Friday, July 26, 2013

ഗർഭരക്ഷാംബിക ശിവക്ഷേത്രം-കുംഭകോണo, തമിഴ്‌നാട്‌

തമിഴ്‌നാട്ടിൽ കുംഭകോണത്തിനടുത്ത് തിരുക്കരുകാവൂരിൽ ശില്പകലാ സൗന്ദര്യം നിറഞ്ഞ ഗോപുരത്തോടു കൂടിയ ഒരു ശിവക്ഷേത്രമുണ്ട്. ഈ ശിവക്ഷേത്രം പക്ഷേ പ്രസിദ്ധമായിരിക്കുന്നത് ദേവിയുടെ പേരിലാണ്. 'കരുകാക്കും നായകി' എന്നാണ് ദേവിക്കു പ്രസിദ്ധി. ഗർഭിണികൾ സുഖപ്രസവമുണ്ടാകാനും, സന്താനങ്ങളില്ലാത്തവർ സന്താനലാഭത്തിനായും ഇവിടെയെത്തി പ്രാർത്ഥിക്കുന്നതിനാൽ ഈ ശിവക്ഷേത്രം ഗർഭരക്ഷാംബിക ക്ഷേത്രം എന്ന പേരിലാണ് പ്രശസ്തമായിരിക്കുന്നത്. ധാരാളം മുല്ലക്കൊടികൾ ക്ഷേത്ര പരിസരത്തുണ്ട്. അതിനാൽ ഇവിടെ ശിവൻ അറിയപ്പെടുന്നത് മുല്ലവന നാഥൻ, മാധവീവനേശ്വരൻ എന്നൊക്കെയാണ്. ക്ഷേത്രത്തിന് മുല്ലവനം, മാധവീവനം, കരുകാവൂർ, ഗർഭപുരി എന്നുമൊക്കെ പേരുകളുണ്ട്. ഉളി തൊടാതെ നിർമ്മിച്ച വിഗ്രഹമാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം. ശിവനും, അംബികയ്ക്കും പുറമേ ഗണപതി, സുബ്രഹ്മണ്യൻ, ദുർഗ്ഗ, ചണ്ഡികേശ്വരൻ, നാൽവർ തുടങ്ങിയ ദേവിദേവന്മാരുടെ പ്രതിഷ്ഠകളുമുണ്ട്. ക്ഷേത്രത്തിന്റെ ഈശകോണിലായി ഒരു ലിംഗ പ്രതിഷ്ഠയുമുണ്ട്. ഈ പ്രതിഷ്ഠ നടത്തിയത് ഗൗതമ മഹർഷിയാണെന്നാണ് വിശ്വാസം. അപ്പർ, ജ്ഞാനസംബന്ധർ, സുന്ദരമൂർത്തി നായനാർ തുടങ്ങിയവരുടെ തേവാരപ്പാട്ടുകളിൽ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്.

No comments:

Post a Comment