Saturday, July 20, 2013

വിവാഹപൊരുത്തം - Part-VI

ദേശവിധപ്പൊരുത്തങ്ങളില്‍ ഓരോ പൊരുത്തത്തിനുള്ള ഫലങ്ങള്‍
ദിനം ഗണംച മാഹേന്ദ്രം
സ്ത്രീ ദീര്‍ഘം യോനിരേവച
രാശി രാശ്യാധിപോവശ്യം
രജ്ജുര്‍വേധം തഥൈവച.
1. ദിനം, 2. ഗണം, 3. മാഹേന്ദ്രം, 4. സ്ത്രീ ദീര്‍ഘം, 5. യോനി, 6. രാശി, 7. രാശ്യാധിപന്‍, 8. വശ്യം, 9. മദ്ധ്യമരജ്ജു, 10. വേധം, എന്നിവയാണ് പ്രധാനപ്പെട്ട പത്ത് വിവാഹ പൊരുത്തങ്ങള്‍ (മദ്ധ്യമരജ്ജു, വേധം എന്നീ പൊരുത്തങ്ങള്‍ ദോഷപ്രദങ്ങളാകയാല്‍ വര്‍ജ്ജിയ്ക്കേണ്ടവയുമാകുന്നു.)
ദിനദായുഷ്യമാരോഗ്യം
ശോഭനം ഗണമേവച
മാഹേന്ദ്രാല്‍ പുത്രവൃദ്ധിസ്യാല്‍
സ്ത്രീ ദീര്‍ഘാല്‍ സര്‍വ്വസമ്പദഃ
യോനിദേ ദമ്പതിസ്നേഹ
രാശീനാം വംശവൃദ്ധിക്യല്‍
സന്താനം രാശ്യാധിപതി
വശ്യാദന്യോന്യവശ്യതേ
രജ്ജുമംഗല്യവൃദ്ധിസ്യാല്‍
വേധയാശോകനാശനം
(കാലവിധാനം)
സാരം : ദിനപ്പൊരുത്തംകൊണ്ട് ആയുസ്സും ആരോഗ്യവും വര്‍ദ്ധിക്കുകയും സ്ത്രീ പുരുഷന്മാരുടെ ഗണം ഒന്നായിരുന്നാല്‍ സര്‍വ്വവിധശോഭനവും ദമ്പതികള്‍ക്കുണ്ടാവുകയും മാഹേന്ദ്രപ്പൊരുത്തത്താല്‍ പുത്രവൃദ്ധി ഉണ്ടാവുകയും ചെയ്യുമെന്നാണ് പറയുന്നതെങ്കിലും മാഹേന്ദ്രപ്പൊരുത്തത്തിന്റെ പദ്യം വ്യക്തമാക്കുന്നത്.
യാതേ മാഹേന്ദ്രയോഗസ്യാല്‍
മംഗല്യായുഷ്യവര്‍ദ്ധനം. എന്നുമാണ്.
സ്ത്രീ ദീര്‍ഘപ്പൊരുത്തംകൊണ്ട് സര്‍വ്വസമ്പത്തുകളും ഉണ്ടാകുന്നതാണെന്നും യോനിപ്പൊരുത്തം കൊണ്ട് ദമ്പതികള്‍ക്ക് യോജിപ്പും സ്നേഹവും ഉണ്ടാകുമെന്നും രാശിപ്പൊരുത്തം ഉണ്ടായിരുന്നാല്‍ ബന്ധുക്കള്‍ക്ക് യാതൊരു ആപത്തും ഉണ്ടാകാതെ അഭിവൃദ്ധിയെ ചെയ്യുന്നതാണെന്നും രാശ്യാധിപപ്പൊരുത്തം കൊണ്ട് ദമ്പതികള്‍ തമ്മിലുള്ള ചേര്‍ച്ചയില്‍ ഉത്തമസന്താനങ്ങള്‍ ജനിക്കാനിടയാകുമെന്നും, വശ്യപ്പൊരുത്തം ഉണ്ടായിരുന്നാല്‍ പരസ്പരം രണ്ടുപേരും തമ്മില്‍ വശ്യപ്പെടുകയും (പരസ്പരം ആകര്‍ഷിക്കപ്പെടുകയും) സ്നേഹിക്കപ്പെടുകയും ചെയ്യുന്നതാണെന്നും രജ്ജുപ്പൊരുത്തം ഉത്തമമായാല്‍ ദീര്‍ഘമംഗല്യം ഉണ്ടാകുന്നതാണെന്നും വേധപ്പൊരുത്തം ഉത്തമമായാല്‍ ദമ്പതികള്‍ക്ക് ദുഃഖശാന്തിവരുമെന്നും ദശവിധപ്പൊരുത്തങ്ങളില്‍ ഓരോന്നിനും പ്രത്യേകം പ്രത്യേകം ഫലം കൊടുത്തുകൊണ്ട് കാലവിധാനത്തില്‍ പറഞ്ഞിരിക്കുന്നു.
ഇപ്രകാരം ദശവിധപ്പൊരുത്തം ദാമ്പത്യജീവിതത്തിന്റെ സുപ്രധാനമായ 10 ഘടകങ്ങളായിതീരുന്നു. അതുകൊണ്ടാണ് ഋഷിവര്യന്മാര്‍ പൊരുത്തശോധനയ്ക്ക് പ്രാധാന്യത കല്‍പിച്ചിട്ടുള്ളത്.
മുന്‍കാണിച്ചിട്ടുള്ള കാലവിധാന ശ്ളോകത്തിന്റെ അടിസ്ഥാനത്തില്‍ പൊരുത്തങ്ങളുടെ അനുക്രമം വ്യക്തമാകുകയാണ്. ഇപ്രകാരമുള്ള ദശവിധപ്പൊരുത്തങ്ങളുടെ ക്രമം അനുസരിച്ചുള്ള പദ്യമാണ് ഈ അദ്ധ്യായത്തിന്റെ പ്രാരംഭത്തില്‍ കാണിച്ചിട്ടുള്ളത്.
ഇതില്‍ നിന്നും ദിനപ്പൊരുത്തമാണ് ആദ്യത്തെപ്പൊരുത്തമെന്ന് വ്യക്തമാകുന്നത്. സ്ത്രീ പുരുഷന്മാരുടെ ജന്മനക്ഷത്രങ്ങള്‍ പൊരുത്തശോധനയ്ക്കായി കിട്ടിക്കഴിഞ്ഞാല്‍ സ്ത്രീ നാള്‍ മുതല്‍ എത്രാമതാണ് പുരുഷനാള് വരുന്നതെന്ന് നോക്കുകയാണല്ലോ ആദ്യത്തെ ജോലി. അതില്‍ നിന്നും ദിനപ്പൊരുത്തമാണ്, ഒന്നാമതായി എടുക്കേണ്ടതെന്ന് വ്യക്തമാകുന്നു. ആയതിനാല്‍ ദിനപ്പൊരുത്തം മുതല്‍ നോക്കുന്നതാണ് വ്യക്തമായ കാര്യമെന്ന് കരുതുന്നു.

No comments:

Post a Comment