Friday, July 19, 2013

കാലസര്‍പ്പയോഗം ജാതകത്തില്‍

ജാതകത്തില്‍ എത്രയൊക്കെ നല്ല യോഗങ്ങളുണ്ടെങ്കിലും അതിന്റെയൊക്കെ പ്രഭാവത്തെ ഇല്ലാതാക്കി സാമ്പത്തികവും കര്‍മ്മപരവുമായ പുരോഗതിക്ക്‌ തടസ്സം സൃഷ്‌ടിച്ച്‌ ലൗകിക ജീവിതത്തില്‍ ക്ലേശങ്ങള്‍ ഉളവാക്കി, ഒരു ചക്രവ്യൂഹത്തിലകപ്പെടുത്തുന്നതുപോലെ കാലമാകുന്ന സര്‍പ്പം ബന്ധിതനാക്കുന്ന ഒരു നീചയോഗമായാണ്‌ കാളസര്‍പ്പ (കാലസര്‍പ്പ) യോഗത്തെ കരുതിവരുന്നത്‌.
എന്നാല്‍ മറ്റുള്ള ശുഭയോഗങ്ങളെ നിഷ്‌ഫലമാക്കുമെന്ന്‌ പറയപ്പെടുന്ന ഈ യോഗം, പൂര്‍ണമായും ദോഷത്തെ മാത്രം ഉളവാക്കുന്ന യോഗമാണോയെന്ന്‌ പരിശോധിക്കേണ്ടിയിരിക്കുന്നു. ശാസ്‌ത്രം കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സംശയ നിവാരണത്തിന്‌ ഋഷിപ്രോക്‌തങ്ങളായിട്ടുള്ള ആധികാരിക ഗ്രന്ഥങ്ങളെയാണ്‌ നമ്മള്‍ അന്നും ഇന്നും ആശ്രയിക്കുന്നത്‌. പക്ഷേ, കാലസര്‍പ്പയോഗത്തിന്റെ കാര്യത്തില്‍ പ്രശ്‌നമാര്‍ഗം, കൃഷ്‌ണീയം, ബൃഹത്‌ജാതകം, ബൃഹത്‌ജാതക പദ്ധതി, പരാശ്ശരഹോര, സാരാവലി, ഫലദീപിക മാനസാഗരി, ജാതകാഭരണം, ജാതകപാരിജാതം, ഉത്തരകലാമൃതം, ഭാവാര്‍ത്ഥ രത്നാകരം തുടങ്ങിയ ജ്യോതിഷഗ്രന്ഥങ്ങളിലൊന്നും ഇതിനെക്കുറിച്ച്‌ പരാമര്‍ശിച്ച്‌ കാണുന്നില്ല. ജാതകത്തില്‍ ഗ്രഹങ്ങള്‍ ചില പ്രത്യേക സ്‌ഥാനങ്ങളിലും ഭാവങ്ങളിലും നിലകൊള്ളുന്നതുകൊണ്ടും, ഫലംകൊണ്ട്‌ അത്‌ പൂര്‍വ്വജന്മാര്‍ജിത കര്‍മ്മഫലവുമായി യോജിച്ചിരിക്കുന്നതുകൊണ്ടും യോഗം എന്നുപറയുന്നു. ഛായാഗ്രഹങ്ങളായ രാഹുകേതുക്കളാല്‍ ഉണ്ടാകുന്ന ചില പ്രത്യേക യോഗങ്ങളാണ്‌ കാലസര്‍പ്പയോഗങ്ങള്‍ (കാളസര്‍പ്പയോഗങ്ങള്‍ ).
''അഗ്രേരാഹുരധോകേതു സര്‍വ്വേമദ്ധ്യഗതാ ഗ്രഹാ
യോഗോയം കാലസര്‍പാഖ്യാം നൃപസ്യവിനാശനം''
ജാതകത്തില്‍ എല്ലാ ഗ്രഹങ്ങളും രാഹുവിനും കേതുവിനും മദ്ധ്യത്തില്‍ വരുന്നതിനെയാണ്‌ കാലസര്‍പ്പയോഗം എന്നു പറയുന്നത്‌.

ദോഷഫലങ്ങള്‍

സാധാരണയായി 35 വയസ്സുവരെയാണ്‌ ഇതിന്റെ തിക്‌തഫലങ്ങള്‍ തീവ്രമായി കണ്ടുവരുന്നത്‌. ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങളോടൊപ്പം പലവിധ പ്രതിബന്ധങ്ങളും അനുഭവിക്കുവാന്‍ ഇടവരുന്നു. ശുഭാപ്‌തി വിശ്വാസം കുറയും. ചില വ്യക്‌തികളെ ഈ യോഗം ചീത്ത കൂട്ടുകെട്ടുകളിലേക്കും ദുഃശീലങ്ങളിലേക്കും നയിക്കും.
മറ്റു ചിലര്‍ക്ക്‌ ജന്മഗൃഹത്തില്‍നിന്നും സ്വദേശത്തുനിന്നും മാറിത്താമസിക്കേണ്ടതായി വരുന്നു. സ്വജനങ്ങളുമായോ, ബന്ധുജനങ്ങളുമായോ സ്വരച്ചേര്‍ച്ചയില്ലായ്‌മ. ഈ യോഗം ഉള്ളവര്‍ സ്വപ്‌നത്തില്‍ നാഗങ്ങളെ ദര്‍ശിക്കാറുണ്ട്‌.
എന്നാല്‍ എല്ലാ കാലസര്‍പ്പയോഗങ്ങളും ദോഷപ്രദമല്ല. ഭാവസ്‌ഥിതിയാലും സ്‌ഥാനസ്‌ഥിതിയാലും ഉണ്ടാകുന്ന അനുകൂല പ്രതികൂല ബലാബലങ്ങള്‍ അനുസരിച്ച്‌ മറ്റു യോഗങ്ങളെ അപേക്ഷിച്ച്‌ ഗുണത്തേയും ദോഷത്തേയും നല്‍കുന്നു.
ഉദാ: കര്‍ക്കടത്തില്‍ 4 ആം ഭാവാസ്‌ഥിതനായി ത്രികോണ കേന്ദ്രാധിപനോടോ, 11 ആം ഭാവാധിപനോടോ യോഗം ചെയ്‌ത് നില്‍ക്കുന്ന കാളസര്‍പ്പയോഗം വെറും അന്യഗൃഹവാസമോ അന്യദേശവാസമോ മാത്രമല്ല പറയുന്നത്‌. അത്‌ വിദേശഗമനം, വിദേശനാണ്യ സമ്പാദനം തുടങ്ങിയവ നല്‍കുന്ന ഗുണകാരകന്‍ കൂടിയാണ്‌. അതുകൊണ്ട്‌ മൂകപഞ്ചാദശിയില്‍ ദേവിയുടെ രണ്ട്‌ പാദങ്ങളായി വര്‍ണ്ണിച്ചിട്ടുള്ള രാഹുകേതുക്കള്‍ പൂര്‍ണ്ണമായും ഒരു നീചഗ്രഹമാണെന്ന്‌ പറയുവാന്‍ സാധിക്കുകയില്ല.


രാഹുവിന്റെ ബന്ധുമിത്രാദിഗ്രഹങ്ങള്‍

''രാഹോസ്‌തുമിത്രാണി കവിജ്‌ഞമന്ദ
സൂര്യേന്ദു ഭൗമാഃ രിപവസ്സമോ ഗുരു''
(ചമത്‌കാര ചിന്താമണി)
മിത്രം- ശുക്രന്‍ , ബുധന്‍ , ശനി
ശത്രു- സൂര്യന്‍ , ചന്ദ്രന്‍ , കുജന്‍
സമന്‍ - ഗുരു


ഇങ്ങനെ സ്‌ഥാനഭാവ സ്‌ഥിതിയനുസരിച്ചുണ്ടാകുന്ന കാളസര്‍പ്പയോഗം പ്രധാനമായി രണ്ടുവിധത്തിലാണുള്ളത്‌.

1. പൂര്‍ണ്ണകാള സര്‍പ്പയോഗം
2. അര്‍ദ്ധകാളസര്‍പ്പയോഗം
ജാതകവശാല്‍ എല്ലാ ഗ്രഹങ്ങളും രാഹുകേതുമദ്ധ്യത്തില്‍ വരുന്നതിനെ പൂര്‍ണ്ണകാളസര്‍പ്പയോഗമെന്നും, ഏതെങ്കിലും ഒരു ഗ്രഹം രാഹുകേതുമദ്ധ്യത്തില്‍നിന്ന്‌ പുറത്തുനിന്നാല്‍ അതിനെ അര്‍ദ്ധകാളസര്‍പ്പയോഗമെന്നും പറയുന്നു.
പേരുകൊണ്ടു പകുതിയെന്ന്‌ അര്‍ത്ഥം വരുന്ന പദം ഉണ്ടെങ്കിലും ഗുണദോഷപ്രകരണത്തില്‍ അധിക ദോഷപ്രദനായിട്ടുള്ളത്‌ അര്‍ദ്ധകാളസര്‍പ്പയോഗമാണ്‌. ഇങ്ങനെ രണ്ടുവിധത്തിലുള്ള കാളസര്‍പ്പയോഗം രാഹുവിന്റെ ഭാവസ്‌ഥിതി ഭേദത്താല്‍ 12 വിധത്തില്‍ ഉണ്ടാകുന്നു.
ഇതുതന്നെ രാഹുവിന്റെ പൂര്‍വ്വോത്തരഗതിയാല്‍ ക്രമേണ ഏഴുവിധവും അഞ്ചുവിധവുമായി ഭവിക്കുന്നു.


1. അനന്തകാലസര്‍പ്പയോഗം

രാഹുലഗ്നത്തിലും കേതു ഏഴിലും മറ്റുഗ്രഹങ്ങള്‍ ഇവ രണ്ടിനുമിടയില്‍ വന്നുഭവിക്കുന്ന യോഗത്തെ അനന്തകാലസര്‍പ്പയോഗമെന്നു പറയുന്നു.
ഈ യോഗമുള്ള വ്യക്‌തി ശാരീരകമായും മാനസികമായും പല ബുദ്ധിമുട്ടുകള്‍ അനുഭവിക്കും ഗവണ്‍മെന്റ്‌ സംബന്ധമായോ, കൂട്ടുകച്ചവട സംബന്ധമായോ, സ്‌ത്രീമൂലമോ പല നിയമക്കുരുക്കിലും ചെന്നുപെടാന്‍ സാധ്യതയുണ്ട്‌. ഈ യോഗം വിവാഹബന്ധത്തെ പ്രതികൂലമായി ബാധിക്കുകയോ, വിവാഹത്തെ വൈകിപ്പിക്കുകയോ ചെയ്യാം. എന്നാല്‍ ഈ യോഗമുള്ളവര്‍ പൊതുവേ വിശാലഹൃദയരും ധൈര്യശാലികളും സാഹസികരുമായിരിക്കും. സാഹിത്യം, മനഃശാസ്‌ത്രം, രാഷ്‌ട്രീയം എന്നിവയില്‍ പ്രശസ്‌തി ലഭിക്കും.


2. ഗുളിക കാളസര്‍പ്പയോഗം

ലഗ്നാല്‍ രാഹു 2 ആം ഭാവത്തും കേതു 8 ആം ഭാവത്തും വന്ന്‌ മറ്റുള്ള ഗ്രഹങ്ങള്‍ ഇതിന്റെ മദ്ധ്യത്തില്‍ വരുന്ന യോഗത്തെയാണ്‌ ഗുളിക കാളസര്‍പ്പയോഗമെന്നു പറയുന്നത്‌. ഇത്‌ വളരെ വലിയ ധനനഷ്‌ടത്തേയും മാനഹാനിയേയും ഉണ്ടാക്കിയേക്കാം. സമൂഹത്തില്‍ പലവിധമായിട്ടുള്ള അപവാദങ്ങള്‍ക്കും ഇടവന്ന്‌, സാമൂഹ്യജീവിതം വളരെ കഷ്‌ടം നിറഞ്ഞതാകുവാന്‍ ഇടയുണ്ട്‌. അധികാരലബ്‌ധി, സയന്‍സില്‍ പ്രാവീണ്യം, സ്വതസിദ്ധമായ കഴിവില്‍ ഉയര്‍ച്ച, തന്ത്രികവിദ്യ എന്നിവ ഫലം.


3. വാസുകി കാളസര്‍പ്പയോഗം

രാഹു മൂന്നാം ഭാവത്തും കേതു ഒന്‍പതാം ഭാവത്തും ആയിവന്ന്‌ മറ്റുഗ്രഹങ്ങള്‍ ഇതിന്‌ മദ്ധ്യത്തിലായിവരുന്ന യോഗത്തെ വാസുകി കാളസര്‍പ്പയോഗമെന്ന്‌ പറയുന്നു. ഈ യോഗം ഭാഗ്യനാശത്തെ ചെയ്യുമെങ്കിലും വലുതായ ഒരു ആത്മീയ ഉയര്‍ച്ച ഉണ്ടാക്കും. ലക്ഷ്യങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്തുള്ള ജീവിതത്തില്‍ സഹോദരങ്ങളില്‍നിന്നും പിതാവില്‍നിന്നും അകല്‍ച്ച ഉണ്ടാക്കാം. രാഷ്‌ട്രീയം, പത്രപ്രവര്‍ത്തനം, വേദാന്തം ഇവയില്‍ പ്രശസ്‌തി, സുഖകരമായ വിവാഹജീവിതം എന്നിവയും ഫലം.


4. ശംഖപാല/ശംഖ്‌പദ കാളസര്‍പ്പയോഗം

രാഹു നാലാം ഭാവത്തും കേതു പത്താം ഭാവത്തിലുമായി മറ്റുഗ്രഹങ്ങള്‍ ഇതിന്‌ മദ്ധ്യത്തില്‍ വരുന്നതിനെ ശംഖപദകാളസര്‍പ്പയോഗം എന്നു പറയുന്നു. ഈ യോഗമുള്ളവര്‍ക്ക്‌ ബന്ധുബലവും സുഹൃദ്‌ബലവും കുറയും അല്ലെങ്കില്‍ അവരോട്‌ അകലും. കര്‍മ്മമണ്ഡലത്തില്‍ സ്‌ഥിരതയില്ലാതെയും അന്യദേശവാസം അന്യഗൃഹവാസം അനുഭവിച്ചും തത്‌ദേശത്ത്‌ സൗഭാഗ്യമുണ്ടാകും.


5. പത്മകാലസലര്‍പ്പയോഗം

രാഹു അഞ്ചാം ഭാവത്തും കേതു പതിനൊന്നാം ഭാവത്തും ആയി മറ്റുഗ്രഹങ്ങള്‍ ഇതിന്‌ മദ്ധ്യത്തില്‍ വരുന്നതിനെ പത്മകാലസര്‍പ്പയോഗം എന്നു പറയുന്നു. ഈ യോഗം കാര്യാലോചനകള്‍ക്ക്‌ തടസ്സമുണ്ടാക്കി വിദ്യാഭ്യാസത്തിന്‌ തടസ്സം സൃഷ്‌ടിക്കും. പ്രേമനൈരാശ്യം ധനാദി അഭീഷ്‌ടങ്ങള്‍ക്ക്‌ വിഘ്‌നങ്ങള്‍ എന്നിവ ഫലം. ഈ യോഗം അല്‌പസന്താനത്തേയോ, വൈകിയുള്ള സന്താനത്തേയോ കാണിക്കുന്നു. എങ്കിലും ഇക്കൂട്ടര്‍ കലാരംഗങ്ങളില്‍ ശോഭിക്കുവാന്‍ ഇടയുണ്ട്‌.


6. മഹാപത്മ കാലസര്‍പ്പയോഗം

രാഹു ആറാം ഭാവത്തും കേതു 12 ആം ഭാവത്തുമായി വരുന്ന കാളസര്‍പ്പയോഗത്തെ മഹാപത്മകാള സര്‍പ്പയോഗം എന്നു പറയുന്നു. ഇത്‌ ജാതകന്‌ പെട്ടെന്നുള്ള സ്‌ഥാനധനക്ഷയങ്ങളേയും ഇച്‌ഛാഭംഗത്തേയും ഉണ്ടാക്കുന്നു. അമ്മാവനുമായി സ്വരച്ചേര്‍ച്ച ഇല്ലാതെവരും. അമ്മാവന്‍ വഴി ദുഃഖമനുഭവിക്കും. എന്നാല്‍ ഈ യോഗം ജാതകനെ സംബന്ധിച്ചിടത്തോളം മോക്ഷപ്രദമായ ആത്മീയാനുഭൂതിയെ ഉളവാക്കുന്നതാണ്‌. മാത്രവുമല്ല; ഇക്കൂട്ടര്‍ ജ്യോതിശ്ശാസ്‌ത്രം, രാഷ്‌ട്രീയം, വക്കീല്‍ ഉദ്യോഗം എന്നിവയില്‍ ശോഭിക്കും.


7. തക്ഷകകാളസര്‍പ്പയോഗം

രാഹു ഏഴിലും കേതു ലഗ്നത്തിലും മറ്റെല്ലാ ഗ്രഹങ്ങളും ഇവയ്‌ക്ക് നടുവിലും ആയിവരുന്ന യോഗത്തെ തക്ഷക കാളസര്‍പ്പയോഗം എന്നു പറയുന്നു. ഈ യോഗമുള്ള ജാതകന്‌ വിവാഹത്തിന്‌ താമസമോ, വിവാഹബന്ധത്തില്‍ സ്വരച്ചേര്‍ച്ചയില്ലായ്‌മയോ ഉണ്ടാകുവാന്‍ ഇടയുണ്ട്‌. വേദാന്ത ദര്‍ശനങ്ങളില്‍ താല്‌പര്യമുളള ഇക്കൂട്ടര്‍ക്ക്‌ കൂട്ടുകച്ചവടം, ഷെയര്‍മാര്‍ക്കറ്റ്‌ തുടങ്ങിയ മേഖലകള്‍ നല്ലതല്ല. സ്‌ത്രീമൂലവും ചൂതാട്ടം തുടങ്ങിയ ദുഃശീലം മൂലവും ധനനഷ്‌ടം ഉണ്ടാകുവാന്‍ ഇടയുണ്ട്‌. സാഹിത്യം, പത്രപ്രവര്‍ത്തനം എന്നീ മേഖലകള്‍ ഉത്തമം.


8. കാര്‍ക്കോടക കാളസര്‍പ്പയോഗം

രാഹു എട്ടിലും കേതു രണ്ടിലും മറ്റെല്ലാ ഗ്രഹങ്ങളും ഇതിനു മദ്ധ്യത്തിലുമായിവരുന്ന യോഗത്തെ കാര്‍ക്കോടക കാളസര്‍പ്പയോഗം എന്നു പറയുന്നു. ഈ യോഗമുള്ള ജാതകന്‌ വിദ്യാഭ്യാസപരമായി ഉയര്‍ച്ചയുണ്ടാകും. വാക്‌ചാതുര്യമുണ്ടാകും. പക്ഷേ, മുന്‍കോപിയാകും. ചീത്ത കൂട്ടുകെട്ടുകളിലകപ്പെടും. പിതൃവഴി വന്നുചേരേണ്ട ധനാദി സമ്പത്തുകള്‍ക്ക്‌ വിഘ്‌നം. എന്നാല്‍ ഇക്കൂട്ടര്‍ കുറ്റാന്വേഷണം, ഭൂഗര്‍ഭശാസ്‌ത്രം, താന്ത്രികം എന്നിവയില്‍ പ്രഗത്ഭരായി കാണാറുണ്ട്‌.


9. ശംഖചൂഢ കാളസര്‍പ്പയോഗം

രാഹു ഒന്‍പതിലും കേതു മൂന്നിലും മറ്റെല്ലാ ഗ്രഹങ്ങളും ഇതിന്‌ മദ്ധ്യത്തിലുമായിവരുന്ന യോഗത്തെ കാര്‍ക്കോടക കാളസര്‍പ്പയോഗം എന്നു പറയുന്നു. സഹോദരന്മാരില്‍നിന്നും പിതാവില്‍നിന്നും പ്രതികൂല അനുഭവങ്ങള്‍ ഉണ്ടാകും. അസത്യവാദിയാകും. പലവിധ പ്രശ്‌നങ്ങള്‍ക്ക്‌ കാരണഭൂതനാകും. എന്നിരുന്നാലും വളരെ ധൈര്യശാലികളായ ഇക്കൂട്ടര്‍ എത്രയൊക്കെ ബുദ്ധിമുട്ടുള്ളതാണെങ്കിലും അതിനെയൊക്കെ തരണം ചെയ്‌ത് ഏറ്റെടുത്തിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും. ലോകസഞ്ചാരം, യുദ്ധവൈദഗ്‌ധ്യം, സാഹിത്യപ്രവര്‍ത്തനം, സ്‌പോര്‍ട്‌സ് എന്നിവയില്‍ പ്രശസ്‌തി ലഭിക്കും.


10. ഘടക കാളസര്‍പ്പയോഗം (പാതക കാളസര്‍പ്പയോഗം)

രാഹു പത്തിലും കേതു നാലിലും മറ്റെല്ലാ ഗ്രഹങ്ങളും ഇതിന്‌ മദ്ധ്യത്തിലുമായിവരുന്ന കാളസര്‍പ്പയോഗത്തെ ഘടക കാളസര്‍പ്പയോഗം അഥവാ പാതക കാളസര്‍പ്പയോഗം എന്നു പറയുന്നു. ഈ യോഗമുള്ളവര്‍ക്ക്‌ കര്‍മ്മമണ്ഡലത്തില്‍ ഏറ്റെടുത്തിരിക്കുന്ന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ താമസമുണ്ടാകും. കുടുംബബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകും. ശാരീരികസ്വാസ്‌ഥ്യം ഉണ്ടാകും. പക്ഷേ, ഈ ജാതകരുടെ രാഹുകേതുക്കള്‍ സ്‌ഥാനസ്‌ഥിത്യാദി യോഗത്താല്‍ ബലവാന്മാരായ ശുഭദാതാക്കളാണെങ്കില്‍ രാഷ്‌ട്രീയരംഗത്ത്‌ വളരെ വലിയ സ്‌ഥാനമാനങ്ങള്‍ അലങ്കരിക്കുവാന്‍ യോഗമുണ്ടാകും. അന്യദേശത്ത്‌ ഭാഗ്യം ലഭിക്കും.


11. വിഷധരകാളസര്‍പ്പയോഗം

രാഹു പതിനൊന്നിലും കേതു അഞ്ചിലും മറ്റെല്ലാഗ്രഹങ്ങളും ഇതിന്‌ മദ്ധ്യത്തിലുമായി വരുന്ന യോഗത്തെ വിഷധരകാളസര്‍പ്പയോഗം എന്നു പറയുന്നു. ഈ യോഗമുള്ള ജാതകന്‌ ഒരിടത്തും സ്‌ഥിരമായി നിലകൊളളുവാന്‍ സാധിക്കുന്നതല്ല. മനസ്സില്‍ കുറിച്ചിട്ട കാര്യങ്ങള്‍ വേണ്ട സമയത്തു മറന്നുപോകും. സന്താനതടസ്സമുണ്ടാകും. കാലസ്‌ഥാനസ്‌ഥിതി ബലമനുസരിച്ച്‌ രാഹുകേതുക്കളും മറ്റു ഗ്രഹങ്ങളും അനുകൂലമാണെങ്കില്‍ ഈ വ്യക്‌തിയുടെ ജീവിതം രാജതുല്യമായിരിക്കും.


12. ശേഷനാഗകാളസര്‍പ്പയോഗം

രാഹു പന്ത്രണ്ടിലും കേതു ആറിലും മറ്റുള്ള ഗ്രഹങ്ങള്‍ ഇതിന്‌ മദ്ധ്യത്തിലുമായിവരുന്ന യോഗത്തെ ശേഷനാഗകാള സര്‍പ്പയോഗം എന്നു പറയുന്നു. ഈ യോഗം പലവിധ ശാരീരിക അസ്വാസ്‌ഥ്യങ്ങളും പരാജയങ്ങളും ഉളവാക്കും. എങ്കിലും പില്‍ക്കാലത്ത്‌ പ്രശസ്‌തി നല്‍കും. ജ്യോതിഷംപോലുള്ള ശാസ്‌ത്രങ്ങളില്‍ പാണ്ഡിത്യമുണ്ടാകും.


പരിഹാരക്രിയകള്‍

1. ശിവപഞ്ചാക്ഷരി മന്ത്രജപം
2. മൃത്യുഞ്‌ജയ മന്ത്രജപം
3. ദുര്‍ഗ്ഗാസപ്‌തശതി പാരായണം
4. രുദ്രാഭിഷേക പൂജ
5. കാളസര്‍പ്പയജ്‌ഞം (കാളഹസ്‌തിക്ഷേത്രം)
6. രത്നധാരണം
7. രാഹുകേതു ക്ഷേത്രദര്‍ശനം.
8. സര്‍പ്പബലി
9. ആയില്യം പൂജ
10. പിതൃശ്രാദ്ധം, നന്ദിശ്രാദ്ധം.
ദോഷശാന്തിക്കും രാഹുപ്രീതിക്കും ഈ പരിഹാരക്രിയകള്‍ ചെയ്യുക.

No comments:

Post a Comment