Monday, July 22, 2013

ശ്രീ അഞ്ചുമൂര്‍ത്തീക്ഷേത്രം ആനിക്കോട്-പാലക്കാട്

ആയിരക്കണക്കിനു വര്‍ഷങ്ങല്‍ക്ക് മുമ്പ് ഏതോ പുണ്യകരങ്ങളാല്‍ പ്രതിഷ്ഠിതമായ അഞ്ചുമൂര്‍ത്തികള്‍ - ശ്രീ ഗണപതി, ശിവന്‍, പാര്‍വ്വതി, മഹാവിഷ്ണു, ശാസ്താവ്- വ്യത്യസ്തമായ ഭാവത്തില്‍ വെവ്വേറെ ശ്രീകോവിലില്‍ തുല്യ പ്രധാനികളായി കൂടികൊള്ളുന്ന മറ്റൊരു ക്ഷേത്രവുമില്ല. ഈ ക്ഷേത്ര സമുച്ചയം തികച്ചും നാമവശേഷമായി, കാടുപിടിച്ചുകിടന്നിരുന്ന ഈ സ്ഥലത്ത്, 2008 ജൂലായ് മാസത്തിലാണ് ക്ഷേത്ര പുനര്‍നിര്‍മ്മാണവും പ്രതിഷ്ഠകളും നടന്നത്. പടിഞ്ഞാറോട്ട് തിരിഞ്ഞ് വലിയ ശ്രീലകത്ത് സര്‍വ്വവിഘ്ന നാശകനായ മഹാഗണപതി കുടികൊള്ളുന്നു.
തൊട്ടു മുന്നില്‍ മകനെ നോക്കിക്കൊണ്ട് ശ്രീപരമേശവരന്‍ ബണലിംഗരൂപത്തില്‍ കുടികൊള്ളുമ്പോള്‍ തൊട്ടടുത്ത് മറ്റൊരു ശ്രീകോവിലില്‍ ശ്രീപാര്‍വ്വതീദേവിയും കുടികൊള്ളുന്നു.വേറൊരു പ്രത്യേകത ഗണപതി അമ്പലത്തിന്റെ ഇടതു ഭാഗത്തായി മറ്റൊരു ശ്രീ കോവിലില്‍ ജടാമകുടധാരിയും അമൃതകലശഹസ്തനുമായി കുടികൊള്ളുന്ന ശാസ്താവ് പദ്മാസനസ്ഥനാണ് എന്നതത്രേ! ശാസ്താവിന് മുന്നിലായി വേറെശ്രീലകത്ത് നവതാളശിലയില്‍ നിര്‍മ്മിച്ച വിഷ്ണു ഭഗവാന്റെചതുര്‍ബാഹുരൂപം പ്രതിഷ്ഠിച്ചിരിക്കുന്നു. ദേവകീപുത്രനായിപ്പിറന്ന ഭഗവാന്‍ അമ്മയ്ക്ക് ദര്‍ശനം നല്‍കുന്ന ഭാവമാണ് പ്രതിഷ്ഠയുടേത്.
ഏതു തടസ്സങ്ങളും തന്റെ തുമ്പിക്കൈകൊണ്ട് ഭക്തരെ കാക്കുന്ന ഗണപതി ഭഗവാന്‍ ക്ഷിപ്രപ്രസാദിയാണ് ഒരൊറ്റയപ്പം കൊടുത്താല്‍പോലും ഭക്തഹിതം നടത്തിക്കൊടുക്കുന്ന "വിഘ്നരാജന്‍" കിഴക്കുനിന്നൊഴുകിവന്ന് ക്ഷേത്രത്തെ വലംവെച്ച് വടക്കോട്ടൊഴുകുന്നതുകൊണ്ട് ഗംഗാസാന്നിദ്ധ്യമുള്ള നിളാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ബാണലിംഗരൂപിയായ ശ്രീപരമേശ്വരന്റെ ശക്തി വര്‍ദ്ധിക്കുന്നു. ആയുരാരോഗ്യദായകനായ മൃത്യുഞ്ജയ ഭഗവാന്‍ ധാരകള്‍കൊണ്ട് പ്രസന്നനാകും.

നെടുമംഗല്യത്തിനു അനുഗ്രഹം നല്‍കുന്ന ശ്രീപാര്‍വ്വതീദേവി ഒരു കുങ്കുമാര്‍ച്ചനകൊണ്ടുപോലും ഭക്തരെ ദീര്‍ഘസുമംഗലികളാക്കുമത്രേ!വിവാഹലബ്ധിക്കായി ഉമാമഹേശ്വര പൂജയും പ്രദോഷപൂജയും പ്രധാനവഴിപാടുകളാണ്.

അവതാര വിഷ്ണു ഉണ്ണിക്കണ്ണനാണ് ബുദ്ധിയുടെ പ്രതീകമായ വെണ്ണനിവേദിക്കുക, വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തുക എന്നിവകൊണ്ട് മക്കള്‍ക്ക് വിദ്യാപ്രാപ്തി ഉണ്ടാവും എന്നുറപ്പാണ്. സന്താനലാഭം ആഗ്രഹിക്കുന്നവര്‍ പാല്‍പ്പായസം നിവേദിച്ച് കുട്ടികള്‍ക്ക് കൊടുത്താല്‍ ഇഷ്ടഫലപ്രാപ്തി ഉണ്ടാവും. കദളിക്കുല സമര്‍പ്പണവും ഈ അവതാരവിഷ്ണുവിന് ഉത്തമമത്രേ!.

ഇവിടത്തെ ശാസ്താവിന് സവിശേഷതയുണ്ട് വൈദ്യനാഥനാണ്. ഏതു മാറാരോഗവും മാറ്റുന്ന അമൃതകലശം വഹിച്ചിരിക്കുന്ന ഈ ദേവന്‍ സര്‍വ്വരോഗസംഹാരിയാണ്. ഒന്നുതൊഴുതാല്‍പ്പോലും ആരോഗ്യം നല്‍കുന്ന ഭഗവാന്‍, കഠിനപ്പായസം നിരാഞ്ജനം എന്നീ വഴിപാടുകള്‍കൊണ്ട് ശനിപീഡകള്‍ ഇല്ലാതാക്കുന്ന മൂര്‍ത്തിയാണ്. ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി എന്നിവയുടെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരാശ്വാസമാണ് ഈ ദേവദര്‍ശനം.

അഞ്ചുമൂര്‍ത്തികളുടെ ഈ മഹാസവിധത്തില്‍ ബലിതര്‍പ്പണം നടത്തിയാല്‍ നൂറുതലമുറകളായി അനുഭവിച്ചുപോരുന്ന പിതൃദോഷങ്ങള്‍ ഇല്ലാതാകുന്നു. പിതൃക്കളെ വിഷ്ണു പാദത്തില്‍ ലയിപ്പിച്ച് മോക്ഷം കിട്ടാനുള്ള ഉത്തമ സങ്കേതമാണ് ഈ നിളാനദീതടക്ഷേത്രസമുച്ചയം. മുജ്ജന്മപാപങ്ങളും ബ്രഹ്മഹത്യാപാപങ്ങളും തീരുവാന്‍ ശൈവവൈഷ്ണവ സാന്നിദ്ധ്യമുള്ള ഈ ക്ഷേത്രദര്‍ശനം മാത്രം മതി.

സ്ഥലസൂചന: പാലക്കാട് ജില്ലയില്‍ കോട്ടായിക്കടുത്ത് ആനിക്കോട് സ്ഥിതിചെയ്യുന്ന അഞ്ചുമൂര്‍ത്തീക്ഷേത്രം തികച്ചും വ്യത്യസ്തമാണ്. തമിഴകത്തെ ത്രിമൂര്‍ത്തിമലയിലെ സ്വയംഭൂ ശിവലിംഗത്തിന്റെ അടിയില്‍ഉദ്ഭവിക്കുന്ന പുണ്യ തീര്‍ഥമായ നിളാനദി ഈ സ്ഥലത്തെത്തുമ്പോള്‍ കിഴക്കുനിന്ന് വടക്കോട്ട് അര്‍ദ്ധചന്ദ്രക്കലാകൃതിയില്‍ ഒഴുകുന്നതുകൊണ്ട് ഇവിടുത്തെ മൂര്‍ത്തികളുടെ ചൈതന്യം വര്‍ദ്ധിക്കുന്നു.

Temple URL:- www.anchumurthytemple.com

No comments:

Post a Comment