെ ബ്രഹ്‌മസ്‌ഥാനം എന്നു വിളിക്കുന്നു. ഈ സ്‌ഥലം യഥായോഗ്യം ഉപയോഗിച്ചാല്‍ മാത്രമേ, സമ്പത്തും സന്തോഷവും സമാധാനവും ആ ഗൃഹത്തില്‍ താമസിക്കുന്നവര്‍ക്ക്‌ ലഭിക്കുകയുള്ളൂ.

ബ്രഹ്‌മസ്‌ഥാനത്തിന്‌ കോട്ടമോ, തടസ്സമോ ഉണ്ടാകാത്തവിധത്തില്‍ നിര്‍മ്മാണഘട്ടത്തില്‍ തന്നെ ഗൃഹത്തിന്റെ പ്ലാന്‍ തയ്യാറാക്കിയാല്‍ വളരെയേറെ ദുരന്തങ്ങള്‍ ഒഴിവാക്കാവുന്നതാണ്‌. ബ്രഹ്‌മസ്‌ഥാനത്ത്‌ തൂണുകള്‍, മതിലുകള്‍, ഭാരമേറിയ മറ്റു നിര്‍മ്മിതികള്‍ എന്നിവ ഒഴിവാക്കി തുറസ്സായി ഒഴിച്ചിടുവാന്‍ ശ്രദ്ധിക്കണം. ഇവിടെ ഗൃഹത്തിന്റെ പ്രധാന ഹാള്‍, പൂജാമുറി, നടുമുറ്റം എന്നീ കാര്യങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്നതാണ്‌. ഗൃഹങ്ങള്‍, വ്യവസായശാലകള്‍ തുടങ്ങിയ എല്ലാ നിര്‍മ്മാണങ്ങള്‍ക്കും ഈ ഭാഗം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

വ്യവസായ ശാലകളില്‍ ഈ ഭാഗത്ത്‌ ഭാരമുള്ള മറ്റു നിര്‍മ്മിതികള്‍ പാടില്ല. ഭാരമുള്ള മറ്റു വസ്‌തുക്കള്‍ (മിഷനറികള്‍, അസംസ്‌കൃത വസ്‌തുക്കള്‍) സൂക്ഷിക്കരുത്‌. ഇങ്ങനെ നിര്‍മ്മിക്കുന്ന പക്ഷം വ്യവസായം തകര്‍ന്നുപോകും. നഷ്‌ടങ്ങള്‍ക്ക്‌ ഇടവരും.

No comments:

Post a Comment