Monday, June 29, 2015

ധനാകര്‍ഷണ ശ്രീ മഹാലക്ഷ്‌മീയന്ത്രം

''മധ്യേ സ്വാഹാഷ്‌ടപത്രേ ദളമനുയുഗളം
വര്‍ണ്ണമാലിഖ്യ ബാഹ്യേ
ശിഷ്‌ടാനര്‍ണ്ണാന്‍ ദശാരേ, ശിഖിയുഗ ഭവനേ
ശിഷ്‌ട ബീജം തു ലക്ഷ്‌മ്യാഃ
ബാഹ്യേ പഞ്‌ദശാര്‍ണ്ണം, പ്രണവ പരിവൃതം
സ്യേഷ്‌ട സാധ്യം ച മാരം
ലക്ഷ്‌മീയന്ത്രം തദേതത്‌ ത്രിഭുവന വിഭവ-
ശ്രീ പദം ദിവ്യദീപം''

യന്ത്രം:

വൃത്തം അഷ്‌ടദളം വൃത്തം, ദശദളം വൃത്തം ഷഡ്‌ക്കോണുകള്‍, രണ്ടു വീഥിവൃത്തം, ഭൂപുരം ഇപ്രകാരമാണ്‌ യന്ത്രം വരയ്‌ക്കേണ്ടത്‌.


മന്ത്രങ്ങള്‍:

വൃത്തമധ്യത്തില്‍ 'സ്വാഹാ' എന്നും അഷ്‌ടദളങ്ങളില്‍ ഈ രണ്ടും ദശദളങ്ങളിലെ ഒന്‍പതില്‍ ഓരോന്നും പത്താമത്തേതില്‍ ബാക്കിയും അക്ഷരങ്ങള്‍ വീതം താഴെപ്പറയുന്ന ശ്രീമഹാലക്ഷ്‌മീ മന്ത്രങ്ങള്‍ എഴുതുക.


മന്ത്രം:

''ശ്രീം ഓം നമോ ഭഗവതേ സര്‍വ്വ
സൗഭാഗ്യദായിനി ശ്രീം ശ്രീ വിദ്യേ
മഹാ വിഭൂതയേ സ്വാഹാ''
ഷഡ്‌ക്കോണുകളില്‍ ഓരോന്നിലും 'ശ്രീം' എന്നും ആദ്യത്തെ വീഥിയില്‍ മാതൃകാക്ഷരങ്ങളായ 'അ, ആ' എന്നു തുടങ്ങി 'ക്ഷ' എന്നുവരെയുള്ള അമ്പത്തിയൊന്ന്‌ അക്ഷരങ്ങള്‍ എഴുതുക. രണ്ടാമത്തെ വീഥിവൃത്തത്തില്‍ പ്രണവത്തോടും 'ക്രീം' എന്നു കാമബീജത്തോടും കൂടിയ സാധ്യനാമം പതിനാറ്‌ തവണയും ഭൂപുരകോണുകളില്‍ 'ക്ലീം' എന്ന കാമബീജവും എഴുതുക.
അതിന്റെ സമ്പ്രദായം 'ഓം ദേ ക്ലീം ഓം വദക്ലീം ഓം ത്ത ക്ലീം' ഇങ്ങനെയാകുന്നു.
ധനാകര്‍ഷണ ശ്രീമഹാലക്ഷ്‌മീയന്ത്രം വരയ്‌ക്കാന്‍ ശീലമുള്ളവര്‍ സ്വയം വരയ്‌ക്കുകയോ, അല്ലാത്തപക്ഷം ഉപാസകരെക്കൊണ്ട്‌ വരപ്പിക്കുകയോ ആകാം. എങ്ങനെയായാലും യന്ത്രം കുറ്റമറ്റതും ലക്ഷണയുക്‌തവുമായിരിക്കണം. ചെമ്പു തകിടിലോ, വെള്ളിത്തകിടിലോ സ്വര്‍ണ്ണത്തകിടിലോ അവരവരുടെ സാമ്പത്തിക ശേഷിക്കനുസൃതമായി വരയ്‌ക്കുകയോ വരപ്പിക്കുകയോ ചെയ്യാം.
വിധിപ്രകാരം യന്ത്രം നിര്‍മ്മിച്ചു കഴിഞ്ഞാല്‍ അത്‌ ദേഹത്ത്‌ ധരിക്കുകയോ, ഗൃഹത്തില്‍ സ്‌ഥാപിക്കുകയോ ചെയ്യണമെങ്കില്‍ യന്ത്രശുദ്ധിവരുത്തി അതിന്‌ ചൈതന്യം വരുത്തേണ്ടതാണ്‌.
ആദ്യമായി യന്ത്രം ഒരു ദിവസം ജലാധിവാസം ചെയ്യുക. അടുത്ത ദിവസം പുറ്റുമണ്ണുകൊണ്ട്‌ തേച്ചു കഴുകി വൃത്തിയാക്കുക. പിന്നീട്‌ നാല്‌പാമരപ്പൊടി തേച്ചു കഴുകുക. പുണ്യാഹം ജപിച്ചു തളിച്ച്‌ മന്ത്രശുദ്ധിവരുത്തുക. പിന്നീട്‌ പഞ്ചഗവ്യത്തില്‍ അഭിഷേകം നടത്തുക. അതിനുശേഷം മൂര്‍ത്തിയെ ആവാഹിച്ചു പൂജിച്ച്‌ പ്രാണപ്രതിഷ്‌ഠാമന്ത്രം തൊട്ടുരുവിടുക. ജപത്തില്‍ നാലിലൊരു ഭാഗം തവണ ഹോമിച്ച്‌ ആ പ്രസാദം സ്‌പര്‍ശിക്കുകയും വേണം.
ഇത്രയുമെല്ലാം പൂര്‍ത്തിയാക്കിക്കഴിയുമ്പോള്‍ യന്ത്രം ദേഹത്തു ധരിക്കുന്നതിനോ, ഗൃഹത്തില്‍ സ്‌ഥാപിക്കുന്നതിനോ യോഗ്യമായിത്തീരുന്നതാണ്‌.
ധനാകര്‍ഷണത്തിനും അഭിവൃദ്ധിക്കും വേണ്ടി ദേഹത്താണ്‌ ധരിക്കുന്നതെങ്കില്‍ നിത്യസ്‌നാനവും ശുദ്ധവൃത്തിയും പ്രാര്‍ത്ഥനയും ക്ഷേത്രദര്‍ശനവും ധര്‍മ്മചിന്തയും കൂടിയേ തീരൂ.
ഗൃഹത്തിലാണ്‌ സ്‌ഥാപിക്കുന്നതെങ്കില്‍ പൂജാമുറിയിലോ, മറ്റേതെങ്കിലും പവിത്രമായ സ്‌ഥാനത്തോ ആയിരിക്കണം. നിത്യേന ധൂപ ദീപാദികള്‍ സമര്‍പ്പിക്കേണ്ടതാണ്‌. എല്ലാ വെള്ളിയാഴ്‌ച ദിവസങ്ങളിലും യന്ത്രശുദ്ധി വരുത്തി ചന്ദനകുങ്കുമാദികള്‍ തൊടുവിച്ച്‌ ധൂപദീപാദികളോടെ ഭാഗ്യദേവതയ്‌ക്കു വിധിക്കപ്പെട്ടിട്ടുള്ള പൂക്കളാല്‍ അര്‍ച്ചനയും നിവേദ്യാദികളുമാകാം.
നാം എത്രമാത്രം ഭക്‌തിവിശ്വാസാദികളോടെ ധനദേവതയെ മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നുവോ അത്രകണ്ട്‌ വേഗത്തില്‍ ഐശ്വര്യദേവത നമ്മില്‍ പ്രസാദിക്കുകയും അനുഗ്രഹവര്‍ഷം ചൊരിയുകയും ചെയ്യും.
വിശ്വാസത്തോടെ ഭജിക്കുക, നേരായ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുക സര്‍വ്വസമ്പദ്‌ പ്രദായിനിയായ ശ്രീദേവി പ്രസാദിക്കുകതന്നെ ചെയ്യും.

No comments:

Post a Comment