Saturday, July 20, 2013

ആഭിചാരം എന്നാലെന്ത്?

ശത്രുദോഷം വരുത്തുന്ന മാന്ത്രികക്രിയയാണ് ആഭിചാരം. ഏതെങ്കിലും തന്റെ ശത്രുവിനെ കൊല്ലാനോ അപകടത്തില്‍പ്പെടുത്താനോ, ദോഷങ്ങള്‍ വരുത്താനോ ചില മന്ത്രവാദികള്‍ ചെയ്യുന്ന ദുഷ്കര്‍മ്മം. ഏതെങ്കിലും ഒരു ലോഹത്തകിടില്‍ സാദ്ധ്യായനാമമെഴുതി ചില അടയാളങ്ങളും കളങ്ങളും ശത്രുവിന്റെ ചിത്രവും വരച്ച് ഇത്ര ദിവസം എന്ന കണക്കില്‍ പൂജ ചെയ്ത് എടുക്കുന്നു. തകിട് ചുരുട്ടി ഒരു കുഴലിലോ മറ്റേതെങ്കിലും പ്രത്യേകതരം സാധനങ്ങളിലോ അടക്കം ചെയ്ത് ശത്രുവരുന്ന വഴിയില്‍ സ്ഥാപിച്ച് അയാളറിയാതെ മറികടത്തുകയോ ചവിട്ടുകയോ ചെയ്യിക്കുന്നു. അങ്ങനെ കൃത്യമായി മന്ത്രം ഉരുചെയ്ത് സ്ഥാപിച്ചാല്‍ ഇത്ര ദിവസത്തിനകം ശത്രുവില്‍ ഫലം കാണുമെന്ന് വിശ്വസിക്കുന്നു.
  തകിട് കൂടാതെ പൂച്ച, തവള, ഓന്ത്, പല്ലി, കോഴി, എന്നിവയെ കൊന്ന് തലയറുത്തും ചൊറിച്ചിലുള്ള ചേനയിലും ആഭിചാരം ചെയ്യുന്നതായി പറയുന്നു.

ആഭിചാരഹോമത്തിന്

  എണ്ണ, തിപ്പലി , രാജിരക്തം (ആര്‍ത്തവരക്തം) വിഷമുള്ളുള്ള ചമതകള്‍, നീലഉമ്മം, കടലാടി, എരിക്ക്, ആട്ടിന്‍രോമം, ഒട്ടകകാഷ്ഠം എന്നിവയ്ക്ക് പുറമേ യജ്ഞാചാര്യന്‍ നിര്‍ദ്ദേശിക്കുന്ന വസ്തുക്കളും ആഭിചാര ഹോമത്തിന് കരുതേണ്ടതാണ്.

മാരണം

   കൊല്ലുക, ഇല്ലാതാക്കുക എന്നെല്ലാമാണ് മരണത്തിനര്‍ത്ഥം. ഉപദ്രവകാരികളായ ശത്രുക്കളെ അഥവാ ബാധകളെ അവ വീണ്ടും ഉപദ്രവം ഉണ്ടാക്കുന്നതില്‍ നിന്നും തടയുക എന്നതാണ് മരണത്തിന്റെ ഉദ്ദേശം. മങ്ങിയനിറമുള്ള പുഷപങ്ങള്‍ കൊണ്ട് കാളീപൂജ ചെയ്താണ് മാരണം നടത്തേണ്ടത്. വീടിന്റെ അഗ്നികോണി ല്‍ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞിരുന്നുവേണം മാരണം ചെയ്യുവാന്‍. കറുത്തപക്ഷത്തിലെ പഞ്ചമി, അഷ്ടമി, കറുത്തവാവ്, ഞായര്‍, ശനി, ചൊവ്വ എന്നീ ദിവസങ്ങള്‍ മാരണത്തിന് ഉത്തമമാണ്. ഭദ്രകാസനമാണ് മരണത്തിന് വിധിച്ചിരിക്കുന്നത്. പോത്തിന്‍തോലിലിരുന്നാണ് മന്ത്രവിധികള്‍ നിര്‍വ്വഹിക്കേണ്ടത്. ആദ്യം മന്ത്രം ജപിക്കുകയും പിന്നീട് പേര് ചൊല്ലുകയും ചെയ്യുന്ന രീതിയാണ് മാരണത്തിന് അവലംബിക്കേണ്ടത്. കടുക്കെണ്ണയില്‍ കരിങ്ങാലിച്ചമത മുക്കി ഹോമിക്കുകയാണ് ചെയ്യുന്നത്. കഴുതപ്പല്ലുകൊണ്ട് ഉണ്ടാക്കിയ ജപമാല ഉപയോഗിക്കണം.

ഉച്ചാടനം

  വീടും നാടും ഉപേക്ഷിച്ച് പോകാന്‍ ഒരുവനെ പ്രേരിപ്പിക്കുന്ന അവസ്ഥയാണ് ഉച്ചാടനം. സ്ഥാനഭ്രംശം എന്നും ഇതിന് അര്‍ത്ഥം കല്പിക്കാറുണ്ട്. സ്വന്തം ഭവനവും വസ്തുവകകളുമെല്ലാം അന്യാധീനപ്പെട്ട്, നശിച്ച് അഷ്ടിക്ക് വകയില്ലാതെ മറ്റൊരു ദേശത്തേയ്ക്ക് പാലായനം ചെയ്യേണ്ടിവരുന്ന അവസ്ഥയാണിത്. പണ്ട് പല വ്യാധികളും (രോഗങ്ങളും) ഉച്ചാടനത്തിലൂടെ ഭേദമാക്കാറുണ്ട്.
  പച്ചനിറത്തിലുള്ള പൂക്കള്‍കൊണ്ട് ദുര്‍ഗ്ഗാഭഗവതിയെ പൂജിക്കുകയാണ് ഉച്ചാടനത്തില്‍ ചെയ്യാറ്. വീടിന്റെ വായുകോണില്‍ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞിരുന്നുവേണം ഉച്ചാടനകര്‍മ്മം നിര്‍വ്വഹിക്കേണ്ടത്. കറുത്തപക്ഷത്തില്‍ പതിനാലോ അഷ്ടമിയോ ശനിയോ വന്നാല്‍ ഉച്ചാടനത്തിന് ഉത്തമ സമയമാണ്. ആട്ടിന്‍ തോലില്‍ വജ്രാസനത്തിലിരുന്നാണ് ഉച്ചാടനം ചെയ്യേണ്ടത്.
  ആദ്യം മന്ത്രം മുഴുവന്‍ ചൊല്ലി പിന്നീട് പേര് മുഴുവന്‍ ചൊല്ലുന്ന ‘യോഗം’ എന്ന രീതിയിലാണ് ഉച്ചാടനമന്ത്രങ്ങള്‍ ജപിക്കേണ്ടത്. കടുക്കെണ്ണയില്‍ മാവിന്‍ചമത മുക്കിയാണ് ഉച്ചാടനത്തിന് ഹോമിക്കേണ്ടത്. കുതിരപ്പല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച മാലയാണ് ഉച്ചാടനത്തിന് ജപിക്കാന്‍ ഉപയോഗിക്കേണ്ടത്.

വിദ്വേഷണം

   ശത്രുപക്ഷത്ത് നില്‍ക്കുന്ന രണ്ടുപേര്‍ തമ്മില്‍ പരസ്പരവൈരം ജനിപ്പിച്ച് അവരെ തകര്‍ക്കുക എന്ന ലക്ഷ്യമാണ്‌ വിദ്വേഷണ കര്‍മ്മത്തിനും മന്ത്രങ്ങള്‍ക്കും ഉള്ളത്ത്. പല നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് ജ്യേഷ്ഠാഭഗവതിയെ പൂജിക്കുകയാണ് വിദ്വേഷണത്തിന് ചെയ്യുന്നത്. വീടിന്റെ ‘നിര്യതി’ കോണില്‍ ആ ദിക്കിലേയ്ക്കു തിരിഞ്ഞിരുന്നുവേണം പൂജ ചെയ്യേണ്ടത്. വെളുത്തപക്ഷത്തിലെ ഏകാദശി, ദശമി, നവമി, അഷ്ടമി എന്നീ തിഥികളിലും വെള്ളിയാഴ്ച, ശനിയാഴ്ച എന്നീ ദിവസങ്ങളിലുമാണ് വിദ്വേഷണം ചെയ്യേണ്ടത്. കുറുക്കന്റെ തോലില്‍ ‘കുക്കുടാസന’ ത്തിലിരുന്ന് വേണം മന്ത്രം ജപിക്കേണ്ടത്. “രോധനം” എന്ന രീതിയില്‍ വേണം മന്ത്രം ജപിക്കേണ്ടത്. നാമത്തിന്റെ ആദ്യഭാഗത്തും മദ്ധ്യത്തിലും ഒടുവിലും മന്ത്രം ജപിക്കുന്ന രീതിയാണിത്. ഹോമത്തിന് കള്ളിച്ചമതയും അഗസ്തി എണ്ണയും വേണം. കടല്‍നാക്കു കൊണ്ടുള്ള ജപമാല വേണം ഉപയോഗിക്കേണ്ടത്.

സ്തംഭനം

  എല്ലാ പ്രവൃത്തികളില്‍ നിന്നും തടയുക എന്നതാണ് സ്തംഭനം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. ശാരീരികമായി യാതൊന്നും ചെയ്യാന്‍ ശേഷിയില്ലാതെ സകലശക്തികളും സ്തംഭിച്ച് പോകുന്ന അവസ്ഥ സ്തംഭനകര്‍മ്മത്തിന്റെ ഫലമായി ഉണ്ടാകുമെന്ന് പറയുന്നു. മനുഷ്യന് ഉപദ്രവകാരികളായ ദുഷ്ടജന്തുക്കളെയും സര്‍പ്പങ്ങളെയും നിയന്ത്രിക്കാന്‍ സ്തംഭനത്തിന് ശേഷിയുണ്ട്.
  മഞ്ഞപ്പൂക്കള്‍ കൊണ്ട് ഭഗവതിയെ പൂജിക്കുകയാണ് സ്തംഭനത്തില്‍ വേണ്ടത്. വീടിന്റെ കിഴക്കുഭാഗത്ത് കിഴക്കോട്ട് തിരിഞ്ഞിരുന്നുവേണം സ്തംഭനകര്‍മ്മം ചെയ്യേണ്ടത്. കറുത്തപക്ഷത്തിലെ പഞ്ചമി, അഷ്ടമി, കറുത്തവാവ് എന്നിവയും ചൊവ്വ, ശനി, ഞായര്‍ എന്നീ ദിവസങ്ങളും സ്തംഭനകര്‍മ്മത്തിന് ഉത്തമമാണ്. വികടാസനമാണ് സ്തംഭനത്തിന് പറഞ്ഞിട്ടുള്ളത്. ആനത്തോലിട്ടിരുന്നുവേണം സ്തംഭന കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്. “സമ്പുടം” എന്ന രീതി അവലംബിച്ചാണ് സ്തംഭന മന്ത്രങ്ങള്‍ ജപിക്കേണ്ടത്. ആദ്യം മന്ത്രം മുഴുവന്‍ ജപിക്കുക. പിന്നെ നാമം മുഴുവന്‍ ചൊല്ലുക. പിന്നെ വിപരീതദിശയില്‍ ചെയ്യുക. ഇതാണ് സമ്പുട രീതി. കൊന്നയുടെ ചമത ആടിന്റെ നെയ്യില്‍ നനച്ചുവേണം ഹോമിക്കേണ്ടത്.
  വേപ്പിന്‍ കുരുകൊണ്ട് നിര്‍മ്മിച്ച മാലയാണ് സ്തംഭനക്രിയയില്‍ ജപത്തിനായി ഉപയോഗിക്കേണ്ടത്. പേരാല്‍മരം കടഞ്ഞുണ്ടാക്കിയ അഗ്നി ഉപയോഗിച്ചുവേണം സ്തംഭനത്തില്‍ ഹോമം ചെയ്യേണ്ടത്.

No comments:

Post a Comment