Saturday, July 20, 2013

ദുരിതശാന്തിക്ക് മഹാമൃത്യുഞ്ജയഹോമവും ഛായാദാനവും

രാഗാരിഷ്ടങ്ങള്‍ തീരാന്‍ ഏറ്റവും നല്ലതായ പരിഹാരം മൃത്യുഞ്ജയ ഹോമമാണ്. മഹാമൃത്യുഞ്ജയ ഹോമമായാല്‍ വളരെ വിശേഷമായി. രോഗി ഈ ഹോമത്തില്‍ നിന്ന് നിര്‍ഗമിക്കുന്ന ധൂമം ശ്വസിക്കുന്നത് നല്ലതാണ്. ജന്മാന്തരകൃതം പാപം വ്യാധിരൂപേണ ജായതേ തശ്ചാന്തരിരൌഷധൈര്‍ ധ്യാന- ജപഹോമാര്‍ച്ച നാദി ഭി വ്യാധിക്ക് കാരണം പാപമാണ് ജന്മാന്തരകൃതമായിരിക്കുന്ന പാപങ്ങള്‍ വ്യാധിരൂപത്തില്‍ ജനിക്കുന്നു. അതിന് പരിഹാരമായി ഔഷധം, ധ്യാനം, ജപം, ഹോമം, അര്‍ച്ചന മുതലായ കാര്യങ്ങള്‍ ചെയ്യേണ്ടതാകുന്നുവെന്ന് സാരം. ജന്മാന്തരകൃതമായ കാര്യങ്ങളറിയണമെങ്കില്‍ ജാതകം, പ്രശ്നം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. ജാതകത്തിലെ അഞ്ചും ഒമ്പതും ഭാവങ്ങള്‍ പ്രാഗ്ജന്മദുരിതത്തെ സൂചിപ്പിക്കുന്നു. തീര്‍ത്ഥാടനം, സമുദ്രസ്നാനം, ദാനം, ഛായാദാനം, ഗോമൂല്യദാനം, പ്രത്യക്ഷപശുദ്ദാനം, അന്നദാനം, പയോവ്രതം, സൂര്യനമസ്കാരം, സര്‍പ്പ പൂജ, പ്രാതഃസ്നാനം, അരയാല്‍ പ്രദക്ഷിണം, മുക്കിടി നിവേദ്യം, കഷായ നിവേദ്യം, പഞ്ചഗവ്യം സേവിക്കല്‍, ആടിച്ച എണ്ണ സേവിക്കല്‍, കളഭം ചാര്‍ത്തല്‍, കറുക ഹോമം, ഗണപതിഹോമം തുടങ്ങി ഒട്ടനേകം പരിഹാരങ്ങളുണ്ട്. മന്ത്രജപം, രത്നധാരണം, രുദ്രാക്ഷധാരണം, സര്‍പ്പപൂജ, ശിവസങ്കല്‍പ്പ ധാര, ജലധാര, ശംഖാഭിഷേകം, ബ്രാഹ്മണഭോജനം, നമസ്കാരം, ദമ്പതീ സമാരാധന, വസ്ത്രദാനം, അമൃത കുംഭസമര്‍പ്പണം, അക്ഷയ തൃതീയയില്‍ സ്വര്‍ണ്ണധാനം, ചെരിപ്പ്, കുട, വിശറിദാനം, സംഭാരപ്പകര്‍ച്ച, തണ്ണീര്‍പന്തലിടല്‍, കര്‍ക്കടക മാസത്തിലെ ഔഷധ സേവ, മീനൂട്ട്, തിലഹോമം, ഒരിക്കല്‍ വ്രതം, തുലാഭാരം തുടങ്ങി അനേകം പരിഹാരങ്ങള്‍ പ്രചാരത്തിലുണ്ട്. മൃത്യുഞ്ജയ ഹോമത്തില്‍ ഓരോ സാധനങ്ങളും ( പേരാല്‍മുട്ട് 144, കറുക മൂന്നുകൂട്ടിക്കെട്ടിയത് 144, അമൃത് 144, ഞഴുചമത 144, തേന്‍, പായസം, തുടങ്ങി) ഓരോ ദിവസവും ഹോമിക്കേണ്ടതാണ്. അങ്ങനെ ഏഴ് ദിവസങ്ങളിലായി ഹോമിക്കുന്നു. രാഗാരിഷ്ടങ്ങള്‍ തീരാന്‍ ഛായാദാനവും വളരെ വിശേഷമാണ്. മൂന്നുമുഴം സമചതുരമായ കറുത്ത തുണിയില്‍ രണ്ടിടങ്ങഴി എള്ള് പരത്തി അതിന്‍‌മീതേ ഇരുമ്പുകൊണ്ടുണ്ടാക്കിയ ഒരു പരന്ന പാത്രം നിറയെ ശുദ്ധമായ നല്ലെണ്ണ നിറച്ച് അതില്‍ ദ്രവ്യവും സ്വര്‍ണ്ണ നാണ്യങ്ങളും ഇട്ട് പ്രത്യേക പ്രായശ്ചിത്ത മന്ത്രങ്ങളോട് കൂടി രോഗിയുടെ പ്രതിബിംബം ഈ പരന്ന പാത്രത്തിലെ നല്ലെണ്ണയില്‍ കാണിപ്പിച്ച് തന്റെ ദുരിതങ്ങളെല്ലാം തീര്‍ന്നെന്ന് കാണിച്ച് ആ ദുരിതത്തെ എള്ള് നിറച്ച തുണിയോടും പാത്രത്തോടും കൂടെ വിശിഷ്ട ബ്രാഹ്മണന് ദാനം ചെയ്യുകയാണ് ഛായാദാനം. അതായത് ദുരിതത്തെ വേറൊരാള്‍ക്ക് കൊടുക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബ്രഹ്മണന്‍ ഗായത്രി ജപിച്ച് പരിഹാരങ്ങള്‍ ചെയ്ത് ഏറ്റെടുത്ത ദുരിതത്തെ മാറ്റുന്നു. ചിലത് ഏറ്റെടുത്ത വ്യക്തിക്ക് തന്നെ ബാധിക്കും. മേല്‍‌പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് ഛായാദാനം വഴിക്കാണത്രേ ഗുരുനാഥനായ തൃക്കണ്ടിയൂര്‍ അച്യുതപിഷാരടിയുടെ വാതരോഗം ഏറ്റുവാങ്ങിയത്. ആ വാതരോഗം പരിഹാരം കൊണ്ട് പൂര്‍ത്തിയാകാത്തതുകൊണ്ട് തുഞ്ചത്താചാര്യനോട് ചോദിക്കുകയും അദ്ദേഹം മീന്‍‌തൊട്ട് കൂട്ടാന്‍ ഉപദേശിച്ച കഥ പ്രസിദ്ധമാണല്ലോ. മീന്‍ തൊട്ടുകൂട്ടുക എന്നാല്‍ ഭഗവാന്റെ മത്സ്യാവതാരം മുതല്‍ കൂട്ടുക. അതായത് മത്സ്യകൂര്‍മ്മവരാഹം തുടങ്ങിയ ദശാവതാര വര്‍ണ്ണന നടത്തുന്ന ഒരു മഹദ്‌ഗ്രന്ഥം സൃഷ്ടിക്കാനാണ് ഉപദേശിച്ചത്. അങ്ങനെയാണത്രെ നാരായണീയത്തിന്റെ ഉത്ഭവം

No comments:

Post a Comment