Tuesday, July 16, 2013

വീടു പണിയാന്‍ യോഗം

ഒരു ഭവനം ആഗ്രഹിക്കാത്തതായി ആരുംതന്നെ ഉണ്ടാവില്ല. ഒരുപക്ഷേ, ജീവിതത്തില്‍ ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്നതും വീടിനുവേണ്ടിത്തന്നെയാകാം. ലക്ഷങ്ങള്‍ സ്വരുക്കൂട്ടിവച്ച്‌ നോക്കിയിരിക്കുന്നവര്‍ക്കുപോലും ഒരു വീടെന്ന സ്വപ്‌നം പലപ്പോഴും സാധിക്കാറില്ല. എന്നാല്‍ വെറുതെയിരിക്കുന്നവര്‍പോലും പെട്ടെന്നുതന്നെ നല്ല ഭവനത്തിന്‌ ഉടമകളാകുന്നതു കാണാം. ഇതിനൊരു പ്രധാന കാരണം ഭവനത്തിന്‌ ഈശ്വരാനുഗ്രഹവും വീടിനുള്ള യോഗവും (വീടുണ്ടാകാനുള്ള) ആണ്‌.

എത്രതന്നെ കാശു കൂട്ടിവച്ചാലും വീടും സ്‌ഥലവും വാങ്ങിക്കാനും സ്വന്തമാക്കാനുമുള്ള യോഗമില്ലെങ്കില്‍ യാതൊരു ഫലവും ഇല്ല. മാതൃപിതൃശാപം, ബ്രാഹ്‌മണശാപം, നാല്‍ക്കാലിശാപം, ബാലശാപം, ദേവകോപം ഇവയൊക്കെയും വീടിന്‌ യോഗമുണ്ടായാലും കാലതാമസം വരുത്താനേ ഉപകരിക്കൂ.
 
നാലാംഭാവംകൊണ്ടും വ്യാഴ- ശുക്ര- ബുധ-ചന്ദ്രനെക്കൊണ്ടും ഭവനത്തെപ്പറ്റി ചിന്തിക്കാം. ദശാകാലം നല്ലതാകണം. അപഹാരം ദോഷമായാലും വീടുപണി നീണ്ടുപോകും. നാലില്‍ ശനി നിന്നാല്‍ പഴക്കമുള്ള വീടിന്‌ ഉടമയാകും. നാലില്‍ ചന്ദ്രന്‍ ശുഭഗ്രഹ ദൃഷ്‌ടിയോടെ നിന്നാല്‍ നല്ല വീടിനുടമയാകും.

നാലിലെ ഗുളികസ്‌ഥിതി (ശുഭദൃഷ്‌ടിയില്ലാതെ നിന്നാല്‍) വീടിന്റെ തകര്‍ച്ചയെ കാണിക്കുന്നു. കണ്ടകശനിയും ഏഴരശനിയുള്ളപ്പോഴും വീട്‌ പണിയാനിറങ്ങരുത്‌. അനുകൂലദശയില്‍ അനുകൂലകാലം വരുമ്പോള്‍ മാത്രമേ വീടിന്റെ കാര്യങ്ങള്‍ക്ക്‌ ഇറങ്ങാന്‍ പാടുള്ളൂ.

വീടിന്റെ കാരകന്‍ ശുക്രനാണ്‌. ശുക്രന്റെ നല്ല അവസ്‌ഥകള്‍, വീടും വീടിനകത്തുള്ള ഉപകരണങ്ങളും ആഭരണങ്ങളും മെച്ചപ്പെട്ട ധനസ്‌ഥിതിയും ഉണ്ടാക്കിത്തരും. നാലാംഭാവം എന്നു പറയുമ്പോള്‍ എടുത്തുപറയേണ്ടകാര്യം നാലു മാതൃസ്‌ഥാനമാണെന്നതാണ്‌-അത്‌ ധര്‍മ്മദേവതാസ്‌ഥാനം കൂടിയാണ്‌. അമ്മയേയും- ധര്‍മ്മദേവതയേയും പ്രീതിപ്പെടുത്തേണ്ടത്‌ വീടിന്റെ കാര്യത്തില്‍ പ്രത്യേകം എടുത്തുപറയേണ്ട സംഗതിയാണ്‌.

താമസിച്ചുകൊണ്ടിരിക്കുന്ന ഭവനത്തിന്റെ വാസ്‌തുദോഷം, മറ്റൊരു വീടുവാങ്ങലിനെ തടസ്സപ്പെടുത്തും. ജാതകത്തില്‍ അഞ്ചാംഭാവത്തില്‍ 6, 8, 12 ഭാവാധിപന്മാര്‍ നിന്നാല്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കും. അഞ്ച്‌ എന്നുപറയുന്നത്‌ നാലിന്റെ രണ്ടാം ഭാവമാണ്‌. നാലിന്റെ ധനഭാവം. അഞ്ചിന്റെ പാപന്മാര്‍ നാലിന്റെ അഷ്‌ടമത്തില്‍ നോക്കുന്നു എന്നതും ഗൃഹത്തിന്റെ ആയുസ്സിനെ ബാധിക്കുന്നു. ഒന്നും നോക്കാതെ കാശിന്റെ ബലത്തില്‍ വീടു വാങ്ങിയാല്‍തന്നെ പലപ്രകാരത്തിലും ദോഷാനുഭവങ്ങള്‍ ഉണ്ടാകാം. വീട്‌ വാങ്ങാനുള്ള യോഗവും, ജാതകത്തിലെ യോഗങ്ങളും ഭാഗ്യവും ഉള്ള ഒരു വ്യക്‌തിയെ സംബന്ധിച്ച്‌ പറഞ്ഞാല്‍ 'അഞ്ച്‌' രൂപ ഇല്ലെങ്കില്‍പ്പോലും സമയമാകുമ്പോള്‍ ആരെങ്കിലുമൊക്കെ സഹായിച്ചും ഈശ്വരാനുഗ്രഹത്താലും പണം തേടിയെത്തും. നല്ല വീടും സ്വന്തമാകും. കടം എങ്ങനെയും കൊടുത്തുതീര്‍ക്കാനും സാധിക്കും. ഒരുതരത്തിലും ആ വീട്‌ നഷ്‌ടപ്പെടുകയുമില്ല.
വ്യാഴത്തിന്റെ മൗഢ്യം, നീചസ്‌ഥിതി, ശത്രുക്ഷേത്രസ്‌ഥിതി, അനിഷ്‌ടഭാവസ്‌ഥിതി എന്നിവ മൂലവും ശുക്രന്റെയും ചന്ദ്രന്റെയും ദോഷാവസ്‌ഥകള്‍ കാരണവും വീട്‌ ഉണ്ടാകാതിരിക്കാനോ ഉണ്ടായ വീട്‌ ഉപേക്ഷിച്ച്‌ പോകുവാനോ ഇടയാകും.

ഒരു വീടോ, സ്‌ഥലമോ നോക്കാന്‍ പോകുമ്പോള്‍ കാലു തട്ടി വേദനിക്കുന്നതുപോലും നമുക്ക്‌ മനഃപ്രയാസമുണ്ടാക്കും. അതിനാല്‍ വീടു വേണമെന്ന്‌ ആഗ്രഹിക്കുമ്പോള്‍ ഒരു ജ്യോത്സ്യനെ കണ്ട്‌, കാലം അനുകൂലമാണോ, ഈശ്വരാനുഗ്രഹമുണ്ടോയെന്ന്‌ നോക്കിക്കുക. അതിനുശേഷം ഇറങ്ങിത്തിരിക്കുന്നത്‌ നന്നായിരിക്കും. 

വീടുവയ്‌ക്കാന്‍ സ്‌ഥലം വാങ്ങുന്ന സമയത്ത്‌ അല്‌പം ശ്രദ്ധിച്ചാല്‍ പല രീതിയിലുള്ള ഗുണങ്ങള്‍ ലഭിക്കും. പോകുമ്പോഴുണ്ടാകുന്ന നിമിത്തങ്ങള്‍ പ്രധാനമാണ്‌. വാങ്ങുന്ന പറമ്പിലേക്ക്‌ ചെന്നു കയറുമ്പോള്‍ ആദ്യം വെള്ളം കാണുന്നത്‌ ഉത്തമം. രണ്ടാമതായി ആ പറമ്പില്‍ ഒരു കുഴിയെടുത്തശേഷം കുഴിയില്‍നിന്നെടുത്ത മണ്ണ്‌ തിരിച്ചിട്ടാല്‍ മണ്ണ്‌ അധികം വന്നാല്‍ ഉത്തമം. കിഴക്കുഭാഗം താഴ്‌ന്നതും പടിഞ്ഞാറുഭാഗം ഉയര്‍ന്നതും ആയിരിക്കണം. വടക്കുഭാഗം താഴ്‌ന്നതും തെക്കുഭാഗം ഉയര്‍ന്നതും ആയിരിക്കണം. ഇങ്ങനെയുള്ള ഭൂമിയില്‍ സുഖസമൃദ്ധിയോടുകൂടി ആയിരംവര്‍ഷം ജീവിക്കാമെന്നു കാണുന്നു.
 
തെക്കുഭാഗവും പടിഞ്ഞാറുഭാഗവും താഴ്‌ന്ന ഭൂമി സാമ്പത്തികത്തകര്‍ച്ച, രോഗം, കടം, മാനസികദുരിതം, കുടുംബാംഗങ്ങള്‍ തമ്മില്‍ വഴക്ക്‌, അടിപിടി എന്നീ പ്രശ്‌നങ്ങള്‍ കൂടെക്കൂടെ ഉണ്ടാക്കും. വീടു പണിയുമ്പോള്‍ തെക്കുഭാഗം, പടിഞ്ഞാറുഭാഗം എന്നിവിടങ്ങളില്‍ കതക്‌ ഇല്ലാതിരിക്കുന്നതാണ്‌ നല്ലത്‌. ഉണ്ടെങ്കില്‍ ആ ഭാഗത്തെ കതക്‌ സദാ അടച്ചിടുന്നതും ഗുണഫലം തരും. വീടിനോടു ചേര്‍ന്ന്‌ നിശാഗന്ധി, പതിമുഖം, മുരിങ്ങ, ആത്ത, അശോകച്ചെത്തി, എന്നിവ വച്ചുപിടിപ്പിക്കരുത്‌.

അങ്ങനെ ഉണ്ടെങ്കില്‍ അവ വെട്ടിമാറ്റി നല്ല മരങ്ങള്‍ (പ്ലാവ്‌, വാഴ) വച്ചു പിടിപ്പിക്കുക. അല്ലാത്തപക്ഷം കുടുംബത്തിലെ ഒരു വ്യക്‌തിക്കെങ്കിലും ആശുപത്രിയില്‍ കയറിയിറങ്ങാനേ സമയം കാണൂ. അസ്‌ഥാനത്തുള്ള കിണറും ഒരു വീട്ടില്‍തന്നെയുള്ള രണ്ടു കിണറുകളും പലതരത്തിലുള്ള ദോഷം ഉണ്ടാക്കും. യഥാസ്‌ഥാനത്തെ കിണര്‍ നിലനിര്‍ത്തിക്കൊണ്ട്‌ മറ്റേ കിണര്‍ പുറമേ കാണാത്ത രീതിയില്‍ അടച്ച്‌ മറയ്‌ക്കേണ്ടതാണ്‌.

പല വീട്ടിലും ജീവിക്കാന്‍ ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിലും അകാരണമായ ഒരു ദുഃഖം ഉണ്ടായിക്കൊണ്ടേയിരിക്കും. ഒരു കാരണവുമില്ലെങ്കിലും എന്തെങ്കിലും ഒരു പ്രശ്‌നം വിടാതെ ഉണ്ടായിക്കൊണ്ടിരിക്കും. ഇതെല്ലാം പിതൃദുരിതംകൊണ്ടോ, സര്‍പ്പദോഷംകൊണ്ടോ വരത്തുപോക്കുകൊണ്ടോ, ബാധാദോഷംകൊണ്ടോ ഒക്കെ ആയിരിക്കും. എന്താണെന്ന്‌ ഒരു ജ്യോത്സ്യനെക്കൊണ്ട്‌ നോക്കിച്ച്‌ വേണ്ട പരിഹാരങ്ങള്‍ ചെയ്യുക. മനസ്സില്‍ പെട്ടെന്ന്‌ വീടുവയ്‌ക്കണം എന്ന ചിന്തയുണ്ടായാലും ഉടനെ വീടുണ്ടാകും. അതിനായിറങ്ങിത്തിരിക്കാം. എല്ലാത്തിനും മുമ്പില്‍ ഈശ്വരകൃപ അത്യാവശ്യം.

No comments:

Post a Comment