Saturday, July 20, 2013

സര്‍വ്വൈശ്വര്യത്തിന് കര്‍ക്കിടകത്തില്‍ ചെയ്യേണ്ടത്


പന്ത്രണ്ടു മാസക്കാലങ്ങളില്‍ ഏറ്റവും സവിശേഷതകള്‍ ഉളളത് കര്‍ക്കടകമാസത്തിനാണെന്ന് ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. കര്‍ക്കടകം രാശിയുടെ പ്രത്യേകതകളും പ്രാധാന്യങ്ങളും ഏതൊക്കെയാണ് എന്ന വസ്തുത എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. രാശിചക്രത്തില്‍ മേടം രാശി മുതലാണ് ആരംഭം. നാലമതായിവരുന്ന രാശിയാണ് കര്‍ക്കടകം. ജ്യോതിഷത്തിലെ ഭാവചിന്തയില്‍ നാലാംഭാവംകൊണ്ട് ഉദ്ദേശിക്കുന്നത് മാതൃസ്ഥാനമാണ്. രാശിചക്രത്തെ നമുക്ക് പ്രപഞ്ച പ്രതിബിംബമായി സങ്കല്‍പ്പിക്കാവുന്നതാണ്. രാശിചക്രത്തിന്റെ നാലാം ഭാവമെന്നത് പ്രപഞ്ചമാതൃസ്ഥാനമായി വരുന്നു.

ഇതാണ് കര്‍ക്കടക രാശിയായി വരുന്നത്. അതായത് വിശ്വമാതൃസ്ഥാനവും ലോകപൂര്‍വ്വ പരമ്പരാഭാവവും വരുന്നത് കര്‍ക്കടകം രാശിയില്‍ തന്നെ. അതിനാല്‍ മറ്റുളള രാശികളേക്കാള്‍ പ്രാധാന്യവും ആത്മീയശക്തി പ്രഭാവവും കര്‍ക്കടക രാശിക്ക് കൈവരുന്നു.
ഇതുകൂടാതെ മനസ്സിന്റെയും അനുഭവങ്ങളുടെയും കാരകത്വമുള്ള ചന്ദ്രന്‍ ആധിപത്യം വഹിക്കുന്ന രാശിയും കര്‍ക്കടകമാണ്. അതിനര്‍ത്ഥം ഭൂമിയിലെ ജീവജാലങ്ങളുടെ സര്‍വ്വകാര്യങ്ങളുമായും കര്‍ക്കടകം രാശി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. മനുഷ്യന്റെ സകല അനുഭവങ്ങളുടെയും നിര്‍ണ്ണയത്വം ചന്ദ്രനാകയാല്‍ കര്‍ക്കടകം രാശിയാണ് അതിന്റെ ഉറവിടമായി വരുന്നത്. ഇങ്ങനെ, നമ്മുടെ സര്‍വ്വകാര്യങ്ങളുമായും അനുഭവങ്ങളുമായും വളരെ അഭേദ്യമായ ബന്ധവും നിയന്ത്രണ ശക്തിയും പുലര്‍ത്തുന്ന രാശിയാണ് കര്‍ക്കടകം.

സൂര്യന്‍ കര്‍ക്കടകരാശിയിലൂടെ കടന്നുപോകുന്ന കാലമാണ് കര്‍ക്കടകമാസം. അതുകൊണ്ട് തന്നെ നമ്മെ സംബന്ധിച്ച് സര്‍വ്വരാശികളിലും മാസങ്ങളിലുംവച്ച് ഏറ്റവും പ്രധാനമാസം കര്‍ക്കടകമാസം തന്നെയാകുന്നു. ജഗദംബികയുടെ പൂര്‍ണ്ണ ചൈതന്യവും നമ്മുടെ വംശപരമ്പരയുടെ ആശീര്‍വാദവും ഉള്‍ക്കൊളളുന്ന കാലമാണ് കര്‍ക്കടകമാസം. ധന്യമായ ഈ കാലത്ത് ചെയ്യുന്ന ഏത് ആരാധനയും നൂറിരട്ടി ഫലപ്രദമാകുന്നു. നമ്മെ ബാധിക്കുന്ന വിവിധ പ്രയാസങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ പരിഹാരം, അനുയോജ്യമായ സമയത്ത് അനുഷ്ഠിച്ചെങ്കില്‍ മാത്രമേ ഗുണം ലഭിക്കുകയുള്ളൂ. അതിനുളള ഉത്തമമായ മാര്‍ഗ്ഗമാണ് കര്‍ക്കടകമാസ ഭജനകള്‍.

രാമായണമാസമായി ആചരിക്കുന്നതും പുരാണ പാരായണങ്ങളും രാത്രികാല ഭജനകളും വാവുബലികളും ഗണപതിഹോമം, ഭഗവതിസേവ തുടങ്ങിയ കര്‍മ്മങ്ങളും കര്‍ക്കടകത്തില്‍ നടത്തുന്നതും ഈ തത്ത്വത്തെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ ഈവക ഭജനകളും, പാരായണങ്ങളും പൂജകളും എല്ലാം പുറമേയുളള പ്രകടനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു തുടങ്ങിയതോടെയാണ് അതിന് പ്രയോജനമില്ലാതായിത്തുടങ്ങിയത്. ഇതിനുളള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് കര്‍ക്കടക വാവുബലിയും കര്‍ക്കടകമാസത്തില്‍ എപ്പോഴും ചെയ്യാവുന്ന ''മഹാശ്രാദ്ധാഞ്ജലി'' എന്ന സവിശേഷ വൈദികാനുഷ്ഠാനവും. ഇതിന്റെ പ്രയോജനം അത്ഭുതകരമാണ്. ശരിയായ വൈദിക മാര്‍ഗ്ഗത്തില്‍ കര്‍ക്കടകവാവുബലി, തീര്‍ത്ഥങ്ങളില്‍ തര്‍പ്പണം ചെയ്താല്‍ സകലവിധ അഭിവൃദ്ധിയും കൈവരും. അനവധി ജന്മാന്തരങ്ങളിലെ, പൂര്‍വ്വപരമ്പരയുടെ ദോഷകലകള്‍ വിട്ടകന്ന് കുടുംബത്തില്‍ സര്‍വ്വതോമുഖമായ ശാന്തിയും അഭിവൃദ്ധിയും ഉണ്ടാകും.

ജീവിതത്തില്‍ ആഗ്രഹങ്ങള്‍ നേടുന്നതിനുളള വിവിധ പ്രാര്‍ത്ഥനകളും ഉപായങ്ങളും ധാരാളമായി പല അനുഷ്ഠാനക്കാരും പറയാറുളളതാണ്. സത്യത്തില്‍ നമ്മുടെ പൂര്‍വ്വ വംശാര്‍ജ്ജിതമായ ദോഷഘടകങ്ങള്‍ മാറിയാല്‍ത്തന്നെ അഭീഷ്ടസിദ്ധി കൈവരും. എന്നാല്‍ പൂര്‍വ്വികദോഷങ്ങള്‍ മാറാതെ, മറ്റെന്തുതന്നെ ചെയ്താലും ഒരു പ്രയോജനവുമില്ല.

പൂര്‍വ്വികദോഷങ്ങള്‍ മാറുന്നതിന് ഏറ്റവും ഉത്തമം കര്‍ക്കടകത്തിലെ ശ്രാദ്ധം തന്നെ. അത് കറുത്തവാവിനായാല്‍ ഏറ്റവും ഉത്തമം. അഥവാ അന്ന് സാധിക്കുന്നില്ലെങ്കിലോ? കര്‍ക്കടക മാസത്തില്‍ ഏതുദിവസമായാലും ''മഹാശ്രാദ്ധാഞ്ജലി'' എന്ന ചടങ്ങു നടത്തിയാല്‍ പരിപൂര്‍ണ്ണ ഫലം ലഭിക്കുന്നതാണ്. കര്‍ക്കടകവാവ് ശ്രാദ്ധത്തിന് തുല്യമായ ഫലം തന്നെയാണ് ഇതിനുമുളളത്. വംശപരമ്പരയുടെ സകലവിധ ദോഷങ്ങളുമകന്ന് സമ്പൂര്‍ണ്ണമായ ഐശ്വര്യാഭിവൃദ്ധിയാണ് ഇങ്ങനെ ചെയ്താല്‍ ഉണ്ടാകുന്ന ഫലം.

കര്‍ക്കടകവാവു ദിവസം അന്തരീക്ഷത്തിലുണ്ടാകുന്ന തരംഗ വ്യതിയാനങ്ങളെപ്പറ്റി പാര്‍ട്ടിക്കിള്‍ ഫിസിക്‌സ് ഗവേഷണം നടത്തുന്ന നിരവധി ശാസ്ത്ര പഠനസംഘങ്ങള്‍ ഇതിനോടകം പഠനപരീക്ഷണങ്ങള്‍ നടത്തിക്കഴിഞ്ഞു. കര്‍ക്കടകമാസകാലം അന്തരീക്ഷത്തിലെ കണികാസാന്ദ്രതയിലും പ്രതിപ്രവര്‍ത്തന ഗതികത്തിലും അതീവ പ്രാധാന്യമേറിയ ചില സവിശേഷതകള്‍ ഉണ്ടാകുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നു. ഇതെല്ലാം തന്നെ കര്‍ക്കടകമാസത്തിന്റെ അപൂര്‍വ്വ ഗുണങ്ങളെപ്പറ്റി പൂര്‍വ്വികര്‍ പറഞ്ഞിട്ടുളളത് ശരിവയ്ക്കുന്ന നിരീക്ഷണങ്ങളാകുന്നു.

കര്‍ക്കടകമാസത്തിന്റെ ആത്മീയ പ്രാധാന്യങ്ങളും മേന്‍മകളും ഇങ്ങനെ നിരവധിയാണ്. അതുകൊണ്ടുതന്നെ കര്‍ക്കടകമാസത്തില്‍ ചെയ്യുന്ന എല്ലാ അനുഷ്ഠാനങ്ങള്‍ക്കും അനേകമടങ്ങ് ഗുണഫലങ്ങള്‍ പറയുന്നുണ്ട്.

കറുത്തവാവുദിവസം ചന്ദ്രബിംബം പൂര്‍ണ്ണമായി മറയ്ക്കപ്പെടുന്നതിനാല്‍ ചാന്ദ്രപ്രതിഫലനം എന്നത് ഭൗമാന്തരീക്ഷത്തില്‍ ഇല്ലാതെയാവുന്നു. ഈ ചന്ദ്രപ്രതിഫലനാവസ്ഥ ഭൗമാന്തരീക്ഷത്തെ ഒരു പരിധിവരെ രക്ഷിക്കുകയും അതേ സമയം മറയ്ക്കുകയും ചെയ്യുന്നു.

മറയ്ക്കുക എന്നതിനര്‍ത്ഥം, ഭൗമമണ്ഡലത്തില്‍ പ്രവേശിക്കുന്ന പലവിധം കിരണങ്ങളെപ്പറ്റി അറിയുന്നതിന് ചന്ദ്രപ്രതിഫലനം തടസ്സം സൃഷ്ടിക്കുന്നുവെന്നാണ്. എന്നാല്‍ വാവ്, ഗ്രഹണം തുടങ്ങിയ ദിവസങ്ങളില്‍ ഈ സ്ഥിതി ഒഴിവാകുന്നു. ഭൗമാന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സമഗ്രമായ ഊര്‍ജ്ജമേഖലകളും പഠനവിധേയമാക്കപ്പെടുന്നതിന് ഉചിതമാണ് കറുത്തവാവു ദിവസം.

ഇതേകാര്യം തന്നെ പ്രാര്‍ത്ഥിക്കുകയോ, ജപിക്കുകയോ ചെയ്യുന്നവരുടെ മനോമയതരംഗ പ്രയാണത്തിനും ബാധകമാണ്. അതായത് കറുത്തവാവു ദിവസം നടത്തപ്പെടുന്ന എല്ലാ പ്രാര്‍ത്ഥനാ അനുഷ്ഠാനക്രിയകള്‍ക്കും പതിന്മടങ്ങ് ഫലമെന്നു പറയുന്നത് വെറുതെയല്ല; എന്നു ചുരുക്കം. അങ്ങനെ കറുത്തവാവുബലി അനുഷ്ഠിച്ച് പ്രാര്‍ത്ഥിക്കുന്നതായാല്‍ സര്‍വ്വദോഷശാന്തിവരുമെന്നകാര്യം എല്ലാവരും അറിഞ്ഞിരിക്കുക.

ഇനി കൃത്യം വാവുദിനം തന്നെ എന്തെങ്കിലും തടസ്സങ്ങള്‍ വന്ന് കാര്യം മുടങ്ങിയാല്‍ വിഷമിക്കണ്ടാ. കര്‍ക്കടകമാസത്തിലെ ഏതുദിവസവും ചെയ്യാവുന്ന ''മഹാശ്രാദ്ധാഞ്ജലി'' വാവുബലിയേക്കാള്‍ ഫലപ്രദമാകുന്നു. അതിശയ ഫലമാണ് ഇതിന് പറയുന്നത്. സര്‍വ്വദോഷശമനവും ആഗ്രഹസിദ്ധിയും നിശ്ചയമാണെന്നും ''ശ്രാദ്ധതത്ത്വ പ്രകാശിക'' പറയുന്നു.

ആദ്യമായി ഇത് അനുഷ്ഠിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ എന്തെന്ന് നോക്കാം.
കര്‍ക്കടകത്തിലെ സൗകര്യപ്രദമായ ഒരു ദിവസം നിശ്ചയിക്കുക. കര്‍ക്കടകമാസം കഴിവതും ആഹാരശുദ്ധി പാലിക്കുക. ഇല്ലെങ്കില്‍ തലേദിവസം എങ്കിലും നിര്‍ബന്ധമായി വ്രതാനുഷ്ഠാനം ചെയ്യുക. ഒരിക്കല്‍ വ്രതമാണ് വേണ്ടത്. ഒരുനേരം ധാന്യാഹാരം കഴിച്ച് പിതൃസ്മരണയില്‍ കഴിയുക. പിറ്റേന്ന് രാവിലെ ക്രിയനടത്തേണ്ടിടത്ത് തളിച്ചുമെഴുകി ശുദ്ധീകരണം നടത്തുക. പിന്നീട് കര്‍മ്മിയായ വൈദികന്‍ തല്‍സ്ഥാനത്ത് ശരിയായി ശ്രദ്ധാഞ്ജലീപീഠമൊരുക്കുക. ഭദ്രദീപങ്ങള്‍കൊണ്ട് പീഠശോഭ വരുത്തുക. സപ്തഭദ്രകദീപമാണ് വേണ്ടത്. ഏഴുനിലവിളക്കുകള്‍ അഞ്ചുതിരിയിട്ട് തെളിക്കണമെന്നര്‍ത്ഥം. തുടര്‍ന്ന് പിന്നീട് പൂര്‍വ്വപീഠികയില്‍ ആത്മചേതനാ പരമ്പരയെ സമാകര്‍ഷണ സ്ഥിതി വരുത്തുക.

''ജാഹ്നവീലയം, സവിതാരോഹണം, സലിലക്രിയ, സമാകര്‍ഷണം, ആത്മാന്നബലി, പഞ്ചഭൂത സമര്‍പ്പണം, സമ്പൂര്‍ണ്ണ തര്‍പ്പണം'' ഇങ്ങനെ വിവിധ സാമവൈദികക്രിയകളിലൂടെ ആത്മനിഷ്ഠനും അനുഷ്ഠാന നിപുണനുമായ വൈദികന്‍ കര്‍മ്മം പൂര്‍ത്തീകരിക്കുമ്പോള്‍ അതിനോടനുബന്ധിച്ച് ഇതു നടത്തുന്ന കുടുംബാംഗങ്ങളെക്കൊണ്ട് നിരവധി ആത്മസമര്‍പ്പണ പ്രധാനമായ അനുഷ്ഠാനക്രിയകള്‍ നടത്തിക്കുക. ഇങ്ങനെ പൂര്‍ണ്ണമാകുന്ന ''മഹാശ്രാദ്ധാഞ്ജലി'' ക്രിയ ഒരു ഗൃഹത്തില്‍ നടത്താവുന്ന ഏറ്റവും മഹത്തായ അനുഷ്ഠാനയജ്ഞമാകുന്നു. സര്‍വ്വവിധ തടസ്സ-ദോഷ-നിവാരണങ്ങളും സര്‍വ്വകാര്യസിദ്ധിയും ഇതുകൊണ്ട് കൈവരുന്നതാണ് എന്ന് പറയപ്പെടുന്നു.

കര്‍ക്കടക വാവ് ബലിതര്‍പ്പണം, രാമായണ പാരായണം, നിത്യപൂജകള്‍ തുടങ്ങി പലതും കുടുംബങ്ങളില്‍ നടക്കാറുണ്ട്. വാവുബലിക്ക് പതിനായിരങ്ങളാണ് നദീതീരങ്ങളിലും കടല്‍ത്തീരങ്ങളിലും അന്നേദിവസം ഒത്തുകൂടുന്നത്. ഈവക അനുഷ്ഠാനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യമാണ് ഇതു കാണിക്കുന്നത്.

എന്തായാലും ഓരോ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട് പലവിധ പൂജാദികര്‍മ്മങ്ങളും വമ്പിച്ച ഹോമക്രിയകളും വലിയ വഴിപാടുകളും നടത്തി മടുത്തവരും, അതിനൊരുങ്ങുന്നവരും അതില്‍നിന്നെല്ലാം വിട്ട് യഥാര്‍ത്ഥ കാരണം പരിഹരിക്കുന്നതിനായി കര്‍ക്കടക അനുഷ്ഠാനങ്ങള്‍ നടത്തുന്നതിന് തയ്യാറായാല്‍, മഹാശ്രാദ്ധാഞ്ജലി; നിര്‍വ്വഹിക്കുന്നതായാല്‍ സര്‍വ്വൈശ്വര്യവും അഭീഷ്ടസിദ്ധിയും ഫലമാകുന്നു. 

No comments:

Post a Comment