Friday, July 26, 2013

മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം - മീനങ്ങാടി, വയനാട്‌


മത്സ്യാവതാര പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക മഹാക്ഷേത്രമാണ് വയനാട്‌ ജില്ലയിലെ മീനങ്ങാടി പഞ്ചായത്തിലുള്ള മത്സ്യാവതാര മഹാവിഷ്ണു ക്ഷേത്രം.ക്ഷേത്രമുറ്റത്തായി പന്തൽ. പന്തലിനുള്ളില്‍ ബലിക്കല്ല്‌. ശ്രീകോവിലില്‍ ചതുര്‍ബാഹുവായ മഹാവഷ്ണു കിഴക്കോട്ട്‌ ദര്‍ശനമരുളുന്നു. അയ്യപ്പൻ ഗണപതി, ദുര്‍ഗ എന്നിവർ ഉപദേവതകൾ. 

പണ്ട് ഇതുവഴി പോയ ഒരു മഹർഷി സമീപത്തുള്ള ജലാശയത്തില്‍ ദേഹശുദ്ധി വരുത്താനിറങ്ങി. മഹർഷി കുളിക്കുന്നതിനിടയില്‍ ഒരു മത്സ്യം പലതവണ വായുവിൽ നൃത്തമാടി കുളത്തിലേക്ക്‌ താഴ്‌ന്നുപോയി. അതോടെ മഹാവിഷ്ണുവിന്റെ സാന്നിധ്യം ഇവിടെയുണ്ടെന്ന്‌ മഹർഷിക്കു വ്യക്തമായി. ഉടനെ അദ്ദേഹം ജലാശയത്തിനു പടിഞ്ഞാറുമാറി ഉയര്‍ന്നസ്ഥലത്ത്‌ മത്സ്യാവതാര സങ്കല്‍പത്തില്‍ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. മഹർഷിയുടെ നിർദ്ദേശപ്രകാരം നാട്ടുമുഖ്യന്മാർ അവിടെ ഒരു ക്ഷേത്രം നിര്‍മ്മിച്ചു. അന്ന്‌ മീനാടിയ സ്ഥലമാണത്രേ ഇന്നത്തെ മീനങ്ങാടി.അന്ന്‌ നിര്‍മ്മിച്ചക്ഷേത്രം ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ അഗ്നിക്കിരയായി. വീണ്ടും പുതുക്കിപ്പണിക്ഷേത്രമാണ് ഇപ്പോഴുള്ളത്.പാല്‍പ്പായസവും നെയ്പായസവും പുഷ്പാഞ്ജലിയുമാണ് പ്രധാനവഴിപാടുകൾ. 

കുംഭമാസത്തിലെ പൂരുട്ടാതി, ഉത്രട്ടാതി നാളുകളിലാണ്‌ ഉത്സവം. ആദിവാസികൾ അവതരിപ്പിക്കുന്ന തോറ്റം, പട്ടക്കളി, കോല്‍ക്കളി എന്നിവയും ഉത്സവപരിപാടിക്ക്‌ മാറ്റുകൂട്ടുന്നു. ആയിരക്കണക്കിന് ആദിവാസികളാണ് ഇവിടുത്തെ ഉത്സവത്തിൽ പങ്കെടുക്കുന്നത്.

No comments:

Post a Comment