Friday, July 26, 2013

ദേവതകളും പ്രധാന വഴിപാടുകൾ & നൈവേദ്യവും


ഗണപതിയുടെ ഇഷ്ടപുഷ്പം കറുകപ്പുല്ലാണ്. പ്രിയപ്പെട്ട നിവേദ്യം മോദകമാണ്. ഹോമങ്ങളിൽ പ്രധാനം അഷ്ടദ്രവ്യ ഗണപതിഹോമമാണ്. പ്രധാന അർച്ചന അഷ്‌ടോത്തരവും ഗണപതി സൂക്താർച്ചനയുമാണ്. ഗണപതിക്കായി വഴിപാടുകൾ നടത്തുന്നത് പ്രതിബന്ധങ്ങൾ നീങ്ങിക്കിട്ടുന്നതിനാണ്. അതുപോലെ വിദ്യാവിജയവും സിദ്ധിക്കും. പ്രതിബന്ധങ്ങൾ നീക്കാൻ ഗണപതിക്കായി നാളികേരമുടയ്ക്കുന്നതും പ്രത്യേക വഴിപാടായി നടത്താറുണ്ട്.

സരസ്വതിയുടെ പ്രിയപുഷ്പം താമരയാണ്. പഞ്ചാമൃതം, പഴം, ത്രിമധുരം എന്നിവയൊക്കെ സരസ്വതിക്ക് നിവേദിക്കാറുണ്ട്. സാരസ്വതസൂക്ത പുഷ്പാഞ്ജലിയാണ് പ്രധാന അർച്ചന. വിദ്യാർത്ഥികൾക്ക് വിജയവും സാഹിത്യകാരന്മാർക്ക് കവിത്വസിദ്ധിയുമാണ് ഇവയുടെ ഫലങ്ങൾ.

മഹാവിഷ്ണുവിന് ഇഷ്ടപുഷ്പം തുളസിയാണ്. എന്നാൽ തെച്ചി, മന്ദാരം തുടങ്ങിയവയും വിഷ്ണുപൂജയ്ക്ക് ഉപയോഗിക്കാം. ഭാഗ്യസൂക്തം, വിഷ്ണുസൂക്തം, വിഷ്ണുസഹസ്രനാമം എന്നിവകൊണ്ടെല്ലാം മഹാവിഷ്ണുവിന് അർച്ചന നടത്താം. സുദർശന ഹോമമാണ് മഹാവിഷ്ണുവിനായി നടത്തുന്ന പ്രധാന ഹോമം. 

വരാഹമൂർത്തിയുടെ ഇഷ്ടപുഷ്പം തുളസിയാണ്. നിവേദ്യം അപ്പവും നെയ്പായസവും. വരാഹമൂർത്തിക്ക് നിവേദ്യം കഴിക്കുന്നതിലൂടെ വിദ്യാവിജയവും വേദപാണ്ഡിത്യവും ഉണ്ടാകുമെന്നാണ്.

No comments:

Post a Comment