Saturday, July 20, 2013

മങ്കൊമ്പ് ക്ഷേത്രം - ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കില്‍ പുളിംകുന്നു വില്ലേജില്‍ "കോട്ടബ്ഭാഗം" കരയിലാണ് മകൊമ്പ് ശ്രീ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .ക്ഷേത്ര വാസ്തുവിന് മാത്രമാണ് മുന്‍കാലത്ത് മകൊമ്പ് എന്ന പേര് ഉണ്ടായിരുന്നത് .പണ്ട് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഇവിടെ ഒരു അഞ്ചല്‍ ആപ്പീസ് സ്ഥാപിച്ചപ്പോഴാണ് "മകൊമ്പ് " എന്ന് ഈ നാട് അറിയപ്പെടാന്‍ തുടങ്ങിയത് .ആലപ്പുഴ ചങ്ങനാശേരി റോഡ്ല്‍ മകൊമ്പ് ബസ്‌ ഇറങ്ങി അല്പം വടക്കോട്ട്‌ നടന്നു കടത്തു കയറി മകൊമ്പ് ക്ഷേത്രത്തില്‍ എത്താം .മറ്റു വാഹനങ്ങളില്‍ വരുന്നവര്‍ക്ക് പള്ളിക്കൂട്ടുമ്മ വഴി പാലം കയറിയും ക്ഷേത്രത്തില്‍ എത്തി ചേരാം ..

പടിഞ്ഞാറു ദര്‍ശനം ആയിട്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറെ നടയിലെ രണ്ടു നിലയില്‍ നിര്‍മ്മിച്ചു ഓടുമേഞ്ഞ ഗോപുരത്തിലൂടെ അകത്തേക്ക് പ്രവേശിച്ചു തിരുമുറ്റം കടന്നു എത്തുന്നത്‌ ആനക്കൊട്ടിലിലെക്കാണ്‌ . ആനകൊട്ടിലിനും ക്ഷേത്രബലിക്കല്‍ പുരക്കും ഇടയ്ക്കു സ്ഥാപിതമായിരിക്കുന്ന സ്വര്‍ണകൊടിമരത്തിന്റെ പാര്‍ശ്വ ഭാഗങ്ങളിലൂടെ അകത്തു ശ്രീകോവിലിലേക്ക് നോക്കിയാല്‍ സാക്ഷാല്‍ ജഗദംബികയായ മംകൊമ്പില്‍ അമ്മയുടെ കമനീയ, കനക വിഗ്രഹം ദീപപ്രഭയില്‍ മുഴുകി നില്‍ക്കുന്നത് കാണാം . ""അമ്മേ! മഹാമായേ! മംകൊമ്പില്‍ അമ്മേ ! കാത്തു രക്ഷിക്കണേ എന്ന് പ്രാര്‍ത്ഥിച്ചു ധ്വജ വന്ദനം നടത്തി കൊടിമരത്തിനു വടക്കുവശത്ത് കൂടി ബലിക്കല്‍ പുരയിലേക്ക്‌ കടക്കാം .വലിയ ബലിക്കല്ല് ദര്‍ശിച്ചു നാലമ്പലത്തിന്റെ ഇടനാഴിയിലൂടെ അകത്തേക്ക് കടക്കുമ്പോള്‍ കാണുന്ന ആലുവിളക്ക് (ഭദ്ര വിളക്ക്) അഞ്ചു പൂജാ സമയങ്ങളില്‍ മാത്രമല്ല മറ്റു പല അവസരങ്ങളിലും നിറഞ്ഞു കത്തുന്നുണ്ടായിരിക്കും.മംകൊമ്പില്‍ അമ്മ ദീപദര്‍ശനത്തില്‍ അതീവ സന്തുഷ്ടയാകുന്ന ദേവി ആണ് .ഒരു തിരി എങ്കിലും ആ തിരുനടയില്‍ കൊളുത്തി വെച്ച് പ്രാര്‍ത്ഥിച്ചാല്‍ ഫലം കിട്ടുമെന്ന ഉറച്ച വിശ്വാസം ഭക്തരില്‍ ഉറച്ച വിശ്വാസമാണ് .ശ്രീ കോവിലില്‍ വിലക്ക് കൊളുത്തുക ,മണ്ഡപത്തിന് മുന്‍പിലെ ആളുവിളക്കില്‍ തിരി കൊളുത്തുക ,പകല്‍ നടക്കുന്ന ആറാട്ടിന് കോല്‍ വിളക്ക് എടുക്കുക ,താലപ്പോലി എടുക്കുക ,നാരങ്ങ വിളക്കു കൊളുത്തുക ഇവക്കൊക്കെ ഉള്ള ഭലസിധ്തിയുടെ സാക്ഷ്യ പത്രങ്ങള്‍ ആണ് ഈ വഴിപാടുകള്‍ നടത്തുവാനുള്ള ഭക്തജന തിരക്ക്. മണ്ടപത്തിനു മുന്നിലെ ദര്‍ശനം കഴിഞ്ഞാല്‍ ശ്രീ കോവിലിനു മുന്നിലെ സോപാനത്തിങ്കല്‍ പ്രാര്‍ത്ഥന നിരതമായ മനസ്സോടെ അമ്മയുടെ അഭൌമസുന്ദരമായ തിരുമേനി കണ്ടു വണങ്ങാം .ആ സ്വര്‍ണ വിഗ്രഹത്തിനു പിന്നിലായി യഥാര്‍ത്ഥ പ്രതിഷ്ഠ വിഗ്രഹം (മൂലവിഗ്രഹം) നിലകൊള്ളുന്നു. വരിക്ക പ്ലാവിന്‍റെ ഒറ്റ തടിയില്‍ നിര്‍മിച്ച ദാരുവിഗ്രഹം നിരന്തരം ആയി ചാന്താട്ടം നടത്തി വന്നതുമൂലം ഇന്ന് അവ്വ്യക്തം ആണ് .മഹിഷ മര്‍ദിനി ആയ ദേവിയുടെ ക്രോധാവേശിതമായ രൂപമായതുകൊണ്ട് സൌമ്യ സുന്ദരമായ തങ്ക അങ്കി തിരു മുമ്പില്‍ വെച്ചിരിക്കുന്നതാന്നെന്നും പറയപെടുന്നുണ്ട് .ഇനി പ്രദക്ഷിണം ആവാം .ബലിക്കല്ലുകള്‍ക്ക് വെളിയിലൂടെ വലം വെച്ച് നാലമ്പലത്തിന്റെ തെക്ക് കിഴക്കേ മൂലയിലുള്ള ശിവനടയില്‍ തൊഴണം .അവിടെ നിന്ന് തിടപ്പള്ളിക്കും മാതൃക്കല്ലുകള്‍ക്കും ഇടയ്ക്കു കൂടി പടിഞ്ഞാറു തെക്ക് ഭാഗത്തുള്ള മല നടയിലും തൊഴുതു തിരിച്ചു വരുമ്പോള്‍ വീണ്ടും തിരു നടയില്‍ എത്തുന്നു .ദേവിക്ക് നാല് പ്രദക്ഷിണം ആണ് വിധി.പ്രദക്ഷിണം പൂര്‍ത്തി ആക്കി തീര്‍ഥവും പ്രസാദവും വാങ്ങി വെളിയില്‍ ഇറങ്ങിയാല്‍ ,വടക്കേ നടയിലെ ഊട്ടു പുര കാണാം .കരിങ്കല്‍ പാളികള്‍ പാകിയ നടക്കല്ലിലൂടെ നടന്നു കിഴക്ക് ഭാഗത്തുള്ള എതിരെപ്പാല്‍ കണ്ടു വണങ്ങണം.ആളും മാവും ഒന്നായി ചേര്‍ന്ന് നില്‍ക്കുന്നതിന്റെ (ആത്മാവ്)ചുവട്ടിലാണ് ദേവിയുടെ മൂലസ്ഥാനം എന്ന് കരുതപെടുന്നു. മണ്ഡല വൃത കാലത്ത് നാലംബലതിനുള്ളില്‍ കളം എഴുത്തും പാട്ടും നടക്കുമ്പോള്‍ രാത്രി അത്താഴ പൂജക്ക്‌ ദേവിയെ എതിരേറ്റു കൊണ്ട് പോകുന്നത് ഇവിടെ നിന്നാണ് .ഇവിടെ ഉള്ള കണ്ണാടി ബിംബത്തിങ്ങല്‍ ഉടച്ച നാളികേരം അവില്‍ എന്നിവ നിവേദിച്ചു പൂജിച്ചാണ് ഏറതിരെല്‍പ്പ്‌ ചടങ്ങ്.എതിരെപ്പലിനു തെക്ക് ഭാഗത്താണ് കിഴക്കൊട്ടിരങ്ങനുള്ള വഴി. അതിനു തെക്കായി നാടകശാല, ഭജനപുര തുടങ്ങിയവയും കാണാം .ക്ഷേത്ര മതില്‍ കേട്ടിനകത്ത് തെക്ക് പടിഞ്ഞാറെ മൂലയിയില്‍ഗണപതി അതിന്റെ വടക്ക് വശത്ത് അയ്യപ്പന്‍ എന്നീ ഉപദേവത ക്ഷേത്രങ്ങളും അവക്കൊന്നായി നടപ്പന്തലും ഉണ്ട് .ഈ ഉപദേവത ക്ഷേത്രങ്ങള്‍ക്ക് പിന്നിലായി നാഗരാജാവ്, നാഗയക്ഷി, എന്നീ ധര്‍മ ദൈവങ്ങളുടെയും ക്ഷേത്രവുമായി ബന്ധപെട്ട രക്ഷസ്സ് ,വെളിച്ചപ്പാട് എന്നിവരുടെ വിഗ്രഹങ്ങളും തറകെട്ടി സംരക്ഷിച്ചിട്ടുണ്ട് .ഗോപുരത്തിന്റെ തെക്കുഭാഗത്തും,വടക്ക് ഭാഗത്തും ആയുള്ള രണ്ടു കളിതട്ടുകളിലോന്നില്‍ അല്‍പനേരം ഇരുന്നു വിശ്രമിച്ചു ഈ ക്ഷേത്രത്തെ കുറിച്ചുള്ള ഐതീഹ്യം ,ഇവിടുത്തെ വിശേഷങ്ങള്‍ ,വഴിപാടുകള്‍ ഇവയൊക്കെ നമുക്കൊന്നന്വേഷിച്ചറിയാം.. ക്ഷേത്രത്തിന്റെ പുരാവൃത്തം അറിയുന്നതിനുള്ള ആധികാരിക രേഖകളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല.തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ വിവരങ്ങള്‍ മാത്രമാണ് ക്ഷേത്രോല്പത്തിയെപറ്റി ആകെകൂടി അറിവുള്ളത്.വേനാട്ടരചനായിരുന്ന അനിഴം തിരുനാള്‍ ശ്രീ വീര മാര്‍ത്താണ്ഡ വര്‍മ, നാട്ടുരാജ്യങ്ങള്‍ ഒന്നൊന്നായി ആക്രമിച്ചു കീഴടക്കി .അവയെല്ലാം തന്റ്റെ കുലദൈവമായ ശ്രീ പദ്മനാഭന് തൃപ്പടി ദാനമായി സമര്‍പിച്ചു ശ്രീ പദ്മനാഭ ദാസനായി തിരുവിതാംകൂര്‍ രാജാവാകും മുന്‍പ് തന്നെ മൂന്നു നൂറ്റാണ്ടുകളോളം ഈ ക്ഷേത്രം സര്‍വൈശ്വര്യ പ്രതാപങ്ങലോടും കൂടി നില നിന്നിരുന്നു എന്ന്നാണ് വിശ്വാസം. തെക്കുംകൂര്‍ രാജാവിന്റെ ഭരണത്തിലായിരുന്നു ഈ ഭൂവിഭാഗം.എട്ടുവിരുതി കൈമള്‍മാര്‍ എന്നാ സ്ഥാനികലയിരുന്നു അദ്ദേഹത്തിന്റെ ഭരണചക്രം തിരിച്ചിരുന്നത്.അവരില്‍ പ്രമാണിയായിരുന്ന പൌവത്തില്‍ കൈമള്‍ തനിക്കു ഒരു ഭവനം നിര്‍മിക്കുന്നതിനു തിരുമനസ്സിനോട്‌ ചോദിച്ചപ്പോള്‍ രാജബന്ധുവായ മീനച്ചില്‍ തമ്പുരാന്റെ അധീനതയിലുള്ള വനപ്രദീശത്ത് നിന്ന് ആവശ്യമുള്ള തടികല്‍ ശേഖരിച്ചു വരുവാന്‍ നിര്‍ദേശിച്ചു. അതനുസരിച്ച് പാലയ്ക്കു അടുത്തുള്ള മംകൊമ്പ് മലയില്‍ നിന്നും തടികള്‍ വെട്ടി ഒരുക്കി ചങ്ങാടമാക്കി നദീമാര്‍ഗം പോരാനൊരുങ്ങുമ്പോള്‍ സുന്ദരികളായ മൂന്നു തരുണീമണികള്‍ തങ്ങളെകൂടി നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപെട്ടെന്നും ഭയചകിതനായ കൈമള്‍ വിസംമാതിചെന്നും ഏറെ നേരത്തെ വാഗ്വാദങ്ങള്‍ക്ക് ശേഷം രൂപഭേദത്തോടെയോ അരൂപികളയോ യാത്ര ആവാമെന്ന് സമ്മതിച്ചു കൊണ്ടുപോന്നു എന്നുമാണ് കഥ !
യാത്ര സമാപന ഘട്ടത്തില്‍ എത്തിയപ്പോള്‍ ,ഇപ്പോള്‍ ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തുനിന്ന് തെക്ക് വശത്തുള്ള നദിയില്‍ അതുവരെ സ്വച്ചന്ദം ഒഴുകിയിരുന്ന ചങ്ങാടം നിശ്ചലം ആയി എന്നും ദൈവജ്ഞന്‍മാരുടെ നിയോഗാനുസരണം ചങ്ങാടത്തില്‍ ഒപ്പം പോന്ന ദേവിമാരെ സമീപ സ്ഥലങ്ങളായ മൂന്നിടങ്ങളില്‍ പ്രതിഷ്ടിച്ചു എന്നും അവയാണ് ,മംകൊമ്പ്,വടയാറ്റു‌, കോയിക്കല്‍ എന്നെ ക്ഷേത്രങ്ങളും എന്നാണു കഥ. ചങ്ങാടം നിസ്ച്ചലമായപ്പോള്‍ ഒരാള്‍ ഉറഞ്ഞു തുള്ളി എന്നും ഒരു മാവിന്‍ കൊമ്പ് എടുത്തു എറിഞ്ഞു എന്നും അത് ചെന്ന് വീണ സ്ഥലം ആലയം നിര്‍മ്മിച്ച് ദേവിയെ പ്രതിഷ്ടിച്ചു എന്നും മാംകൊമ്പ് വീണസ്ഥലം പിന്നീട് മംകൊമ്പ് എന്നറിയപ്പെടാന്‍ തുടങ്ങി എന്നും ആണ് വിശ്വാസം .അന്ന് ഉറഞ്ഞു തുള്ളി വന്ന ഭക്തന്റെ വീട്ടുകാര്‍ ഏറെ കാലം ക്ഷേത്രത്തിലെ വെളിച്ചപ്പടായിരുന്നു എന്നും പ്രചാരത്തിലുണ്ട്. മൂന്നു ദേവിമാരുടെ ആദ്യത്തെ പ്രതിഷ്ഠ പുളിമ്കുന്നു കോയിക്കല്‍ ക്ഷേത്രത്തില്‍ ആയിരിക്കണമെന്നാണ് കരുതുന്നത്.പാരമ്പര്യമായി എട്ടുവിരുത്തില്‍ കൈമള്‍മാര്‍ക്ക് വിവാഹ ബന്ധം ഉണ്ടായിരുന്ന കിഴുക്കുന്നത് കുടുംബക്കാര്‍ നിയന്ത്രിച്ചിരുന്ന വടയാറ്റ്‌ ദേവസ്വ൦ ഇപ്പോള്‍ അഖില ഭാരത അയ്യപ്പ സേവാ സംഘം ആണ് ഭരിക്കുന്നത്‌.

തമിഴകത്തെ തെങ്കാശിയില്‍ നിന്നാണ് മംകൊമ്പില്‍ അമ്മ കേരളത്തിലേക്ക് എഴുന്നള്ളിയത്.ഏതാണ്ട് ആയിരം കൊല്ലം മുന്‍പാണ് ഇത് സംഭവിച്ചത് . തെങ്കാശി യിലെ ശിവവേല്ലാലോര്‍ അന്ന് മധുര ഭരിച്ചിരുന്ന രാജാവുമായി പിണങ്ങി. രാജകോപം ഭയന്ന് അവര്‍ കേരളത്തിലേക്ക് പലായനം ചെയ്തു ഈരാട്ടുപെട്ടയിലും.തൊടുപുഴയിലും ആയി വാസം ഉറപ്പിച്ചു . വരുമ്പോള്‍ തങ്ങളുടെ ഭരദേവത ആയ മംകൊമ്പില്‍ അമ്മയുടെ വിഗ്രഹം കൂടെ കൊണ്ടുപോന്നു .ഈരാറ്റുപേട്ടയിലെ മുന്നിലവ് ഗ്രാമത്തില്‍ ആ വിഗ്രഹം പ്രതിഷ്ടിച്ചു ആരാധിക്കുവാന്‍ തുടങ്ങി .അവിടെ നിന്നും പിന്നീട് പലസ്ഥലങ്ങളില്‍ കുടിയിരുത്തുക ഉണ്ടായി .കോട്ടയം ഭാഗത്ത് തന്നെ ഇടനാട്‌, തലനാട്, അറക്കുളം, പുരപ്പഴ,പനചിപാറ,കൂരോപ്പട , എന്നിവിടങ്ങളിലായി 6 മംകൊമ്പ് കാവുകള്‍ ഉണ്ട് .കുട്ടനാട്ടിലെ കൊട്ടഭാഗം മംകൊമ്പും ചേര്‍ത്ത് ആകെ പത്തു മംകൊമ്പ് ക്ഷേത്രങ്ങള്‍ ഇപ്പോള്‍ അറിവില്‍ ഉണ്ട്.
കൊട്ടബ്ഭാഗം മംകൊമ്പ് ഈ മംകൊമ്പ് ക്ഷേത്രത്തിനു ഏതാണ്ട് അഞ്ഞൂറ് വര്‍ഷത്തെ പഴക്കം ഉണ്ടെന്നാണ്‌ പഴയ ചരിത്രം അരിയുന്നവര്‍ പറയുന്നത്.. അക്കാലത്തു പ്രതാപൈശ്വര്യങ്ങളോട് കൂടി വാണിരുന്ന എട്ടു വിരുതില്‍ കൈമള്‍ കുടുംബക്കാര്‍ ഒരു നാള്‍ തടി ശേഖരിക്കുവാന്‍ മുന്നിലവ് ഭാഗത്തേക്ക് പോയി .തടിയുമായി തിരിച്ചുവരുമ്പോള്‍ മംകൊമ്പില്‍ അമ്മ അവരുടെ കൂടെ പോന്നു .മറ്റു കരക്കാരുടെ എല്ലാം സഹകരണത്തോടെ മംകൊമ്പില്‍ അമ്മയെ ഇന്ന് കാണുന്ന സ്ഥലത്ത് കുടി ഇരുത്തി ഭജിച്ചു തുടങ്ങി . ഇതേ ഐ തീത്യം തന്നെ നമ്മുടെ മംകൊംബ്ന്‍റെ ഉത്ഭവത്തെ കുറിച്ച് മുന്നിലവിളുല്ലാവരും പറയുന്നുണ്ട് . പില്‍കാലത്ത് ക്ഷേത്രം പുതുക്കി പനിതതയും കേള്‍ക്കുന്നു .ആഴ്വഞ്ചേരി തമ്ബ്രക്കള്‍ക്കും ഈ ക്ഷേത്രവുമായി ബന്ധം ഉള്ളതായി പറയപെടുന്നു . ക്ഷേത്രം പടിഞ്ഞാറു ദര്‍ശനം ആയിട്ടാണ്. വരിക്ക പ്ലാവിന്‍ തടിയില്‍ മനോഹരമായി തീര്‍ത്ത ദാരുബിംബം ആണ് മൂലപ്രതിഷ്ഠ .ചാന്താട്ടം കൊണ്ട് ഇതിനു അവ്യക്തം ആയിരിക്കുന്നു.എട്ടു കൈകള്‍ ഉണ്ടെന്നും അവയില്‍ രണ്ടെണ്ണത്തില്‍ വാലും ശൂലവും ആണെന്നും അറിയാന്‍ കഴിഞ്ഞു. ഒരു ശൂലതിന്റെ അഗ്രഭാഗം ബിംബത്തിന്റെ അഗ്രഭാഗത്തായി ഇപ്പോളും കാണാം .ദാരു ബിംബത്തിന്റെ മുന്നിലായി ഒരു തങ്ക അംഗി കാണാം . ചതുര്‍ ബാഹു ആണ്. എല്ലാ ബിംബങ്ങളും നില്‍ക്കുന്ന രൂപത്തിലാണ് . പ്രസിദ്ധമായ ശ്രീ ചക്രവും ശ്രീകോവിലില്‍ ഉണ്ടത്രേ .നാലമ്പലത്തിന്റെ തെക്ക് പടിഞ്ഞാറെ മൂലയില്‍ മലനട എന്ന് വിളിക്കുന്ന ഒരു സ്ഥാനം ഉണ്ട്.കളമെഴുത്ത്.പാട്ട്.മുതലായവ നടത്തുമ്പോള്‍ ആദ്യം ഇവിടെ വര പൊടി നിവേദിക്കുന്ന പതിവുണ്ടത്രേ. മംകൊമ്പില്‍ അമ്മയുടെ കൂടെ വന്ന ദേവന്‍ ആണെന്നാണ് സങ്കല്പം.

നന്തുണി എന്ന വാദ്യം വായിക്കുന്ന പതിവുണ്ടായിരുന്നു ഇവിടെ ,"കള്ളും പാള ചാരുക " എന്നാ ഒരു പ്രത്യേക ചടങ്ങുണ്ടായിരുന്നു ഇവിടെ മേടമാസത്തിലെ പത്താം ഉദയത്തിനായിരുന്നു ഈ ചടങ്ങ്. കൊച്ചീതറ പണിക്കന്‍ എന്ന ഈഴവ കുടുംബത്തിനായിരുന്നു ഇതിന്റെ അവകാശം. ഈ ചടങ്ങിനായി മതിലിനു വെളിയില്‍ പ്രത്യേക ശ്രീകോവില്‍ തന്നെ ഉണ്ടായിരുന്നു. ഇത് പൊളിച്ചു മാറ്റിയിട്ടു അധിക കാലം ആയ്ട്ടില്ല . പത്താം ഉദയതിന്റ്റെ അന്ന് ശീവേലി ബിംബം ഈ ചെറിയ ശ്രീകോവിലില്‍ എഴുന്നള്ളിച്ചു വെക്കും . പണിക്കന്‍ വന്നു പാളയില്‍ നിറയെ കള്ള് നിവേദിക്കും . അത് കഴിഞ്ഞാല്‍ ശീവേലിബിംബം തിരികെ കൊണ്ട് വെയ്ക്കും.ഇതായിരുന്നു ചടങ്ങിന്റെ സ്വരൂപം . മീന മാസം മുതല്‍ മേടമാസത്തിലെ പത്താമുദയം വരെയുള്ള കാലയളവിലാണ് . ഭാവ നിര്‍ഭരവും ഭക്തി സാന്ദ്രവും ലളിത സുന്ദരവും മണ്ണിന്‍റെ മണവും ഉള്ള ഈ നാട്ടാചാരങ്ങള്‍അരങ്ങേറിയിരുന്നത്‌ .മേടമാസത്തിലെ വിഷു ദിനത്തില്‍ കണികണ്ടു കൊടി കയറി എട്ടാം ദിവസം ആറാട്ടോടെ ആണ് .ഇവിടെ വൈദിക തന്ത്രം അനുസരിച്ചാണ് ഉത്സവം ആഘോഷിക്കുന്നത്‌.
മുന്‍പ് പറഞ്ഞ 10 മംകൊമ്പുകളില്‍ മൂലസ്ഥാനം ആയ മുന്നിലവിലും , കാഞ്ഞാറിലും സ്തൂപാകൃതി യില്‍ ഉള്ള ചെറിയ ശില ആണ് പ്രധാന പ്രതിഷ്ഠ. പൂഞ്ഞാറിലെ പനച്ചി പാറയില്‍ പണ്ട് മുതലേ ആരാധിച്ചു വന്നിരുന്ന ശിലാവിഗ്രഹം ഇപ്പോഴും ഉണ്ട് . കോട്ടബ്ഭാഗത്ത്‌ ദാരുബിംബം ആണല്ലോ? മറ്റു മംകൊമ്പുകളില്‍ കണ്ണാടി ബിംബവും വാളും ചിലമ്പും ആണ് ഉള്ളതെന്ന് അറിയാന്‍ കഴിഞ്ഞു. മുന്നിലവ് മംകൊമ്പ് ജീര്‍ണിച്ചു ദീര്‍ഘകാലം കാടുപിടിച്ച് അനാഥമായി കിടന്നിരുന്നു .നാല്പത്തി രണ്ടു വര്‍ഷം മുന്‍പാണ് അവിടെ ജീര്‍നോധാരണം നടന്നത്. പനച്ചി പാറയിലും ഇരുപത്തി ഒന്ന് കൊല്ലം മുന്‍പ് പുനഃ പ്രതിഷ്ഠ നടത്തി,അതിനാല്‍ മംകൊമ്പില്‍ അമ്മയുടെ മൂല സ്വരൂപം അറിയാന്‍ നമ്മെ സഹായിക്കുന്നത് പഴയ ശിലാവിഗ്രഹവും ദാരു ബിംബവും അന്ന് .ദാരു ബിംബം അവ്യക്തം ആയി കഴിഞ്ഞതിനാല്‍ പനചിപാരയില്‍ ഉള്ള ശിലാ വിഗ്രഹത്തെ തന്നെ ആശ്രയിക്കേണ്ടി ഇരിക്കുന്നു . ഈ ശിലാ വിഗ്രഹം തമിഴ്‌ നാട്ടില്‍ നിന്നും മുന്നിലവ് മംകൊമ്പില്‍ കൊണ്ട് വന്നു കുടി ഇരുത്തിയ വിഗ്രഹത്തിന്റെ തനി പകര്‍പ്പ് തന്നെ ആകണം. പൂഞ്ഞാര്‍ രാജാവിന്റെ സേനാ നായക സ്ഥാനം ഉണ്ടായിരുന്ന പാഴൂര്‍ പണിക്കര്‍ കുടുംബത്തിലെ ഒരു അമ്മ ആന്നു പനച്ചി പാറയില്‍ മംകൊമ്പില്‍ അമ്മയെ പ്രതിഷ്ടിക്കാന്‍ നിമിത്തം ആയതു .ഈ മഹതി മുന്നിലവിലെ മംകൊമ്പില്‍ അമ്മയുടെ തീവ്ര ഭക്ത ആയിരുന്നു . അവിടെ പോയി ഭജിച്ചിരുന്ന ഇവരുടെ പ്രാര്‍ത്ഥനഫലം ആയി മംകൊമ്പില്‍ അമ്മ അവരുടെ കൂടെ പനച്ചി പറയിലേക്ക് വന്നു . പൂഞ്ഞാര്‍ രാജാവിന്റെ സഹായത്തോടെ ക്ഷേത്രം പണിതു .മുന്നിലവ് മംകൊംബിന്റെ ഉടമസ്ഥര്‍ ആയിരുന്ന മടുക്കൈ കുടുംബക്കാര്‍ കോയ്മ സ്ഥാനം ഉള്ളവര്‍ ആയിരുന്നു. പൂഞ്ഞാര്‍ രാജകുടുംബത്തിലേക്ക് അവരുടെ രണ്ടു സ്ത്രീകളെ വിവാഹം കഴിച്ചുകൊണ്ട് വന്നിരുന്നു . പില്‍കാലത്ത് മടുക്കൈ കുടുംബം നാശോന്മുഖം ആവുകയും അവരുടെ വകകള്‍ എല്ലാം പൂഞ്ഞാര്‍ രാജാവിനു അധീനം ആകുകയും ചെയ്തു.ഈ ശിലാ വിഗ്രഹം മുന്നിലവ് മംകൊമ്പില്‍ നിന്നും എടുത്തു കൊണ്ട് വന്നതാണെന്നും പൂഞ്ഞാറില്‍ ഉള്ളവര്‍ പറയുന്നുണ്ട്. ഈ വിഗ്രഹം എട്ടു കൈകളോടെ നില്‍ക്കുന്ന രൂപത്തില്‍ ആണ്. ശിരസ്സില്‍ ഏഴു നാഗപതികളോട് കൂടിയ മകുടം ഉണ്ട് .വലതും ഇടതു ചെവി കളില്‍ ആനയും സിംഹവും ഉണ്ട് .മുത്ത്‌ മാലയും ഒരു വലിയ എരുക്കിന്‍ പൂ മാലയും അണിഞ്ഞിരുന്നു .അരയില്‍ മുട്ടോളം എത്തുന്ന ഒരു പ്രത്യേക ഉടയാട ധരിച്ചിട്ടുണ്ട് ,തമിഴില്‍ ഇതിനു ചെല്ലടം എന്നാണു പേര് .കാലുകളില്‍ ചിലമ്പ് ഉണ്ട്. ത്രികണ്ണ് മിഴിച്ചിരിക്കുന്നു . എട്ടു കൈകളില്‍ ആയി വലിയ ഒരു വളഞ്ഞ വാള് , ശൂലം , പാമ്പ് , കപാലം, ചതുരപരിച, വട്ടപരിച , അഭയം, വരദം എന്നിവ കാണാം . മുഖം അതീവ ഭീഷണം ആണ് . ക്രോധത്താല്‍ ചുണ്ടുകള്‍ വിടര്‍ന്നു പല്ലുകള്‍ തെളിച്ചിരിക്കുന്നു.രണ്ടു ഘോര ദംഷ്ടകളും ഉണ്ട്. തമിഴ്‌ ശില്പ ശൈലിയില്‍ ആണ് പണിതിരിക്കുന്നത്. കോട്ടബ്ഭാഗത്തെ ദാരുബിംബം അവ്യക്തമാണ് എങ്കിലും മുന്നിലുള്ള അങ്കിയില്‍ മേല്‍ വിവരിച്ചതുമായി ശ്രദ്ധേയമായ പല സാദ്രിശ്യങ്ങളും കാണാം .പതിനഞ്ചു നാഗപത്തികള്‍ വിളങ്ങുന്ന കിരീടത്തിന്‍റെ മേല്‍ഭാഗത്ത് ശിലാ വിഗ്രഹത്തിന്റെ മകുടത്തില്‍ അതെ സ്ഥാനത്ത് ഉള്ള ഒരു പ്രത്യേക രൂപം വ്യക്തമായി കാണുന്നുണ്ട് .കാതുകളില്‍ അതെ ക്രമത്തില്‍ ആനയും സിംഹവും ഉണ്ട് .കഴുത്തില്‍ മുത്ത്‌ മാലയും വലിയ എരുക്കിന്‍ പൂമാലയും ഉണ്ട് .എരുക്കിന്‍ മാല കൊരുത്തു ചാര്‍ത്തുന്ന പതിവ് ഇപ്പോഴും ഇവിടെ നിലവില്‍ ഉണ്ടല്ലോ .കേരളത്തിലെ ദേവി ക്ഷേത്രങ്ങളില്‍ ഈ എരുക്കിന്‍ പൂ മാല ചാര്‍ത്തുക പതിവില്ലാത്തതാണ് .അങ്കിയും നില്‍ക്കുന്ന രൂപത്തില്‍ ഉള്ളതാണ് . പ്രതാപ ശാലികലായ കൈമള്‍ കുടുംബക്കാര്‍ അന്നത്തെ കാലത്തെ മുന്നിലവ് മംകൊമ്പിലെ സങ്കല്പവും ആചാരങ്ങളും വിഗ്രഹസ്വരൂപവും നന്നായി അറിഞ്ഞിട്ടുതന്നെ ഇവിടെയും നടപ്പാക്കി കാണും. ദാരുബിംബം മേല്‍പറഞ്ഞ ശിലവിഗ്രത്തിന്റെ രൂപത്തില്‍ നിര്‍മിച്ചിരിക്കണം .പില്‍ക്കാലത്ത്‌ അണിഞ്ഞ അങ്കിയില്‍ ദാരുബിംബതിലെ ചില പ്രധാന പ്രത്യേകതകള്‍ അതേപടി പകര്‍ത്തി കാണും .തന്മൂലം ആണ് ഇന്ന് ആ അങ്കിയില്‍ ശിലവിഗ്രഹവുമായി സാദ്രിശ്യങ്ങള്‍ കാണപ്പെടുന്നത്‌ എന്ന് ന്യായമായും കരുതാം .കോട്ടബ്ഭാഗം മംകൊമ്പിലെ ദാരുബിംബത്തെ സൂഷ്മ നിരീക്ഷണം നടത്തി നോക്കെണ്ടതാണ് .
പനച്ചിപാറ മംകൊമ്പും കാവില്‍ ഇപ്പോള്‍ ദുര്‍ഗയും ഭദ്രകാളിയും ആരാധിക്കപെടുന്നു .മറ്റു മംകൊംബുകളിലും ഭദ്രകാളിയെ പൂജിക്കുന്നു . കുട്ടനാട്ടിലെ മംകൊമ്പില്‍ 19 വര്‍ഷം മുന്‍പ് നടത്തിയ ദേവപ്രശ്നത്തിന്റെ പ്ര ചാരത്തില്‍ മംകൊമ്പില്‍ അമ്മ ഭുവനേശ്വരി സ്വഭാവം ഉള്ള ഭദ്രകാളി ആണെന്ന് പറഞ്ഞിരിക്കുന്നു .ഇവിടെ ഈയിടെ നടത്തിയ ദേവ പ്രശ്നത്തില്‍ പരാശക്തി യുടെ രൌദ്രമായ കാളി ഭാവം ആണെന്നും കണ്ടിരിക്കുന്നു .അതായത് ഇവയെ എല്ലാം ഉള്‍കൊള്ളുന്ന ഒരു വിശിഷ്ട സങ്കല്പം ആകാം അമ്മയുടെത് എന്ന് കരുതേണ്ടി ഇരിക്കുന്നു .ചെട്ടികുളങ്ങര അമ്മയ്ക്കും ഇതുപോലെ സങ്കല്പ വിചിത്രം പറയുന്നുണ്ടല്ലോ! ഇത്തരം സന്ദര്‍ഭങ്ങളില്‍ ചരിത്രം, തന്ത്ര ശാസ്ത്രം ,ആചാരം, വിശ്വാസം , ദേവ പ്രശ്നം ,യുക്തി, എന്നിവയെ സംയുക്തം ആയി കണക്കില്‍ എടുത്തു ചിന്തിക്കുമ്പോള്‍ ആണല്ലോ സത്യം തെളിഞ്ഞു കിട്ടുന്നത്. ചരിത്രം അനുസരിച്ച് മംകൊമ്പില്‍ അമ്മ തമിഴകത്തെ ശൈവ വെള്ളലരുടെ ദേവി സങ്കല്പങ്ങളില്‍ ഒന്നാകണം .ഇവരുടെ മൂര്‍ത്തി സങ്കല്പങ്ങളില്‍ ചിലത് ശൈവാഗമം, ശാക്ത തന്ത്രം, എന്നിവയില്‍ പറഞ്ഞിട്ടുള്ളവ ആണ്. മഹിഷ മാര്‍ദിനിയായ ശ്രീ പാര്‍വതിയുടെ സങ്കല്‍പം അത്തരത്തില്‍ ഒന്നാണ് .മഹാകാളി, ഭദ്രകാളി തുടങ്ങിയ പേരുകളില്‍ അവര്‍ ഈ സങ്കല്പത്തെ ആരാധിക്കുന്നു . ദക്ഷിണ കാശിയില്‍ നിന്നും നമ്മുടെ ഭാഗ്യതിരെകതാല്‍ മലയാള ദേശത്ത് ആവിര്‍ഭവിച്ച "മംകൊമ്പില്‍ അമ്മ" എന്ന സാക്ഷാല്‍ ജഗദംബികയെ വണങ്ങി, നിരക്ഷീര വിവേകം നല്‍കുവാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് അമ്മയുടെ ചരിത്രം, സ്വരൂപം, സങ്കല്‍പം എന്നിവയിലൂടെ നാം നടത്തിയ തീര്‍ത്ഥയാത്ര അമ്മയുടെ ത്രിച്ചേവടികളില്‍ നമുക്ക് സമര്‍പ്പിക്കാം

No comments:

Post a Comment