Friday, July 19, 2013

കുട്ടികള്‍ക്കുള്ള മുഹൂര്‍ത്തങ്ങള്‍

പേരിടാന്‍
കുട്ടി ജനിച്ച്‌ പന്ത്രണ്ടാം ദിവസം പേരിടാം. പതിമൂന്ന്‌ പാടില്ല. അശ്വതി, ഭരണി, കാര്‍ത്തിക, പൂരം, ആയില്യം, ചിത്തിര, വിശാഖം, തൃക്കേട്ട, പൂരാടം, പൂരൂരുട്ടാതി എന്നിവ നല്ലതല്ല. ബാക്കി നക്ഷത്രങ്ങള്‍ നല്ലത്‌. കുഞ്ഞിന്റെ പിറന്നാള്‍ ഒഴിവാക്കണം. അഷ്‌ടമത്തില്‍ ചൊവ്വ പാടില്ല. മേടം, മകരം, തുലാം രാശിയെ മൂന്നായി ഭാഗിച്ചാല്‍ കിട്ടുന്ന ആദ്യ രണ്ടു ഭാഗങ്ങളും ചൊവ്വാഴ്‌ചയും ശനിയാഴ്‌ചയും വര്‍ജ്‌ജ്യമാണ്‌. 


ചോറൂണിന്‌ : 

ജനനമാസം മുതല്‍ ആറ്‌, എട്ട്‌, പത്ത്‌ മാസങ്ങള്‍ ആണ്‍കുട്ടിക്ക്‌ ചോറൂണ്‌ ആകാം. അഞ്ച്‌, ഏഴ്‌, ഒമ്പത്‌ പെണ്‍കുട്ടികള്‍ക്ക്‌ ആകാം. ഹരിവാസരം നന്നല്ല. ഊണ്‍നാളുകള്‍ അശ്വതി, രോഹിണി, മകയിരം, പുണര്‍തം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, അവിട്ടം, ചതയം, തിരുവോണം, ഉത്രട്ടാതി, രേവതി എന്നിവ ഉത്തമം. ബാക്കി നക്ഷത്രങ്ങള്‍ പാടില്ല. 


വിദ്യാരംഭത്തിന്‌ : 

ഊണ്‍നാളുകള്‍ പതിനാറും തിരുവാതിരയും വിദ്യാരംഭത്തിന്‌ നല്ലത്‌. നവമി വര്‍ജ്യമല്ല. പഠനം തുടങ്ങുന്നതിന്റെ പിറ്റേ ദിവസം എന്തായാലും പഠനം നടത്തണം. മുടങ്ങരുത്‌. എടവം, ചിങ്ങം, വൃശ്‌ചികം, കുംഭം, മീനം രാശികളും അഷ്‌ടമത്തില്‍ ചൊവ്വയും അഞ്ചിലും, രണ്ടിലും പാപന്മാരും, തിങ്കള്‍, ചൊവ്വ, ശനി ആഴ്‌ചകളും പിറന്നനാളും വര്‍ജ്യമാണ്‌. 


കാതുകുത്താന്‍ :

മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ഉത്രം, അത്തം, ചിത്തിര, ഉത്രാടം, തിരുവോണം, അവിട്ടം, ഉത്രട്ടാതി, രേവതി എന്നീ നാളുകള്‍ കാതുകുത്താന്‍ നല്ലത്‌. ചിങ്ങം, വൃശ്‌ചികം, കുംഭം എന്നീ രാശികളും കുട്ടിയുടെ ജന്മനക്ഷത്രവും പാടില്ല. പാപദൃഷ്‌ടി, പാപോദയം എന്നിവ വര്‍ജ്‌ജിക്കുക. 


വയമ്പ്‌ കൊടുക്കാന്‍ : 

അശ്വതി, രോഹിണി, മകയിരം, പുണര്‍തം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി ഈ നാളുകളും ഞായര്‍, തിങ്കള്‍ , ബുധന്‍, വ്യാഴം, വെള്ളി ആഴ്‌ചകളും വേലിയേറ്റ സമയവും വയമ്പ്‌ കൊടുക്കാന്‍ നന്ന്‌. നിത്യദോഷങ്ങളും അഷ്‌ടമത്തില്‍ ചൊവ്വയും അപരാഹ്നകാലവും മേടം, വൃശ്‌ചികം, മീനം രാശികളും പാടില്ല. 


കണ്ണെഴുതാന്‍ : 

വയമ്പു കൊടുക്കാന്‍ പറഞ്ഞിട്ടുള്ള നക്ഷത്രങ്ങളില്‍ രണ്ടു കണ്ണുള്ള നക്ഷത്രങ്ങളും തിങ്കള്‍ , ബുധന്‍ , വ്യാഴം ആഴ്‌ചകളും വേലിയേറ്റവും കണ്ണെഴുതാന്‍ നന്ന്‌. ശുക്രന്‍ നില്‍ക്കുന്ന രാശിയും നിത്യദോഷങ്ങളും പാടില്ല. 


തൊട്ടിലില്‍ കിടത്താന്‍ :

രോഹിണി, തിരുവാതിര, പൂയം, ഉത്രം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി നാളുകളും പ്രഥമയും ഷഷ്‌ഠിയും ഒഴിച്ചുള്ള തിഥികളും അഷ്‌ടമശുദ്ധിയും ശുഭദൃഷ്‌ടിയുമുള്ള രാശികളും കുട്ടിയെ ആദ്യമായി തൊട്ടിലില്‍ കിടത്താന്‍ നല്ലതാണ്‌. ചൊവ്വ, ശനി ആഴ്‌ചകള്‍ പാടില്ല. 


ഉപനയനത്തിന്‌ : 

ജനിച്ച്‌ ഏഴാമത്തെ വര്‍ഷം തുടങ്ങിയാല്‍ ഉപനയനം ഉത്തമം. അഞ്ചാമത്തെ വര്‍ഷവും ചെയ്യാം. ഊണുനാളുകള്‍ കൊള്ളാം. അനദ്ധ്യായവും രാത്രിയും വര്‍ജിക്കണം. ഒമ്പതമിടത്ത്‌ സൂര്യന്‍ രാഹു, ചൊവ്വ എന്നിവയും അഷ്‌ടമത്തില്‍ ശുക്രനൊഴിച്ചുള്ള വരും മൂന്നില്‍ വ്യാഴവും ബാലന്റെ പിറന്നാളും, ആചാര്യന്റെ അഷ്‌ടമരാശിയും അഷ്‌ടമരാശിക്കൂറും കൃഷ്‌ണപക്ഷവും ചൊവ്വ, ശനി ആഴ്‌ചകളും ദക്ഷിണായനവും വര്‍ജ്യം.

No comments:

Post a Comment